Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക നാഗരികതയില്‍ കുടുംബ ബന്ധത്തിനുള്ള വില

familycha.jpg

കുടുംബം എന്നത് മാതാപിതാക്കളിലും മക്കളിലും പരിമിതപ്പെട്ട് കിടക്കുന്ന ഒന്നല്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സഹോദരങ്ങളെയും ബന്ധുക്കളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നാണത്. അതില്‍ പിതൃസഹോദരന്‍മാരും സഹോദരിമാരും അമ്മാവന്‍മാരും അമ്മായിമാരും അവരുടെയെല്ലാം മക്കളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കുടുംബത്തെയാണ് ഇസ്‌ലാമിക നാഗരികത വിഭാവനം ചെയ്യുന്നത്. അവര്‍ക്കെല്ലാം അവകാശങ്ങളുണ്ടെന്നും അവര്‍ക്ക് നന്മ ചെയ്യുകയും അവരോട് ബന്ധം പുലര്‍ത്തുകയും ചെയ്യണമെന്നാണ് ഇസ്‌ലാം കല്‍പിക്കുന്നത്. വളരെയധികം പ്രതിഫലമുള്ള അതിനെ ശ്രേഷ്ഠഗുണങ്ങളുടെ അടിസ്ഥാനമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മാത്രമല്ല കുടുംബ ബന്ധം മുറിക്കുന്നവന് ശക്തമായ ശിക്ഷയെ കുറിച്ച മുന്നറിയിപ്പും നല്‍കുന്നു. കുടുംബ ബന്ധം ചേര്‍ക്കുന്നതിനെ സ്രഷ്ടാവായ അല്ലാഹുവുമായി ചേര്‍ക്കുന്ന ബന്ധമായിട്ടാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. ആര്‍ അത് ചേര്‍ക്കുന്നുവോ അവന്‍ അല്ലാഹുവമായി ബന്ധം ചേര്‍ത്തിരിക്കുന്നു, ആര്‍ അത് വിഛേദിക്കുന്നുവോ അല്ലാഹുമായുള്ള ബന്ധം അവന്‍ വിഛേദിച്ചിരിക്കുന്നു.

വിശാലമായ അര്‍ത്ഥത്തിലുള്ള ഈ കുടുംബത്തില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വിധികളും വ്യവസ്ഥകളും ഇസ്‌ലാം സമര്‍പ്പിച്ചിട്ടുണ്ട്. പരസ്പര ആശ്രയം, ചെലവിന് കൊടുക്കാനുള്ള സംവിധാനം, അനന്തരാവകാശ വ്യവസ്ഥ തുടങ്ങിയവയെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്.

ബന്ധുക്കളോട് നന്മയില്‍ വര്‍ത്തിക്കുകയും സാധ്യമാകുന്നത്ര നന്മകള്‍ അവര്‍ക്ക് വേണ്ടി ചെയ്യുകയുമാണ് കുടുംബ ബന്ധം ചേര്‍ക്കല്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അപ്രകാരം അവര്‍ക്ക് ദ്രോഹകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും തടയുകയും ചെയ്യലും അതിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ ഇടക്കിടെ അവരെ സന്ദര്‍ശിക്കലും സുഖവിവരങ്ങള്‍ അന്വേഷിക്കലും സമ്മാനങ്ങള്‍ നല്‍കലും, അവരിലെ ദരിദ്രരെ സഹായിക്കലം രോഗികളെ സന്ദര്‍ശിക്കലും, ക്ഷണം സ്വീകരിക്കലും, അവര്‍ക്ക് ആതിഥ്യമരുളലുമെല്ലാം ഇതിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെയാണ്. അവരുടെ സന്തോഷങ്ങളില്‍ പങ്കാളികളാകുന്നത് പോലെ അവരുടെ വേദനകളില്‍ ആശ്വാസമേകാനും നമുക്ക് സാധിക്കണം. ഇത്തരത്തില്‍ സമൂഹത്തിലെ ചെറിയ ഘടനയായ കുടുംബത്തിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന എല്ലാ കാര്യങ്ങളും ഇതിന് കീഴില്‍ വരുന്നവയാണ്.

വ്യാപകമായ നന്മകളുടെ കവാടമാണിത് തുറക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തെ അത് ശക്തിപ്പെടുത്തുകയും മുറുകെ പിടിക്കുകയും ചെയ്യുന്നു. അതിലെ ഓരോ അംഗത്തിനും ആശ്വാസവും ശാന്തതയും അനുഭവിക്കാന്‍ സാധിക്കുന്നു. കാരണം തന്റെ ബന്ധുക്കള്‍ സ്‌നേഹവും ശ്രദ്ധയുമായി തനിക്ക് ചുറ്റും ഉണ്ടെന്നും ആവശ്യ സമയത്ത് അവര്‍ സഹായിക്കുമെന്നുമുള്ള ബോധമാണ് അവന്റെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുക.

ബന്ധുക്കള്‍ക്ക് നന്മ ചെയ്യണമെന്നും അവരോട് നല്ല ബന്ധം കാത്തു സൂക്ഷിക്കണമെന്നുമുള്ള വിശുദ്ധ ഖുര്‍ആന്റെ കല്‍പനയാണ്. ‘അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍. യാതൊന്നിനെയും അവന്റെ പങ്കാളിയായി കല്‍പിക്കാതിരിക്കുവിന്‍. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍. ബന്ധുക്കളായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനതയിലുള്ള ദാസിദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍.’ (അന്നിസാഅ് : 36)

കുടുംബ ബന്ധം ചേര്‍ക്കുന്ന ഒരാളുമായി അല്ലാഹു ബന്ധം ചേര്‍ക്കുന്നു എന്നാണ് പ്രവാചക വചനങ്ങള്‍ പഠിപ്പിക്കുന്നത്. അതിലൂടെ അവന്  ധാരാളം അനുഗ്രഹങ്ങളും നന്മകളും കൈവരികയും ചെയ്യുന്നു. അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് റിപോര്‍ട്ട് ചെയ്യുന്ന ഒരു ഖുദ്‌സിയായ ഹദീസില്‍ ഇങ്ങനെ കാണാം : ‘അല്ലാഹു പറഞ്ഞു : ഞാന്‍ കാരുണ്യവാനാണ്, ഇത് റഹ്മ് (കുടുംബബന്ധം), എന്റെ നാമത്തില്‍ നിന്നാണ് ഞാനതിന് പേര് നല്‍കിയിരിക്കുന്നത്. ആര് അതിനെ ചേര്‍ത്തുവോ ഞാന്‍ അവനുമായി ബന്ധം ചേര്‍ത്തിരിക്കുന്നു. ആര്‍ അതിനെ മുറിച്ചുവോ ഞാന്‍ അവനുമായി ബന്ധം മുറിച്ചിരിക്കുന്നു.’

കുടുംബ ബന്ധം ചേര്‍ക്കുന്നവര്‍ക്ക് ഐഹിക വിഭവങ്ങളില്‍ വിശാലത ലഭിക്കുമെന്നും ആയുസ്സ് നീട്ടികൊടുക്കുമെന്നും പ്രവാചകന്‍(സ) സന്തോഷ വാര്‍ത്ത് അറിയിച്ചിട്ടുണ്ട്. പ്രവാചകന്‍(സ)യില്‍ നിന്ന് കേട്ടതായി അനസ് ബിന്‍ മാലിക്(റ) റിപോര്‍ട്ട് ചെയ്യുന്നു : ‘വിഭവങ്ങളില്‍ വിശാലത ആഗ്രഹിക്കുന്നവരും, ആയുസ്സ് നീട്ടികിട്ടാന്‍ ആഗ്ഹിക്കുന്നവരും കുടുംബബന്ധം ചേര്‍ക്കട്ടെ.’

അതേസമയം തന്നെ കുടുംബബന്ധം വിഛേദിക്കുന്നതിനെ കടുത്ത പാപമായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. കാരണം ജനങ്ങള്‍ക്കിടയിലെ പരസ്പര ബന്ധമാണ് അവിടെ മുറിക്കപ്പെടുന്നത്. പകരം അവിടെ ശത്രുതയും വിദ്വേഷവും നിറക്കപ്പെടുന്നു. ബന്ധുക്കള്‍ക്കിടയിലെ കെട്ടുറപ്പിനെ അത് തകര്‍ക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിന്റെ ശാപത്തെ കുറിച്ച ശക്തമായ താക്കീതാണ് ഖുര്‍ആന്‍ നല്‍കുന്നത്. ‘നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി.’ (മുഹമ്മദ് : 22-23)

ജുബൈര്‍ ബിന്‍ മുത്ഇം പ്രവാചകന്‍(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു : ‘കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’  ബന്ധങ്ങള്‍ ഉപേക്ഷിക്കലും ബന്ധുക്കള്‍ക്ക് ഗുണവും നന്മയും ചെയ്യാതിരിക്കലുമാണ് കുടുംബബന്ധം വിഛേദിക്കല്‍. വളരെ ഗുരുതരമായ പാപമാണിതെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. പരസ്പരം സഹകരിച്ചും ഇണങ്ങിയും ഒത്തൊരുമിച്ചു മുന്നോട്ടു നീങ്ങുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടിയാണ് ഇത്തരം വ്യവസ്ഥകളെല്ലാം ഇസ്‌ലാം മുന്നോട്ട് വെച്ചിട്ടുള്ളത്. ‘പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരവയവത്തിന് പ്രയാസമുണ്ടായാല്‍ മുഴുവന്‍ ശരീരവും ഉറക്കമിളച്ചും പനിച്ചും അതിനോട് താദാത്മ്യം പ്രകടിപ്പിക്കുന്നു.’ എന്ന പ്രവാചക വചനം യാഥാര്‍ത്ഥ്യമാക്കേണ്ടതും അതിലൂടെയാണ്.

വിവ : നസീഫ്‌

Related Articles