Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക നാഗരികതയിലെ ശ്രദ്ധേയമായ ഗ്രന്ഥശാലകള്‍

ഇസ്‌ലാമിക നാഗരികതയിലെ വൈജ്ഞാനിക അഭിവൃദ്ധിയുടെയും വളര്‍ച്ചയുടെയും പ്രതിഫലനമാണ് അന്നത്തെ ലോകപ്രശസ്തമായ ഗ്രന്ഥാലയങ്ങള്‍. അവയില്‍ ശ്രദ്ദേയമായ ചില ഗ്രന്ഥാലയങ്ങള്‍.
1. കയ്‌റോവില്‍ ഫാത്തിമിയ്യാ ഭരണാധികാരികള്‍ സ്ഥാപിച്ച ഗ്രന്ഥാലയം:-
 വിലപിടിച്ച പുസ്തകങ്ങള്‍ കൊണ്ടും മുസ്ഹഫുകള്‍ കൊണ്ടും ഏറെ ശ്രദ്ധേയവും വിസ്മയജന്യവുമായിരുന്നു ഈ ഗ്രന്ഥാലയം. അധിക ചരിത്രകാരന്മാരും രേഖപ്പെടുത്തിയതനുസരിച്ച് അവിടെ 20ലക്ഷം ഗ്രന്ഥങ്ങളുണ്ടായിരുന്നു. എന്നാല്‍ മഖ രീസിയുടെ അഭിപ്രായത്തിലത് പതിനാറു ലക്ഷമായിരുന്നു.

2. കൈറോവിലെ ദാറുല്‍ ഹിക്മ
 ഹിജ്‌റാബ്ദം 395 ജമാദുല്‍ ആഖിര്‍ 10 ന് ഹാകിം ബി അംറില്ലാഹിയാണിത് സ്ഥാപിച്ചത്. അതിന്റെ കെട്ടിടം അലങ്കരിക്കുകയും തറയില്‍ മുന്തിയ ഇനം കാര്‍പ്പെറ്റ് വിരിക്കുകയും വാതിലുകളിലും ജനവാതിലുകളിലും മനോഹരമായ വിരികള്‍ തൂക്കുകയും ചെയ്തിരുന്നു. മറ്റൊരു ഭരണാധികാരിയും ചെയ്യാത്തവിധം അനേകം ഗ്രന്ഥങ്ങള്‍ അദ്ദേഹം അവിടെ ശേഖരിക്കുകയും ആവശ്യമായത്ര ജോലിക്കാരെ നിയമിക്കുകയും ചെയ്തു.18000 പുസ്തകങ്ങള്‍ ഉണ്ടായിരുന്ന 40 ഇനങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. ആര്‍ക്കും അവിടെ യഥേഷ്ടം കടന്നുചെല്ലാനും പുസ്തക പാരായണത്തിനും പഠനത്തിനും പകര്‍പ്പെടുക്കാനും വേണ്ടത്ര സൗകര്യമുണ്ടായിരുന്നു. മഷിയും പേനയും കടലാസും മറ്റുപകരണങ്ങളും നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

3. ബഗ്ദാദിലെ ബൈതുല്‍ ഹിക്മ
ഹാറൂന്‍ റശീദ് സ്ഥാപിച്ച ബൈതുല്‍ ഹിക്മ സമുന്നത സ്ഥാനത്തെത്തിയത് ഖലീഫ മഅ്മൂന്റെ കാലത്താണ്. ഒരു സര്‍വകലാശാലക്ക് സമമായിരുന്നു.  അനേകം ഗ്രന്ഥങ്ങളും,   വിവിധ വിജ്ഞാനശാഖകളിലെ നിരീക്ഷ പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നവരുണ്ടായിരുന്നു. സ്ഥിരം പകര്‍പ്പെഴുത്തുകാരും പരിഭാഷകരും അവിടെ നിയമിക്കപ്പെട്ടിരുന്നു. ഹാറൂന്‍ റശീദിന്റെയും മഅ്മൂനിന്റെയും കാലത്ത് ഇസ് ലാമിന്നധീനപ്പെട്ട അങ്കാറ, അമൂരിയ്യ, സൈപ്രസ് പോലുള്ള പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യലും അവയുടെ പകര്‍പ്പെടുക്കലുമായിരുന്നു അവരുടെ ചുമതല. രോമാചക്രവര്‍ത്തിക്കും മഅ്മൂനിനുമിടയില്‍ ധാരാളം കത്തിടപാടുകള്‍ നടന്നിരുന്നതായി ഇബ്‌നു നദീം രേഖപ്പെടുത്തുന്നു. ചില യുദ്ധങ്ങളില്‍ മഅ്മൂന്‍  റോമാ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തുകയുണ്ടായി. അപ്പോഴെല്ലാം സന്ധി വ്യവസ്ഥയില്‍ അതിപ്രധാനമായത് റോമാ ഭരണാധികാരി തന്റെ നാട്ടിലുള്ള ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്താന്‍ മഅ്മൂന്‍ നിയോഗിക്കുന്ന പണ്ഡിതന്മാരെ അനുവദിക്കണമെന്നായിരുന്നു. അത് നിര്‍ബാധം നടപ്പാക്കപ്പെടുകയും ചെയ്തിരുന്നു. ജേതാവായ ഭരണാധികാരി തന്റെ നാട്ടിനും ജനതക്കും വിജയത്തിലൂടെ നേടിയിരിക്കുന്നത് വിലപിടിച്ച വൈജ്ഞാനിക ഗ്രന്ഥങ്ങളാവുകയെന്ന ഈ സംഭവം മാനവചരിത്രത്തിലെ ഏറ്റവും ചേതോഹരമായ അധ്യായങ്ങളിലൊന്നത്രെ.
4.സ്‌പെയിനിലെ അല്‍ഹകം ഗ്രന്ഥാലയം
40000 ഗ്രന്ഥങ്ങളുണ്ടായിരുന്ന അല്‍ഹകം ഗ്രന്ഥാലയം ഗാംഭീര്യത്തിലും മഹത്വത്തിലും പാരമ്യതയിലെത്തിയിരുന്നു. വളരെ വ്യവസ്ഥാപിതമായി തയ്യാറാക്കപ്പെട്ട പുസ്തകങ്ങളുടെ കാറ്റലോഗ് ഇതിന്റെ സവിശേഷതയായിരുന്നു. കാവ്യസമാഹാരങ്ങളുടെ പട്ടികമാത്രം 44 ഇനങ്ങളായി തരംതിരിച്ചിരുന്നു. വളരെ നിപുണരായ പകര്‍പ്പെഴുത്തുകാരാണ് അവിടെ നിയമിക്കപ്പെട്ടിരുന്നത്. അപ്രകാരം തന്നെ ബൈന്റ് ചെയ്യുന്നവരും പുസ്തക സൂക്ഷിപ്പുകാരും ഏറെ സമര്‍ഥരായിരുന്നു. അതുകൊണ്ടുതന്നെ സമാനതകളില്ലാത്ത വമ്പിച്ച ഗ്രന്ഥശേഖരണത്തിനും അവ സൂക്ഷമതയോടെ ഉപയോഗപ്പെടുത്താനും അതിന്റെ സ്ഥാപകനായ അല്‍ഹകമിന് സാധിച്ചു.

5. ട്രിപ്പോളിയയിലെ ബനൂ അമ്മാര്‍ ഗ്രന്ഥാലയം

മഹത്വത്തിലും വിശാലതയിലും ഒരുത്തമ മാതൃകയായിരുന്നു ഇത്. 180 പകര്‍പ്പെഴുത്ത് ജോലിക്കാര്‍ രാത്രിയും പകലുമായി ജോലിചെയ്തിരുന്നു. അപൂര്‍വവും നൂതനവുമായ ഗ്രന്ഥങ്ങള്‍ ശേഖരിക്കുന്നതില്‍ ബനൂ അമ്മാര്‍ അതീവ താല്‍പര്യം കാണിച്ചു. ഇതര ഭൂഖണ്ഡങ്ങളില്‍ ചുറ്റിസഞ്ജരിച്ച് പ്രയോജനപ്രദമായ പുസ്തകങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി സമ്പാദിക്കാന്‍ അദ്ദേഹം പ്രത്യേകം ഉദ്യോഗസ്ഥന്‍മാരെ നിയമിക്കുകയും വ്യാപാരികളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പത്തുലക്ഷത്തോളം പുസ്തകങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.

വിവ. എസ് എം കെ

Related Articles