Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക നാഗരികതയിലെ വഖഫ് ചെയ്യപ്പെട്ട ലൈബ്രറികള്‍ (അന്‍ദലുസ് ഒരു മാതൃക)

ഇസ്‌ലാമിക നാഗരിക ചരിത്രത്തെ സൂക്ഷമതയോടെ വിലയിരുത്തുന്ന പക്ഷം ഇസ്‌ലാമിക സമൂഹത്തിന്റെ സാമൂഹികസാമ്പത്തികസാംസ്‌കാരിക മുന്നേറ്റത്തില്‍ വഖഫ് വളരെ നിര്‍ണായമായ പങ്ക് വഹിച്ചുണ്ടെന്ന് കാണാവുന്നതാണ്. ജീവിതത്തിന്റെ വിവിധങ്ങളായ വശങ്ങളെയൊക്കെ ഉള്‍ക്കൊള്ളുന്നതായിരുന്നു അതിന്റെ സ്വാധീനം. വഖഫ് ഇസ്‌ലാമിക സമൂഹത്തില്‍ സൃഷ്ടിച്ച സ്വാധീനത്തിന്റെ വൈജ്ഞാനിക മുഖമാണ് ഇസ്‌ലാമിക ലോകത്ത് നിബിഢമായി കാണപ്പെടുന്ന ലൈബ്രറികള്‍. മുസ്‌ലിംകള്‍ വിജ്ഞാനത്തെ എത്രമാത്രം വിലമതിക്കുന്നുവെന്നും അത് വ്യാപിപ്പിക്കുവാന്‍ എന്തെല്ലാം ശ്രമങ്ങള്‍ നടക്കുന്നുവെന്നതിനും ഇവ മതിയായ തെളിവത്രെ.

ലൈബ്രറികള്‍ക്ക് വേണ്ടിയുള്ള വഖഫ്:-
ചരിത്രത്തിലുടനീളം മൊറോക്കോയിലും അന്‍ദലുസിലും വഖഫ് ചെയ്യപ്പെട്ട ധാരാളം ലൈബ്രറികള്‍ കാണാവുന്നതാണ്. അന്‍ദലുസ് ജനതെ പൊതുവില്‍ വിജ്ഞാന സമ്പാദനത്തിന് മുന്നിട്ടിറങ്ങുന്നവരായിരുന്നു. അത് കൊണ്ട തന്നെ അവരിലെ പണ്ഡിതര്‍ ഒരേ സമയം ഒരുപാട് വൈജ്ഞാനിക ശാഖകളില്‍ അവഗാഹമുള്ളവരായിരുന്നു. കാരണം മറ്റൊരു താല്‍പര്യവുമില്ലാതെ സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങിയവരായിരുന്നു അവര്‍. അവര്‍ തങ്ങളുടെ കയ്യിലുള്ള എല്ലാ സമ്പാദ്യവും വിജ്ഞാനം ആര്‍ജ്ജിക്കുന്നതിന് വേണ്ടി ചെലവഴിക്കാന്‍ തയ്യാറുമായിരുന്നു. വിജ്ഞാനം കരഗതമായാല്‍ പിന്നെ ജനം അവരെ ആദരവ് കൊണ്ടും ബഹുമാനം കൊണ്ടും പൊതിയുകയായി. ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളില്‍ മാത്രം അവഗാഹമുള്ള പണ്ഡിതര്‍ വളരെ കുറവായിരുന്നു. കാരണം അവര്‍ ഒരേ സമയം കര്‍മശാസ്ത്രം, ഹദീസ്, സാഹിത്യം ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
അന്‍ദലുസില്‍ വഖഫ് ചെയ്യപ്പെട്ട ധാരാളം ലൈബ്രറികളുണ്ടായിരുന്നു. എല്ലാവര്‍ക്കും അവയില്‍ നിന്നും പുസ്തകങ്ങള്‍ വായനക്ക് വേണ്ടി കടമെടുക്കാമായിരുന്നു. ഇബ്‌നു ഹയ്യാന്‍ അന്‍ദലുസി ബുക്ക് കാശ് കൊടുത്തു വാങ്ങിയ ഒരുത്തനെ ശകാരിച്ച് ഇപ്രകാരം പറഞ്ഞുവത്രെ. താങ്കള്‍ക്ക് ഉപജീവനത്തിന് ഉപയോഗിക്കാന്‍ പറ്റിയ വിധമുള്ള ബുദ്ധി അല്ലാഹു താങ്കള്‍ക്ക് നല്‍കിയിട്ടില്ലേ?. ഞാന്‍ ഏതെങ്കിലും ഗ്രന്ഥം വായിക്കാന്‍ ഉദ്ദേശിച്ചാല്‍ അവ വഖഫ് ചെയ്യപ്പെട്ട ലൈബ്രറികളില്‍ നിന്നും കടമെടുക്കുകയും ആവശ്യം നിര്‍വ്വഹിക്കുകയുമാണ് ചെയ്യാറുണ്ടായിരുന്നത്.
ഇസ്‌ലാമിക സമൂഹത്തിലെ പള്ളികളോട് ചേര്‍ന്നു രൂപപ്പെട്ട ലൈബ്രറികളായിരുന്നു എല്ലാ വിധ ലൈബ്രറികളുടെയും ആദിമ രൂപം. ഏകദേശം എല്ലാ പള്ളികളിലും ഇത്തരത്തിലുള്ള ലൈബ്രറികള്‍ ഉണ്ടായിരുന്നു. അവയിലാകട്ടെ മതപരവും സാംസ്‌കാരികവുമായ എല്ലാ വിധത്തിലുമുള്ള ഗ്രന്ഥങ്ങളുമുണ്ടായിരുന്നു. തങ്ങളുടെ ഗ്രന്ഥങ്ങള്‍ ലൈബ്രറിയിലേക്ക് വഖഫ് ചെയ്യുക എന്നത് അക്കാലത്തെ പണ്ഡിതരുടെ ചര്യയില്‍പെട്ടതായിരുന്നു. അതുമുഖേന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും അവ ലഭ്യമാകുമല്ലോ.
അന്‍ദലുസില്‍ മുസ്‌ലിംകള്‍ താമസമാക്കിയതിന് ശേഷം അവിടത്തെ പള്ളികളോട് ചേര്‍ന്ന് ലൈബ്രറികള്‍ ധാരാണമായി നിര്‍മിക്കപ്പെട്ടു. തങ്കള്‍ക്ക് സ്വന്തമായി ലൈബ്രറി സംവിധാനമില്ലാത്ത എല്ലാ തരം ജനങ്ങളും അവയെ അവലംബിച്ചു. ഈ ലൈബ്രറികളാവട്ടെ സുന്ദരമായി തയ്യാറാക്കപ്പെട്ട വളരെ മൂല്യവത്തായ ഗ്രന്ഥങ്ങള്‍ കൊണ്ട് നിബിഡമായിരുന്നു.
ത്വുലൈത്വലയിലെ പള്ളിയോട് ചേര്‍ന്ന് ഒരു ലൈബ്രറി ഉണ്ടായിരുന്നു. ക്രിസ്ത്യാനികളെയും മുസ്ലിംകളെയും ഒരുപോലെ ആകര്‍ശിച്ച പ്രഭാഷണ പരമ്പരകള്‍ നടന്നിരുന്ന പ്രസിദ്ധമായ പള്ളിയായിരുന്നുവല്ലോ അത്. സ്‌കോട്ട്‌ലാന്റ്, ഇംഗ്ലണ്ട് തുടങ്ങി യൂറോപ്പിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ പ്രസ്തുത ലൈബ്രറിയിലേക്ക് വിജ്ഞാനസമ്പാദനത്തിന് എത്താറുണ്ടായിരുന്നുവെന്നത് ചരിത്രം. വടക്ക് ക്രൈസ്തവ രാഷ്ട്രളുടെ സാംസ്‌കാരിക കേന്ദ്രമായി വിലയിരുത്തപ്പെടുമാറ് പ്രസ്തുത ലൈബ്രറിയുടെ പ്രസിദ്ധി അവര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവെന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
അമവീ ഭരണാധികാരി ഹകം മുസ്തന്‍സ്വിര്‍ നിര്‍മിച്ച കൊര്‍ദോവ ലൈബ്രറിയാണ് മറ്റൊന്ന്. അതിന്റെ പരിപാലത്തിന് പ്രത്യേകമായി ഉദ്യോഗസ്ഥരെ അദ്ദേഹം നിയമിക്കുകയും ചെയ്തു. ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നതിനും ക്രോഡീകരിക്കുന്നതിനും മറ്റ് എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ അവിടെ ലഭ്യമായിരുന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പണ്ഡിതരും ഒരു പോലെ കൊര്‍ദോവ ലൈബ്രറിയിലെ നിത്യ സന്ദര്‍ശകരായിരുന്നു.
മസ്ജിദുസ്സഹ്‌റാഇലെ ലൈബ്രറിയിേലക്കും മാലഖയിലെ ലൈബ്രറിയിലേക്കും പണ്ഡിതര്‍ ഗ്രന്ഥങ്ങള്‍ വഖഫ് ചെയ്തിരുന്നു. തന്റെ ലൈബ്രറിയുടെ സിംഹഭാഗവും മാലഖയിലെ പൊതു ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പണ്ഡിതനായിരുന്നു മുഹമ്മദ് ബ്‌നു ലുബ്ബ് അല്‍ കിനാനി. പുരാതന വൈജ്ഞാനിക ശാഖകളില്‍ പ്രത്യേക പ്രാവീണ്യം ഉണ്ടായിരുന്ന അദ്ദേഹം മരണത്തിന് തൊട്ട് മുമ്പ് തന്റെ വീടും ലൈബ്രറിയും വഖഫ് ചെയ്ത മഹാനാണ്.

പള്ളികള്‍ പാഠശാലയുടെ ദൗത്യം കൂടി നിര്‍വ്വഹിച്ചിരുന്നു. അത് കൊണ്ട് തന്നെ ധാരാളം മൂല്യവത്തായ കൃതികള്‍ അവിടങ്ങളില്‍ കാണപ്പെട്ടിരുന്നു. അവയില്‍ മിക്കവയും കര്‍മ്മശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ളവയും കവിത, തത്വശാസ്ത്രം തുടങ്ങിയവയിലുള്ളവ വളരെ അപൂര്‍വ്വവുമായിരുന്നു. പ്രമുഖ ഓറിയന്റലിസ്റ്റായ സിഗ്രിഡ് ഹൂന്‍ക് എഴുതുന്നത് മുസ്‌ലിം ഭരണാധികാരികള്‍ എല്ലാ പ്രദേശങ്ങളിലും വായനശാലകള്‍ സ്ഥാപിക്കുകയും അവയില്‍ പൊതു ജനങ്ങള്‍ക്ക് പ്രാപ്യമായ വിധത്തില്‍ വിവിധ വിജ്ഞാന മേഖലകളില്‍പെട്ട ആയിരക്കണക്കിന് കൃതികള്‍ ശേഖരിച്ച് വെക്കുകയും ചെയ്തു. പതിനായിരം മുതല്‍ ഒരു ലക്ഷത്തോളം വരും അവയുടെ എണ്ണം. റാളി ബ്‌നുല്‍ മുഅ്തമിദിന്റെ കാലത്ത് ഇശ്ബീലിയയിലുണ്ടായിരുന്ന പൊതു ലൈബ്രറി അതിനുദാഹരണമാണ്. ലൈബ്രറിക്ക് വേണ്ടി ചെലവഴിക്കാന്‍ പൊതു ഖജനാവില്‍ നിന്ന് ഒരു വിഹിതം പ്രത്യേകം മാറ്റി വെച്ചിരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

നാഗരിക ദൗത്യം
പണ്ഡിതന്മാര്‍ക്കിടയിലുള്ള ഊഷ്മളമായ ബന്ധം രൂപപ്പെടുത്താന്‍ ഈ ലൈബ്രറി സംവിധാനം സഹായകമായി. മാത്രമല്ല അന്‍ദലുസിലെ പണ്ഡിതന്മാര്‍ക്ക് തങ്ങളുടെ ഗ്രന്ഥ രചനക്കാവശ്യമായ റഫറന്‍സ് സൗകര്യമുണ്ടാക്കി. കിഴക്കന്‍ രാഷ്ട്രങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെട്ട കൃതികളും ഇവിടങ്ങളില്‍ ലഭ്യമായിരുന്നു. അന്‍ദലുസില്‍ നിന്നും പുറത്ത് പോവാതെ തന്നെ അത്തരം കൃതികള്‍ റഫര്‍ ചെയ്യാനും തങ്ങളുടെ രചനകള്‍ നിര്‍വഹിക്കാനും അവിടത്തെ പണ്ഡിതര്‍ക്ക് സാധിച്ചു.
ഗ്രന്ഥങ്ങള്‍ക്കും രചനകള്‍ക്കുമുള്ള വഖഫുകള്‍ ഇസ്‌ലാമിക ലോകത്ത് ഉന്നതമായ നാഗരികത കെട്ടിപ്പടുക്കാന്‍ കാരണമായി. രാഷ്ട്രത്തിന്റെ നാനാ ദിക്കുകളിലും രൂപപ്പെട്ട ഈ ലൈബ്രറികള്‍ സാധാരണക്ക് കയ്യെത്തും ദൂരത്തായിരുന്നുവെന്നതാണ് അതില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന ഒരു പൊതു സംസ്‌കാരം രൂപപ്പെടാനും ഇത് വഴി വെച്ചു. ലൈബ്രറികളുടെ സംവിധാനം സാധാരണക്കാരെ അതിലേക്കാകര്‍ശിച്ചു. പ്രത്യേകമായി ലഭിച്ച പരിഗണനയും, അവിടുന്ന് ലഭിച്ച വശ്യമായ അനുഭൂതിയും തുഛമായ ചിലവും അതിന് കാരണമായി. അവര്‍ വായിക്കാനും പകര്‍ത്തിയെഴുതാനും പഠനഗവേഷണം നടത്താനും അവര്‍ സ്വയം സന്നദ്ധരായി.
അന്‍ദലുസിലെ ഗ്രന്ഥരചനാ പ്രസ്ഥാനത്തെയും മേല്‍ പറഞ്ഞ വഖഫുകള്‍ സജീവമാക്കി. വിവിധങ്ങളായ വിഷയങ്ങളില്‍ ഗ്രന്ഥരചന നിര്‍വ്വഹിക്കുന്നതിനായി ധാരാളം പണ്ഡിതര്‍ മുന്നിട്ടിറങ്ങുന്നതിനും ഈ ലൈബ്രറികള്‍ കാരണമായി.
ജനങ്ങളുടെ മുമ്പില്‍ വിജ്ഞാനത്തിന്റെ വിശാലമായ ലോകം അത് തുറന്നിട്ടു. സാധാരണക്കാര്‍ക്ക് അതുവരെ അപ്രാപ്യമായിരന്നു പുതിയ വിജ്ഞാനങ്ങള്‍ അതോടെ ലഭ്യമായി. അത് ജനങ്ങളെ സംസ്‌കരിക്കുന്നതിനും അവരില്‍ ചിന്തകന്മാരെയും സാഹിത്യകാരന്‍മാരെയും സൃഷ്ടിക്കാനും വഴിവെച്ചു.
ഈ ലൈബ്രറികള്‍ കേവലം ഗ്രന്ഥ ശേഖരണ ശാലകളായിരുന്നില്ല. മറിച്ച് അത് വിദ്യാഭ്യാസ സംസ്‌കരണ സ്ഥാപനങ്ങളും കൂടിയായിരുന്നു. പാഠശാലകളെയും സര്‍വ്വകലാശാലകളെയും പോലെയായിരുന്നു അതിന്റെ പ്രവര്‍ത്തന ഘടന. അവയെ കേന്ദ്രീകരിച്ച് പണ്ഡിതര്‍ക്കിടയില്‍ പ്രഭാഷണവും, ചര്‍ച്ചയും സംവാദവും ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാനും അവിടെ അവസരമുണ്ടായിരുന്നു.
സാധാരണക്കാരായ ജനങ്ങള്‍ അവരുടെ ഭൂമിയും വീടും മറ്റ് മുതലുകളും പള്ളികള്‍ക്ക് വഖഫ് ചെയ്യാറുണ്ടായിരുന്നു. അബ്ദുല്‍ മലിക് ബ്‌നു സല്‍മി തന്റെ മുതലും പുരയിടവും എല്ലാം കൊര്‍ദോവ മസ്ജിദിന് വഖഫ് ചെയ്യുകയാണുണ്ടായത്.
അന്‍ദലുസില്‍ ഗ്രന്ഥങ്ങള്‍ വഖഫ് ചെയ്തവര്‍ ധാരാളമാണ്. തന്റെ എല്ലാ ഗ്രന്ഥങ്ങളും ബൗറയിലെ പള്ളിക്ക് വഖഫ് ചെയ്ത അബുല്‍ വലീദുല്‍ ബാജി എന്ന പണ്ഡിതന്‍ ഇവരില്‍ പ്രസിദ്ധനാണ്. ഇബ്‌നു മര്‍വാന്‍ അല്‍ ബാജി തന്റെ എല്ലാ ഗ്രന്ഥങ്ങളും ഇശ്ബീലിയ ലൈബ്രറിക്കാണ് നല്‍കിയത്.

വഖഫ് ചെയ്യപ്പെട്ട കൃതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനത്തിന്റെ തെളിനീരുറവയായിരുന്നു. ചില പണ്ഡിതര്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കാനും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താനുമായി ചിലയാളുകളെ പ്രത്യേകം ഏല്‍പിക്കുകയായിരന്നു ചെയ്തിരുന്നത്.

വിരാമം
ലൈബ്രറികള്‍ പൊതുവായും, വഖഫ് ചെയ്യപ്പെട്ടവ പ്രത്യേകമായും നാഗരികതയുടെ മുഖ്യ ഘടകങ്ങളായിരുന്നു. വിജ്ഞാനത്തിന്റെ നിധിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും പൊതു ജനങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യുന്ന മഹത്തായ ദൗത്യമാണ് അവ നിര്‍വഹിക്കുന്നത്. അന്‍ദലുസ് ജനത വിജ്ഞാനത്തിനും ധിഷണക്കും നല്‍കിയ പ്രാധാന്യത്തെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാനും ഇവ കാരണമാണ്.
ലൈബ്രറികള്‍ക്കായുള്ള വഖഫ് മുസ്‌ലിംകള്‍ വിജ്ഞാനത്തെ സ്‌നേഹിക്കുകയും ജനങ്ങള്‍ക്ക് അവയെത്തിക്കാനുള്ള അവരുടെ താല്‍പര്യത്തിന്റെയും പ്രത്യക്ഷ അടയാളമായിരുന്നു. ഇസ്‌ലാമിക നാഗരിക ചരിത്രത്തില്‍ അഭിമാന പൂരിതമായ സംവിധാനമായിരുന്നു വഖഫ് ചെയ്യപ്പെട്ട ലൈബ്രറികള്‍.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles