Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക തോട്ടങ്ങള്‍: പ്രത്യേകതകളും വ്യതിരിക്തതകളും

garden33.jpg

ഇസ്‌ലാമിക തോട്ടങ്ങളുടെ നിര്‍മാണമെന്നത് ഇസ്‌ലാമിക വാസ്തുശില്‍പ കലയെ പോലെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ്. പാശ്ചാത്യ സാങ്കേതിക പദങ്ങളുപയോഗിച്ച അത് വിശദീകരിക്കാനായെന്ന് വരില്ല. കാരണം അത് വളര്‍ന്ന് വന്നത് പാശ്ചാത്യരില്‍ നിന്ന് വ്യത്യസ്തമായ ഒരു ചരിത്രഘട്ടത്തിലാണ് എന്നത് മാത്രമല്ല, തികച്ചും വ്യതിരിക്തമായ ചിന്താ പശ്ചാത്തലത്തിലാണ് അത് ജന്മംകൊണ്ടതും വളര്‍ന്നതുമെന്നതാണ്. പ്രശസ്ത പാശ്ചാത്യ ചിന്തകന്‍ ജെയിംസ് ഡികെ പറയുന്നു: ‘ഇസ്‌ലാമിക കലയും സൗന്ദര്യശാസ്ത്രവും പാശ്ചാത്യന്‍ കലയെപോലെ എന്തെങ്കിലും പ്രത്യേക സംഭവംകൊണ്ട് ഒറ്റ ദിവസംകൊണ്ട് ഉണ്ടായതല്ല. അത് കാലഘട്ടങ്ങളിലൂടെ രൂപപ്പെട്ടതാണ്.’
ഡോ.യഹ്‌യാ വസീറി തന്റെ ‘ഇസ്‌ലാമിക കെട്ടിടങ്ങളും പരിസ്ഥിതിയും’ എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിക തോട്ടങ്ങളുടെ ചില വ്യതിരിക്തതകളെ കുറിച്ച് പറയുന്നുണ്ട്. അവയില്‍ ചിലതാണ് താഴെ.

1. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും തോട്ടങ്ങളെ കുറിച്ചുള്ള വിവരണത്തിലെ പ്രചോദനം.
ഇസ്‌ലാമിക പൂന്തോട്ടങ്ങള്‍ അതിന്റെ ഉള്ളടക്കത്തിന് പ്രചോദനമുള്‍കൊണ്ടത് ഖുര്‍ആനിലും സുന്നത്തിലും വന്ന തോട്ടങ്ങളുടെ വര്‍ണനകളില്‍ നിന്നാണ്. മരങ്ങള്‍, ജലം, ചാരുമഞ്ചങ്ങള്‍, ഇരിപ്പിടങ്ങള്‍, സുഗന്ധം തുടങ്ങിയവയെല്ലാം സ്വര്‍ഗത്തെ കുറിച്ച വിവരണത്തില്‍ നിന്ന് ഏറ്റെടുത്തതാണ്.
ഉദാഹരണത്തിന്, മുസ്‌ലിംങ്ങള്‍ എവിടെ തോട്ടങ്ങളുണ്ടാക്കണമെന്ന് അവര്‍ മനസ്സിലാക്കിയത് ദൈവിക വചനത്തില്‍ നിന്നാണ്. അല്ലാഹു പറയുന്നു: ‘ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ മനസ്സാന്നിധ്യത്തോടും തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണമിതാ: ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം; കനത്ത മഴ കിട്ടിയപ്പോള്‍ അതിരട്ടി വിളവു നല്‍കി. അഥവാ, അതിനു കനത്ത മഴകിട്ടാതെ ചാറ്റല്‍ മഴ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അതും മതിയാകും. നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു.’ (2:265) മുസ്‌ലിങ്ങള്‍ ഈ സൂക്തത്തില്‍ നിന്ന് വളരെ സൂക്ഷ്മമായ ചില വസ്തുതകള്‍ മനസ്സിലാക്കി. ഭൂമിയുടെ നിരപ്പില്‍ നിന്നും കുറച്ച് ഉയര്‍ന്നു നില്‍കുന്ന കുന്നുകളിലാണ് പൂന്തോട്ടങ്ങള്‍ നന്നായി വളരുകയെന്നതാണത്. കാരണം, മരങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്ന ഘനജലം വളരെ കുറവായിരിക്കും ചെറിയ കുന്നുകളില്‍. വേരുകള്‍ നന്നായി വ്യാപിച്ചാല്‍ വെള്ളവും വളവും വലിച്ചെടുക്കന്‍ മരങ്ങളെ സഹായിക്കുന്നു.
സ്വര്‍ണ്ണത്തിന്റെ നേര്‍ത്ത പാളികള്‍ കൊണ്ട് മരത്തിന്റെ വേരുകള്‍ പൊതിയുന്നത് നല്ലതാണ്. ഖമാറവൈഹി എന്ന രാജാവ് തന്റെ കൊട്ടാരത്തിന്റെ മുമ്പിലുള്ള തോട്ടത്തിലെ മരങ്ങളുടെ വേരുകളില്‍ സ്വര്‍ണ്ണ മിശ്രിതം തളിക്കാറുണ്ടായിരുന്നു. നബി(സ) പറയുന്നു: ‘താഴ്ഭാഗത്ത് സ്വര്‍ണ്ണത്തിന്റെ മിശ്രിതമില്ലാതെ സ്വര്‍ഗത്തില്‍ ഒറ്റ മരവുമുണ്ടാവുകയില്ല.’
2. സ്വര്‍ഗപൂന്തോപ്പിന്റെ ദൃശ്യങ്ങളിലെ പ്രചോദനം.
ഇസ്‌ലാമിലെ പൂന്തോട്ടങ്ങളുടെ നിര്‍മാണത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു പ്രധാന ഘടകമാണ് സ്വര്‍ഗ പൂന്തോപ്പിന്റെ വര്‍ണ്ണനകള്‍. സ്വര്‍ഗത്തിന്റെ വര്‍ണ്ണനകളില്‍ മരങ്ങളും ആറുകളും പൂവുകളും നിറഞ്ഞിരിക്കുന്നത് നമ്മുക്ക് കാണാം. ആ മലര്‍വാടിയുടെ ക്രമവും സൗന്ദര്യവും അല്ലാഹു ഈ ലോകത്തെ തോട്ടങ്ങള്‍ക്കും നല്‍കുമെന്ന് പറയുന്നുണ്ട്. ‘ആകാശഭൂമികളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കു മാനത്തുനിന്ന് മഴവെള്ളം വീഴ്ത്തിത്തരികയും ചെയ്തവനാരാണ്? അതുവഴി നാം ചേതോഹരമായ തോട്ടങ്ങള്‍ വളര്‍ത്തിയെടുത്തു.’ (27: 60)
3. തോട്ടങ്ങളുടെ വാതിലുകളിലോ അല്ലെങ്കില്‍ ചുമരുകളിലോ ഖുര്‍ആന്‍ സൂക്തങ്ങളോ, നബി വചനങ്ങളോ, ഇസ്‌ലാമിക വാക്യങ്ങളോ കൊത്തിവെച്ചിരിക്കും.
4. വീടുകളില്‍ മുറ്റങ്ങളിലും അകമുറ്റങ്ങളിലും പൂന്തോട്ടങ്ങളുണ്ടാക്കുന്നു. ആളുകള്‍ക്ക് സന്തോഷം നല്‍കുന്ന തരത്തില്‍ അതിനെ സംവിധാനിക്കുന്നു.
5. പൂന്തോട്ടങ്ങള്‍ക്ക് ചുറ്റും മതിലുകൊണ്ടോ അല്ലെങ്കില്‍ ഈന്തപ്പന മരങ്ങള്‍കൊണ്ടോ വലയം തീര്‍ക്കുന്നു.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles