Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം സ്വീകരിക്കണമെന്നുണ്ട്, പക്ഷെ…

യഹൂദ് ഗോള്‍ഡ്‌സ്മിത്ത് എന്നൊരാള്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു: യഥാര്‍ത്ഥത്തില്‍, ഇസ്‌ലാമില്‍ വരാന്‍ ഞാനാഗ്രഹിക്കുന്നു. പക്ഷെ, അതിന്നു മുമ്പായി ചില ചോദ്യങ്ങള്‍ താങ്കളോട് ചോദിക്കേണ്ടതുണ്ട്. താങ്കളുടെ ഉപദേശം ഞാന്‍ ഇഷ്ടപ്പെടുന്നു.

ഞാനെന്തിന്ന് ഇസ്‌ലാമില്‍ വരണം? (എനിക്ക് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നതെന്താണെന്നര്‍ത്ഥം). ഇസ്‌ലാം സ്വീകരിക്കുന്നതോടെ, പരലോകത്ത് എനിക്ക് രക്ഷ കിട്ടുമെന്ന് ഉറപ്പ് നല്‍കാന്‍ താങ്കള്‍ക്കാകുമോ? ജൂതമതത്തേക്കാളും ക്രിസ്തുമതത്തേക്കാളും എന്ത് സവിശേഷതയാണ് ഇസ്‌ലാമിന്നുള്ളത്? അതെ, ഇസ്‌ലാമിക വിശ്വാസം എനിക്ക് ഗുണകരമാകുന്നതെങ്ങനെ?

മറ്റേത് മതങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇസ്‌ലാം. കാരണം, കേവലമൊരു വിശ്വാസം മാത്രമല്ല അത്. പ്രത്യുത, സമ്പൂര്‍ണമായൊരു ജീവിത പദ്ധതിയാണ്. മുസ്‌ലിംകള്‍ തങ്ങളുടെ വിശ്വാസം ദിനംപ്രതി പ്രയോഗവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു. ജീവിതത്തിന്‍ എല്ലാ മണ്ഡലങ്ങളിലും അത് മാര്‍ഗ ദര്‍ശനം നല്‍കുന്നു. മാത്രമല്ല, ഒരു പ്രത്യേക വ്യക്തിയുടെയോ, ഗോത്രത്തിന്റെയോ, സംസ്‌കാരത്തിന്റെയോ പേരില്‍ അതറിയപ്പെടുന്നില്ലെന്നത് കൊണ്ട് തന്നെ, അത് അതുല്യമാണ്. അല്ലാഹു എന്ന ഏകദൈവ വിശ്വാസത്തിന്റെ, അവന്റെ ഇച്ഛക്കു മുമ്പില്‍ കീഴടങ്ങുന്നതിന്റെ പേരാണ് ഇസ്‌ലാം. അതെ, തങ്ങളുടെ സകല ഇച്ഛകളേക്കാളും മുസ്‌ലിംകള്‍ പ്രാധാന്യം കല്‍പിക്കുന്നത് ദൈവേച്ഛക്കാണ്.

മുഹമ്മദ് നബിയുടെ സന്ദേശം പുത്തനല്ല. പ്രത്യുത, മുന്‍ പ്രവാചകന്മാരുടെ സന്ദേശത്തിന്റെ ഒരു പുനരംഗീകാരമാണ്. ഒരു ദൈവിക ഉത്ഭോധകന്റെ അഭാവത്തില്‍ സ്വന്തം പാട്ടിന്നു പോവുകയാണെങ്കില്‍, മനുഷ്യരെന്ന നിലയില്‍, നാമെപ്പോഴും മാര്‍ഗം പിഴച്ചവരായി തീരും. അതിനാല്‍ നമ്മെ ഉത്ഭോധനം നടത്താനായി കരുണാവാരിധിയായ ദൈവം പ്രവാചകന്മാരെ അയക്കുന്നു. അല്ലാഹു ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നുമുള്ള പൂര്‍വ പ്രവാചകന്മാരുടെ സന്ദേശം തന്നെയാണ് ഖുര്‍ആനും കാഴ്ചവെക്കുന്നത്.

മാത്രമല്ല, മനുഷ്യ സമുദായം കാലാന്തരത്തില്‍ മാറിക്കൊണ്ടിരിക്കുകയും വികസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാല്‍, അല്ലാഹു അവന്റെ നിയമത്തില്‍ തദാനുസാരമുള്ള ചെറിയ മാറ്റങ്ങള്‍ വരുത്തുന്നു. അപ്പോള്‍, ലോകോല്‍പത്തി മുതല്‍ക്കുള്ള ദൈവേകത്വമാണത് പ്രബോധനം നടത്തുന്നത്. എന്നാല്‍ ഓരാ പ്രവാചകന്റെയും ആഗമനത്തോടെ, അവന്റെ വിശുദ്ധ നിയമങ്ങളില്‍ ഭേദഗതിയും റദ്ദും നടക്കുന്നു. അതിനാല്‍, മാനവരാശിക്ക് അന്ത്യനാള്‍ വരെ, ബാധകമായ ദൈവിക നിര്‍ദ്ദേശങ്ങളുടെ അവസാന പതിപ്പാണ് മുഹമ്മദ് നബി(സ)യുടെ നിയമങ്ങള്‍.

നമുക്കും മാനവരാശിക്ക് ഒന്നടങ്കവും പ്രയോജനകരമായ കാര്യത്തിലേക്കാണ് ഇസ്‌ലാം നമ്മെ ക്ഷണിക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും നന്മ ചെയ്യണമെന്ന് അത് ആജ്ഞാപിക്കുന്നു. വിശ്വാസിയാകട്ടെ അല്ലാതിരിക്കട്ടെ, ഒരു പ്രത്യേക വിഭാഗത്തിന്ന് അത് പ്രാധാന്യം കല്‍പിക്കുന്നില്ല. ഇസ്‌ലാമില്‍, ദൈവികാജ്ഞകളില്‍ നിന്നും നിയമങ്ങളില്‍ നിന്നും ആരും തന്നെ ഒഴിച്ചു നിറുത്തപ്പെടുന്നുമില്ല.

അല്ലാഹുവിന്റെ ആജ്ഞ അനുസരിക്കുന്ന പക്ഷം, സ്വര്‍ഗ്ഗ നൈതികത ഇസ്‌ലാം നമുക്ക് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ ദൈവിക വിശ്വാസം, ദൈവാനുസരണം, സദ്‌വൃത്തി, തിന്മ വര്‍ജ്ജനം എന്നിവ വഴി അല്ലാഹുവിന്ന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. പ്രത്യുത, നാമാണ് നേട്ടം കൊയ്യുന്നത്. അത് പോലെ, നമ്മുടെ വിശ്വാസ നിരാസവും ദുരാചരണവും നന്മ വര്‍ജ്ജനവും വഴി, അല്ലാഹുവിന്ന് യാതൊരു ഹാനിയും സംഭവിക്കുന്നുമില്ല. അതിന്റെയെല്ലാം ദുഷ്ഫലമനുഭവിക്കേണ്ടത് നാം തന്നെയാണ്.

അല്ലാഹുവിന്റെ അപ്രീതിയില്‍ നിന്നും ഉഗ്രകോപത്തില്‍ നിന്നും മുക്തി ഉറപ്പ് നല്‍കാന്‍ അവന്നു മാത്രമേ കഴിയുകയുള്ളു. തിരുമേനി(സ)യുടെ മാതൃക, തിരുത്തലിന്ന് വിധേയമല്ലാത്ത വിശുദ്ധ ഖുര്‍ആനിലൂടെയുള്ള അവന്റെ അലംഘനീയ വാഗ്ദാനങ്ങള്‍ എന്നിവയിലൂടെ നമുക്കിത് കാണാവുന്നതാണ്. ഇഹത്തിലും പരത്തിലും, ഒരാളുടെ കാര്യത്തിലും, അല്ലാഹുവിന്ന് അണുമണിത്തൂക്കം പിഴവ് സംഭവിക്കുകയില്ല. നാം വിശ്വസിക്കുകയും സദ്കര്‍മ്മമനുഷ്ടിക്കുകയും ചെയ്യുന്നുവെങ്കില്‍, നമുക്ക് പ്രതിഫലം ലഭിക്കുമെന്നും, ഈ സന്ദേശം നിരസിക്കുകയും തിന്മ പ്രവര്‍ത്തിക്കുകയുമാണെങ്കില്‍, ശിക്ഷിക്കപ്പെടുമെന്നും, അല്ലാഹു ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിക്കുന്നുണ്ട്.

ജാതിയോ, സംസ്‌കാരമോ, വിദ്യാഭ്യാസ നിലവാരമോ, ലിംഗമോ, സാമൂഹിക-സാമ്പത്തിക പദവികളോ പരിഗണിക്കാതെ, ഇസ്‌ലാം മാനവരാശിക്ക് ഒന്നടങ്കം മാര്‍ഗ ദര്‍ശനം നല്‍കുന്നു. ഇസ്‌ലാമിലൂടെ, നമ്മില്‍ തന്നെയും അല്ലാഹുവിലും, സഹജീവികളിലും, പരിസ്തിതിയില്‍ പോലും, നാം സമാധാനം ആര്‍ജ്ജിക്കുന്നു. അങ്ങനെ, അല്ലാഹു ഇച്ഛിക്കുന്നത് പോലെ, പ്രപഞ്ചത്തിലാസകലം പൊരുത്തപ്പെട്ടു പോകാന്‍ നമുക്ക് സാധിക്കുന്നു.

ഇനി, എന്തു കൊണ്ട് ഇസ്‌ലാം? ജൂതമതത്തിന്നും ക്രിസ്തുമതത്തിന്നും ഈ സവിശേഷതകളില്ലാത്തതെന്തു കൊണ്ട്? എന്നാണ് പരിശോധിക്കേണ്ടത്.

ഒന്നാമതായി, മാനവരാശിയുടെ അവസാന പ്രവാചകനായ മുഹമ്മദ്(സ)ന്റെ സന്ദേശമാണ് ഇസ്‌ലാം. അദ്ദേഹത്തിന്നു ശേഷം, മറ്റേതെങ്കിലുമൊരു പ്രവാചകനും, ശരിയായ ദൈവിക സന്ദേശമോ, നിയമമോ കൊണ്ടുവന്നിട്ടില്ല. ഇബ്രാഹീം, മൂസ, ഈസ തുടങ്ങിയ പൂര്‍വ പ്രവാചകന്മാരെല്ലാം തന്നെ, തങ്ങളുടെ മുന്‍പ്രവാചകനെ തുടര്‍ന്നു വരികയും, മുന്‍ നിയമം അസാധുവാക്കി പുതിയ നിയമം കൊണ്ടു വന്നവരുമാണ്. എന്നാല്‍, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അന്തിമവും സമ്പൂര്‍ണവുമാണ്. ഇനി മറ്റൊരു പ്രവാചകന്‍ വരാനില്ല. സ്ഥല-കാല ഭേദമന്യേ, സാരവത്തായ സന്ദേശമാണ് അദ്ദേഹത്തിന്റെ മാതൃക പ്രദാനം ചെയ്യുന്നത്. ഇസ്‌ലാമാണ് ഏക പ്രാപഞ്ചിക മതം. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, ഏത് സാംസ്‌കാരിക പശ്ചാത്തലമുള്ളവരുടെയും മുമ്പില്‍ അത് തുറന്നു കിടക്കുകയാണ്. മറ്റു മതപാരമ്പര്യങ്ങളേക്കാള്‍ മാനവികതയുടെ ഏകത്വം പ്രബോധനം ചെയ്യുന്നത് അതാണ്. നാമെല്ലാം ആദാമിന്റെയും ഹവ്വായുടെയും മക്കളാണ്. ഏറ്റവും ദൈവഭക്തിയുള്ളവനെയാണ് അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത്. ഒരേ പിതാമഹനില്‍ നിന്നുള്ള സഹോദര-സഹോദരികളാണ് നാം. അവസാനം നാം തിരിച്ചെത്തുന്നതാകട്ടെ, നമ്മുടെ നാഥങ്കലേക്കും.

ഇസ്‌ലാമിക മൂല്യങ്ങളും അതിന്റെ സവിശേഷതകളും മനസ്സിലാക്കാന്‍ ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിരന്തരമായ ഗവേഷണവും ആത്മാര്‍ത്ഥ വിശ്വാസികളുമായുള്ള ബന്ധവും വഴി, ഇസ്‌ലാമിക സൗന്ദര്യം കാണാനും, താങ്കള്‍ക്കും ചുറ്റു പാടുള്ളവര്‍ക്കും അതെങ്ങനെ പ്രയോജനപ്പെടുമെന്നു മനസ്സിലാക്കാനും താങ്കള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles