Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം യൂറോപ്പിനെ പുനര്‍നിര്‍വചിക്കുന്നു

europe.jpg

യൂറോപ്പിന്റെ ഭൂമിശാസ്ത്രത്തെ അനിവാര്യമായി നിര്‍വചിച്ചത് ഇസ്‌ലാമായിരുന്നു. ഇപ്പോള്‍ അതിനെ പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുന്നതും ഇസ്‌ലാമാണ്. നൂറ്റാണ്ടുകളോളം മെഡിറ്ററേനിയന്‍ കടലിന് ചുറ്റുമുള്ള പ്രദേശങ്ങളായിരുന്നു യൂറോപ്പ് എന്ന് അറിയപ്പെട്ടിരുന്നത്. റോമക്കാര്‍ മെഡിറ്ററേനിയനെ ‘മാരേ നോസ്ത്രം’ (നമ്മുടെ കടല്‍) എന്നാണ് വിളിച്ചിരുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സെന്റ് അഗസ്റ്റിനെ പോലുള്ളവര്‍ ഇന്നത്തെ അള്‍ജീരിയയില്‍ ജീവിച്ചിരുന്നു. ഈജിപ്ത് ആര്യനിസത്തിന്റെയും കോപ്റ്റിക് ചര്‍ച്ചിന്റെയും കേന്ദ്രമായിരുന്നു. അതുകൊണ്ട് ഇറ്റലിയെയും ഗ്രീസിനെയും പോലെ ഉത്തരാഫ്രിക്കയും ക്രിസ്തുമത കേന്ദ്രമായി വളര്‍ന്നുവന്നു. എന്നാല്‍ ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ ഇസ്‌ലാമിന്റെ ത്വരിത ഗതിയിലുള്ള വളര്‍ച്ച ഉത്തരാഫ്രിക്കയില്‍ നിന്നും ക്രിസ്ത്യാനിസത്തെ പുറന്തള്ളി. ഈജിപ്തിലെ കോപ്റ്റിക് ചര്‍ച്ചുകളില്‍ അത് ഒതുങ്ങിപ്പോയി. ഉത്തരാഫ്രിക്കയിലേക്കുള്ള ഇസ്‌ലാമിന്റെ കടന്നുവരവാണ് മെഡിറ്ററേനിയന്‍ ഭൂഭാഗത്തെ രണ്ടായി വേര്‍തിരിച്ചത്. അങ്ങനെ വടക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്ന ആധുനിക യൂറോപ്പിന്റെ ചരിത്രം ആരംഭിക്കുന്നു. സ്പാനിഷ് തത്വചിന്തകനായ ഹോസെ ഒര്‍തേഗ നിരീക്ഷിക്കുന്നത് പോലെ, ”എല്ലാ യൂറോപ്യന്‍ ചരിത്രവും വടക്കോട്ടുള്ള മഹാ പലായനത്തിന്റെ കഥകളാണ്”.

റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ചക്കും ഇസ്‌ലാമിന്റെ ആഗമനത്തിനും ശേഷം ഗോത്ത്, വാന്‍ഡലുകള്‍, ഫ്രാങ്കുകള്‍, ലൊമ്പാര്‍ഡുകള്‍ പോലുള്ള ജെര്‍മാനിക് ഗോത്രങ്ങള്‍ ആധുനിക പടിഞ്ഞാറന്‍ സംസ്‌കാരത്തിന് ബീജാവാപം നല്‍കുന്നതാണ് നാം കാണുന്നത്. ഗ്രീസിന്റെയും റോമിന്റെയും സമ്പന്ന നാഗരികതകള്‍ അതിനും നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ജന്മിത്വവും ഫ്യൂഡലിസവുമാണ് യൂറോപ്യന്‍ ജനതക്ക് അധിനിവേശ മനസ്സ് നല്‍കിയത്. സ്‌പെയിനിന്റെ ലോക സഞ്ചാരങ്ങളും പോര്‍ച്ചുഗലിന്റെ കച്ചവടയാത്രകളും പിന്നീട് കോളനിവല്‍ക്കരണത്തിലേക്ക് നയിച്ചു. ലോകം വെട്ടിപ്പിടിക്കണമെന്ന ആഗ്രഹത്തോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ നെട്ടോടമോടാന്‍ തുടങ്ങി. അതിന് ശേഷം ദേശീയതയും ദേശ രാഷ്ട്രങ്ങളും രൂപപ്പെട്ടു. ചുരുക്കത്തില്‍ ഇസ്‌ലാം മെഡിറ്ററേനിയന്‍ പ്രദേശങ്ങളെ രണ്ടായി തിരിച്ചതും വടക്ക് ഭാഗത്തേക്കുള്ള ജനങ്ങളുടെ കുടിയേറ്റവുമാണ് ആധുനിക പടിഞ്ഞാറിനെ രൂപപ്പെടുത്തിയത്.

ഭൂമിശാസ്ത്രത്തിനപ്പുറവും ഇസ്‌ലാം യൂറോപ്പിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ബ്രിട്ടീഷ് ചരിത്രകാരനായ ഡെനിസ് ഹേ തന്റെ Europe: The Emergence of an Idea എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിന് ബദലായി ഉയര്‍ത്തിക്കൊണ്ടു വന്ന ക്രിസ്ത്യനാധിപത്യമാണ് യൂറോപ്പിനെ രൂപപ്പെടുത്തിയതെന്ന് രേഖപ്പെടുത്തുന്നു. കുരിശുയുദ്ധങ്ങള്‍ക്ക് തുടക്കമിട്ടതും ഇതേ ഇസ്‌ലാം Vs ക്രിസ്തുമത ആശയ-രാഷ്ട്രീയ സംഘട്ടനമായിരുന്നു. യൂറോപ്പ് എന്തിന് വേണ്ടി നിലകൊണ്ടു എന്നതിനേക്കാള്‍ എന്തിന് എതിരെ നിലകൊണ്ടു എന്നതാണ് അതിന്റെ നാഗരികതയെ രൂപപ്പെടുത്തിയതെന്ന് എഡ്വേഡ് സൈദും തന്റെ ‘ഓറിയന്റലിസം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. അറേബ്യയും ഉത്തരാഫ്രിക്കയും അടക്കമുള്ള പശ്ചിമേഷ്യ ഇസ്‌ലാമിലൂടെ നേടിയെടുത്ത രാഷ്ട്രീയ മേല്‍ക്കോയ്മയെ വെല്ലാനുള്ള കരുനീക്കങ്ങളാണ് എന്നും യൂറോപ്പ് നടത്തിയത്. ആധുനിക യൂറോപ്യന്‍ ദേശീയതയുടെ പിതാവായി ഗണിക്കപ്പെടുന്ന നെപ്പോളിയന്റെ യുദ്ധവിജയങ്ങളില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളെ കൈപ്പിടിയിലൊതുക്കിയ പടിഞ്ഞാറിന്റെ ഹുങ്ക് കാണാം. രഹസ്യമായി ഇസ്‌ലാമിനെ പഠിക്കാനും ഇസ്‌ലാമിന്റെ സംസ്‌കാരത്തെ മനസ്സിലാക്കാനും നെപ്പോളിയന്‍ ആളുകളെ നിയോഗിച്ചത് യൂറോപ്പിന്റെ ഇസ്‌ലാമിനോടുള്ള പൊതു അസൂയയായിരുന്നു.

കോളനിവല്‍ക്കരണാനന്തര മുസ്‌ലിം ലോകം നിരീക്ഷിച്ചാലും യൂറോപ്പ് ഇസ്‌ലാമിന് മേലുള്ള അതിന്റെ പിടി അയച്ചിരുന്നില്ലെന്ന് വ്യക്തമാകും. സാമ്രാജ്യത്വത്തിന്റെ റാന്‍ മൂളികളായ പട്ടാള ജനറല്‍മാരും പാഷമാരും സ്വേച്ഛാധിപതികളുമായിരുന്നു മുസ്‌ലിം രാഷ്ട്രങ്ങളെ ഭരിച്ചത്. പശ്ചിമേഷ്യയെ വെട്ടിമുറിച്ചും വിഭജിച്ചും പടിഞ്ഞാറ് രസം കണ്ടെത്തി. ജനാധിപത്യം പുനസ്ഥാപിക്കാനും മേഖലയില്‍ ശാന്തി കൈവരിക്കാനും പശ്ചിമേഷ്യ നടത്തിയ യത്‌നങ്ങളെ തീവ്രവാദ ഗ്രൂപ്പുകളെ പടച്ചുവിട്ട് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പടിഞ്ഞാറ് നടത്തിയത്. എന്നാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ തങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്ന് യൂറോപ്പിന് നിശ്ചയമില്ലായിരുന്നു. ഇസ്‌ലാം നിര്‍മിച്ച സാംസ്‌കാരിക വരമ്പ് ഇസ്‌ലാം തന്നെ മായ്ച്ചുകളയുന്നതാണ് ഇപ്പോഴത്തെ ലോകസാഹചര്യം. തങ്ങള്‍ അകറ്റിനിര്‍ത്തിയ പശ്ചിമേഷ്യയെ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് യൂറോപ്പ് മാറി ചിന്തിക്കുന്നു. കുരിശുയുദ്ധങ്ങളില്‍ പരസ്പരം പോരാടിയവര്‍ ദേശ-ഭാഷാ-വര്‍ണ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിക്കുന്നു. മെഡിറ്ററേനിയന് അപ്പുറം ഇപ്പുറവും ഇന്ന് രണ്ട് ദേശങ്ങളില്ല. യൂറോപ്പിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇസ്‌ലാം കുടിയേറുകയാണ്.

മധ്യകാലത്ത് യൂറേഷ്യയില്‍ നിന്ന് കുടിയേറിയ സ്ലാവുകളും മഗ്‌യാറുകളുമാണ് പിന്നീട് ക്രിസ്തുമതം സ്വീകരിച്ച് യൂറോപ്യന്‍ ദേശീയതയുടെ ഭാഗമായത്. നിലവിലെ കുടിയേറ്റ പ്രതിസന്ധിക്കും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അള്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സിലേക്കും തുര്‍ക്കിയില്‍ നിന്നും കുര്‍ദിസ്ഥാനില്‍ നിന്നും ജര്‍മനിയിലേക്കും ധാരാളം മുസ്‌ലിംകള്‍ കുടിയേറിയിരുന്നു. എന്നാല്‍ ആയിരക്കണക്കിന് മുസ്‌ലിംകളാണ് ക്രിസ്ത്യാനികള്‍ ആവാന്‍ യാതൊരു ആഗ്രഹവുമില്ലാതെ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഒരു സംസ്‌കാരം മറ്റൊരു സംസ്‌കാരത്തിന് മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ഓറിയന്റലിസം എന്ന ആശയം തന്നെ ആവിയാകുന്നത് പോലെയാണ് നിലവിലെ സാഹചര്യങ്ങള്‍. യൂറോപ്യന്‍ ദേശീയതയോ അറബ് ദേശീയതയോ ഇനി നിലനില്‍ക്കില്ല. കാരണം, യൂറോപ്പിന്റെ പൊതുവേദി ഇനി ദേശീയതയില്‍ അധിഷ്ഠമായിരിക്കില്ല. ഇസ്‌ലാം രക്തരഹിതമായി പശ്ചിമേഷ്യയില്‍ നിന്ന് തന്നെ ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ അതിനെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് യൂറോപ്പിന് മുന്നിലുള്ള പോംവഴി. സാര്‍വലൗകിക മൂല്യങ്ങളെ മുന്‍നിര്‍ത്തി രചനാത്മകമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് നടക്കേണ്ടത്. പഴകിയ പ്രത്യയശാസ്ത്രങ്ങളും പരുക്കന്‍ ദേശീയതാ സങ്കല്‍പങ്ങളും തുടരുന്നത് പടിഞ്ഞാറ് എന്ന ആശയത്തിന് തന്നെ യൂറോപ്പില്‍ അന്ത്യം കുറിക്കും.

വിവ: അനസ് പടന്ന

Related Articles