Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം ഒരിക്കലും ചോദ്യങ്ങളെ ഭയക്കുന്നില്ല ; മറുപടിക്ക് മടിക്കുന്നുമില്ല

എന്റെ പേര് ജറാദ്. ഒരു വര്‍ഷം മുന്‍പ് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിലേക്കു വരുന്നതിനു മുമ്പ് ഞാന്‍ ഒരു ക്രിസ്ത്യാനിയായിരുന്നു. പ്രത്യേകിച്ച് അനുഷ്ഠാനങ്ങളോ ആചാരങ്ങളോ ഇല്ലാത്ത സാധാരണ ക്രിസ്ത്യാനി. ആകെ എന്റെ മതപരമായ പ്രവര്‍ത്തനം എന്നത് ക്രിസ്മസ്സും ഈസ്റ്ററും ആഘോഷിക്കുക എന്നതായിരുന്നു. ഞാന്‍ എല്ലാ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും ചര്‍ച്ചില്‍ പോയിരുന്നില്ല.

ഇസ്‌ലാമിനെക്കുറിച്ച എന്റെ അറിവ് എന്നത് സി.എന്‍.എന്‍, ഫോക്‌സ് തുടങ്ങി മാധ്യമങ്ങള്‍ പറഞ്ഞു തന്നതു മാത്രമായിരുന്നു. ആരാണ് മുസ്‌ലിംകള്‍ എന്താണ് അവര്‍ ചെയ്ത് കൊണ്ടിരിക്കുന്നത് എന്നൊക്കെ ഈ മാധ്യമങ്ങളാണ് എനിക്ക് പറഞ്ഞു തന്നത്. അതുകൊണ്ടു തന്നെ മുസ്‌ലിംകളുമായി സംസാരിക്കാനോ ഖുര്‍ആനിലെ ആശയത്തെക്കുറിച്ച് മനസ്സിലാക്കാനോ ഞാന്‍ ശ്രമിച്ചിരുന്നില്ല. എന്നല്ല, ഫോര്‍ട്ട് കോളിന്‍സില്‍ വരുന്നതു വരെ എനിക്കതിനുളള അവസരവും ലഭിച്ചിരുന്നില്ല. എന്നെ ആക്രമിക്കാനായി, ഈ ലോകത്തെ യുദ്ധത്തിലൂടെ നേരിടാനായി മുസ്‌ലിംകളെന്ന ഒരു കൂട്ടര്‍ ഇവിടെ നില നില്‍ക്കുന്നുണ്ടെന്ന ഫോക്‌സ് ന്യൂസില്‍ നിന്നാണ് യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന ബോധം തന്നെ എനിക്കുണ്ടാകുന്നത്. നില നില്‍ക്കുന്ന ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചില്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്കതിലേക്ക് പ്രവേശിക്കാനാവില്ല. കിഴക്കന്‍ മതങ്ങളെക്കുറിച്ച കോഴ്‌സിലൂടെ ഹിന്ദുമതം, സിക്കുമതം തുടങ്ങി ഇസ്‌ലാമൊഴിച്ചുളള ലോകത്തിന്റെ കിഴക്കന്‍ പകുതിയിലുളള എല്ലാ മതങ്ങളെയും ഞാന്‍ പഠനവിധേയമാക്കി. ഒരു മുസ്‌ലിം ചെറുപ്പക്കാരന്റെ സഹായത്തോടെ എഴുത്തിലൂടെയുളള ഒരു കോഴ്‌സ് മുഖേന ഖുര്‍ആനിന്റെ ഒരു പതിപ്പ് ഞാന്‍ സ്വന്തമാക്കി. ഇപ്പോഴും ഞാനത് പാരായണം ചെയ്യുന്നു, പഴയനിയമത്തിലെ പല കാര്യങ്ങളും ഖുര്‍ആന്‍ എന്നെ ഓര്‍മപ്പെടുത്തുന്നു. അങ്ങനെയിരിക്കെ ഒരു വെളളിയാഴ്ച ദിവസം ഞാന്‍ മസ്ജിദിലേക്ക് ചെന്നു. അന്ന് ജുമുഅയാണെന്ന ചിന്തയൊന്നും എനിക്കുണ്ടായിരുന്നില്ല. അവിടെയെത്തിയപ്പോള്‍ എല്ലായിടത്തും മുസ്‌ലിംകള്‍ നിറഞ്ഞിരിക്കുന്നു. എല്ലാവരും പരസ്പരം അറിയുന്നവര്‍. ഒരു കുടുംബം പോലെ വല്ലാത്ത സാഹോദര്യം എനിക്കവരില്‍ കാണാന്‍ സാധിച്ചു. അതെന്നില്‍ വല്ലാത്ത സന്തോഷം സൃഷ്ടിച്ചു. അവരാരാണെന്നും എന്താണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും യഥാര്‍ഥത്തില്‍ അവരുടെ വിശ്വാസമെന്താണെന്നും അറിയാന്‍ എന്നില്‍ താല്‍പര്യമുണര്‍ന്നു. അവരെന്നോട് പറഞ്ഞു, അവരാണ് മാധ്യമങ്ങളില്‍ നിന്നും നിങ്ങള്‍ കേട്ടിട്ടുളള ലോകത്തെ വിശുദ്ധയുദ്ധത്തിലൂടെ നശിപ്പിക്കാന്‍ നടക്കുന്ന, നിങ്ങളെ തകര്‍ക്കാന്‍ നടക്കുന്ന ചെകുത്താന്‍മാര്‍. ഞാന്‍ എന്താണോ കേട്ടത് അതിനു നേര്‍ വിപരീതമായിരുന്നു എനിക്കനുഭവിക്കാന്‍ സാധിച്ചത്. ഞാന്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി. അവരെന്താണ് പറയുന്നത്. അവരുടെ വിശ്വാസമെന്താണ്. എനിക്കത് വല്ലാതെ സ്വീകാര്യമായി അനുഭപ്പെട്ടു. ഓരോ വാക്കും വല്ലാതെ എന്നിലേക്കടുത്തു നില്‍ക്കുന്നതായനുഭവപ്പെട്ടു. അതെന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ തുടങ്ങി.
ഇസ്‌ലാമില്‍ എന്നെ വല്ലാതെ ആകര്‍ഷിച്ച ഒരു മേഖല ഒരു മതമെന്ന അര്‍ഥത്തില്‍ അതിന്റെ തുറന്ന സമീപനവും സത്യസന്ധതയുമാണ്. ക്രിസ്ത്യാനിറ്റിയില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ അത്ര ഊഷ്മളമായി സ്വീകരിക്കപ്പെടുകയില്ല. എന്നാല്‍ ഇസ്‌ലാമില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു, എന്തിനാണ് പ്രവാചകന്‍ നമ്മോട് ഇങ്ങനെ ചെയ്യാന്‍ കല്‍പിച്ചത് എന്നൊക്കെ ചോദിക്കാനുളള ഇടമുണ്ട്. ഇസ്‌ലാം അതിനെ ഭയക്കുകയോ, ഉത്തരം നല്‍കാന്‍ മടി കാണിക്കുകയോ ഇല്ല. യഥാര്‍ഥത്തില്‍ മുസ്‌ലിംകളുടെയും അവരുടെ അദ്ധ്യാപനങ്ങളുടെയും സത്യസന്ധതയാണ് എന്നെ മുസ്‌ലിമാക്കി മാറ്റിയത്.

കുടുംബത്തിന്റെ പ്രതികരണം
യഥാര്‍ഥത്തില്‍ മുസ്‌ലിമായിക്കൊണ്ടിരുന്നപ്പോഴും കുടുംബത്തോട് അതിനെക്കുറിച്ചു പറയാന്‍ ഞാന്‍ ഭയന്നിരുന്നു. രണ്ട് മാസം മുമ്പ് മാത്രമാണ് ഞാന്‍ എന്തെങ്കിലും അവരോട് പറഞ്ഞത്. എന്റെ അമ്മ മുസ്‌ലിംകളെക്കുറിച്ച് അവരൊരു കൂട്ടം ഭീകരവാദികളാണെന്നു പറഞ്ഞപ്പോള്‍ മറുപടിയായി ഞാന്‍ പറഞ്ഞു : അമ്മേ, ഞാന്‍ ഒരു മുസ്‌ലിമാണ്. എന്നാല്‍ ഞാനൊരു ഭീകരവാദിയല്ല എന്ന്. യഥാര്‍ഥത്തില്‍ അതെന്റെ കുടുംബത്തിനെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. എന്റെ അമ്മ എന്നോടുളള ബന്ധം വേര്‍പെടുത്തി. എന്റെ രണ്ടാനഛന്‍ ഇപ്പോഴും ഞാനൊരു മുസ്‌ലിമാണെന്നു വിശ്വസിച്ചിട്ടില്ല. എന്നാല്‍ എന്റെ സഹോദരന്‍ എന്നെ മനസ്സിലാക്കി. അവന്‍ എന്നോട് യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. ഞാന്‍ മദ്യം ഒഴിവാക്കിയത് അവനില്‍ സന്തോഷം ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം ഞാന്‍ പന്നിയിറച്ചി ഭക്ഷിക്കുന്നതും നിര്‍ത്തി. എന്റെ കുടുംബത്തില്‍ ഞങ്ങള്‍ തമ്മില്‍ നല്ല ആഴത്തിലുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്റെ കുടുംബത്തോട് സംസാരിക്കാന്‍ ഞാന്‍ പലതവണ ശ്രമിച്ചു നോക്കി. പക്ഷെ അവര്‍ എന്നെ കേള്‍ക്കാന്‍ തയ്യാറായില്ല. നിങ്ങള്‍ ക്രിസ്ത്യാനിയല്ലെങ്കില്‍ നിങ്ങള്‍ പറയുന്നത് സത്യമാകില്ല എന്നതാണ് അവരുടെ കാഴ്ചപ്പാട്. എന്നാല്‍ എന്റെ സഹോദരന്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ അതിന് എനിക്കു കഴിയുന്ന രീതിയില്‍ ഉത്തരം നല്‍കുകയും ചെയ്യുന്നു. അല്‍ ഹംദു ലില്ലാഹ്..എന്നാല്‍ ഞാനൊരിക്കലും അവന്‍ ഇസ്‌ലാമിലേക്കു വരാത്തതിന്റെ പേരില്‍ അവനെ സ്‌നേഹിക്കാതിരിക്കില്ല. മുസ്‌ലിമല്ലെങ്കില്‍ നീയെന്റെ സഹോദരനല്ലെന്നും പറയില്ല.

ജോലിസ്ഥലത്ത്
ജോലിസ്ഥലത്ത ഞാന്‍ ഒരു മുസ്‌ലിമാണെന്ന കാര്യം മറച്ചുവച്ചില്ല. അതെന്റെ സഹപ്രവര്‍ത്തകരില്‍ ചില പ്രശ്‌നങ്ങള്‍ക്ക് കാരണമായെങ്കിലും. ഞാന്‍ പന്നിയിറച്ചി മദ്യം തുടങ്ങിയവ വാങ്ങുവാനോ വില്‍ക്കുവാനോ തയ്യാറായില്ല. ഇതവരില്‍ എന്നോട് പ്രതിഷേധത്തിനു കാരണമായി. എന്നാല്‍ ഞാനവരോട് പറഞ്ഞു. എനിക്കതിനു താല്‍പര്യമില്ല, കാരണം എന്റെ വിശ്വാസം അതിനനുവദിക്കുന്നില്ല.
അവലംബം : www.onislam.net

വിവ: അത്തീഖുറഹ്മാന്‍

Related Articles