Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ ആഫ്രിക്കന്‍ വേരുകള്‍

africans.jpg

ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ബന്ധത്തിന്റെ ഗാഢത അറിയപ്പെട്ട ചരിത്രങ്ങള്‍ക്കപ്പുറമാണ്. ഈ രണ്ട് പ്രദേശങ്ങളും തമ്മിലുളള കച്ചവടബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട നാലാം നൂറ്റാണ്ടിലെ എത്യോപ്യന്‍ നാണയങ്ങള്‍ ഇത് തെളിയിക്കുന്നു. കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള മുസ്‌ലിംകളടക്കം പല ആഫ്രിക്കന്‍ വിഭാഗങ്ങളും ഇന്ത്യയില്‍ കച്ചവടക്കാരായോ അടിമകളായോ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രം നിര്‍ണയിക്കുന്നതില്‍ ആഫ്രിക്കന്‍ വംശജര്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ അടിമകള്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ അനുഭവിച്ചിരുന്ന സാമൂഹിക അന്തരീക്ഷത്തില്‍ വ്യത്യസ്തമായി ഇന്ത്യയില്‍ അടിമകളായി എത്തിയ ആഫ്രിക്കന്‍ വംശജരൊക്കെ സമൂഹത്തില്‍ ഉന്നതസ്ഥാനീയരായി മാറുകയാണ് ഉണ്ടായത്. മുഗളന്മാര്‍ക്ക് കീഴിലും ഡെക്കാനിലെ സുല്‍ത്താന്മാര്‍ക്ക് കീഴിലും ആഫ്രിക്കന്‍ വംശജര്‍ പ്രധാനമന്ത്രിമാരും സൈനിക ജനറല്‍മാരും കൊട്ടാര ഉദ്യോഗസ്ഥന്മാരുമൊക്കെ ആയി ഉയര്‍ത്തപ്പെടുകയുണ്ടായി. അവരില്‍ പ്രശസ്തനാണ് എത്യോപ്യന്‍ ഗറില്ലാ പോരാളിയായി ഇന്ത്യയില്‍ എത്തിയ മാലിക് അംബര്‍. പിന്നീട് ഡെക്കാനിലെ അഹ്മദ്‌നഗര്‍ സുല്‍ത്താനേറ്റിന് കീഴില്‍ സൈനിക ജനറല്‍ ആയിട്ടാണ് നാം അദ്ദേഹത്തെ കാണുന്നത്. ഡെക്കാന്‍ സുല്‍ത്താനേറ്റിനെ മുഗളന്മാര്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലേക്ക് വളര്‍ത്തിയെടുത്തതില്‍ മാലിക് അംബറിന്റെ പങ്ക് വളരെ വലുതാണ്. മാലിക് അംബറിനെ പോലെ മുഖ്യധാരാ ചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ധാരാളം ആഫ്രിക്കന്‍ വംശജരെ ഇന്ത്യാ ചരിത്രത്തില്‍ കാണാം.

അടിമത്ത സമ്പ്രദായത്തെ കുറിച്ച് പഠനം നടത്തുന്ന ഗവേഷക സില്‍വിയന്‍ ദിയൂഫ് പറയുന്നു, ”സ്വതന്ത്രരായ ആഫ്രിക്കന്‍ കച്ചവടക്കാരും നാവികന്മാരും കരകൗശല വിദഗ്ധന്മാരും ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളിലെ നിത്യസാന്നിധ്യമായിരുന്നു. പിന്നീട് അറബികളും പോര്‍ച്ചുഗീസുകാരും ഇന്ത്യക്കാരും നിരവധി ആഫ്രിക്കന്‍ വംശജരെ അടിമകളായി കൈവശം വെക്കുകയുണ്ടായി. ഇന്നത്തെ എറിത്രിയ, എത്യോപ്യ, സുഡാന്‍ എന്നിവടങ്ങളില്‍ നിന്നെത്തിയ അടിമകള്‍ പിന്നീട് സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചവരായിരുന്നു. പോര്‍ച്ചുഗീസുകാര്‍ മൊസാമ്പിക്കില്‍ നിന്ന് സ്ത്രീകളെയും പുരുഷന്മാരെയും അടിമകളായി കൊണ്ടുവന്നിരുന്നു. ടാന്‍സാനിയ പോലുളള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ മഹാസമുദ്ര ഭാഗങ്ങളിലേക്ക് ധാരാളം അടിമകള്‍ എത്തുകയുണ്ടായി”. ഹബ്ശി എന്നോ സിദ്ദി എന്നോ ആണ് ആഫ്രിക്കന്‍ വംശജര്‍ ഇന്ത്യയില്‍ അറിയപ്പെട്ടിരുന്നത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സിദ്ദി എന്ന നാമം പേറുന്ന ധാരാളം ആളുകളെ ഇന്ന് ഇന്ത്യയില്‍ നമുക്ക് കാണാം.

കര്‍ണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലായി ഒരു ലക്ഷത്തോളം സിദ്ദികള്‍ ഇന്ത്യയിലുണ്ട്. ഭൂരിപക്ഷവും മുസ്‌ലിംകളാണെങ്കിലും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ അവരിലുണ്ട്. ചരിത്രപരമായി കുലീനരാണെങ്കിലും ആധുനിക ഇന്ത്യയില്‍ സിദ്ദികള്‍ വിദ്യാഭ്യാസം പോലും ലഭിക്കാത്ത പാര്‍ശ്വവല്‍കൃത സമൂഹങ്ങളിലൊന്നാണ്. പലര്‍ക്കും തങ്ങളുടെ ചരിത്രമോ പാരമ്പര്യമോ അറിയില്ല. ഗുജറാത്തിലും കര്‍ണാടകയിലും പട്ടിക വര്‍ഗത്തിലാണ് അവരെ പെടുത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളോളം ഇന്ത്യന്‍ സമൂഹത്തിനൊപ്പം കഴിയുകയും തദ്ദേശീയ ഭാഷകള്‍ സംസാരിച്ച് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാവുകയും ചെയ്തതോടെ തങ്ങളുടെ ആഫ്രിക്കന്‍ സ്വത്വം ഇവര്‍ക്ക് അജ്ഞാതമായി. എന്നിരുന്നാലും ഇവരുടെ സംഗീത-നൃത്ത പാരമ്പര്യങ്ങളില്‍ അവരറിയാതെ ആഫ്രിക്കന്‍ സ്വാധീനം കടന്നുവരുന്നുണ്ട്.

ഇന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ സര്‍വകലാശാലകളിലേക്ക് ഉപരിപഠനത്തിനായി എത്തുന്നുണ്ട്. താരതമ്യേന ചിലവു കുറഞ്ഞതും എന്നാല്‍ നിലവാരമുള്ളതുമായ വിദ്യാഭ്യാസ രീതിയാണ് ഇന്ത്യയിലേക്ക് ഇവരെ ആകര്‍ഷിക്കുന്നത്. ഇംഗ്ലീഷ് സംസാരഭാഷയായ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷാ പ്രാധാന്യം വലിയൊരു അനുഗ്രഹമാണ്. എന്നാല്‍ സാംസ്‌കാരികമായ കൂടിച്ചേരലുകള്‍ പലപ്പോഴും ദുഷ്‌കരമാണ്. കാരണം, ആഫ്രിക്കന്‍ വംശജര്‍ വംശീവിവേചനം നേരിടുന്നത് ഇന്ത്യയില്‍ സാധാരണമാണ്. ബാംഗ്ലൂരില്‍ അടുത്തിടെ ഒരു ടാന്‍സാനിയന്‍ വിദ്യാര്‍ഥിനി അക്രമിക്കപ്പെട്ട സംഭവം ഇന്ത്യയില്‍ വംശീയത എത്രത്തോളം ശക്തമാണ് എന്നതിനുള്ള തെളിവാണ്. എന്നാല്‍ നയതന്ത്രപരമായി ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇന്ത്യ എക്കാലത്തും നല്ല ബന്ധങ്ങളാണ് കാത്തുസൂക്ഷിച്ചിട്ടുള്ളത്.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്തോ-ആഫ്രിക്കന്‍ ചരിത്ര പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആഫ്രിക്കന്‍ വേരുകളെ പറ്റി ഗവേഷകയായ സില്‍വിയന്‍ ദിയൂഫ് ‘ദ് വയറു’മായി സംസാരിക്കുന്നു:

ഇന്ത്യയിലെ ആഫ്രിക്കന്‍ വേരുകളെ പറ്റി വളരെ കുറച്ചു മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. ഇങ്ങനെയൊരു പ്രദര്‍ശനത്തിന് പിന്നിലെ പ്രചോദനമെന്താണ്? എന്താണ് ഇതിന്റെ മുഖ്യ ആകര്‍ഷണം?
ചരിത്രപരമായും ഭൂമിശാസ്ത്രപരമായുമുളള ആഫ്രിക്കന്‍ പ്രസരണത്തെയാണ് ഈ പ്രദര്‍ശനം അടയാളപ്പെടുത്തുന്നത്. കിഴക്കന്‍ ഭാഗങ്ങളില്‍ ആഫ്രിക്കന്‍ കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് വളരെ കുറച്ചു പേര്‍ക്ക് മാത്രമേ അറിയൂ. ‘ഇന്ത്യന്‍ മഹാസമുദ്ര ലോകത്തെ ആഫ്രിക്കന്‍ പ്രസരണം’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍ പ്രദര്‍ശനം മുമ്പ് നടത്തിയിരുന്നു. സൗദി അറേബ്യ, ഒമാന്‍, യമന്‍, ഇറാഖ്, ഇറാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ ആഫ്രിക്കന്‍ കുടിയേറ്റവുമായി ബന്ധപ്പെട്ടായിരുന്നു അത്. എന്നാല്‍ ഇന്ത്യന്‍ പതിപ്പ് വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഒരു പൊതു പ്രദര്‍ശനമായി നടത്താന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ ആഫ്രിക്കന്‍ അടിമകള്‍ സാമൂഹ്യമായി ഉയര്‍ന്ന സ്ഥാനങ്ങളിലേക്കെത്താന്‍ കാരണമായ ഘടകങ്ങളെന്താണ്?
അമേരിക്കയിലെ ആഫ്രിക്കന്‍ അടിമകളേക്കാള്‍ ഉയര്‍ന്ന ജീവിത സൗകര്യങ്ങളാണ് ഇന്ത്യയിലെ അടിമകള്‍ക്ക് ലഭിച്ചത്. കാരണം, ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസൃതമായ ഇന്ത്യന്‍ സുല്‍ത്താനേറ്റുകളിലെ ഭരണഘടനയില്‍ അടിമകള്‍ക്ക് കാരുണ്യവും സാഹോദര്യവും അനുഭവിക്കാന്‍ കഴിഞ്ഞു. പടിഞ്ഞാറന്‍ നാടുകളിലെ പോലെ മൃഗങ്ങളായി പണിയെടുക്കാനല്ല മുസ്‌ലിംകള്‍ അടിമകളെ കൊണ്ടുവന്നത്. മറിച്ച് ആഫ്രിക്കന്‍ വംശജരുടെ കായികബലവും പോരാട്ടവീര്യവുമാണ് അവരെ ആകര്‍ഷിച്ചത്. ഇങ്ങനെ സൈനികരാകുന്ന അടിമകള്‍ക്ക് അവരുടെ കഴിവിനും പ്രകടനത്തിനുമനുസരിച്ച് സുല്‍ത്താന്‍ വരെ ആകാനുള്ള യോഗ്യതയുണ്ടായിരുന്നു. മുഹമ്മദ് ഗോറിയുടെ അടിമയായിരുന്ന ഖുത്ബുദ്ദീന്‍ ഐബക്ക് ഇന്ത്യയിലെ ആദ്യത്തെ സുല്‍ത്താനായത് ഉദാഹരണം. എന്നാല്‍ ഇവരുടെ പിന്തുടര്‍ച്ച അതേ പ്രതാപത്തോടെ നിലനില്‍ക്കുക അപൂര്‍വമായിരുന്നു.

കായിക അധ്വാനങ്ങള്‍ നടത്താന്‍ കെല്‍പുള്ള തദ്ദേശീയര്‍ ഇന്ത്യയിലുണ്ടായിരുന്നതിനാല്‍ തന്നെ വിദഗ്ധ ജോലികളാണ് ആഫ്രിക്കന്‍ അടിമകള്‍ക്ക് ഏല്‍പിക്കപ്പെട്ടിരുന്നത്. സൈന്യത്തിലും കൊട്ടാര ഉദ്യോഗങ്ങളിലുമാണ് അവരുടെ സേവനം ആവശ്യമായിരുന്നത്. തദ്ദേശീയരുമായി ജാതി ബന്ധമോ കുലബന്ധമോ ഇല്ലാത്തതാണ് പല അടിമകളെയും വിശ്വസിക്കാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്. അംഗരക്ഷകരായും സുരക്ഷാ സൈനികരായും സേവനമനുഷ്ഠിച്ചിരുന്ന ആഫ്രിക്കന്‍ അടിമകളെ ഒരു വര്‍ഷത്തെ സേവനത്തിന് ശേഷം സ്വതന്ത്രരാക്കിയിരുന്നു. അതിനു ശേഷം അവര്‍ക്ക് സ്വന്തമായ തൊഴില്‍ കണ്ടെത്തുന്നതിനോ കൊട്ടാര ഉദ്യോഗങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനോ യോഗ്യരായി പരിഗണിക്കപ്പെട്ടിരുന്നു.

ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഫ്രിക്കന്‍ വംശജര്‍ എത്തിപ്പെടുകയുണ്ടായി. എല്ലാ ഭാഗങ്ങളിലും അവര്‍ക്ക് വിജയിക്കാനായോ?
വിജയത്തിന് ദേശം അവര്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല, മറിച്ച് കാലമായിരുന്നു അത് നിര്‍ണയിച്ചത്. 1800-കള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിപ്പെട്ട ആഫ്രിക്കന്‍ വംശജര്‍ കൊട്ടാരങ്ങളില്‍ ചെറിയ സ്ഥാനങ്ങളില്‍ ഒതുക്കപ്പെട്ടു. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ വഴി ഇന്ത്യയില്‍ എത്തിപ്പെടുന്ന അടിമകള്‍ എക്കാലത്തും ഇതുപോലെ സ്ഥാനമാനങ്ങള്‍ അനുഭവിച്ചവരായിരുന്നില്ല. പലരും വനങ്ങളിലോ മുസ്‌ലിം ദര്‍ബാറുകളിലോ അഭയം പ്രാപിക്കുകയാണുണ്ടായത്.

ഏതൊക്കെ കാലഘട്ടങ്ങളെയാണ് ഈ പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തിയിട്ടുളളത്?
1400 മുതല്‍ 1930 വരെയുള്ള പെയിന്റിംഗുകളും ഫോട്ടോകളുമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.  ഇന്ത്യയില്‍ ആഫ്രിക്കന്‍ രാജവംശങ്ങള്‍ സ്ഥാപിച്ച സിദ്ദി ഹൈദര്‍ ഖാന്‍, സാച്ചിനിലെ നവാബ് എന്നിവരുടെ അവരോധന ഫോട്ടോകളും ഇതില്‍ പെടും. 1600-നും 1700-നും ഇടക്കുള്ള കാലഘട്ടമാണ് പ്രദര്‍ശനം പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
(മാര്‍ച്ച് 21 മുതല്‍ ഡല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റി ഗാലറിയില്‍ പ്രദര്‍ശനം ആരംഭിക്കും. രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെയാണ് പ്രദര്‍ശന സമയം)

വിവ: അനസ് പടന്ന

Related Articles