Current Date

Search
Close this search box.
Search
Close this search box.

ഇതര വിശ്വാസികളുമായുള്ള മുസ്‌ലിംകളുടെ ബന്ധം

മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും ഇസ്‌ലാം അതിന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഓരോ മേഖലക്കും അടിസ്ഥാന നിയമങ്ങള്‍ അത് വെച്ചിരിക്കുന്നു. പരസ്പരം ഏറ്റുമുട്ടാത്ത ഈ നിയമങ്ങള്‍ ഏകനായ ഒരു സ്രഷ്ടാവും നിയന്താവും ഉണ്ടെന്നതിലേക്കാണ് സൂചന നല്‍കുന്നത്. അവന്‍ നിര്‍ദ്ദേശിച്ചുതന്ന ഈ അടിസ്ഥാന നിയമതത്വങ്ങള്‍ ഒരു അച്ചുതണ്ട് കണക്കെ അതിനെ ചുറ്റി നില്‍ക്കുന്ന അനേകം നിയമങ്ങളുമായി നിലകൊള്ളുന്നു. മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള പരസ്പര ബന്ധത്തെ സംബന്ധിച്ച സാരോപദേശങ്ങളും ഈ നിയമതത്വങ്ങളില്‍ നിന്ന് ഒഴിവല്ല. മുസ്‌ലിംകള്‍ അമുസ്‌ലിംകളോട് അനുവര്‍ത്തിക്കേണ്ട സമീപനങ്ങളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു.
‘പ്രവാചകാ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.’ (21:107)

ഇസ്‌ലാം മനുഷ്യ വര്‍ഗത്തിനും ജിന്നു വര്‍ഗത്തിനും കാരുണ്യമായാണ് അവതീര്‍ണ്ണമായതെന്നാണ് ഖുര്‍ആനിക സൂക്തം വ്യക്തമാക്കുന്നത്. വിശ്വാസികള്‍ക്ക് അത് ഇഹപര സന്തോഷത്തിനും സൗഭഗ്യത്തിനുമുള്ള മാര്‍ഗദര്‍ശനങ്ങള്‍ നല്‍കുന്നു. അതിനാല്‍ തന്നെ അത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കാരുണ്യമാണ്. എന്നാല്‍ ഇസ്‌ലാം അത് തങ്ങളുടെ വിശ്വാസപ്രമാണമായി അംഗീകരിച്ചവര്‍ക്ക് മാത്രമാണോ കാരുണ്യമാകുന്നത്? അത് സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ അമുസ്‌ലിംകളെ നിര്‍ബന്ധിക്കേണ്ടതുണ്ടോ? ഇവിടെ ഖുര്‍ആനിക സൂക്തം അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു.
‘ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല.’ (2:256)

ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് ഖുര്‍ആനിലെ മറ്റു സൂക്തങ്ങളും, മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ രൂപപ്പെടേണ്ട ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച ഒരു പൊതു തത്വം കൃത്യമായി നിര്‍വചിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു:
‘മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.’ (60:8-9)

മേല്‍പറഞ്ഞ സൂക്തങ്ങള്‍ ഒരു മുസ്‌ലിമിന് മറ്റുള്ളവരെ ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാവതല്ലെന്ന് കൃത്യമായി പറയുന്നു. അതിനോടൊപ്പം തന്നെ ഇസ്‌ലാമിനോട് യുദ്ധം ചെയ്യാത്തവരും മുസ്‌ലിംകളെ അടിച്ചമര്‍ത്താത്തവരുമായ ആളുകളോട് നീതിയോടെ വര്‍ത്തിക്കണമെന്നുമാണ് അല്ലാഹു കല്‍പിക്കുന്നതെന്ന് കൂടി ഇത് വ്യക്തമാക്കുന്നു. അവരോട് നല്ലനിലയില്‍ വര്‍ത്തിക്കാനും അവര്‍ക്ക് നന്മകള്‍ ചെയ്യാനും ആജ്ഞാപിക്കുകയാണ് ചെയ്തിരിക്കുന്നത്. കേവലം നീതിയോടെ വര്‍ത്തിക്കുക എന്നതിനേക്കാള്‍ അവര്‍ക്ക് നേരിട്ടുള്ള സഹായങ്ങള്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങുക എന്നത് സഹവര്‍ത്തിത്വത്തിന്റെ ഉയര്‍ന്ന തലമാണ്. കാരണം, അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പരിഗണനയാണ് അതിലൂടെ അവര്‍ക്ക് നല്‍കുന്നത്.

മേല്‍പറഞ്ഞ ഖുര്‍ആനിക വചനം സൂചിപ്പിക്കുന്നത് മുസ്‌ലിംകളോട് ശത്രുതാപരമായ നിലപാട് അനുവര്‍ത്തിക്കുന്നവരോട് ബന്ധം സ്ഥാപിക്കുന്നത് മാത്രമേ വിലക്കുന്നുള്ളൂ എന്നാണ്. ഈ നിലക്ക് നോക്കുമ്പോള്‍ മര്‍ദകരേക്കാള്‍ ഒട്ടും കുറവല്ലാത്ത അനീതിയാണ് മര്‍ദകരെ സഹായിക്കുന്നവരും ചെയ്യുന്നത്. അല്ലാഹുവിന്റെ ദീനിനോട് ശത്രുതാപരമായ നിലപാട് വെച്ചുപുലര്‍ത്തുന്നവരോട് സഹകാരികളായി വര്‍ത്തിക്കുന്നത് വിലക്കിക്കൊണ്ട് അവതീര്‍ണ്ണമായ, നാം മേലുദ്ധരിച്ച സൂറ അല്‍ മുംതഹിനയിലെ സൂക്തങ്ങളെത്തുടര്‍ന്ന് അതേ സൂറയില്‍ അല്ലാഹുവിന്റെ ശത്രുക്കളോട് പൂര്‍ണ്ണമായി ബഹിഷ്‌കരണം പ്രഖ്യാപിച്ച ഇബ്‌റാഹീം നബി(അ) ന്റെ പാത പിന്‍പറ്റാന്‍ ഉദ്‌ബോധിപ്പിക്കുക കൂടി ചെയ്തിട്ടുണ്ടെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. ഈ ഉദാഹരണത്തിലൂടെ ഖുര്‍ആന്‍ ഈ നിയമങ്ങളുടെ സാധുത കൃത്യമായി വിവരിക്കുകയും ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് അത് പ്രസക്തമാകുന്നത് എന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അതുപോലെത്തന്നെ സൂറ അല്‍ മുംതഹിനയിലെ രണ്ടാം സൂക്തത്തില്‍ അല്ലാഹുവിന്റെയും അവന്റെ ദീനിന്റെയും ശത്രുക്കള്‍ ആരാണെന്ന് വളരെ വ്യക്തമായി വിവരിച്ചുതന്നിട്ടുള്ളതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
‘അവരുടെ നിലപാടിതാണ്: നിങ്ങളെ പിടിയിലകപ്പെടുത്താന്‍ കഴിയുകയാണെങ്കില്‍ നിങ്ങളോട് ശത്രുക്കളായി പെരുമാറുകയും കൈകൊണ്ടും നാവുകൊണ്ടും ദ്രോഹിക്കുകയും ചെയ്യുക.’ (മുംതഹിന: 2)

ഇതേ അധ്യായത്തിലെ 7-ാം സൂക്തം ശേഷം വരുന്ന 8,9 സൂക്തങ്ങള്‍ക്ക് ആമുഖമെന്ന നിലക്കുള്ളതാണ്. അതായത്, ഇത്തരക്കാരോടുള്ള ശത്രുതാപരമായ സമീപനം എന്നെന്നും നിലനില്‍ക്കേണ്ടതല്ല എന്ന് അത് വ്യക്തമാക്കുന്നു.
‘അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല.’ (60:7)

ശത്രുവിനോടുള്ള വിരോധം അവസാനിപ്പിക്കാന്‍ അവന്‍ ഇസ്‌ലാം സ്വീകരിക്കുകയാണ് ചെയ്യേണ്ടത് എന്ന് ഈ സൂക്തം ഒരിക്കലും വ്യവസ്ഥപ്പെടുത്തുന്നില്ല. മറിച്ച് ശത്രു അവന്റെ ആ നിലപാടില്‍ നിന്ന് അനുകൂല നിലപാടിലേക്കോ, നന്നേ ചുരുങ്ങിയത് നിഷ്പക്ഷ സമീപനത്തിലേക്കോ എത്തുന്നതോടെ ശത്രുത അവസാനിപ്പിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

നാം നേരത്തെ പറഞ്ഞപോലെ ഇസ്‌ലാമിന്റെ ലക്ഷ്യം ഇഹലോകത്തെ സമാധാന സംസ്ഥാപനവും അതിന് ശേഷം വരാനുള്ള പരലോകത്തിലെ ആത്യന്തിക സൗഭാഗ്യങ്ങളും നേടിത്തരലാണ്. ചിലയാളുകള്‍ പരലോക സൗഭാഗ്യങ്ങളും സന്തോഷങ്ങളും കൈവരിക്കുന്നതില്‍ നിങ്ങളോട് സഹകരിക്കാന്‍ വിസമ്മതിച്ചേക്കാം. അത്തരം സന്ദര്‍ഭങ്ങളിലും അവരോട് ഇഹലോകത്തെ നന്മയിലും  സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ബന്ധം കാത്തുസൂക്ഷിക്കല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്.
‘അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍.’ (49:13)

മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തെ ഖണ്ഡിക്കാനോ ശത്രുതയും പകയും പരത്താനോ രക്തച്ചൊരിച്ചിലിനോ ഇസ്‌ലാം ഒരിക്കലും കല്‍പ്പിക്കുന്നില്ല. ദൈവം മനുഷ്യന് കനിഞ്ഞരുളിയ, ജീവിതത്തിലെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാനുമല്ല അത് നിയുക്തമായിട്ടുള്ളത്. പിശാചിന് പോലും അവന്റെ രക്ഷിതാവിനെ അനുസരിക്കാനും ധിക്കരിക്കാനുമുള്ള സ്വാതന്ത്ര്യം ദൈവം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ അവന്‍ ദുരുപയോഗം ചെയ്യുകയും ധിക്കാരത്തിന് വേണ്ടി വിനിയോഗിക്കുകയും ചെയ്തു എന്നതാണ് വസ്തുത. അല്ലാഹു മനുഷ്യനും ജിന്നുകള്‍ക്കും മറ്റു ജീവികളില്‍ നിന്നെല്ലാം വ്യതിരിക്തമായി അവരുടെ  ജീവിതത്തില്‍ നന്മ തിന്മകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയതും ‘ദീനില്‍ ബലാല്‍ക്കാരമില്ല’ എന്ന  അടിസ്ഥാന തത്വത്തിന്മേല്‍ തന്നെയാണ്. ഈ തെരഞ്ഞെടുപ്പിനനുസരിച്ചാണ് നന്മകള്‍ക്ക് പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും പരലോകത്ത് നല്‍കപ്പെടുക. മനുഷ്യന് ദൈവം നല്‍കിയ ബുദ്ധിപരമായ കഴിവുകളും ദൈവിക മാര്‍ഗ്ഗദര്‍ശനവും സ്വാതന്ത്ര്യത്തിന്റെ പരിമിതമായ ഉപയോഗവുമെല്ലാം ഈയൊരു ലക്ഷ്യത്തിന് വേണ്ടിത്തന്നെയാണ്.
പ്രവാചകന്റെ സൈനിക നീക്കങ്ങളെല്ലാം എന്തടിസ്ഥാനത്തിലുള്ളതായിരുന്നു എന്ന ചോദ്യം ഇവിടെ ഉയര്‍ന്നു വരുന്നു. പ്രവാചകന്‍(സ)യുടെ കാലത്ത് അദ്ദേഹം നടത്തിയ സൈനിക നടപടികളേയും സംഘട്ടനങ്ങളെയും വസ്തുതാപരമായി നിരീക്ഷിക്കുകയാണെങ്കില്‍, അദ്ദേഹം ഒരിക്കല്‍ പോലും ശത്രുതാപരമായ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നില്ല എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.

അദ്ദേഹത്തിന്റെ മുഴുവന്‍ നടപടികളും സ്വയം പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതോ ശത്രുക്കളുടെ ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണമെന്ന നിലയിലോ മാത്രമായിരുന്നു. നബി തിരുമേനി നടത്തിയ സൈനിക നടപടികളെ, അവയുടെ കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി താഴെ പറയുന്ന രീതിയില്‍ തരംതിരിക്കാവുന്നതാണ്.

1. സ്വയം പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളത്. ഉഹ്ദ,് ഖന്‍ദഖ് യുദ്ധങ്ങള്‍ ഉദാഹരണം.
2. മര്‍ദനങ്ങള്‍ക്ക് പ്രത്യാക്രമണമായോ തുടര്‍ച്ചയായുള്ള ശത്രുതാപരമായ പ്രകോപനങ്ങള്‍ക്ക് പകരമായോ ഉള്ളത്. ഖുറൈശികളോട് നടത്തിയ ബദ്ര്‍ യുദ്ധമടക്കം ഭൂരിഭാഗം യുദ്ധങ്ങളും ഈ ഗണത്തിലാണ് ഉള്‍പ്പെടുന്നത്.
3. മദീനക്ക് മേലുള്ള ശത്രുക്കളുടെ മിന്നലാക്രമണങ്ങളെ ചെറുക്കാന്‍ ശത്രുക്കളെ പിന്‍തുടര്‍ന്ന് അക്രമിക്കുക. അസവീഖ്, ദീ ഖര്‍ദ് യുദ്ധങ്ങള്‍ ഉദാഹരണം.
4. മുസ്‌ലിംകളെ അക്രമിക്കാന്‍ തയ്യാറെടുക്കുന്ന സൈന്യങ്ങളെ കടന്നാക്രമിക്കല്‍. ബനുല്‍ മുസ്ദലിഖ്, ദൗമത്തുജന്ദല്‍ പോലുള്ളവ ഉദാഹരണം.
5. ഒറ്റുകാരും ചാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍പ്പെട്ടവര്‍ക്കുമെതിരെ നടത്തിയ നടപടികള്‍. ബനീ നളീര്‍, ബനീ ഖുറൈള, മക്ക വിജയ സന്ദര്‍ഭങ്ങളിലെ നടപടികളിലെ ഉദാഹരണം.

മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഇടയിലുള്ള ബന്ധങ്ങളുടെ അടിസ്ഥാന തത്വം  സമാധാനത്തിലും സഹവര്‍ത്തിത്വത്തിലുമാണ് അവര്‍ നിലകൊള്ളേണ്ടത് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അമുസ്‌ലിംകള്‍ ഇസ്‌ലാമിനെ നിരാകരിച്ചുകൊണ്ടിരിക്കെ തന്നെ മുസ്‌ലിംകളോട് ശത്രുതാപരമായ നിലപാട് വെച്ചുപുലര്‍ത്താതിടത്തോളം കാലം ഈ മൗലിക തത്വത്തിലധിഷ്ഠിതമായ സഹവര്‍ത്തിത്വം കാത്തുസൂക്ഷിക്കല്‍ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്.

വിവ: അസ്ഹര്‍ എ.കെ

Related Articles