Current Date

Search
Close this search box.
Search
Close this search box.

ആധുനിക ശസ്ത്രക്രിയക്ക് വഴിതെളിയിച്ച അല്‍സഹ്‌റാവി

albuqasis.jpg

മുസ്‌ലിം സ്‌പെയിന്‍ (അല്‍അന്തലുസ്) യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിക നാഗരികതയുടെയും, സമൂഹത്തിന്റെയും സുവര്‍ണ്ണകാലഘട്ടം തന്നെയായിരുന്നു. ഇസ്‌ലാം, ക്രിസ്തുമതം, ജൂതായിസം എന്നിവ വളരെ ഐക്യത്തിലും, മൈത്രിയിലും കഴിഞ്ഞു പോന്നു. ശാസ്ത്രമേഖലയില്‍ മഹത്തായ പുരോഗതികള്‍ ഉണ്ടായി. സമ്പത്തും, സുരക്ഷയും വര്‍ദ്ധിച്ചു.

മുസ്‌ലിം സ്‌പെയ്‌നിലെ മഹത്തുക്കളില്‍ ഒരാളാണ് അബുല്‍ ഖാസിം അല്‍സഹ്‌റാവി, (അല്‍ബുഖാസിസ്) മധ്യകാലഘട്ടത്തിലെ മഹാനായ ശസ്ത്രക്രിയാവിദഗ്ദന്‍ (സര്‍ജന്‍). ശസ്ത്രക്രിയാ രംഗത്ത് തന്റേതായ പുതിയ രീതികളും, ഉപകരണങ്ങളും അദ്ദേഹം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ മുപ്പത് വാള്യങ്ങളുള്ള വൈദ്യശാസ്ത്ര വിജ്ഞാനകോശം നൂറ്റാണ്ടുകളോളം യൂറോപ്പിലുടനീളം അംഗീകൃത വൈദ്യശാസ്ത്ര പാഠപുസ്തകമായി ഉപയോഗിക്കപ്പെട്ടു. വൈദ്യശാസ്ത്ര പഠനരംഗത്തെ അദ്ദേഹത്തിന്റെ സ്വാധീനം തികച്ചും വിപ്ലവകരമായിരുന്നു.

അമവി ഖിലാഫത് അതിന്റെ അധികാരശക്തിയുടെ ഉത്തുംഗതയില്‍ എത്തിനില്‍ക്കുന്ന കാലഘട്ടത്തിലായിരുന്നു അല്‍സഹ്‌റാവി ജീവിച്ചത്. 936-ല്‍ ജനിച്ച് അദ്ദേഹം 1013-ല്‍ ഈ ലോകത്തോട് വിടവാങ്ങി. അമവി ഖലീഫ അല്‍ഹകം രണ്ടാമനും, പട്ടാള ഭരണാധികാരി അല്‍മന്‍സൂറിനും കീഴില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തന്റെ ജീവിതകാലം മുഴുവന്‍ അല്‍സഹ്‌റാവി ഒരു കൊട്ടാര വൈദ്യനായാണ് സേവനമനുഷ്ഠിച്ചത്. സ്‌പെയ്‌നിലെ ഭരണാധികാരികള്‍ അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര കഴിവുകളെ അംഗീകരിക്കുകയും, അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്തു. ഒരു ഡോക്ടറെന്ന നിലയില്‍ അദ്ദേഹം 50 വര്‍ഷക്കാലത്തോളം സേവനരംഗത്തുണ്ടായിരുന്നു.

ഇന്നത്തെ ‘ആധുനിക’ ലോകത്തിലെ ഡോക്ടര്‍മാരില്‍ നിന്നും, ആശുപത്രികളില്‍ നിന്നും വ്യത്യസ്തമായി, രോഗികളുടെ സാമ്പത്തിക സ്ഥിതി നോക്കാതെയാണ് അല്‍സഹ്‌റാവി അവരെ ശുശ്രൂഷിച്ചിരുന്നത്. ഒരോ ദിവസവും വ്യത്യസ്തരായ അനേകം രോഗികളെ ചികിത്സിച്ച അദ്ദേഹം, ചികിത്സാരീതികളെല്ലാം രേഖപ്പെടുത്തി വെച്ചു. തല്‍ഫലമായി, വൈദ്യശാസ്ത്ര രംഗത്ത് ‘അത്തസ്‌രീഫ്’ എന്ന അമൂല്യ ഗ്രന്ഥം പിറവിയെടുത്തു. ഒരു വൈദ്യശാസ്ത്ര വിജ്ഞാനകോശം തന്നെയായിരുന്നു ‘അത്തസ്‌രീഫ്’. അദ്ദേഹം തന്റെ വിജ്ഞാനകോശത്തെ 30 വാള്യങ്ങളായി വിഭജിച്ചു. വൈദ്യശാസ്ത്രത്തിന്റെ വ്യത്യസ്ത വശങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു ഓരോ വാള്യവും.  ആദ്യ വാള്യങ്ങളില്‍ രോഗം എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ചാണ് അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. രോഗി പറയുന്നത് എന്താണോ അത് സ്വീകരിക്കുന്നതിന് പകരം, രോഗലക്ഷണങ്ങള്‍ പരിശോധിക്കുകയും, രോഗിയെ നിരീക്ഷിക്കുകയുമാണ് ഒരു നല്ല ഡോക്ടര്‍ ചെയ്യുകയെന്ന് അദ്ദേഹം എഴുതുന്നു.

വൈദ്യശാസ്ത്രത്തെ അതിന്റെ സമഗ്രതയിലാണ് അല്‍സഹ്‌റാവി സമീപിച്ചിരുന്നത്. അതുകൊണ്ടു തന്നെ കേവലം രോഗം മാത്രമല്ല മറിച്ച് രോഗിയുടെ മാനസിക, സാമൂഹിക തലങ്ങളും അദ്ദേഹത്തിന്റെ പരിശോധനക്ക് വിധേയമായിരുന്നു. രോഗങ്ങള്‍ എങ്ങനെ ചികിത്സിക്കാം എന്ന് മാത്രമല്ല അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്, അവയെ എങ്ങനെ തടയാം എന്നും അദ്ദേഹം വിവരിക്കുന്നു. ഗ്രന്ഥത്തിന്റെ ഒരു ഭാഗത്ത് എന്തൊക്കെ ഭക്ഷണപദാര്‍ത്ഥങ്ങളാണ് ഒഴിവാക്കേണ്ടത്, ആരോഗ്യകരമായ ഭക്ഷണക്രമീകരണം എങ്ങനെ നിലനിര്‍ത്താം, ചികിത്സാപദ്ധതിയുടെ ഭാഗമായി ഭക്ഷണത്തെ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അല്‍സഹ്‌റാവി ചര്‍ച്ച ചെയ്യുന്നുണ്ട്. മദ്യം ശരീരത്തില്‍ ഉണ്ടാക്കുന്ന അനന്തരഫലങ്ങളെ കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ‘ശരീരത്തിലെ നാഡീഞരമ്പുകളുടെ പൊതുവായ വീക്കം, സംസാരവൈകല്യം, ഐച്ഛിക ചലനങ്ങളിലെ ബുദ്ധിമുട്ട്, സന്ധിവേദന തുടങ്ങിയവക്ക് മദ്യം കാരണമാകുന്നു. മുഴകള്‍ ഉണ്ടാവുന്നത് കാരണമാവുന്ന വിധത്തില്‍ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് ഉദരസംബന്ധമായ അസുഖങ്ങളുടെ ഒരു പ്രധാന കാരണമാണ്.’

ശസ്ത്രക്രിയ പഠനം മാത്രം ചര്‍ച്ച ചെയ്യുന്ന 30-ാം വാള്യമാണ് ‘അത്തസ്‌രീഫ്’-ലെ ഏറ്റവും പ്രധാനപ്പെട്ട വാള്യം. ചില പ്രത്യേക അസുഖങ്ങള്‍ ഭേദമാക്കാനായി നടത്തുന്ന പ്രത്യേക ശസ്ത്രക്രിയകളെ കുറിച്ച് അതില്‍ അദ്ദേഹം വളരെ വിശദമായി തന്നെ വിശദീകരിക്കുന്നുണ്ട്. ശസ്ത്രക്രിയ നടത്തുന്നവര്‍ ജനറല്‍ മെഡിസിന്‍, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം അഭ്യസിച്ച തത്വചിന്തകരുടെ എഴുത്തുകള്‍ എന്നിവയില്‍ നന്നായി അവഗാഹം നേടിയിരിക്കണമെന്ന് അദ്ദേഹം ഊന്നിപറയുന്നുണ്ട്.

ഇന്നത്തെ കാലത്തെ ഓപ്പറേഷന്‍ റൂമുകളില്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക നടപടിക്രമങ്ങള്‍ക്കും, ഉപകരണങ്ങള്‍ക്കും തുടക്കം കുറിച്ചത് അല്‍സഹ്‌റാവിയായിരുന്നു. ആന്തരികാവയവങ്ങള്‍ തുന്നികെട്ടുന്ന നൂല് (catgut) ആദ്യമായി ഉപയോഗിച്ച് അദ്ദേഹമായിരുന്നു. മൃഗങ്ങളുടെ കുടലില്‍ നിന്നാണ് ഈ നൂല് നിര്‍മിക്കുന്നത്. ശരീരത്തിന്റെ ആന്തരികഭാഗം തുന്നികെട്ടുന്നതിന് വേണ്ടി ഉപയോഗിക്കാന്‍ കഴിയുന്ന ഏക വസ്തു ഇത് മാത്രമാണ്. തുന്നല്‍ നീക്കം ചെയ്യുന്നതിന് വേണ്ടി രണ്ടാമതൊരു ശസ്ത്രക്രിയ നടത്തുന്നതിന്റെ ബുദ്ധിമുട്ട് ഇതിലൂടെ ഇല്ലാതായി. ആധുനിക സര്‍ജറിക്ക് വേണ്ട ഒരുപാട് അത്യാവശ്യ ഉപകരണങ്ങള്‍ അദ്ദേഹം കണ്ടുപിടിച്ചു. പ്രസവസമയത്ത് ഉപയോഗിക്കുന്ന forceps അല്‍സഹ്‌റാവിയാണ് ആദ്യമായി ഉപയോഗിച്ചത്. ഇത് പ്രസവസമയത്ത് മാതാവും, ശിശുവും മരിക്കാനുള്ള സാധ്യതയെ ഗണ്യമായി കുറച്ചു. ശസ്ത്രക്രിയക്കിടയില്‍ രോഗിയുടെ വേദന കുറക്കുന്നതിന് അദ്ദേഹം അനസ്‌തേഷ്യ ഉപയോഗിച്ചിരുന്നു. സ്തനാര്‍ബുദബാധിതകളായ സ്ത്രീകളുടെ സ്തനം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും അദ്ദേഹം നടത്തിയിരുന്നു. പൊട്ടിയ എല്ലുകളും, സ്ഥാനം തെറ്റിയ കുഴകളും എങ്ങനെ പൂര്‍വ്വസ്ഥിതിയിലാക്കാം എന്നത് മുതല്‍ മൂത്രകല്ലുകള്‍ എങ്ങനെ പൊടിച്ച് കളയാം എന്ന് വരെ അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്.

അപാരമായ പാണ്ഡിത്യവും, കഴിവും ഉണ്ടായിരുന്നിട്ട് കൂടി, രോഗിക്ക് ശാരീരികവും, മാനസികവുമായ സമ്മര്‍ദ്ദം ഉണ്ടാക്കിയേക്കാവുന്ന അപകടകരമായ ശസ്ത്രക്രിയകളില്‍ നിന്നും അദ്ദേഹം എല്ലായ്‌പ്പോഴും വിട്ടുനിന്നിരുന്നു. മനുഷ്യന്റെ ജീവനാണ് പ്രധാനമെന്ന് വിശ്വസിച്ച അദ്ദേഹം, അത് പരമാവധി ദീര്‍ഘിപ്പിക്കാനുള്ള അന്വേഷണങ്ങളില്‍ മുഴുകി.

സ്‌പെയ്‌നില്‍ നിന്നും യാത്ര തുടങ്ങിയ ‘അത്തസ്‌രീഫ്’ മുസ്‌ലിം, ക്രിസ്ത്യന്‍ ലോകങ്ങളിലുടനീളം സഞ്ചരിച്ചു. ലാറ്റിന്‍ ഭാഷയിലേക്കും, മറ്റു യൂറോപ്യന്‍ ഭാഷകളിലേക്കും അത് വിവര്‍ത്തനം ചെയ്യപ്പെട്ടു. തല്‍ഫലമായി, അദ്ദേഹം തുടക്കം കുറിച്ച ഒട്ടനവധി നടപടിക്രമങ്ങള്‍ക്ക്, അദ്ദേഹമാണ് അതിന് തുടക്കം കുറിച്ചത് എന്നതിലേക്ക് യാതൊരു സൂചനയും നല്‍കാത്ത പേരുകളാണ് നല്‍കപ്പെട്ടത്. ഉദാഹരണമായി, പ്രസവസമയത്തെ ‘Walcher position’നും, തെറ്റിയ തോളെല്ലുകള്‍ ശരിയാക്കുന്ന ‘Kocher method’ഉം ആവിഷ്‌കരിച്ചത് അല്‍സഹ്‌റാവിയായിരുന്നു. പക്ഷെ പില്‍കാലത്ത് വന്ന യൂറോപ്യന്‍ വൈദ്യശാസ്ത്രജ്ഞരുടെ പേരിലാണ് അവ അറിയപ്പെട്ടത്.

പേരും പ്രശസ്തിയും മാറ്റിവെച്ചാല്‍, വൈദ്യശാസ്ത്രത്തിന്, പ്രത്യേകിച്ച് ശസ്ത്രക്രിയാരംഗത്തെ അല്‍സഹ്‌റാവിയുടെ സംഭാവനകള്‍ അദ്ദേഹത്തിന്റെ കാലത്തെ വിപ്ലവകരമായ ചുവടുവെപ്പുകളായിരുന്നു. അദ്ദേഹം തുടക്കം കുറിച്ച നടപടിക്രമങ്ങളും, കണ്ടുപിടിച്ച ഉപകരണങ്ങളും ഇല്ലായിരുന്നെങ്കില്‍ ശസ്ത്രക്രിയ എന്നത് ഇന്നും സങ്കീര്‍ണതകള്‍ നിറഞ്ഞ ഒന്നായി തന്നെ നിലനിന്നേനെ. അദ്ദേഹത്തിന്റെ കഴിവുകളും, വൈദ്യശാസ്ത്ര അനുഭവങ്ങളും, പരീക്ഷണങ്ങളും രേഖപ്പെടുത്തി വെക്കാന്‍ അദ്ദേഹം കാണിച്ച സ്ഥിരോത്സാഹവും വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ തന്നെ സൃഷ്ടിച്ചു. അതിനാല്‍ ഇന്നും ആ പ്രതിഭയോട് നമ്മള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

Related Articles