Current Date

Search
Close this search box.
Search
Close this search box.

ആധുനിക വിജ്ഞാനവും മുസ്‌ലിംകളും

അഞ്ചാം നൂറ്റാണ്ടുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ ഇബ്‌നു സീന, അല്‍ റാസി, അല്‍ ബറൂനി, ഇബ്‌നുഖല്ദൂന്‍, അല്‍ ഖവാരിസ്മി, അല്‍ഖിന്ദി, അല്‍ ഇദ്‌രീസി, അല്‍ ഫറാബി, ഇബ്‌നുല്‍ഹൈതം, അല്‍ ജാബിര്‍, അല്‍ ഗസ്സാലി തുടങ്ങിയ നൂറുക്കണക്കായ ചിന്തകരുടേയും, പണ്ഡിതരുടേയും, ശാസ്ത്രജ്ഞന്മാരുടേയും നേതൃത്വത്തില്‍ ലോകനാഗരികതക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളിലും തത്വചിന്തയിലും ഉജ്ജ്വലമായ സംഭാവനകള്‍ നല്‍കിവന്ന മുസ്‌ലിംലോകം ഇന്നത്തെ ശോചനീയ നിലയിലെത്തിയതിന് ആരാണ് ഉത്തരവാദി ?

ഇന്ന് ലോകജനസംഖ്യയില്‍ ഇരുപത്തിനാല് ശതമാനം മുസ്‌ലിംകളാണ്. അവര്‍ ഏകദേശം പതിനേഴ്‌കോടിയോളം വരും. ജൂത ജനസംഖ്യ ഒരുകോടി നാല്‍പ്പത് ലക്ഷം മാത്രമേയുള്ളു. ഓരോജൂതനും നൂറില്‍പരം മുസ്‌ലിംകളാ ണുള്ളത്.  രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും രണ്ട് മുസ്‌ലിംകളാണ് നോബെല്‍ പുരസ്‌കാരം നേടിയത്. അതും അവര്‍ ഒരു പാശ്ചാത്യരഷ്ട്രത്തില്‍ കുടിയേറിയശേഷം. കാലിഫോര്‍ണിയയിലേക്ക് കുടിയേറിയ ഈജിപ്ഷ്യന്‍ വംശജനായ അഹ്മദ് ഹസ്സന്‍ സെവയില്‍ എന്ന ശാസ്ത്രജ്ഞനാണ് ഇന്ന് ജീവിച്ചിരിക്കുന്ന മുസ്‌ലിം നോബെല്‍ ജേതാവ്. ഇന്ന് നോബെല്‍ പുരസ്‌കാരം നേടിയ എഴുപത്തിഒമ്പത് സാങ്കേതിക ശാസ്ത്രജ്ഞരാണ് ജൂതസമുദായത്തിലുള്ളത്.

ഒ. ഐ. സി. എന്നറിയപ്പെടുന്ന മുസ്‌ലിം രാഷ്ട്രസംഘടനയില്‍ അമ്പത്തിയേഴ് രാഷ്ട്രങ്ങളാണ് അംഗങ്ങള്‍. ഇവര്‍ മൊത്തം ദേശീയവരുമാനത്തിന്റെ 0.8 ശതമാനം മാത്രമാണ് സാങ്കേതിക വികസന ഗവേഷണ പദ്ധതികള്‍ക്കായി ചെലവാക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ ശരാശരി ചെലവാക്കുന്നതിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമാണിത്.  1980 മുതല്‍ 2000 വരെയുള്ള ഇരുപത് വര്‍ഷകാലത്ത് ഈജിപ്ത്, ജോര്‍ഡാന്‍, സിറിയ, യു. എ. ഇ., കുവൈത്ത്, സഊദിഅറേബിയ എന്നീ ആറു രാഷ്ട്രങ്ങള്‍ കണ്ടുപിടിച്ച പുതിയവസ്തുക്കള്‍ക്കുള്ള 367 പാറ്റന്റുകള്‍ റെജിസ്റ്റര്‍ ചെയ്തപ്പോള്‍ എതിരാളിയായ ഇസ്‌റായീല്‍ 7652 പാറ്റന്റുകളാണ് റെജിസ്റ്റര്‍ ചെയ്തത്. ഒരു കൊച്ചുരാഷ്ട്രമായ ദക്ഷിണകൊറിയപോലും 16328 കണ്ടുപിടുത്തങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ആഗോളതലത്തില്‍ ഗവേഷണ പരീക്ഷണങ്ങളിലേര്‍പ്പെട്ടവര്‍ പത്തുലക്ഷത്തില്‍ 980 പേരാണെങ്കില്‍ അറബാനാടുകളില്‍ അത് 370 പേര്‍മാത്രമാണ്. ലോകജനസംഖ്യയില്‍ അഞ്ചുശതമാനം വരുന്ന അറബികള്‍ ആഗോളനിലവാരത്തില്‍ ഒരു ശത്മാനം ഗവേഷണഗ്രന്ഥങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളു. അതും ഭൂരിഭാഗം മതഗ്രന്ഥങ്ങളാണ്. 2005 ല്‍ ഹാവാര്‍ഡ് സര്‍വ്വകലാശാല, അറബ്ഭാഷ സംസാരിക്കുന്ന പതിനേഴ് നാടുകള്‍ പ്രസിദ്ധീകരിച്ചതിനേക്കാള്‍ കൂടുതല്‍ ശാസ്ത്ര സാങ്കേതിക രചനകള്‍ അറബിയില്‍ പ്രസിദ്ധീകരിക്കുകയണ്ടായി. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകാലത്ത് മുസ്‌ലിം ലോകത്ത് ഒരൊറ്റ പുതിയ കണ്ടുപിടുത്തങ്ങളുമുണ്ടായിട്ടില്ല.

എന്നാല്‍ കാറ്റ് മാറിവീശിത്തുടങ്ങിയ ലക്ഷണങ്ങള്‍ അറബ്‌ലോകത്തുനിന്നുതന്നെ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നാണ് ലണ്ടനില്‍നിന്ന് പുറപ്പെടുന്ന ‘എക്കണോമിസ്റ്റ്’ വാരിക വെളിപ്പെടുത്തുന്നത്. ഖത്തറിലെ ഭരണാധിപര്‍ സാങ്കേതിക ഗവേഷണപഠനങ്ങള്‍ക്കായി ദേശീയവരുമാനത്തിന്റെ 2.8 ശതമാനം നീക്കിവെക്കാനും ഭാവിപുരോഗതി വിലയിരുത്തി ഈ ബജറ്റ് വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടത്രെ. ഇതുവരെയായി വെറും 0.8 ശതമാനം മാത്രമായരുന്നു ഇതിലേക്കനുവദിച്ച വാര്‍ഷിക ബജറ്റ്. തുര്‍ക്കിയും ശാസ്ത്രഗവേഷണങ്ങള്‍ക്കുള്ള ചെലവ് ഓരോ വര്‍ഷവും പത്ത്ശതമാനം വര്‍ദ്ധിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ തുര്‍ക്കി, ഇറാന്‍, മലയേഷ്യ, പാക്കിസ്ഥാന്‍ എന്നീരാഷ്ട്രങ്ങളിലെ വളര്‍ന്നുവരുന്ന ശാസ്ത്രജ്ഞന്മാരും എഞ്ചിനീയര്‍മാരും സാങ്കേതികവിദഗ്ധരും ഗണ്യമായതോതില്‍ സ്വന്തം നാട്ടിലെയും ജോര്‍ഡാന്‍, ഖത്തര്‍, എന്നിവിടങ്ങളിലേയും പരീക്ഷണശാലകളിലും സ്ഥാപനങ്ങളിലും ഗവേഷണപഠനങ്ങള്‍ ആവേശത്തോടെ തുടര്‍ന്നുവരുന്നു.

അവലംബം: ഇസ്‌ലാമിക് വോയിസ്            
                        

Related Articles