Current Date

Search
Close this search box.
Search
Close this search box.

അറബ് നാടുകളിലെ അനറബി ഭാഷകള്‍

non-arabic.jpg

അറബി ഭാഷ പശ്ചിമേഷ്യയും ഉത്തരാഫ്രിക്കയും ഉള്‍പ്പെട്ട അറബ് ലോകത്തെ 22 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയാണ്. പടിഞ്ഞാറ് അറ്റ്‌ലാന്റിക് മഹാസമുദ്രം മുതല്‍ കിഴക്ക് അറബിക്കടല്‍ വരെയും വടക്ക് മെഡിറ്ററേനിയന്‍ കടല്‍ മുതല്‍ തെക്ക് ഹോണ്‍ ഓഫ് ആഫ്രിക്ക വരെയും പരന്നു കിടക്കുന്നതാണ് അറബി സംസാര മേഖല. 385 മില്യണാണ് അറബ് ലോകത്തെ ആകെ ജനസംഖ്യ. അതില്‍ പകുതിയിലധികവും 25 വയസ്സിന് താഴെ പ്രായമുള്ളവരാണ്. അറബിയാണ് അറബികളുടെ പ്രധാന സംസാര ഭാഷയെങ്കിലും അത് മാത്രമാണ് അറബ് നാടുകളില്‍ സംസാരിക്കുന്നത് എന്നര്‍ത്ഥമില്ല. അറബിയല്ലാത്ത ധാരാളം ഭാഷകള്‍ അറബ് മേഖലയില്‍ സംസാര ഭാഷകളായി നിലനില്‍ക്കുന്നുണ്ട്. അവയില്‍ 13 എണ്ണം ചുവടെ ചേര്‍ക്കുന്നു:

കുര്‍ദ്ദിഷ് ഭാഷ
ലോകത്തിലെ ഏറ്റവും വലിയ ഭാഷാ കുടുംബമായ ഇന്തോ-യൂറോപ്യന്‍, ഇറാനോ-ആര്യന്‍ വേരുകളുള്ളതാണ് കുര്‍ദ്ദിഷ് ഭാഷ. ഇറാഖ്, സിറിയ, തുര്‍ക്കി, ഇറാന്‍ എന്നിവക്കിടയില്‍ സ്ഥിതി ചെയ്യുന്ന കുര്‍ദ്ദ് മേഖലയിലെ മുപ്പത് മില്യണിലധികം വരുന്ന കുര്‍ദ്ദ് ജനതയുടെ സംസാര ഭാഷയുമാണത്. എന്നാല്‍ ഇറാഖിലും സിറിയയിലും വസിക്കുന്ന അറബ് വംശജരായ കുര്‍ദ്ദുകള്‍ 8 മില്യണാണ്.

അസീറിയന്‍ ഭാഷ
നിയോ-അരാമിക് ഭാഷാ കുടുംബത്തില്‍ പെട്ട അസീറിയന്‍ ലോകത്തെ പുരാതന ഭാഷകളില്‍ ഒന്നാണ്. ഇന്ന് സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ അത് സംസാര ഭാഷയാണ്. ഫലസ്തീന്‍, ലബനാന്‍, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലെ ക്രൈസ്തവ ചര്‍ച്ചുകളിലും അസീറിയന്‍ ഭാഷ ഉപയോഗിക്കുന്നുണ്ട്. യേശു ക്രിസ്തു ഉപയോഗിച്ച ഭാഷ അരാമിക് ഭാഷാ കുടുംബത്തില്‍ പെട്ട അസീറിയന്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു.

അര്‍മീനിയന്‍ ഭാഷ
ഇന്തോ-യൂറോപ്യന്‍ ഭാഷാ കുടുംബത്തില്‍ പെട്ട അര്‍മീനിയന്‍ ഭാഷ ആധുനിക അര്‍മീനിയന്‍ റിപ്പബ്ലിക്കിലെ ഔദ്യോഗിക ഭാഷയാണ്. ഏ.ഡി ആയിരാമാണ്ടിന് മുമ്പ് ഇറാഖിലേക്കും ലെവാന്റ് പ്രദേത്തേക്കും കുടിയേറിയ അര്‍മീനിയന്‍ വേരുകളുള്ള അറബികളാണ് ഇത് സംസാര ഭാഷയായി ഉപയോഗിക്കുന്നത്. ഒട്ടോമന്‍ കാലത്ത് നടന്ന അര്‍മീനിയന്‍ കൂട്ടക്കൊലക്ക് ശേഷം അറബ് നാടുകളിലേക്കുളള അര്‍മീനിയന്‍ പലായനം വര്‍ധിച്ചു. ഇത് അറബ് പ്രദേശങ്ങളിലെ അര്‍മീനിയന്‍ ജനസംഖ്യയില്‍ വമ്പിച്ച വര്‍ധനയുണ്ടാക്കി.

തുര്‍ക്ക്‌മെന്‍ ഭാഷ
ടര്‍ക്കിക് വേരുകളുള്ള തുര്‍ക്ക്‌മെന്‍ ഭാഷ തുര്‍ക്ക്‌മെനിസ്താനിലെ ഔദ്യോഗിക ഭാഷയാണ്. ടര്‍ക്കിഷ് ഭാഷയില്‍ നിന്നും വളരെ വിഭിന്നമാണ് തുര്‍ക്ക്‌മെന്‍ ഭാഷ. തുര്‍ക്ക്‌മെനിസ്താന്‍, ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലായി 3.5 മില്യണ്‍ ആളുകള്‍ തുര്‍ക്ക്‌മെന്‍ സംസാരഭാഷയായി ഉപയോഗിക്കുന്നു.

ചെചെന്‍ ഭാഷ
കോക്കസ് മേഖലയിലെ ചെചെന്‍ വംശജരായ 30,000-ത്തോളം അറബികളുടെ സംസാര ഭാഷയാണ് ചെചെന്‍ ഭാഷ. ചെച്‌നിയയിലെ ഔദ്യോഗിക ഭാഷയായ ചെചെന്‍ സിറിയ, ജോര്‍ദ്ദാന്‍, ഇറാഖ് എന്നിവിടങ്ങളിലെ ജനവിഭാഗങ്ങളും സംസാര ഭാഷയായി ഉപയോഗിക്കുന്നു. ആകെ 1.4 മില്യണ്‍ ആളുകള്‍ ചെചെന്‍ ഭാഷ ഉപയോഗിക്കുന്നവരാണ്.

സിര്‍ക്കാസിയന്‍ ഭാഷ
നോര്‍ത്ത് കോക്കസസ് മേഖലയിലെ ഭാഷയാണ് സിര്‍ക്കാസിയന്‍. 19, 20 നൂറ്റാണ്ടുകളില്‍ ഒട്ടോമന്‍ സാമ്രാജ്യത്തിലേക്ക് കുടിയേറിയ സിര്‍ക്കാസിയന്മാര്‍ വഴിയാണ് ഈ ഭാഷ അറബ് ലോകത്തെത്തുന്നത്. ഇന്ന് സിറിയ, ജോര്‍ദാന്‍, ഈജിപ്ത് എന്നിവടങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നവരെ കാണാം.

ബെര്‍ബര്‍ ഭാഷ
അള്‍ജീരിയ, തുനീഷ്യ, ലിബിയ, മൊറോക്കോ, മൗറിത്താനിയ പോലുള്ള ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി അറബിക്ക് പുറമേ ബെര്‍ബര്‍ ഭാഷ ഉപയോഗിക്കുന്നു. സഹാറാ മരുഭൂമിയിലെ ബെര്‍ബരികളുടെ സംസാര ഭാഷയാണ് പ്രധാനമായും ബെര്‍ബര്‍. അമാസിഗ് എന്നാണ് ബെര്‍ബര്‍ ഭാഷ ബെര്‍ബരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

മെഹ്‌രി ഭാഷ
ദക്ഷിണ അറേബ്യയില്‍ വസിക്കുന്ന മെഹ്‌രി ഗോത്രത്തിന്റെ സംസാര ഭാഷയാണ് മെഹ്‌രി ഭാഷ. മെഹ്‌രികള്‍ ഉള്ള യമന്‍, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ മെഹ്‌രി ഭാഷയും സജീവമാണ്. കേവലം 20,000 ആണ് അവരുടെ ജനസംഖ്യ.

നൂബിയന്‍ ഭാഷ
ആഫ്രോ-ഏഷ്യന്‍ അഥവാ ഹെമിറ്റിക് ഭാഷാ കുടുംബത്തില്‍ പെട്ട നൂബിയന്‍ ഭാഷ പുരാതന ഭാഷയാണ്. ഇന്ന് ഈജിപ്തിന്റെ തെക്കന്‍ ഭാഗങ്ങളിലും സുഡാനിന്റെ വടക്കന്‍ ഭാഗങ്ങളിലും നൂബിയന്‍ ഭാഷ സംസാരിക്കുന്നവരെ കാണാം. ഈജിപ്ഷ്യന്‍ രാജവംശങ്ങളെ പോലും അട്ടിമറിച്ച ചരിത്രമുള്ളവരാണ് നൂബിയക്കാര്‍.

സൊമാലി ഭാഷ
ഹെമിറ്റിക് ഭാഷയായിരുന്ന കുഷൈറ്റിനോട് സാമ്യമുള്ളതാണ് ആധുനിക സൊമാലി ഭാഷ. സൊമാലിയയില്‍ അറബിക്ക് പുറമേ ഔദ്യോഗിക ഭാഷ കൂടിയാണ് സൊമാലി. 20 മില്യണിലധികം ആളുകളുടെ സംസാര ഭാഷയായ സൊമാലി സജീവ ഭാഷയായി തന്നെ നിലനില്‍ക്കുന്നു.

സ്വാഹിലി ഭാഷ
സ്വാഹിലി പ്രധാനമായും മധ്യ-തെക്കനാഫ്രിക്കന്‍ രാജ്യങ്ങളായ താന്‍സാനിയ, കെനിയ, ഉഗാണ്ട, റുവാണ്ട, ബുറുണ്ടി, മൊസാമ്പിക്ക്, കോംഗോ എന്നിവിടങ്ങളിലെ ഭാഷയാണെങ്കിലും സൊമാലിയ, കൊമറോസ്, ഒമാന്‍ പോലുള്ള രാജ്യങ്ങളിലും ഉപയോഗിച്ചുവരുന്നു. 15 കോടി ആളുകളുടെ സംസാര ഭാഷയായ സ്വാഹിലി ആഫ്രിക്കയിലെ പ്രധാന സംസാര ഭാഷയാണ്.

കൊമോറിയന്‍ ഭാഷ
ആഫ്രിക്കയുടെ കിഴക്കായി ഇന്ത്യന്‍ മഹാസുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കോമറോസ് ദ്വീപിലെ ഭാഷയാണ് കൊമോറിയന്‍. അറബിക്, സ്വാഹിലി എന്നിവയുടെ സങ്കരരൂപമാണ് കൊമോറിയന്‍ ഭാഷ. പുരാതന കാലം മുതലേ അറബിക് ലിപിയിലാണ് കൊമോറിയന്‍ ഭാഷ എഴുതപ്പെടുന്നത്. മഡഗാസ്‌കര്‍, കോമറോസ് എന്നിവിടങ്ങളിലായി ഏഴ് ലക്ഷത്തിലധികം ആളുകള്‍ ഇന്ന് കൊമോറിയന്‍ ഭാഷ ഉപയോഗിക്കുന്നവരാണ്.

ഫ്രഞ്ച് ഭാഷ
ഒരു അറബ് ജനവിഭാഗത്തിനും ഫ്രഞ്ച് പരമ്പരാഗത ഭാഷയല്ലെങ്കിലും നൂറ്റാണ്ട് നീണ്ട ഫ്രഞ്ച് അധിനിവേശത്തിന്റെ സ്വാധീന ഫലമായി ധാരാളം അറബ് രാജ്യങ്ങളില്‍ ഫ്രഞ്ച് സംസാര ഭാഷയാണ്. ‘മഗ്‌രിബ്’ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന അള്‍ജീരിയ, മൊറോക്കോ, തുനീഷ്യ എന്നിവിടങ്ങളില്‍ അറബി കഴിഞ്ഞാല്‍ ഫ്രഞ്ചാണ് പ്രധാന സംസാര ഭാഷ. ഫ്രഞ്ച് ലോകാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യപ്പെടുന്ന പ്രമുഖ യൂറോപ്യന്‍ ഭാഷയാണെങ്കിലും അറബ് രാജ്യങ്ങളില്‍ പ്രധാന സംസാര ഭാഷയായി മാറിയ അപൂര്‍വം യൂറോപ്യന്‍ ഭാഷകളില്‍ ഒന്നാണ്.

വിവ: അനസ് പടന്ന

Related Articles