Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഐക്യം പുതുവായനകള്‍ തേടുന്നു

വിശുദ്ധ ഖുര്‍ആനില്‍ ആദ്യം അവതീര്‍ണമായ സൂക്തം വിജ്ഞാനത്തെക്കുറിച്ചും വായനയെക്കുറിച്ചും ആയിരുന്നു എന്നറിയുമ്പോള്‍ മനുഷ്യന്‍ അല്‍ഭുതപ്പെടും. ഹിറാ ഗുഹയില്‍ ചിന്താമഗ്നനായിരുന്ന പ്രവാചകന്‍(സ)ക്ക് അല്ലാഹുവിന്റെ അടിമത്തത്തെക്കുറിച്ചും യഥാര്‍ത്ഥ വിശ്വാസത്തെക്കുറിച്ചും നമസ്‌കാരത്തെക്കുറിച്ചും തഹജ്ജുദിനെക്കുറിച്ചുമുള്ള  വിജ്ഞാനമാണ് ഏറ്റവും ആവശ്യമായിരുന്നത്. എന്നാല്‍ വളരെ അത്യാവശ്യമായിരുന്നിട്ടും അവ നല്‍കുന്നതിന് പകരം അതിന്റെയെല്ലാം താക്കോല്‍ നല്‍കുകയാണ് ജിബ്‌രീല്‍ ചെയ്തത്. കൂടുതല്‍ ചിന്തക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണിത്.

ഈ സൂക്തം മുന്നില്‍ വെച്ച് ഇസ്‌ലാമിക സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെയും ബലഹീനതയെയും കുറിച്ച് ചിന്തിച്ചാല്‍ അതിന് പിന്നിലെ രഹസ്യം വ്യക്തമാകും. അജ്ഞതക്കും പിന്നോക്കാവസ്ഥക്കും ശേഷം പുരോഗതി പ്രാപിച്ച സമൂഹങ്ങളുമായി ഇസ്‌ലാമിക സമൂഹത്തെ താരതമ്യം ചെയ്താല്‍ അത് വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. ആദര്‍ശത്തിന്റെ താക്കോലാണ് വിജ്ഞാനം എന്നാണിത് വ്യക്തമാക്കുന്നത്. അറിവില്ലാത്ത വിശ്വാസത്തിന് വലിയൊരളവോളം മൂല്യമില്ല. അല്ലാഹു ഏകനാണെന്ന് വിശ്വസിക്കുമ്പോള്‍ പ്രസ്തുത വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന തെളിവുകള്‍ കൂടി അയാളുടെ പക്കല്‍ ഉണ്ടാകുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നത്. പരമ്പരാഗതമായി കൈമാറി കിട്ടിയ ആദര്‍ശകാര്യങ്ങളും അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹു സ്വീകരിക്കില്ല. അല്ലാഹുവിലുള്ള വിശ്വാസം പോലെ തന്നെ നമസ്‌കാരം, നോമ്പ്, ഹജ്ജ് പോലുള്ള മറ്റു വിശ്വാസകാര്യങ്ങള്‍, ഇടപാടുകള്‍ ഹലാല്‍ ഹറാമുകള്‍ മുതലായ എല്ലാ കാര്യങ്ങളിലും വിശ്വാസി വിശദമായ വായനയും പഠനവും നടത്തേണ്ടുതണ്ട്. തനിക്ക് അറിയാത്ത കാര്യങ്ങള്‍ അറിയുന്ന ആളുകളോട് ചോദിച്ച് മനസിലാക്കണം.

നിലവിലെ  ഇസ്‌ലാമിക സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്കും ഭിന്നിപ്പിനും വിഘടനവാദങ്ങള്‍ക്കുമെല്ലാം കാരണം അജ്ഞതയാണ്. ഇവിടെ അജ്ഞത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അക്ഷരജ്ഞാനമില്ല എന്നതല്ല. ഇന്ന് ഇസ്‌ലാമിക സമൂഹം ജീവിക്കുന്ന പലയിടങ്ങളിലും അവരുടെ സാക്ഷരതാ നിരക്ക് 50 ശതമാനം മുതല്‍ 70 ശതമാനം വരെയാണ്. അതുപോലെത്തന്നെ നിരക്ഷരതാ ശതമാനം 10 മുതല്‍ 20 വരെയുമാണ്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വായനയെയും എഴുത്തിനെയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അത് കേവല എഴുത്തോ വായനയോ അല്ല. മറിച്ച് വിശാലാര്‍ത്ഥത്തിലുള്ള വായനയെക്കുറിച്ചാണ് അല്ലാഹുപറയുന്നത്.  അവതാനതയോട് കൂടിയ വായനയാണ് വായന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അറബി വ്യാകരണ നിയമപ്രകാരം ഖുര്‍ആന്‍ വായിക്കുക എന്ന് പറയുന്നേടത്ത് എന്ത് വായിക്കണം (വായിക്കുക എന്നതിന്റ കര്‍മ്മം(object) എന്താണെന്ന് പരാമര്‍ശിച്ചിട്ടില്ല) എന്ന് പറയുന്നില്ല. മറിച്ച് എല്ലാം വായിക്കണം. അല്ലയോ പ്രവാചകരേ താങ്കള്‍ എല്ലാം വായിക്കണം. താങ്കളുടെ സമൂഹം ആ പരന്നവായനയുടെ കാര്യത്തില്‍ താങ്കളെ പിന്‍പറ്റുകയും വേണം. പ്രവാചകന്‍ അനുയായികളെ അഭിസംബോധന ചെയ്ത് പറയുന്നതിങ്ങനെയാണ്. എല്ലാ കാര്യങ്ങളും വായിക്കണം, മനുഷ്യനെ വായിക്കണം, പ്രകൃതിയെ വായിക്കണം, ശത്രുക്കളെ വായിക്കണം, മിത്രങ്ങളെ വായിക്കണം എല്ലാവരെയും വായിക്കണം.  

ഇന്ന് എല്ലാകര്യങ്ങളും വായനയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ജനിതക ശാസ്ത്രം നോക്കൂ അതും ഒരു വായനയാണ്. രണ്ട് അക്ഷരങ്ങള്‍ ചേര്‍ക്കുമ്പോള്‍ പുതിയ വാക്കുകളുണ്ടാകുന്നത് പോലെ രണ്ട് ജീനുകള്‍ തമ്മില്‍ ചേര്‍ത്താല്‍ പുതിയൊരു വസ്തുവായിമാറുന്നു അതോടൊപ്പം പുതിയ വിജ്ഞാനവുമാകുന്നു. ജീവന്റെ അടിസ്ഥാന ഘടങ്ങളായ ജീനുകളെ കുറിച്ചുള്ള പഠനങ്ങള്‍ വരെ ലോകം ഇന്നെത്തിയിരിക്കുന്നു. നിരവധി രഹസ്യങ്ങളെയാണ് അതുള്‍ക്കൊള്ളുന്നത്. അല്ലാഹു അവക്കുള്ളില്‍ ഒരുക്കിയ വിവരങ്ങളെ ശാസ്ത്രം വായിക്കുന്നു. എണ്ണിക്കണക്കാക്കാന്‍ കഴിയാത്ത ആ രഹസ്യങ്ങളെ കുറിച്ച് ചെറിയ തോതിലുള്ള ഒരു ധാരണയെങ്കിലും ഉണ്ടാക്കുന്നതിന് അത് സാഹായിക്കുന്നു.

അതുപോലെതന്നെയാണ് സൈദ്ധാന്തിക വായനകളും, വ്യത്യസ്ത ആശയങ്ങള്‍ പരസ്പരം ചേരുമ്പോള്‍ പോലെ പുതിയ ആശയമുണ്ടാകുന്നു. അല്ലാഹു പ്രവാചകനിലൂടെ അനുയായികള്‍ക്ക് വിശാലമായ ഈ വായനാ സംസ്‌കാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സാധാരണ വായനയില്‍ തുടങ്ങി ആഴത്തിലുള്ള വായനയിലൂടെ പ്രപഞ്ചത്തിലുള്ളതിനെ മുഴുവനായി വായിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്.

ഇഹലോകം, പരലോകം, പ്രപഞ്ചം, പുരോഗതി, സംസ്‌കാരം തുടങ്ങി എല്ലാത്തിന്റെയും താക്കോലാണ് അറിവ്. ഇത്തരത്തില്‍ വായിക്കാനാണ് അല്ലാഹു തന്റെ ദൂതനോട് കല്‍പിച്ചിരിക്കുന്നത്. ഇന്ന് സാധാരണ വായനയുടെ കാര്യത്തില്‍ പോലും ഇസ്‌ലാമിക സമൂഹം വളരെ പിന്നിലാണ്. അതുകൊണ്ടു തന്നെ പെട്രോളിയത്തിന്റെ വന്‍ശേഖരങ്ങളുണ്ടായിട്ടും അതില്ലാത്ത രാജ്യങ്ങളെത്തിയ പുരോഗതിയില്‍ എത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

രാഷ്ട്രീയ അവബോധത്തിലും നമ്മുടെ സമൂഹം പിന്നിലാണ്. പ്രത്യേകിച്ച് ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയുന്ന കാര്യത്തില്‍. ഇന്നലെകളില്‍ നമ്മെ ഭന്നിപ്പിക്കുകയും നമ്മുടെ മണ്ണില്‍ അധിനിവേശം നടത്തുകയും നമ്മുടെ മസ്തിഷ്‌കത്തെയും സമ്പത്തിനെയും ഊറ്റിക്കുടിക്കുകയും ചെയ്തവര്‍ ഇന്ന് നമ്മുടെ മിത്രങ്ങളാണ്. എല്ലാ കാര്യങ്ങള്‍ക്കും നമ്മള്‍ അവരെയാണ് ആശ്രയിക്കുന്നത.് മുസ്‌ലിം സഹോദരന്മാര്‍ നമ്മുടെ ശത്രുക്കളായി മാറിയിരിക്കുന്നു. ഇതെവിടത്തെ വായനയാണ്? നമ്മുടെ സഹോദരനും മിത്രവും ആര്‍ത്തിയാണ്. രക്ത,മത,സമുദായ ബന്ധം കൊണ്ട് നമ്മുടെ സഹോദരന്‍മാരായവര്‍ ഇന്ന് നമ്മുടെ ശത്രുക്കളായിത്തീര്‍ന്നിരിക്കുന്നു. അവരെകൊല്ലുന്നതിലൂടെ നാം നമ്മെത്തന്നെയാണ് ദുര്‍ബലപ്പെടുത്തുന്നത്. അതിന്റെ ഫലമായി നമ്മളില്‍ വിയോജിപ്പും ഛിദ്രതയും അധികരിക്കുന്നു.

ഇസ്‌ലാമിക സമൂഹത്തിന്റെ ഈ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി ഒരു പുതിയ ചിന്തയും വായനയും അനിവാര്യമാണ്. ഈ സമഗ്ര വായനയുടെ അടിസ്ഥാത്തില്‍ രൂപപ്പെടുന്ന ഒരു പുതിയ വിദ്യാഭ്യാസ രീതിയും നമ്മള്‍ രൂപപ്പെടുത്തണം. അനൈക്യത്തില്‍ കഴിയുന്ന നമുക്ക് ഇതിലൂടെ ഐക്യത്തിലെത്താന്‍ കഴിയും. യൂറോപ്യന്‍ എക്കണോമിക് കമ്മ്യൂണിറ്റി (ഇ.ഇ.സി) രൂപീകരിക്കപ്പെട്ടത് അറുപതുകളിലാണ്. അതിനും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മള്‍ അറബ് ലീഗ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവ രണ്ടിനുമിയില്‍ എത്ര വലിയ അന്തരമാണുള്ളത്. 30 രാജ്യങ്ങളെ ഇ.ഇ.സിക്ക് കീഴില്‍ ചേര്‍ത്തു നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. നാണയവും വിസയും താല്‍പര്യങ്ങളും ഏകോപിപ്പിച്ചു. അംഗരാജ്യങ്ങളില്‍ ഒരു രാജ്യം പ്രതിസന്ധിയിലായാല്‍ മറ്റുള്ളവര്‍ സഹായിക്കും അങ്ങനെ അതൊരു വലിയ ശക്തിയായി മാറി. എന്നാല്‍ അറബ് ലീഗില്‍ പരസ്പരം സംഘര്‍ഷങ്ങളും വിയോജിപ്പുകളും മാത്രമാണ് വളര്‍ച്ച പ്രാപിച്ചത്. മുമ്പ് ജനതകള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടായിരുന്നില്ല എന്നാല്‍ ഇന്ന് വംശീയത വലിയ അപകടമായി മാറിയിരിക്കുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കുമെന്ന് കരുതി അതിനെ പിന്തുണക്കാനും ആളുകളുണ്ടായി. അഹ്‌ലുസുന്നയുടെ അകത്ത് പോലും വ്യത്യസ്തമായ സംഘടനകളുണ്ടായി. ഏത് വായനയില്‍ നിന്ന് രൂപപ്പെട്ടതാണിത്? സമൂഹങ്ങള്‍ മുസ്‌ലിം സമൂഹത്തെ പരിഹാസ പാത്രമാകുന്ന എന്തൊരു വിഢിത്തമാണിത്?  ഒരു പുതിയ ചിന്ത ഉണ്ടാക്കിയതിന്റെ പേരില്‍ ദീനിന്റെ കാര്യത്തില്‍ സഹോദരനായ ഒരാളെ കൊല്ലുന്നതെന്തിനാണ്? കേവലം ഒരു ചിന്ത രൂപപ്പെടുത്തി എന്ന കാരണം കൊണ്ട് മാത്രം എങ്ങനെ തന്റെ സഹോദരന്‍ പിന്തിരിപ്പനും കൊല ചെയ്യപ്പെടേണ്ടുന്നവനുമാകുന്നത്?

ഇനി നമ്മള്‍ വായനയിലേക്കും പഠനത്തിലേക്കും തിരിയേണ്ടിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം. നമ്മെ നശിപ്പിക്കുന്നതിന് നമ്മുടെ സമ്പത്ത് വിട്ടു കൊടുക്കുന്നവരായി നാം മാറരുത്. വിനാശകരമായ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഇന്ന് നമ്മില്‍ പലരും മുസ്‌ലിം സമൂഹമാകുന്ന വീടിനെ നശിപ്പിച്ച് കൊണ്ടിരിക്കുന്നു.

ശത്രുവിനെ അറിയാന്‍ നാം വായിക്കണം എന്ന് പറയുന്നത് സായുധ ജിഹാദിനുള്ള ആഹ്വാനമൊന്നുമല്ല. ഖുര്‍ആനില്‍ എഴുപതോളം സൂക്തങ്ങളില്‍ യഹൂദികളെക്കുറിച്ച് പറയുന്നുണ്ട്. അവയില്‍ പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യകാലത്തും മദീനാ പലായത്തിനിടക്കും അവതരിച്ചവയാണ് പല സൂക്തങ്ങളും. അവയില്‍ യഹൂദികളുടെ സ്വഭാവത്തെക്കുറിച്ച് സമ്പൂര്‍ണമായി പ്രവാചകനെ അറിയിക്കുന്ന സൂക്തങ്ങളുണ്ട്.  പ്രവാചകന്‍ യഹൂദികളുടെ സ്വഭാവങ്ങളെ സൂക്ഷിച്ചാണ് നില കൊണ്ടത്. പക്ഷെ പ്രവാചകന്‍ അവര്‍ക്കെതിരെ യുദ്ധത്തിന് തുടക്കം കുറിക്കുകയല്ല, മറിച്ച് അവരോട് നല്ലനിലയില്‍ വര്‍ത്തിക്കുകയാണ് ചെയ്തത്. പ്രവാചകനുണ്ടാക്കിയ ഭരണഘടനയില്‍ യഹൂദികള്‍ക്ക് രാജ്യനിവാസികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും വകവെച്ച് കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു യുദ്ധ പ്രഖ്യാപനമേയല്ല. അവ മിത്രത്തെയും ശത്രുവിനെയും വേര്‍തിരിച്ചറിയുന്നതിന് മാത്രമാണ്. നമ്മുടെ മിത്രങ്ങളെ നമ്മളറിയണം.

വായനക്കുള്ള ആഹ്വാനം തന്നെ ആദ്യമായി അവതരിപ്പിക്കാന്‍ തെരെഞ്ഞെടുത്തതിന്റെ കാരണം ഒരു ഉത്തമ സമുദായത്തെ വാര്‍ത്തെടുക്കുന്നതിന്റെ മുന്നൊരുക്കമായിരിക്കാം. അവര്‍ മറ്റുള്ളവര്‍ക്ക് തട്ടികളിക്കാനുള്ള ഒരു കളിപ്പാട്ടമായി ഒരിക്കലും മാറരുത്. വിശ്വാസികള്‍ ഒരു ശരീരം പോലെയാകണം എന്നതുകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് വിശ്വാസികള്‍ക്ക് പരസ്പരം അനുഭിവിക്കാന്‍ കഴിയണം എന്നതാണ്. അവരിലെ ഏതെങ്കിലും ഒരു ഭാഗത്ത് വേദനയുണ്ടായാല്‍ എല്ലായിടത്തും അതിന്റെ ചലനങ്ങളുണ്ടായി അതിന്റെ ജൈവികത പ്രകടപ്പിക്കണം. പരസ്പരം നാം താങ്ങായി മാറണം. ഇന്ന് നാം നമ്മുടെ സഹോദരങ്ങള്‍ക്ക് താങ്ങാവുമ്പോള്‍ നാളെ അവര്‍ നമുക്ക് താങ്ങായി മാറും.

ഇസ്‌ലാമിക സമൂഹം ഏകദേശം 57 രാജ്യങ്ങളിലായി ജീവിക്കുന്നു അതില്‍ 22 എണ്ണം അറേബ്യന്‍ രാജ്യങ്ങളാണ്. അവര്‍ അക്രമം തടയുന്നവരും സത്യത്തിന്റെ കൂടെ നില്‍ക്കുന്നവരുമാണോ? നമ്മുടെ സഹോരന്മാര്‍ സിറിയയില്‍ അറുകൊല ചെയ്യപ്പെടുന്നു. അതേസമയം നമ്മള്‍ ഒന്നും രണ്ടും ജനീവ കരാറുകളില്‍ മുഴുകിയിരുന്ന് സമയം കളയുന്നു.

ഇറാക്കിനെ നമ്മള്‍ അമേരിക്കക്ക് പന്താടാനായി ഉപേക്ഷിച്ചു. പ്രദേശത്തെ മറ്റു രാജ്യങ്ങളും വേണ്ട സഹായങ്ങള്‍ നല്‍കി സഹകരിച്ചു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രതിരോധ ചരിത്രം പേറുന്ന രാജ്യമാണ് ഇറാഖ്. മുജാഹിദുകളുടെയും വിജയികളുടെയും പ്രഭവകേന്ദ്രമായിരുന്നു അത്. ഈ സമുദായത്തിന്റെ സുസ്ഥിര ഘടകമായിരുന്നു അത്. യമന്‍, ഈജിപ്ത്, സിറിയ ഇറാഖ് എന്നിവിടങ്ങളിലെ സൈന്യത്തെ ഉപയോഗിച്ച് സ്വലാഹുദ്ധീന്‍ അയ്യൂബിക്ക് കുരിശുയുദ്ധക്കാരെ എന്നന്നേക്കുമായി തുരത്താന്‍ സാധിച്ചു. ഒരു കാലത്ത് പ്രതിസന്ധികളില്‍ നമ്മുടെ ശക്തി കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങളായിരുന്നു അവയെല്ലാം. എന്നാല്‍ ഇന്ന് അവയോരോന്നും വ്യത്യസ്ത പ്രശ്‌നങ്ങളില്‍ പെട്ട് ഉഴറുകയാണ്.

ഫലസ്തീന്‍ നമ്മുടെ മുഖ്യ പ്രതിസന്ധിയാണ്. എന്നാല്‍ നാമതിനെ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുന്നു. അടിസ്ഥാന വിഷയമായിരിക്കെ തന്നെ മുന്‍നിരയിലേക്കത് എത്തുന്നില്ല.  കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുന്നതിന് ജൂതന്‍മാര്‍ ഈ അവസരം മുതലെടുക്കുന്നു. അവര്‍ക്ക് അവരുടെ അജണ്ടകള്‍ നടപ്പാക്കാനും സാധിക്കുന്നു. എന്നാല്‍ നാം നമ്മുടെ പ്രശ്‌നങ്ങളില്‍ തന്നെ വ്യാപൃതരാണ്. പഴയ ജാഹിലിയത്തിലേക്ക് തന്നെ മടങ്ങിയിരിക്കുന്നോ എന്ന് തോന്നിപ്പിക്കുന്ന അവസ്ഥയാണിന്നുള്ളത്. ഫലസ്തീനിലെ ഫതഹിനെയും ഹമാസിനെയും ഒന്നിപ്പിക്കാന്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം.

അറബ് ലോകത്ത് മാത്രമല്ല, മറ്റു രാജ്യങ്ങളിലെയും വിശ്വാസികളുടെ കാര്യം വളരെ പരിതാപകരമാണ്. മധ്യാഫ്രിക്കയില്‍ വിശ്വാസികള്‍ അറുകൊല ചെയ്യപ്പെടുന്നു. അവര്‍ കൊല്ലപ്പെടുന്നതും കത്തിയെരിയുന്നതും ഒരു ഉത്സവം കാണുന്ന ലാഘവത്തോടെ കാണുന്നു. ലോകവും മൗനത്തിലാണ്. ഇനി മുസ്‌ലിംകള്‍ വല്ലതും ചെയ്താല്‍ തന്നെ അവര്‍ക്ക് നേരെ ആരോപണങ്ങളുടെ ഒരു വലിയ നിര തന്നെ ഉണ്ടാവും. അതില്‍ ഏറ്റവും ചെറുതാണ് ഭീകരവാദം. ഒരു കാലത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു മധ്യആഫ്രിക്ക പക്ഷെ ഇന്നവിടെ മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന ന്യൂനപക്ഷമാണ്. നിങ്ങളുടെ സഹോദരങ്ങള്‍ തന്നെയാണ് റോഹിങ്ക്യിലും മ്യാന്‍മറിലും പീഢനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത്.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles