Current Date

Search
Close this search box.
Search
Close this search box.

മനോരോഗ ചികിത്സയിലെ മുസ്‌ലിം സംഭാവനകള്‍

mental.jpg

വൈദ്യശാസ്ത്ര മേഖലയിലെ ഇതര ശാഖകളെ അപേക്ഷിച്ച് ഏറെ നിരാസത്തിനും അവഗണനക്കും വിധേയമാക്കപ്പെട്ട ശാഖയാണ് മനോരോഗ പഠനവും ചികിത്സയും. എന്നാല്‍ ഈ മേഖലയില്‍ മുസ്‌ലിം ശാസ്ത്രജ്ഞര്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പിച്ചിട്ടുണ്ട്. യൂറോപില്‍ ഭ്രാന്ത് പിശാച് ബാധയായി കണ്ടിരുന്നപ്പോള്‍ ഭ്രാന്ത് ബാധിച്ചവരെ ചങ്ങലക്കിടുകയാണവര്‍ ചെയ്തത്. ഭ്രാന്തന്‍മാര്‍ ഒച്ചവെച്ചപ്പോള്‍ മര്‍ദനങ്ങളിലൂടെയായിരുന്നു അവര്‍ ചികിത്സിച്ചിരുന്നത്.

മുസ്‌ലിംകള്‍ വൈദ്യശാസ്ത്രത്തെ ശാരീരിക അവയവങ്ങളുടെ ചികിത്സയില്‍ പരിമിതപ്പെടുത്താതെ മനസ്സിനെ കൂടി ചികിത്സിച്ചു. മനസ്സിനെ ബാധിക്കുന്ന ക്ഷീണവും ഷോക്കുകളും ശരീരത്തെ ബാധിക്കുമെന്ന് അവര്‍ മനസ്സിലാക്കി. എല്ലാ വലിയ ആശുപത്രികളിലും മാനസിക രോഗ ചികിത്സക്കായി പ്രത്യേകം ഡോക്ടര്‍മാര്‍ തന്നെയുണ്ടായിരുന്നു.

രോഗ ചികിത്സയില്‍ മനസ്സിലുള്ള പ്രാധാന്യത്തെ കുറിച്ച് റാസി സൂചിപ്പിക്കുന്നുണ്ട്. ആമവാതത്തിന്റെ (Rheumatoid arthritis) മാനസിക അടിസ്ഥാനങ്ങളിലേക്ക് എത്തിചെന്നിട്ടുള്ള ആദ്യത്തെ ഡോക്ടറാണ് റാസി. ആമവാതത്തെയും സന്ധിവാതത്തെയും അദ്ദേഹം വേര്‍തിരിച്ചു. ബാഹ്യമായി ശാരീരിക പ്രശ്‌നമാണെങ്കിലും മാനസിക അസ്വസ്ഥതകളില്‍ നിന്നാണ് അതുണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേഷ്യം കടിച്ചമര്‍ത്തുന്നവരിലാണ് ഈ രോഗം ഏറ്റവുമധികം പ്രകടമാവുന്നത്. നിരന്തരം കുമിഞ്ഞുകൂടുന്ന ദേഷ്യം വലിയ മാനസി പ്രശ്‌നം അവരിലുണ്ടാക്കുന്നു. ചില ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണം മാനസികമാണെന്ന് റാസി അഭിപ്രായപ്പെട്ടിട്ടുണ്ട്. കരളിന്റെയും പ്ലീഹയുടെയും ശക്തിക്കുറവിന് അപ്പുറം ചില കാരണങ്ങള്‍ ദഹനസംബന്ധിയായ പ്രശ്‌നങ്ങള്‍ക്കുണ്ട്. അന്തരീക്ഷത്തിന്റെ അവസ്ഥ, കുളി, വെള്ളംകുടിയുടെ കുറവ്, അമിത രക്തവാര്‍ച്ച, സംയോഗം, മാനസിക പ്രയാസങ്ങള്‍ തുടങ്ങിയവയാണവ. ഒരു ഡോക്ടര്‍ താന്‍ ചികിത്സിക്കുന്ന രോഗിയുടെ ഇത്തരം അവസ്ഥകള്‍ കൂടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെ അവസ്ഥയില്‍ മനസ്സ് സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നതാണ് കാരണം.

മാനസികാരോഗ്യത്തെ സംബന്ധിച്ച് ചില ഡോക്ടര്‍മാര്‍ രചനകളും പഠനങ്ങളും നടത്തിയിട്ടുണ്ട്. ഇബ്‌നു ഇംറാന്‍ വിഷാദ രോഗത്തെ കുറിച്ച് ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. മനസ്സിന്റെ വിവിധ അവസ്ഥകളെ കൈകാര്യം ചെയ്യുന്ന പഠനമാണ് ‘രിസാലത്തുല്‍ അഫ്ദലിയ്യ’ എന്ന പേരില്‍ ഇബ്‌നു മൈമൂന്‍ (ഹി 415/ AD 1024) എഴുതിയിട്ടുള്ളത്. കോപം, സന്തോഷം, ദുഖം തുടങ്ങിയ മാനസികാവസ്ഥകളെയും അത് ആരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുമാണ് അദ്ദേഹം അതില്‍ വിവരിക്കുന്നത്. മനസ്സിനെ പരിചരിച്ച് ശക്തിപ്പെടുത്തലാണ് അതിന്റെ ചികിത്സയെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ശാരീരിക രോഗങ്ങളുടെ ചികിത്സയില്‍ മനസ്സിനുള്ള പങ്ക് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

ഡോക്ടര്‍മാര്‍ മാനസിക അപഗ്രഥനത്തിന്റെ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കുകയും അതിലൂടെ നിരവധി രോഗങ്ങളുടെ യാഥാര്‍ഥ്യം തിരിച്ചറിയുകയും ചെയ്തിട്ട് അധികകാലമൊന്നും ആയിട്ടില്ല. എന്നാല്‍ മഹാനായ ഇബ്‌നു സീന ഗുര്‍ഗാനില്‍ വെച്ച് ഡോക്ടര്‍മാരെല്ലാം കൈവിട്ട യുവാവിനെ ചികിത്സിച്ചു. ശാരീരികമായ ഒരു പ്രശ്‌നവും ആ യുവാവിനുള്ളതായി ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. ഗ്രാമത്തിലെ ഒരു യുവതിയില്‍ അനുരുക്തനായിരുന്നു ആ യുവാവ്. ആ ഗ്രാമത്തിന്റെയും യുവതിയുടെയും പേര് അയാളുടെ നാഡിമിടിപ്പില്‍ ഉണ്ടാക്കിയിരുന്ന വ്യത്യാസത്തിലൂടെ ഇബ്‌നുസീന പ്രശ്‌നം തിരിച്ചറിഞ്ഞു.

ബനൂ ബുവൈഹിലെ ഭരണാധികാരിക്ക് അദ്ദേഹം നല്‍കിയ ചികിത്സയുടെ കഥയും നാം കേട്ടിട്ടുണ്ടാവും. ആഹാരം കഴിക്കാന്‍ വിസമ്മതിക്കുന്ന മാനസിക പ്രശ്‌നമായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്നത്. കശാപ്പു ചെയ്യപ്പെടേണ്ട പശുവായി താന്‍ മാറിയിരിക്കുന്നു എന്ന തോന്നലായിരുന്നു അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്നത്. ഇബ്‌നുസീന മൂര്‍ച്ചയുള്ള കത്തിയുമായി ഭരണാധികാരിയുടെ അടുത്ത് ചെന്ന് അറുക്കാനെന്ന ഭാവേന ചെരിച്ചു കിടത്തിയപ്പോള്‍ അനുസരണയോടെ വഴങ്ങുകയാണ് അദ്ദേഹം ചെയ്തത്. ഒരു നിശ്ചിത സമയമായപ്പോള്‍ ഇബ്‌നുസീന ഉറക്കെ വിളിച്ചു പറഞ്ഞു: ”ഇത് മെലിഞ്ഞൊട്ടിയ പശുവാണ്. ആദ്യം ഇത് തടിച്ചു കൊഴുക്കട്ടെ.” അതിന് ശേഷം ഭരണാധികാരം ഉത്സാഹത്തോടെ ആഹാരം കഴിക്കാന്‍ തുടങ്ങി എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ രോഗം പൂര്‍ണമായി മാറുന്നത് വരെ അദ്ദേഹത്തിന്റെ ആഹാരത്തില്‍ മരുന്നു കലര്‍ത്തി അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.

ചില വന്ധ്യതക്ക് കാരണം ദമ്പതികള്‍ക്കിടയിലെ മാനസിക വിയോജിപ്പാണെന്ന് കണ്ടെത്തലും ഇബ്‌നു സീനയുടെ സംഭാവനയാണ്. മാനസിക രോഗ ചികിത്സക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുള്ള അബുല്‍ ബറകാത്ത് ഹിബത്തുല്ല ഇബ്‌നു മല്‍ക (ഹി. 561/AD 1165) പ്രസ്തുത മേഖലയില്‍ സുപ്രധാന കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ട്. ഹിജ്‌റ ആറാം നൂറ്റാണ്ടിലെ (ക്രിസ്താബ്ദം 12ാം നൂറ്റാണ്ട്) വൈദ്യശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ നേട്ടങ്ങള്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ മേഖലയിലെ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് അക്കാലത്ത് ലോകത്ത് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു.

വിവ: നസീഫ്‌

Related Articles