ഓരോ കൊല്ലവും ദശലക്ഷക്കണക്കിന് ഉരുക്കളാണ് പരിശുദ്ധ ഹജ്ജ് കര്‍മത്തിനിടയില്‍ ബലിയറുക്കപ്പെടുന്നത്. ഉരുക്കളുടെ എണ്ണത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാളും സംശയിക്കുന്ന കാര്യമാണ് ഇതെങ്ങിനെയാണ് മക്കയില്‍ ഒരു മാലിന്യത്തിനും കാരണമാക്കാതെ അറുക്കപ്പെടുന്നത് എന്ന്. പത്തും അമ്പതും ഉരുക്കളെ അറുക്കുമ്പോഴേക്കും നമ്മുടെ നാട്ടില്‍ അതിന്റെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനും മാംസം വിതരണം ചെയ്യാനുമുള്ള പ്രയാസങ്ങളാണ് മനസ്സിലേക്ക് വരിക. മക്കയില്‍ ബലിയറുക്കപ്പെടുന്ന ഇത്രയും വലിയ സംഖ്യ ഉരുക്കളുടെ മുഴുവന്‍ അറവും മാംസ വിതരണവും നിര്‍വഹിക്കുന്നത് മിനാതാഴ്‌വരയിലെ അറവുശാലകളാണ്.
മിനാതാഴ്‌വരയില്‍ കിങ് ഫൈസല്‍ പാതയോടു ചേര്‍ന്ന് പത്താം നമ്പര്‍ ഏരിയയിലാണ് ലോകോത്തര നിലവാരത്തിലുള്ള അറവുശാല സ്ഥിതി ചെയ്യുന്നത്. ലക്ഷക്കണക്കിനു വരുന്ന ഹാജിമാര്‍ക്ക് ബലികര്‍മം നിര്‍വഹിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് സൗദി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.
ഈ അറവുശാലയില്‍ അഞ്ചു ലക്ഷത്തിലധികം ബലിമൃഗങ്ങളെ അറുക്കുന്നതിനും ശീതീകരിച്ചു സൂക്ഷിക്കുന്നതിനും സൗകര്യമുണ്ട്. ബലിമാംസം വിവിധ രാജ്യങ്ങളിലേക്ക് സൗജന്യമായി വിതരണം ചെയ്യും. ടണ്‍ കണക്കിനു വരുന്ന ബലിമാംസം ദരിദ്രരാജ്യങ്ങളിലെ പട്ടിണിയകറ്റാന്‍ കുറേയൊക്കെ സഹായിക്കുന്നു.
അത്യാധുനിക സൗകര്യങ്ങളുള്ള ഉയര്‍ന്ന ഗുണമേ•യും ശുചിത്വവും ഉറപ്പു വരുത്തുന്നതിനാവശ്യമായ യന്ത്രങ്ങളോടും വലിയ ശീതീകരണമുറികളോടും കൂടിയതാണ് മിനായിലെ അറവുശാലകള്‍. രണ്ട് പ്രധാന അറവുശാലകളും അവയ്ക്ക് ഉപ അറവുശാലകളുമുണ്ട്. ഒന്നാമത്തെ തുറന്ന നിലയിലുള്ള അറവുശാല മൂന്നായി തരംതിരിച്ചിട്ടുണ്ട്. ആദ്യ യൂനിറ്റില്‍ ആടുകളും അടുത്തത് ഒട്ടകങ്ങള്‍ക്കും മാടുകള്‍ക്കുമുള്ളതാണ്. ഇവിടെ ഹാജിമാര്‍ക്ക് പ്രവേശിക്കാനും ബലിമൃഗത്തെ നേരിട്ടു തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്. ഇവിടെ തീര്‍ത്ഥാടകര്‍ക്കു നേരിട്ട് അറവ് നടത്താനും സാധിക്കും.മൂന്നാമത്തെ യൂനിറ്റ്, ഏറ്റവും ആധുനികരീതിയില്‍ പണികഴിപ്പിച്ചതാണ്. 13 വര്‍ഷം മുമ്പാണ് ഇതു പൂര്‍ത്തിയാക്കിയത്.
രണ്ടാമത്തെ അറവുശാല ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണ്. ഇവിടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. എന്നാല്‍, 30 ഹാജിമാരുടെ പ്രതിനിധിയായി ഒരാള്‍ക്ക് പ്രവേശനം നല്‍കും. ഇത്രയും വലിയ അറവുശാല പ്രവര്‍ത്തിച്ചിട്ടും മാലിന്യമോ ദുര്‍ഗന്ധമോ പേരിനു പോലും ഇവിടെയില്ല എന്നത് ആസൂത്രണത്തിലെ മികവ് വിളിച്ചോതുന്നു.
450 സൗദി റിയാലാണ് ഒരാടിന് ഇത്തവണ ഈടാക്കുന്നത്. അറവുശാലയില്‍ പോവാതെ കൗണ്ടറുകള്‍ വഴി ബലിമൃഗത്തിനുള്ള കൂപ്പണുകള്‍ ലഭ്യമാവും. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം പുണ്യനഗരത്തില്‍ ഇത്തരം കൗണ്ടറുകള്‍ ധാരാളം പ്രവര്‍ത്തിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ്, മണി ട്രാന്‍സ്ഫര്‍ ഇങ്ങനെ പണമടച്ച് ഇന്റര്‍നെറ്റ് വഴി ബലിമൃഗങ്ങളെ വാങ്ങുന്നതിന് ഇലക്‌ട്രോണിക്‌സ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിയറുക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇമെയില്‍, എസ്.എം.എസ്. വഴി അറിയിക്കും. കൂപ്പണ്‍ എടുക്കുന്ന ഹാജിമാര്‍ക്കു വേണ്ടി ബലികര്‍മം നടത്താനും ആ മാംസം അര്‍ഹതപ്പെട്ടവര്‍ക്കു വിതരണം ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. ബലിമാംസം ലോകത്തിലെ ഏറ്റവും അര്‍ഹരായ പാവങ്ങള്‍ക്കു നല്‍കുക എന്ന ദൗത്യമാണ് ബലിയറുക്കലിന്റെയും വിതരണത്തിന്റെയും എല്ലാ ഘട്ടങ്ങളിലും നേതൃത്വം വഹിക്കുന്ന ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക്(ഐ.ഡി.ബി) നിര്‍വഹിക്കുന്നതെന്ന് പ്രസിഡന്റ് അഹ്മദ് മുഹമ്മദലി പറയുന്നു. സംശയമുള്ളവര്‍ക്ക് ഈ പ്രൊജക്ട് പ്രാവര്‍ത്തികമാക്കുന്ന മിനായിലെ മോയസിമില്‍ ചെന്ന് പരിശോധിക്കാവുന്നതേയുള്ളൂ. ഒരു റിയാല്‍ പോലും വാങ്ങാതെ തികച്ചും സൗജന്യമായാണ് ഈ വലിയ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത്. അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹജ്ജാജികള്‍ക്ക് അവരുടെ ബലികര്‍മം ശരീഅത്ത് നിയമങ്ങള്‍ക്കു തികച്ചും അനുസൃതമായി നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കുകയെന്നത് ഐ.ഡി.ബിയുടെ ബാധ്യതയാണ്.
ആരോഗ്യമുള്ള ബലിമൃഗങ്ങളെ തിരഞ്ഞെടുക്കുന്നതു മുതല്‍ അതാരംഭിക്കുന്നു. ഇത്രയധികം അറവു നടക്കുമ്പോഴും പുണ്യസ്ഥലങ്ങള്‍ മലിനമാവാതെ സൂക്ഷിക്കേണ്ടതുണ്ട്. ഓരോ വര്‍ഷവും ബലികര്‍മം നിര്‍വഹിക്കുന്നത് പൂര്‍ണമായും ഇസ്‌ലാമികമായ രീതിയിലാണെന്ന് നാനൂറിലേറെ ശരീഅത്ത് വിദ്യാര്‍ഥികളുടെയും എഴുന്നൂറിലേറെ മൃഗഡോക്ടര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തുന്നു. കശാപ്പുകാരും സഹായികളും സൂപ്പര്‍വൈസര്‍മാരും കൂടി നാല്‍പ്പതിനായിരത്തിലേറെ വരും. മക്കയുടെ വിവിധ ജില്ലകളിലെ പാവങ്ങള്‍ക്കു കൃത്യമായി ബലിമാംസം ലഭിക്കുന്നതിലുള്ള പ്രവര്‍ത്തനത്തില്‍ വ്യാപൃതരായ ഐ.ഡി.ബി. സ്റ്റാഫിനെ സഹായിക്കാന്‍ വേണ്ടത്ര സന്നദ്ധ സംഘടനകളുമുണ്ട്.
സൗദി അറേബ്യക്കാവശ്യമായതില്‍ കവിഞ്ഞുള്ള ബലിമാംസം ദരിദ്രമായ മുസ്‌ലിം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. രണ്ട് ബില്യന്‍ സൗദി റിയാല്‍ ചെലവാക്കി അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളുള്ള അറവുശാലകളാണ് ഗവണ്‍മെന്റ് നിര്‍മിച്ചിട്ടുള്ളതെന്ന് മുഹമ്മദാലി പറഞ്ഞു. 1983ലാണ് ഈ പ്രൊജക്ട് ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് ഏറ്റെടുത്തത്. അന്ന് 63,000 ചെമ്മരിയാടുകളെയാണ് ബലിയറുത്തത്. അവിടെനിന്നങ്ങോട്ട് അവയുടെ എണ്ണം കൂടിയിട്ടേയുള്ളൂ. കഴിഞ്ഞ ഹജ്ജിന് 1.4 ദശലക്ഷം ആടുകളെ ബലിയര്‍പ്പിച്ചു. സൗദി അറേബ്യക്ക് പുറത്ത് 27 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തു. ഇക്കൊല്ലം അതിനേക്കാള്‍ കൂടുതലുണ്ടാവും.
സൗദി അറേബ്യയുടെ ഗ്രാമാന്തരങ്ങളില്‍ പോലും ബലിമാംസം ചെന്നെത്തുന്നു. അതിനു സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കൃത്യമായ സംവിധാനവുമുണ്ട്. തുര്‍ക്കി, ജോര്‍ദാന്‍, ലബ്‌നാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് കൂടി ഇത്തവണ മാംസം കയറ്റി അയക്കും. റോഹിന്‍ഗ്യയില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള അഭയാര്‍ഥികളിലേക്കും ബലിമാംസത്തിന്റെ പങ്കെത്തും.
എന്നാല്‍, സിറിയ, മ്യാന്‍മര്‍ ഗവണ്‍മെന്റുകളുടെ സമ്മതമില്ലാതെ ആ രാജ്യങ്ങളിലേക്ക് അയക്കാനാവില്ല. അറവുശാലകള്‍ മൊവൈസിമില്‍നിന്നു വാദി അല്‍ ഹിര്‍മനിലേക്ക് മാറ്റുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഇത് ഹറമിന്റെ അതിര്‍ത്തിക്കുള്ളിലാണ്. തീര്‍ത്ഥാടകരുടെ സംഖ്യവര്‍ധിക്കുന്നതനുസരിച്ച് ബലിയാടുകളുടെ എണ്ണവും പെരുകുകയാണ്.
അതുകൊണ്ട് ഇനിയും അറവുശാലകള്‍ വേണ്ടിവരും. ചിലയാളുകള്‍ പുണ്യസ്ഥലങ്ങളില്‍ അറവുനടത്തുന്നത് തുടരാന്‍ ഇനിയും അനുവദിക്കുകയില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
അറുക്കപ്പെടുന്ന മൃഗങ്ങളുടെ തൊലിയും ഉച്ഛിഷ്ടങ്ങളും വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അറവിനും തൊലിയുരിയുന്നതിനുമുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ട കശാപ്പുകാര്‍ക്ക് ഓരോ ആടിനും പ്രതിഫലം ലഭിക്കുന്നു. അതുകൊണ്ട് കൂടുതല്‍ ആടുകളെ അറക്കാനാവും അവരുടെ ശ്രമം. അതുകൊണ്ടു തന്നെ തൊലിക്ക് കേടുവരുന്നു; അപ്പോള്‍ കച്ചവടക്കാര്‍ വാങ്ങാന്‍ മടിക്കുന്നു. ഇതൊഴിവാക്കാന്‍ ബലിമൃഗങ്ങളുടെ തൊലിയും ഉച്ഛിഷ്ടങ്ങളും ഉപോല്‍പ്പന്നങ്ങളാക്കി തോല്‍പ്പശയുണ്ടാക്കുന്നതിനു പരിപാടിയുണ്ട്. ഇന്നു പൊതുവെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പോഷകാഹാരങ്ങളും മരുന്നുകളും പന്നിത്തോലുപയോഗിച്ചു നിര്‍മിക്കുന്നവയാണത്രേ. അല്‍ ഒസയ്‌ലയില്‍ ഇതിനായി മൂന്നുലക്ഷം മീറ്റര്‍ ചുറ്റളവില്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. ആട്ടിന്‍തോലുകള്‍ ഈ ഫാക്ടറിയില്‍ ഉപ്പിലിട്ടുണക്കി ഗെലാറ്റിന്‍ ഉണ്ടാക്കുന്നു.