Current Date

Search
Close this search box.
Search
Close this search box.

ഭരണാധികാരികളും കോടതിയും

ഇസ്‌ലാമിക കാലഘട്ടത്തിലെ ജ്യുഡിഷറി സംവിധാങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ഇതില്‍. സാമാന്യ ജനങ്ങളുടെ അവകാശങ്ങള്‍ വിവേചനങ്ങള്‍ക്കതീതമായി വകവെച്ച് കൊടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിച്ച സ്ഥാപനമാണ് ജുഡീഷ്യറി. ഖുര്‍ആനിലും സുന്നതിലും ജുഡീഷ്യറിക്ക് വളരെ പ്രാധാന്യമുള്ളതായി കാണാന്‍ സാധിക്കും. ഖുര്‍ആന്‍ പറയുന്നു. ‘അമാനത്തുകള്‍ അവയുടെ ഉടമകള്‍ക്ക് ഏല്‍പിച്ചുകൊടുക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുമ്പോള്‍ നീതിപൂര്‍വം തീരുമാനം കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോടാജ്ഞാപിക്കുന്നു.’ (അന്നിസാഅ് : 58) മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ‘പ്രവാചകാ, അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് അവരുടെ വ്യവഹാരങ്ങളില്‍ വിധി കല്‍പിക്കുക. അവരുടെ ഇഛകളെ പിന്‍പറ്റാതിരിക്കുക. ഇക്കൂട്ടര്‍ നിന്നെ കുഴപ്പത്തിലകപ്പെടുത്തി, അല്ലാഹു അവതരിപ്പിച്ചുതന്നിട്ടുള്ള മാര്‍ഗദര്‍ശനത്തില്‍നിന്ന് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക.’ (അല്‍ മാഇദ : 49 )
ഖുര്‍ആനിലെ മറ്റൊരു പരാമര്‍ശം ഇങ്ങനെയാണ് : ‘അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനുവേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍. ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്.’ (അല്‍ മാഇദ :8)  പ്രവാചകന്‍ (സ) പറയുന്നു:  ‘വിധികര്‍ത്താക്കള്‍ മൂന്നുകൂട്ടരാണ്. ഒരാള്‍ സ്വര്‍ഗത്തിലും രണ്ടുപേര്‍ നരകത്തിലുമാണ്. സ്വര്‍ഗത്തിലുള്ള വ്യക്തി, സത്യം അിറയുകയും അത് വിധിക്കുകയും ചെയ്തവനാണ്. എന്നാല്‍ മറ്റൊരാള്‍ സത്യം അറിഞ്ഞിട്ടും വിധിയില്‍ അക്രമം കാണിച്ചവനാണ്. അതിനാല്‍ അയാള്‍ നരകത്തിലാണ്. വേറൊരാള്‍, വിവരക്കേട് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിധിപറഞ്ഞു. അതിനാല്‍ അയാളും നരകത്തിലാണ്.’

മുകളില്‍ പരാമര്‍ശിച്ച ഖുര്‍ആനിക സൂക്തങ്ങളും പ്രവാചക വചനങ്ങളും ഇസ്‌ലാമിലെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനങ്ങളെക്കുറിച്ച് ചുരുക്കി വിവരിച്ചിട്ടുണ്ട്. അതിലെ പാരമര്‍ശങ്ങളാണ് ഇസ്‌ലാമിക ശരീഅത്തിനെ എല്ലാകാലത്തും പ്രസക്തമാക്കി നിലനിര്‍ത്തുന്നത്. ശത്രുവിനോടടക്കം നീതി പൂര്‍വ്വം പെരുമാറാനാണ് ഇസ്‌ലാമിക ശരീഅത്ത് ആഹ്വാനം ചെയ്യുന്നത്. ഭരണാധികാരികളുടെ ശക്തിയും സ്വാധീനവുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കൊന്നും പരിഗണന നല്‍കാതെ ഖുര്‍ആനിന്റെയും സുന്നതിന്റെയും ആഹ്വാനങ്ങളാണ് ഇസ്‌ലാമിക വിധികളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. വിധികര്‍ത്താക്കളുടെ നീതിനടപ്പാക്കല്‍ പ്രക്രിയക്കും പരലോക വിശ്വാസത്തിനും വിധി പ്രസ്താവത്തില്‍ വലിയ പ്രാധാന്യമുണ്ട്.

സ്വതന്ത്ര നീതി ന്യായ സംവിധാനത്തിനുള്ള ഉദാഹരണങ്ങള്‍
ഇസ്‌ലാമിക് ജൂഡീഷ്യറിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്‌ലാമിക തത്വങ്ങളുടെ ആവിഷ്‌കാരമായിരുന്നു അതെന്ന് ബോധ്യപ്പെടുന്നതാണ്. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഇസ്‌ലാമിക വിധികര്‍ത്താക്കള്‍ പാടുപെട്ട് സംരക്ഷിച്ച ജുഡീഷ്യറിയുടെ അടിസ്ഥാന തത്വമാണ്. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലം മുതലാണ് ഇതിന്റെ ആവിഷ്‌കാരങ്ങള്‍ ആരംഭിക്കുന്നത്. അദ്ദേഹമാണ് പ്രവിശ്യകളില്‍ ആദ്യമായി സ്വതന്ത്ര ഖാദി (വിധികര്‍ത്താവ്, ജഡ്ജി) യെ നിമയമിക്കുന്നത്. ഖാദി എല്ലാ ഭരണസംവിധാനങ്ങളില്‍ നിന്നും സ്വതന്ത്രമായിട്ടായിരുന്നു നിലനിന്നിരുന്നത്. ഖലീഫയടക്കമുള്ള എക്‌സിക്കൂട്ടീവ് സംവിധാനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയാത്തവിധമുള്ള സ്വതന്ത്രനിലനില്‍പ് ഉമവി കാലഘട്ടത്തില്‍ പോലും ഇസ്‌ലാമിക ജുഡീഷ്യറിക്കുണ്ടായിരുന്നു.

അബ്ബാസി ഖലീഫയായിരുന്ന ഹാറൂണ്‍ റഷീദിന്റെ കാലത്ത് (ഹിജ്‌റ 170 ക്രസ്തുവര്‍ഷം 786) ആദ്യമായി ഖാദി ഖുദാത്ത് (ജഡ്ജ്മാരുടെ ജഡ്ജ്) എന്ന പോസ്റ്റ് സൃഷ്ടിക്കുകയും അത് അബൂയൂസുഫിനെ ഏല്‍പിക്കുകയും ചെയ്തു. അന്നു മുതല്‍ എല്ലാ ജുഡീഷ്യറി സ്ഥാപനങ്ങളും പരമോന്നത ജഡ്ജിയായ അബൂയൂസുഫിന്റെ കീഴില്‍ വന്നു. ഗവര്‍ണര്‍മാരെ നിശ്ചയിക്കാനും പിരിച്ച് വിടാനുമുള്ള അധികാരം ഇദ്ദേഹത്തിനുണ്ടായിരുന്നു.  കോടതി വിധികളും അതിന്റെ അനുബന്ധങ്ങളും അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. രാജ്യഭരണവുമായി ബന്ധപ്പെട്ട കോടതിവിധികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ ഖലീഫക്കോ ഖലീഫയുടെ സഹായികള്‍ക്കോ കഴിഞ്ഞിരുന്നില്ല. എക്‌സിക്യൂട്ടീവില്‍ നിന്ന് സ്വതന്ത്രമായുള്ള ജുഡീഷ്യറി സംവിധാനം ഇസ്‌ലാമിക രാജ്യങ്ങളില്‍ അന്ന് മുതല്‍ക്ക് തുടര്‍ന്ന് പോന്നു. ഇതിന് ചരിത്രത്തില്‍ ഒരു പാട് ഉദാഹരണങ്ങളുണ്ട്.

ഖലീഫ അബൂജഅ്ഫര്‍ അല്‍ മന്‍സൂറിന്റെ കാലത്തെ (95-158 ഹിജ്‌റ, 712775) ഖാദിയായിരുന്നു ഖാദി സുവാര്‍ ബിന്‍ അബ്ദുല്ലാ. അക്കാലത്തെ ബസറയിലെ ഖാദിയായിരുന്ന സുവാറിന് മന്‍സൂര്‍ കത്തെഴുതി അതിങ്ങനെയായിരുന്നു : സൈന്യാധിപനും കച്ചവടക്കാരനും തമ്മിലുള്ള ഭൂമി പ്രശ്‌നത്തില്‍ താങ്കള്‍ കച്ചവടക്കാരന് ഭൂമി നല്‍കുന്നതിനായി വിധിക്കണം. അപ്പോള്‍ സുവാര്‍ ഖലീഫക്ക് അതിന് മറുപടി എഴുതി : ‘ തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് എനിക്ക് വ്യക്തമായത് പ്രകാരം ഭൂമി കച്ചവടക്കാരന് നല്‍കണമെന്നാണ് എനിക്ക് മനസിലായിരിക്കുന്നത്. തെളിവുകള്‍ ലഭിക്കാതെ അതിന് വിരുദ്ധമായി ഞാന്‍ പ്രവര്‍ത്തിക്കില്ല. മന്‍സൂര്‍ സുവാറിന് മറുപടി എഴുതി : ഞാന്‍ ഏകനായ അല്ലാഹുവില്‍ ആണയിട്ട് താങ്കളോട് പറയുന്നു താങ്കള്‍ ആ ഭൂമി സൈനിക നേതാവിന് നല്‍കണം. സുവാര്‍ വീണ്ടും മറുപടി എഴുതി : ഞാന്‍ ഏകനായ അല്ലാഹുവില്‍ ആണയിട്ട് താങ്കളോട് പറയുന്നു ന്യായമില്ലാതെ കച്ചവടക്കാരനില്‍ നിന്ന് ഭൂമി തിരിച്ച് പിടിക്കില്ല. ഈ കത്ത് മന്‍സൂറിന്റെ അടുക്കലെത്തിയപ്പോള്‍ മന്‍സൂര്‍ പറഞ്ഞു: ‘ഈ ഭൂമിയില്‍ മുഴുവന്‍ നീതി നിറഞ്ഞിരിക്കുന്നു എന്റെ ഖാദി എന്നെ നീതിയിലേക്ക് തിരികെ കൊണ്ട് വന്നിരിക്കുന്നു.

ഇതുപോലെ മറ്റൊരു സംഭവം ബാഗ്ദാദിലെ ഖാദിയായിരുന്ന അബൂഹാമിദ് അല്‍ അസ്ഫറൈനി (ഹിജ്‌റ 406) യെക്കുറിച്ചും പറയപ്പെടുന്നുണ്ട്.  കോടതി നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍  സ്ഥാന ഭ്രഷ്ടനാക്കുമെന്ന് കാണിച്ചു കൊണ്ട് അദ്ദേഹം ഖലീഫക്ക് കത്തെഴുതുകയുണ്ടായി അതിന്റെ വരികള്‍ ഇങ്ങനെയായിരുന്നു: ‘അല്ലാഹു എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഖാദിസ്ഥാനത്ത് നിന്ന് എന്നെ പിരിച്ച് വിടാന്‍ താങ്കള്‍ക്ക് സാധ്യമല്ലെന്ന് താങ്കള്‍ നന്നായറിഞ്ഞ് കൊള്ളുക. ഞാന്‍ രണ്ടോമൂന്നോ വാചകങ്ങള്‍ ഒരു കടലാസിലെഴുതി ഖുറാസാനിലേക്ക് അയച്ചാല്‍ എനിക്കത് സാധിക്കും.’

നിയമവാഴ്ചയുടെ നിലനില്‍പ് ഇസ്‌ലാമിക കാലഘട്ടത്തില്‍
നിയമവാഴ്ച നീതിന്യായസംവിധാനത്തിന്റെ രണ്ടാമത്തെ അടിസ്ഥാനമാണ്. ഇസ്‌ലാമിക ചരിത്രത്തില്‍  നിയമവാഴ്ച കൃത്യമായി നിലനിന്നതിന്  നിരവധി സന്ദര്‍ഭങ്ങളെ ഉദാഹരണമായി ഉദ്ധരിക്കാവുന്നതാണ്. അത് നിലനിര്‍ത്തിയത് വിധികര്‍ത്താക്കള്‍ മാത്രമല്ല ഭരണകര്‍ത്താക്കള്‍ കൂടിയായിരുന്നു. ഇസ്‌ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കി രൂപം കൊണ്ട നിയമങ്ങള്‍ക്ക് മുന്നില്‍ ജനങ്ങളെല്ലാവരും സമന്മാരായിരുന്നു. അതില്‍ രാഷ്ട്രീയപരമോ, സാമൂഹികമോ, മതപരമോ ആയ യാതൊരു വിവേചനവും ഉണ്ടായിരുന്നില്ല.

ഖലീഫ ഹാറൂണ്‍ റഷീദിന്റെ കാലത്ത് ഒരു മനുഷ്യന്‍ ഖലീഫക്കെതിരെ പരാതിയുമായി ന്യായാധിപന്‍ അബൂയൂസുഫിനെ സമീപിച്ചു. ഖലീഫയുടെ ഉടമസ്ഥതയിലുള്ള തോട്ടം തന്റേതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. അബൂയൂസുഫ് ഖലീഫയെ കോടതിയിലെ ന്യായാധിപ സമിതിക്ക് മുന്നില്‍  ഹാജരാക്കി. പരാതിക്കാരനോട് തന്റെ തെളിവ് ഹാജരാക്കന്‍ പറഞ്ഞു, അപ്പോള്‍ അയാള്‍ പറഞ്ഞു. എനിക്ക് തെളിവൊന്നുമില്ല ഖലീഫയില്‍ നിന്ന് പ്രതിജ്ഞയെടുത്താല്‍ മതി ഞാനതില്‍ സംതൃപ്തനാകും. ഖലീഫ കോടതിയില്‍ മൊഴി നല്‍കി അതിങ്ങനെയാണ് : ‘ആ തോട്ടം എന്റേതാണ്, ഖലീഫ മഹ്ദി എനിക്ക് വേണ്ടി വാങ്ങിയതാണത്. അതിന്‍മേല്‍ മറ്റ് ഉടമ്പടികളൊന്നും ഇല്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു.’ അബൂയൂസുഫ് മുന്ന് പ്രാവശ്യം സത്യം ചെയ്യാന്‍ ഖലീഫയോട് പറഞ്ഞു. ഖലീഫ അതിന് വിസമ്മതിച്ചപ്പോള്‍ സ്വാഭാവികമായും തോട്ടം പരാതിക്കാരന് നല്‍കാന്‍ അദ്ദേഹം ഉത്തരവിട്ടു.

മറ്റൊരു സംഭവമിങ്ങനെയാണ്. ഖലീഫ മന്‍സൂറിന്റെ കാലത്ത് ഹജ്ജ്  കഴിഞ്ഞപ്പോള്‍ ചുമട്ടുകാരെ ശാമിലേക്കയക്കാന്‍ ഖലീഫ ഉദ്ദേശിച്ചു. എന്നാല്‍ ശാമിലേക്ക് പോകാന്‍ ചുമട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവര്‍ ഇക്കാര്യത്തില്‍ മദീനയിലെ ഖാദിയായിരുന്ന ഉംറാന്‍ബിന്‍ ത്വല്‍ഹിയുടെ അടുക്കല്‍ ചെന്ന് പരാതി പറഞ്ഞു. ഖാദി ഖലീഫയെ ന്യായാധിപ സമിതിക്ക് മുമ്പില്‍ ഹജറാക്കി. ഖാദി ഖലീഫയോട് ഖലീഫ എന്ന് ചേര്‍ക്കാതെ അദ്ദേഹത്തിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ചുമട്ടുകാര്‍ക്ക് അനുകൂലമായി വിധിച്ചു. ഖലീഫ അദ്ദേഹത്തിന്റെ വിധി അനുസരിക്കുകയും ചെയ്തു.

പലപ്പോഴും ഭരണാധികാരികള്‍ ആരുടെയും സമ്മര്‍ദ്ധമില്ലാതെ തന്നെ വിധി തങ്ങള്‍ക്കെതിരായിരുന്നിട്ട് പോലും നിയമത്തിന് വിധേയരായി നിന്ന ചരിത്രം ഇസ്‌ലാമിനുണ്ട്. അന്‍ദലൂസിലെ പ്രസിദ്ധ ഭരണാധികാരി ഹകം ബിന്‍ഹിശാമിന്റെ അമ്മാവനായിരുന്ന സൈദുല്‍ ഖൈര്‍. ഒരിക്കല്‍ അദ്ദേഹം മറ്റൊരാളുമായി വാക്ക്തര്‍ക്കമുണ്ടായി. ഖലീഫ ഹകം ബിന്‍ ഹിശാമല്ലാതെ മറ്റാരും ഈ കേസില്‍ സാക്ഷിയായുണ്ടായിരുന്നില്ല. ഖലീഫ അദ്ദേഹത്തിന്റെ സാക്ഷ്യം രണ്ട് പണ്ഡിതന്മാരെക്കൊണ്ട് എഴുതിച്ച് കേസ് വിധിപറയുന്ന കോടതിയിലെ ഖാദിക്ക് അയച്ച് കൊടുത്തു. ഖാദി പറഞ്ഞു: ഈ സാക്ഷ്യം എന്നെ സംബന്ധിച്ചേടത്തോളം അസാധുവാകുന്നു. ഇത് കേട്ട് സൈദുല്‍ഖൈറിന് ദേഷ്യം വന്നു. അപ്പോള്‍ ഖലീഫ അദ്ദേഹത്തോട് പറഞ്ഞു. ഈ ഖാദി അസത്യമായി ഒന്നും വിധിക്കാത്ത സത്യസന്ധനാണ്, എനിക്കദ്ദേഹത്തിന് എതിര് നില്‍ക്കാന്‍ സാധ്യമല്ല, അദ്ദേഹത്തിന്റെ വിധിക്കെതിരെ നിന്ന് മുസ്‌ലിം സമൂഹത്തെ വഞ്ചിക്കാനും സാധ്യമല്ല.  ഈ വാക്കുകളിലൂടെ മഹത്തായ സന്ദേശമാണ് ഹകം ബിന്‍ ഹിശാം ജനങ്ങള്‍ക്ക് നല്‍കിയത്.

നിയമവും ദുഷിച്ച ഭരണാധികാരികളും
നിയമ ലംഘനങ്ങള്‍ നടത്തുന്നത് കേവല കോടതി അലക്ഷ്യം മാത്രമല്ലെന്നും മറിച്ച് പൊതുജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന വലിയ കുറ്റകൃത്യമാണെന്നും ഭരണാധികാരികള്‍ക്ക് അറിയാമായിരുന്നു. അതാണ് കോടതികളെ സ്വതന്ത്രമായി നിലനിര്‍ത്തുന്നതിന് വലിയ അളവോളം പ്രേരകമായി വര്‍ത്തിച്ചത്.

ഒരിക്കല്‍ ‘അല്‍മലിഖ് അല്‍കാമില്‍ അല്‍ അയ്യൂബി’ എന്ന അയ്യൂബി ഖലീഫക്ക് കോടതിയില്‍ സാക്ഷി പറയുന്നതിനായി ഹാജരാകേണ്ടിവന്നു. ഖാദി ഇബ്‌നു ഐനുദ്ദൗല അദ്ദേഹത്തിന്റെ സാക്ഷ്യം തള്ളിക്കളഞ്ഞു. അതിനെ തുടര്‍ന്ന് ഖലീഫ വീണ്ടും അതാവര്‍ത്തിച്ചു. എന്നാല്‍ ജഡ്ജി തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഖലീഫക്ക് ദേഷ്യം വന്നു, അദ്ദേഹം ചോദിച്ചു : എന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു. അപ്പോള്‍ ജഡ്ജി തന്റെ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചു. എന്നാല്‍ പൊതുജനങ്ങളുടെ വികാരം മാനിച്ച് കൊണ്ട് കോടതിവിധിയെ മാനിക്കാന്‍ രാജാവിനോട് അദ്ദേഹത്തിന്റെ ഉപദേശക സമിതിഅംഗങ്ങള്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ രാജാവിന്റെ ഭരണത്തിനെതിരെ തിരിയുന്നതും കലാപമുണ്ടാകുന്നതും ഭയന്ന് അദ്ദേഹം കോടതിവിധി അംഗീകരിച്ചു.

വഖ്ഫ് സ്വത്തുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ജഡ്ജിമാരുടെ ചില വിധികളും പ്രസക്തമാണ്. ഇസ്‌ലാമിന്റെ ആദ്യ കാലങ്ങളില്‍ വഖ്ഫ് സ്വത്തുകളുടെ സംരക്ഷണം വഖ്ഫ് ചെയ്ത വ്യക്തിക്കായിരുന്നു. എന്നാല്‍ ആ അവസ്ഥക്ക് മാറ്റമുണ്ടാക്കിയത്  ഥൗബ ബിന്‍ നംറ് ബിന്‍ ഹൗമലുല്‍ ഹളറമി എന്ന ഈജിപ്ത്യന്‍ ജഡ്ജിയുടെ കാലത്തായിരുന്നു. (ഹിജ്‌റ 115-120) അന്നു മുതല്‍ വഖഫ് സ്വത്തുക്കളെല്ലാം നീതിന്യായകോടതിയുടെ കീഴിലാണ് സംരക്ഷിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കോടതി വിധി പ്രസിദ്ധമാണ് അതിങ്ങനെയാണ്. ‘ഈ സ്വത്തുക്കള്‍ പാവപ്പെട്ടവരും ആവശ്യക്കാരുമല്ലാത്തവരിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇതപ്രകാരം പോകാതിരിക്കുന്നതിനായി ഞാന്‍ ഇത് എന്റെ മേല്‍നോട്ടത്തിലാക്കിയിരിക്കുന്നു.’  

മറ്റൊരു സംഭവം ഇങ്ങനെയാണ് കോടതിവിധികളില്‍ ഭരണാധികാരികള്‍ ഇടപെട്ട് പൊതു ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാന്‍ കോടതികള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തിയിരുന്നു. അതിനെ ബലപ്പെടുത്തുന്ന നിരവധി ചരിത്ര സംഭവങ്ങളുണ്ട്. മംലൂകി രാജാക്കന്മാരില്‍ പ്രസിദ്ധ ഭരണാധികാരിയായിരുന്നു റുക്‌നുദ്ധീന്‍ ബൈബറസ്. അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹത്തിനെതിരെ ഒരു സൈനികന്‍ കേസ്‌കൊടുത്തു. അമീര്‍ പൊതു ജനങ്ങളുടെ ആവശ്യത്തിനായി കിണര്‍കുഴിക്കുവാന്‍ ആജ്ഞാപിച്ചു. പിന്നീട് അമീര്‍ മരണപ്പെട്ടപ്പോള്‍ കിണര്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം  സൈനികന്‍ ഏറ്റെടുത്തു. അദ്ദേഹം സ്വന്തം പണമുപയോഗിച്ചാണ് കിണറിന്റെ തുടര്‍ന്നുള്ള പണികള്‍ നടത്തിയത്. പിന്നീട് കിണറിന്റെ പണിപൂര്‍ത്തിയായപ്പോള്‍ തന്റെ കയ്യില്‍നിന്ന് ചെലവായ പണം തിരികെ ലഭിക്കാതെ താന്‍ കിണര്‍ പൊതുജനങ്ങള്‍ക്ക് വിട്ട് കൊടുക്കില്ലെന്ന് അദ്ദേഹം ശഠിച്ചു. അവസാനം കോടതി സൈനികന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഈ വിധി ഭരണാധികാരിക്കെതിരായിരുന്നു. വിധി ഭരണാധികാരിക്കെതിരെയായിട്ടും കോടതി നിഷ്പക്ഷമായി വിധി പറഞ്ഞപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ കോടതിയോടുള്ള വിശ്വാസം വര്‍ധിച്ചു.

അധികാര സ്ഥാപനങ്ങളില്‍ നിന്ന് തങ്ങളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിലുണ്ട്. അത് സ്ഥാപിക്കുവാന്‍ ഇസ്‌ലാമിക സമൂഹം ധാരാളം പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഫലമായാണ് സ്വതന്ത്ര നീതിന്യായ സ്ഥാപനങ്ങള്‍ നിലവില്‍ വന്നത്.

സംഗ്രഹ വിവര്‍ത്തനം : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles