Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദ് ; ശോഭനമായ ഇന്നലെയും ഇരുളടഞ്ഞ ഇന്നും

2003 ഏപ്രില്‍ 9-ന് അമേരിക്കന്‍ സൈന്യം ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ പ്രവേശിക്കുകയും ഔദ്യോഗികമായി തന്നെ അവിടെ അധിനിവേശം നടത്തുകയും ചെയ്തു. ‘ബാഗ്ദാദിന്റെ പതനം’ എന്ന് മാധ്യമങ്ങള്‍ അതിനെ വിശേഷിപ്പിച്ചു. ഒരു നഗരം മറ്റൊരു ശക്തി പിടിച്ചടക്കിയപ്പോഴെല്ലാം ചരിത്രത്തില്‍ ഉപയോഗിച്ച പ്രയോഗമാണത്. എന്നാല്‍ ബാഗ്ദാദിന്റെ കാര്യത്തില്‍ തികച്ചും വ്യത്യസ്തമായിരുന്നു അത്. അധികാര മാറ്റത്തിന് അപ്പുറമുള്ളൊരു ‘പതന’മായിരുന്നു അത്.

ബാഗ്ദാദിലെ ഫിര്‍ദൗസ് സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കൂറ്റന്‍ പ്രതിമ നാടകീയമായി മറിച്ചിട്ടത് ലോകം മുഴുവന്‍ വീക്ഷിച്ച കാഴ്ച്ചയായിരുന്നു. ഒരു ഭരണാധികാരിയെ ഇല്ലാതാക്കലോ അല്ലെങ്കില്‍ വിദേശ ശക്തികളുടെ കടന്നു കയറ്റമോ മാത്രമായിരുന്നില്ല ഈ ‘പതനം’ എന്ന് അത് വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഒരു നഗരത്തിന്റെ സംസ്‌കാരം, നഗര സംവിധാനം, വിദ്യാഭ്യാസം, ബൗദ്ധികവും ശാസ്ത്രീയവുമായ സ്രോതസ്സുകള്‍ തുടങ്ങിയവയുടെയെല്ലാം പതനമായിരുന്നു അത്. എന്തിന്റെയെല്ലാം പേരിലാണോ ബാഗ്ദാദും ഇറാഖും പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നത് അവയെല്ലാം അക്രമിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ലോകത്തിന് മുമ്പില്‍ നിഷ്ഠൂരമായി അപമാനിക്കപ്പെടുകയും ചെയ്തു.

ഒരു ആക്ഷന്‍ ചിത്രം കാണുന്നത് പോലെ ആദ്യാവസാനം ഞാനും അതിന് സാക്ഷിയായി. അതിന്റെ അവസാനം എന്തായിരിക്കുമെന്ന് തുടങ്ങുന്നതിന് മുമ്പേ അറിയാമായിരുന്നു എന്ന് മാത്രം. എന്നാല്‍ അതിനെ തടഞ്ഞു വെക്കാന്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അമേരിക്കന്‍ അധിനിവേശകര്‍ നാടിന്റെ പൈതൃകത്തെ മാത്രമല്ല അതിന്റെ ചരിത്രത്തെ കൂടി നശിപ്പിച്ചു. ദേഷ്യവും ഉള്ളിലെ രോഷവും കാരണം ആ ദിവസം മുഴുവന്‍ ഞാന്‍ കരഞ്ഞു.

യൂഫ്രട്ടീസ് ടൈഗ്രീസ് നദികളുടെ വിശാലമായ എക്കല്‍ സമതല പ്രദേശം കഴിഞ്ഞ എട്ടു നൂറ്റാണ്ടായി അറബ് ഭൂമിശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഇറാഖ് എന്ന പേരിലാണ് അറിയപ്പെടുന്നത്. യൂറോപ്യന്‍മാര്‍ക്കിടയില്‍ മെസൊപ്പൊട്ടോമിയ എന്ന പേരിലും ഈ പ്രദേശം അറിയപ്പെട്ടു. അറബ് ശാസ്ത്രത്തിന്റെ പ്രതീകമായിട്ടാണ് പാശ്ചാത്യര്‍ ബാഗ്ദാദിനെ കണ്ടത്. യൂറോപിന്റെ നവോത്ഥാനത്തില്‍ കാര്യമായ പങ്കുവഹിച്ച ഒന്നായിരുന്നു എന്നതാണ് അതിന് കാരണം. അബ്ബാസി ഖലീഫമാരുടെ ആസ്ഥാനവും അതായിരുന്നു.

ശോകകരമായ ചരിത്രം ആവര്‍ത്തിക്കുന്നു
അറബ് ലോകത്തെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബാഗ്ദാദ്, അതിന്റെ സമ്പന്നമായ സ്രോതസ്സുകളാല്‍ ചരിത്രത്തിലുടനനീളം വന്‍ശക്തികളുടെ മുഖ്യലക്ഷ്യമായി മാറി. ഫാത്വിമികള്‍, മംഗോളിയര്‍, ഓട്ടോമന്‍ തുര്‍ക്കികള്‍, ബ്രിട്ടീഷുകാര്‍ അവസാനമായി അമേരിക്കയും ആ നഗരത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ വന്നു. ഒരു കാലത്ത് ഖലീഫ മന്‍സൂര്‍ മദീനത്തുസ്സലാം (സമാധാനത്തിന്റെ നഗരം) എന്ന് പേര്‍വിളിച്ച അതിന് നേര്‍വിരുദ്ധമായ അവസ്ഥയിലൂടെയാണ് കടന്നു പോയത്.

അമേരിക്കന്‍ സൈന്യം ബാഗ്ദാദില്‍ പ്രവേശിച്ചപ്പോള്‍ അവരുടെ സാന്നിദ്ധ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവാനും തുടങ്ങി. 1258-ലെ മംഗോളിയരുടെ അധിനിവേശത്തിന്റെ തനിയാവര്‍ത്തനമായിട്ടാണ് പണ്ഡിതന്‍മാരും ചരിത്രകാരന്മാരും അതിനെ കണ്ടത്. ഇറാഖിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു കാലഘട്ടമായിരുന്നു അത്. നിരവധി ആസ്ഥാനങ്ങള്‍ തീവെച്ച് നശിപ്പിക്കപ്പെടുകയും കൊള്ളചെയ്യപ്പെടുകയും ചെയ്തു. ഖലീഫയടക്കമുള്ള നിരവധി നരഗവാസികളെ മംഗോളിയര്‍ കൂട്ടക്കശാപ്പ് നടത്തുകയും പട്ടണത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കുകയും ചെയ്തു.

ജലസേചനത്തിനായി നിര്‍മിച്ചിരുന്ന കനാലുകളും ബണ്ടുകളും വരെ നശിപ്പിക്കപ്പെട്ടു. ചില സര്‍വകലാശാലകളും, ലൈബ്രറികളും പ്രസിദ്ധീകരണാലയങ്ങളും പുസ്തകങ്ങളടക്കം അഗ്നിക്കിരയാക്കി ടൈഗ്രീസ് നദിയില്‍ ഒഴുക്കപ്പെട്ടു. അതിനെ തുടര്‍ന്ന് നദിയിലെ വെള്ളം മഷിയുടെ നിറമായി മാറിയെന്ന് ചരിത്രം പറയുന്നു. പണ്ഡതന്‍മാര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെല്ലാം ലക്ഷ്യമാക്കപ്പെട്ടു, ഭൂരിഭാഗവും കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ നഗരം വിട്ടുപോകുന്നത് വരെ പീഡിപ്പിക്കപ്പെടുകയോ ചെയ്തു. അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയപ്പോഴും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. ഒരു അനൗദ്യോഗിക കണക്കു പ്രകാരം 5500 പണ്ഡിതന്‍മാരും ശാത്രജ്ഞരും തങ്ങളുടെ ജീവനും കൊണ്ട് അവിടെ നിന്ന് രക്ഷപെട്ടിട്ടുണ്ട്. 200 യൂണിവേഴ്‌സിറ്റി ലക്ചര്‍മാരും 530 ശാസ്ത്ര വിദഗ്ദരും കൊല്ലപ്പെടുകയും ചെയ്തു.

മംഗോളിയരുടെ അധിനിവേശം അബ്ബാസിയ ഖിലാഫത്തിന്റെ അന്ത്യമാണ് കുറിച്ചത്, അതിന്റെ പ്രഹരത്തില്‍ നിന്ന് ഇസ്‌ലാമിക നാഗരികതക്ക് മോചനം നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അമേരിക്കന്‍ അധിനിവേശം അവസാനിപ്പിച്ചത് ഇറാഖി അസ്ഥിത്വത്തെ തന്നെയായിരുന്നു. അവര്‍ക്കിടയില്‍ വിഭാഗീയതയും ദാരിദ്രവും നിരക്ഷരതയും വ്യാപകമായ കുടിയേറ്റവും ഉണ്ടാക്കിയാണത് ചെയ്തത്.

പ്രാചീന ബാഗ്ദാദിന്റെ വിലാപം
ഇസ്‌ലാമിക ഭരണകൂടത്തിന് അതിന്റെ പ്രതാപം വിളിച്ചോതുന്ന ഒരു തലസ്ഥാനം എന്ന ഉദ്ദേശ്യത്തോടെയാണ് എ.ഡി. 762-ല്‍ അബൂജഅ്ഫര്‍ അല്‍-മന്‍സൂര്‍ ബാഗ്ദാദ് സ്ഥാപിച്ചത്. അബ്ബാസിയ ഖിലാഫത്തിന്റെ തല്സ്ഥാനമായി മാറിയ ബാഗ്ദാദ് ഇസ്‌ലാമിക ലോകത്തിന്റെ സാംസ്‌കാരിക, വാണിജ്യ, ബൗദ്ധിക കേന്ദ്രമായി വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടിയെടുത്തു. ശാസ്ത്രപഠനങ്ങളുടെയും വാണിജ്യത്തിന്റെയും കേന്ദ്രമായിട്ടത് പ്രശസ്തിയാര്‍ജ്ജിച്ചു. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും വരെ ശാസ്ത്രജ്ഞരും കച്ചവടക്കാരും അവിടേക്ക് യാത്രചെയ്തു. ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്‌സിറ്റികളിലൊന്നായി കണക്കാക്കുന്ന അല്‍-മുസ്തന്‍സിരിയ യൂണിവേഴ്‌സിറ്റിയും ബൈത്തുല്‍ ഹിക്മയും വിദ്യാഭ്യാസ കേന്ദ്രമെന്ന് ഖ്യാതിയും അതിന് നേടിക്കൊടുത്തു.

ഒരു കാലത്ത് വിദ്യാഭ്യാസത്തിന്റെ ഉത്തുംഗ സൗദമായിരുന്ന, നാഗരികതയുടെ കളിത്തൊട്ടിലായിരുന്ന ഇറാഖ് ഇന്ന് നിരക്ഷരരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ന് ഇറാഖി ജനതയുടെ നാല്‍പത് ശതമാനം പേര്‍ക്കും എഴുത്തോ വായനയോ അറിയില്ല. പത്തിനും പതിനെട്ടിനും ഇടക്ക് പ്രായമുള്ള 300,000 ഇറാഖി യുവാക്കള്‍ സ്‌കൂളിന്റെ പടി കാണാത്തവരാണ്. സാംസ്‌കാരികവും കലാപരവുമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ലാത്തവരാണ് 70 ശതമാനം ഇറാഖികളും. യാതൊരുവിധ ഹോബികളിലും താല്‍പര്യമില്ലാത്ത 37 ശതമാനം ആളുകള്‍ അവിടെയുണ്ട്.

ഒമ്പത് മുതല്‍ പതിമൂന്ന് വരെയുള്ള നൂറ്റാണ്ടിനിടയില്‍ ലോകത്തിന് വലിയ സംഭാവനകളര്‍പ്പിച്ച പ്രഗല്‍ഭരായ പണ്ഡിതന്‍മാരെ സംഭാവന ചെയ്ത ഒരു നഗരത്തിന്റെ അവസ്ഥയാണിത്. ആധുനിക കാലഘട്ടത്തിലും ഇറാഖികല്‍ അവരുടെ സമ്പന്നമായ സംസ്‌കാരത്തെ മുറുകെ പിടിച്ചിരുന്നു. യുനെസ്‌കോയുടെ രേഖകള്‍ പ്രകാരം 1980-ല്‍ നിരക്ഷരതയെ ഇല്ലായ്മ ചെയ്ത പ്രദേശത്തെ ആദ്യത്തെ രാജ്യമാണ് ഇറാഖ്. 1970-നും 84-നും ഇടയില്‍ ഇറാഖില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസ സംവിധാനം ലോകത്തെ തന്നെ ഏറ്റവും മികച്ച ഒന്നായി യുനെസ്‌കോ തെരെഞ്ഞെടുത്തിരുന്നു. കാര്യങ്ങള്‍ എല്ലാം മാറി മറിഞ്ഞിരിക്കുന്നു.

ബാഗ്ദാദ് പതനത്തിന്റെ പ്രതിരൂപമാണ് മുതനബ്ബി സ്ട്രീറ്റിന്റെ കഥ. ധാരാളം ചരിത്രം ഉള്ള ഒരു പ്രദേശമാണത്. പുസ്തക കച്ചവടക്കാര്‍, പ്രസാധകര്‍, കഫേകള്‍ തുടങ്ങിയവരുടെ കേന്ദ്രമായിരുന്നു അത്. ഇറാഖി എഴുത്തുകാരും ബുദ്ധിജീവികളും നൂറ്റാണ്ടുകളായി ഒരുമിച്ചു കൂടിയിരുന്ന പ്രശസ്തമായ ശബാന്‍ദാര്‍ കഫേ അവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. പത്താം നൂറ്റാണ്ടിന് ശേഷം പ്രമുഖ കവിയായ മുതനബ്ബിയുടെ പേരിലാണത് അറിയപ്പെട്ടത്. 2007 മാര്‍ച്ച് 5-ന് മുതനബ്ബി സ്ട്രീറ്റിലുണ്ടായ ഒരു കാര്‍ബോംബ് സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും പ്രദേശം തകര്‍ക്കപ്പെടുകയും ചെയ്തു. വീണ്ടും ബാഗ്ദാദിലെ പുസ്തകങ്ങള്‍ ഇരയാക്കപ്പെട്ടു. അറിയപ്പെടുന്ന പുസ്തക വിപണന കേന്ദ്രമായിരുന്ന അവിടം ബാഗ്ദാദിന്റെ സാക്ഷരതയുടെയും ബുദ്ധിജീവി സമൂഹത്തിന്റെയും ആത്മാവും ഹൃദയവുമായിരുന്നു.

വിജ്ഞാനത്തിന്റെ ദീപസ്തംഭം
നിരവധി ഗ്രന്ഥങ്ങള്‍ തന്നെ എഴുതാന്‍ മാത്രം വിശാലമായ വിഷയമാണ് ബാഗ്ദാദ് എങ്ങനെ വിജ്ഞാനത്തിന്റെ ദീപസ്തംഭമായി മാറിയെന്നുള്ളത്. ലോക നാഗരികതക്ക് വലിയ സംഭാവനകളര്‍പ്പിച്ച ചില പേരുകള്‍ തന്നെ അതിനെ കുറിച്ച ചുരുങ്ങിയ വിവരണം നമുക്ക് നല്‍കുന്നു. അറബി പദ്യശാസ്ത്രത്തിന്റെ പിതാവും ആദ്യ നിഘണ്ടുവിന്റെ രചയിതാവുമായ അല്‍-ഖലീല്‍(AD 791), അറബി ഗ്രാമര്‍ ക്രോഡീകരിച്ച അദ്ദേഹത്തിന്റെ ശിഷ്യന്‍ സീബവൈഹിയും അക്കൂട്ടത്തില്‍ പെടുന്നു.

ബാഗ്ദാദില്‍ നിന്ന് വ്യാപിച്ച വിജ്ഞാനത്തില്‍ നിന്നായിരുന്നു പ്രമുഖ അറബ് തത്വചിന്തകരായിരുന്ന ഫാറാബിയുടെയും കിന്ദിയുടെയും ചിന്തകള്‍ രൂപപ്പെട്ടത്. അബ്ബാസിയ കാലഘട്ടത്തില്‍ അറബികവിത അതിന്റെ ഉന്നതിയില്‍ എത്തിയിരുന്നു. അബൂ നുവാസ്, അല്‍-മുതനബ്ബി, അബുല്‍ അതാഹിയ, അബു ഫിറാസ് അല്‍-ഹമദാനി, അല്‍-മഅര്‍റി, അബൂതമാം, അബ്ദുല്‍ വഹാബ് അല്‍-ബയാതി, അല്‍-ജവാഹിരി തുടങ്ങിയവരൊക്കെ അതിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. അവരുടെ രചനകള്‍ ഇപ്പോഴും വിറ്റയിക്കപ്പെടുന്നതും അന്താരാഷ്ട്ര തലത്തില്‍ തന്നെ പല യൂണിവേഴ്‌സിറ്റികളുടെയും സിലബസില്‍ ഇടം പിടിച്ചിട്ടുള്ളവയുമാണ്.

അബ്ബാസിയ കാലഘട്ടത്തില്‍ സംഗീതം ഉദയം കൊള്ളുകയും വ്യാപകമാവുകയും ചെയ്തു. അല്‍-മൗസിലിയും ഇസ്ഹാഖും ആദ്യകാല സംഗീതജ്ഞന്മാരായിരുന്നു. ഇസ്‌ലാമിക ലോകത്ത് വളരെയേറെ പ്രസിദ്ധി നേടിയ ‘ആയിരത്തൊന്നു രാവുകളിലെ’ പല കഥകളും രൂപപ്പെട്ടത് ബാഗ്ദാദിലായിരുന്നു. ഗോളശാസ്ത്ര നിരീക്ഷണത്തിനായി ടൈഗ്രീസിന്റെ തീരത്ത് ഒരു നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്നു.

പതിനൊന്ന് വര്‍ഷം മുമ്പാണ് അമേരിക്കന്‍ സൈന്യത്തിന്റെ കരങ്ങളാള്‍ ബാഗ്ദാദിന്റെ പതനം ഉണ്ടായത്. എന്നാല്‍ അമേരിക്കന്‍ സൈനികര്‍ പിന്‍വാങ്ങിയിട്ടും ആ തകര്‍ച്ച തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു യഥാര്‍ത്ഥ മാറ്റം ഉണ്ടാകുന്നത് വരെ അത് തുടരുക തന്നെ ചെയ്യും. സമാധാനത്തിന്റെ നഗരം സമാധാനത്തിലും സന്തോഷത്തിലും കഴിയുന്ന ഒരു നാളേക്കായി നമുക്ക് പ്രാര്‍ഥിക്കാം.

വിവ : അഹ്മദ് നസീഫ്

Related Articles