Current Date

Search
Close this search box.
Search
Close this search box.

പ്രകാശമാനമായ ആയിരം വര്‍ഷങ്ങള്‍

ibnu-hytham.jpg

മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭനായ ശാസ്ത്രകാരന്മാരില്‍ ഒരാളാണ് ഇബ്‌നു ഹൈഥം എന്ന പേരിലറിയപ്പെടുന്ന അബൂ അലി ഹസന്‍ ഇബനു ഹൈഥം. പാശ്ചാത്യലോകത്ത് അല്‍ഹാസെന്‍ എന്നറിയപ്പെടുന്ന ഇബ്‌നു ഹൈഥം ഏ.ഡി 965-ല്‍ ഇറാഖിലെ ബസ്വറയിലാണ് ജനിച്ചത്. ബസ്വറയില്‍ നിന്ന് തന്നെയാണ് അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയത്. ചെറുപ്രായത്തില്‍ തന്നെ നല്ല നിരീക്ഷണബോധവും ഗവേഷണപാടവും ഇബ്‌നു ഹൈഥമിന്റെ കൈമുതലായിരുന്നു. എന്തിനെയും നിരീക്ഷിക്കാനും വിശകലന വിധേയമാക്കാനുള്ള കഴിവ് തന്നെയായിരുന്നു അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയതും. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയിലാണ് അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചത്. പ്രകാശശാസ്ത്രം (ഓപ്റ്റിക്‌സ്) എന്ന ശാസ്ത്രശാഖയുടെ അമരക്കാരനാണ് ഇബ്‌നു ഹൈഥം. ഐസക് ന്യൂട്ടനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രകാശശാസ്ത്രത്തില്‍ അദ്ദേഹം രചിച്ച മാസ്റ്റര്‍പീസ് ഗ്രന്ഥമാണ് ‘കിതാബുല്‍ മനാളിര്‍’ (കാഴ്ചയുടെ പുസ്തകം). ഈ ബൃഹദ് ഗ്രന്ഥത്തിന്റെ ആയിരം വര്‍ഷം തികയുന്ന വേളയില്‍ 2015-നെ അന്താരാഷ്ട്ര പ്രകാശവര്‍ഷമായാണ് യുനെസ്‌കോ ആചരിക്കുന്നത്.

പ്രകാശവും അതിന്റെ സഞ്ചാരപഥവും സഞ്ചാരമാധ്യമവുമാണ് തന്റെ ‘കിതാബുല്‍ മനാളിറി’ലൂടെ ഇബ്‌നു ഹൈഥം പഠനവിധേമാക്കുന്നത്. വിവിധ മാധ്യമങ്ങളിലൂടെ പ്രകാശത്തെ കടത്തിവിട്ടു കൊണ്ട് പരീക്ഷണങ്ങള്‍ നടത്തിയാണ് അദ്ദേഹം പ്രകാശത്തിന്റെ അപവര്‍ത്തന നിയമങ്ങള്‍ (Refraction Laws) കണ്ടെത്തിയത്. പ്രകാശം നേര്‍രേഖയിലാണ് സഞ്ചരിക്കുന്നതെന്നും പ്രകാശം ഏഴു വര്‍ണ്ണങ്ങളുടെ സഞ്ചയമാണെന്നും അദ്ദേഹം സ്ഥാപിച്ചു. മധ്യകാലത്ത് തന്നെ ‘കിതാബുല്‍ മനാളിര്‍’ ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. നിഴല്‍, ഗ്രഹണങ്ങള്‍, മഴവില്ല് എന്നിവയൊക്കെ അദ്ദേഹം പഠനവിധേമാക്കി. കണ്ണിന്റെ വിവിധ പാളികളെ കുറിച്ചും കാഴ്ചയുടെ രസതന്ത്രത്തെ കുറിച്ചും ആദ്യമായി പറഞ്ഞതും ഇബ്‌നു ഹൈഥമായിരുന്നു. മനുഷ്യനേത്രങ്ങളുടെ സവിശേഷതയായ ദ്വിമാന കാഴ്ചയും ചക്രവാളങ്ങളിലെ സൂര്യന്റെ വലിപ്പവുമൊക്കെ അദ്ദേഹം വിശദീകരിച്ചു. കണ്ണില്‍ നിന്ന് പുറപ്പെടുന്ന പ്രകാശത്താലാണ് വസ്തുക്കള്‍ ദൃശ്യമാകുന്നതെന്ന ടോളമിയുടെയും യൂക്ലിഡിന്റെയും സിദ്ധാന്തങ്ങളെ തള്ളിക്കളഞ്ഞ ഇബ്‌നു ഹൈഥം വസ്തുക്കളില്‍ നിന്ന് തട്ടി പ്രതിഫലിച്ച പ്രകാശത്താലാണ് അവ ദൃശ്യമാകുന്നതെന്ന് സ്ഥാപിച്ചു. ഓപ്റ്റിക്‌സില്‍ ഇബ്‌നു ഹൈഥം നടത്തിയ ഇത്തരം ശാസ്ത്രീയ നിരീക്ഷണങ്ങള്‍ കാരണം അദ്ദേഹത്തെ ‘ആധുനിക പ്രകാശശാസ്ത്രത്തിന്റെ പിതാവാ’യി പാശ്ചാത്യരും ഗണിക്കുന്നു.

‘കിതാബുല്‍ മനാളിറി’ന്റെ ലാറ്റിന്‍ പതിപ്പ് പാശ്ചാത്യ ശാസ്ത്രചിന്തകളില്‍ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. റോജര്‍ ബേക്കണിന്റെയും കെപ്ലറുടെയും പല സിദ്ധാന്തങ്ങള്‍ക്കും അടിസ്ഥാനമായത് ഇബ്‌നു ഹൈഥമിന്റെ ഈ മാസ്റ്റര്‍പീസ് ആയിരുന്നു. പ്രകാശശാസ്ത്രത്തില്‍ കേവല അനുമാനങ്ങള്‍ക്കപ്പുറം ശാസ്ത്രീയമായ പരീക്ഷണരീതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. കണ്ണാടികള്‍ ഉപയോഗിച്ചുള്ള പ്രകാശപഠനമായ കാറ്റോപ്ട്രിക്‌സി (Catoptrics)ലും ഇബ്‌നു ഹൈഥം തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി. സമതല ദര്‍പ്പണങ്ങളും (plain mirror) കോണ്‍കേവ് ദര്‍പ്പണങ്ങളും (concave mirror) ഉപയോഗിച്ച് അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ലെന്‍സുകളില്‍ പ്രകാശത്തിന്റെ പതനകോണും പ്രതിപതനകോണും സ്ഥിരമായിരിക്കുകയില്ല എന്ന പ്രധാനപ്പെട്ട നിരീക്ഷണം നടത്തുകുയം ലെന്‍സിന്റെ പവറിനെ കുറിച്ച് പഠിക്കുകയും ചെയ്തു അദ്ദേഹം. ടോളമിയുടെ കാലം മുതല്‍ ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു ”ഒരു വൃത്താകാര ദര്‍പ്പണത്തില്‍ പ്രകാശം പതിക്കുമ്പോള്‍ ദര്‍പ്പണത്തിലെ ഏത് ബിന്ദുവിലാണ് കാഴ്ചക്കാരന് അതിന്റെ പ്രതിഫലനം കാണാനാവുക” എന്നത്. നൂറ്റാണ്ടുകള്‍ ഉത്തരം കിട്ടാതെ കിടന്നിരുന്ന ഈ ചോദ്യത്തിന് ഇബ്‌നു ഹൈഥമാണ് വിശദീകരണം നല്‍കിയത്. ഗണിതശാസ്ത്രത്തിലെ ഗഹനമായ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹം ഇതിന് ഉത്തരം കണ്ടെത്തിയത്. പ്രകാശ പാതയെ ജ്യാമിതീയ രേഖകള്‍ കൊണ്ട് രേഖപ്പെടുത്തി അദ്ദേഹം ആ കുരുക്ക് അഴിച്ചു. ദര്‍പണത്തിനുള്ളില്‍ പ്രകാശം രണ്ട് രേഖകളിലായി അപവര്‍ത്തനം ചെയ്യുന്നുവെന്നും അവ ചേരുന്ന ബിന്ദുവാണ് കാഴ്ചക്കാരന് പ്രതിഫലനം ദൃശ്യമാകുന്ന ബിന്ദുവെന്നും അദ്ദേഹം തെളിയിച്ചു. പത്താം ഡിഗ്രി സമവാക്യ (tenth degree equation)മാണ് അതിനായി അദ്ദേഹം ഉപയോഗിച്ചത്. ‘ഇബ്‌നു ഹൈഥം സമസ്യ’ (Al-hazen Problem) എന്ന പേരിലറിയപ്പെടുന്ന ഈ സിദ്ധാന്തം പാശ്ചാത്യര്‍ക്ക് മനസ്സിലാവാന്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം പിറവി കൊണ്ട ദെക്കാര്‍ത്തയുടെയും ഗില്‍ബെര്‍ട്ടിന്റെയും പഠനങ്ങള്‍ വേണ്ടി വന്നു. ക്യാമറയുടെ ആദ്യരൂപമായ പിന്‍ഹോള്‍ ക്യാമറ ആദ്യമായി നിര്‍മ്മിച്ചതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചതും ഇബ്‌നു ഹൈഥമായിരുന്നു. (പ്രകൃതിയില്‍ തന്നെ പിന്‍ഹോള്‍ ക്യാമറകളുണ്ട്. മരക്കൂട്ടങ്ങള്‍ക്കു മേല്‍ സൂര്യപ്രകാശം പതിക്കുമ്പോള്‍ താഴെ ദൃശ്യമാകുന്ന വെളിച്ചത്തിന്റെ പൊട്ടുകള്‍ സൂര്യന്റെ ഒരായിരം പ്രതിബിംബങ്ങളാണ്. പ്രകൃതിയില്‍ രൂപപ്പെടുന്ന ചെറു സുഷിരങ്ങളിലൂടെ കടന്നു വരുന്ന പ്രകാശരശ്മികള്‍ അപ്പുറത്തുള്ള കാഴ്ചകളെ കൂടി പ്രതിഫലിപ്പിക്കാറുണ്ട്. ഈ ലളിതമായ പ്രകൃതി നിരീക്ഷണം തന്നെയാണ് ആദ്യ ക്യാമറയുടെ കണ്ടെത്തലിലേക്ക് അദ്ദേഹത്തെ നയിച്ചതും).

‘മീസാനുല്‍ ഹിക്മ’ എന്ന തന്റെ ഗ്രന്ഥത്തില്‍ അന്തരീക്ഷമര്‍ദ്ദത്തിന് ഉയരവ്യത്യാസങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. സൂര്യന്‍ ചക്രവാളത്തില്‍ നിന്നും 19 ഡിഗ്രി താഴ്ന്നിരിക്കുമ്പോഴാണ് സന്ധ്യയാവുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം അതിന്റെ അടിസ്ഥാനത്തില്‍ അന്തരീക്ഷത്തിന്റെ കുറഞ്ഞ ഉയരം കണക്കാകാനും ശ്രമിച്ചു. രണ്ടു വസ്തുക്കളുടെ മാസുകള്‍ തമ്മിലുണ്ടാകുന്ന ആകര്‍ഷണത്തെ കുറിച്ചും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ന്യൂട്ടനും മുമ്പേ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ അടിസ്ഥാനങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയിരുന്നു എന്നു മനസ്സിലാക്കാം. ഒരു അസന്തുലിതമായ ബാഹ്യബലം പ്രവര്‍ത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേര്‍ രേഖയിലുള്ള സമാനചലനത്തിലോ തുടരുന്നതാണ് എന്നത് അദ്ദേഹത്തിന്റെ വസ്തുക്കളുടെ ചലനവുമായി ബന്ധപ്പെട്ട കണ്ടെത്തലാണ്. എന്നാല്‍ ഈ നിയമം നമുക്ക് പരിചയമുള്ളത് ന്യൂട്ടന്റെ ഒന്നാം ചലനനിയമമായാണ്. ഗണിതശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയാണ് അനലറ്റിക്കല്‍ ജ്യോമട്രി (സംസ്ലേഷണ ജ്യാമിതി) എന്നത്. ഇന്ന് സാമ്പത്തിക, ജനസംഖ്യാ പഠനങ്ങളിലടക്കം സ്ഥിതി വിവരക്കണക്കുകള്‍ക്കുപയോഗിക്കുന്ന ഗ്രാഫുകള്‍ അനലറ്റിക്കല്‍ ജ്യാമിതിയുടെ അടിസ്ഥാനത്തിലാണ്. ബീജഗണിതത്തിന്റെയും ജ്യാമിതിയുടെയും സങ്കരരൂപമായാണ് അദ്ദേഹം ഇതിനെ അവതിരിപ്പിച്ചത്.

പ്രകാശശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതം, ബലതന്ത്രം, സാങ്കേതികവിദ്യ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി 200-ലധികം ഗ്രന്ഥങ്ങള്‍ ആ പ്രതിഭയില്‍ നിന്നും പിറന്നു. അവയില്‍ കുറച്ചെണ്ണം മാത്രമേ കാലത്തെ അതിജീവിച്ച് ആധുനിക മനുഷ്യരുടെ വായനക്ക് ലഭ്യമാകുന്നുള്ളൂ. പ്രകാശശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ രചനകള്‍ വരെ അവയുടെ ലാറ്റിന്‍ പതിപ്പുകളിലൂടെയാണ് നിലനിന്നത്. പരിണാമവുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച ഗ്രന്ഥം ഇന്നും ചര്‍ച്ചകളില്‍ ഇടം പിടിക്കാന്‍ അര്‍ഹതയുള്ളതാണ്. ശാസ്ത്രസിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്ത് മുസ്‌ലിം ശാസ്ത്രകാരന്മാരും പ്രതിഭകളും പിന്തുടര്‍ന്ന ശാസ്ത്രീയമായ വിശകലന രീതിയും പരീക്ഷണരീതികളും ഇബ്‌നു ഹൈഥമിന്റെ പഠനങ്ങളിലും നമുക്ക് കാണാം. ഊഹങ്ങളും അനുമാനങ്ങളും നിറഞ്ഞ ഗ്രീക്ക് ജ്ഞാനശാസ്ത്രത്തില്‍ നിന്നും വിഭിന്നമായി ആധുനിക ശാസ്ത്രചിന്തകള്‍ക്ക് വഴികാട്ടിയായിരുന്നു ഇബ്‌നു ഹൈഥം എന്ന് നിസ്സംശയം പറയാം. അനുമാനവും വിശകലനവും പരീക്ഷണവും നിഗമനവുമാണ് ശാസ്ത്രപഠനത്തിന്റെ രീതി എന്ന് അദ്ദേഹം തെളിയിച്ചു. ഇന്ന് ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രശാഖകളിലൊന്നായ പ്രകാശശാസ്ത്രത്തെ ലോകത്തിന് പരിചയപ്പെടുത്തുകയും അതിന് ധാരാളം സംഭാവനകള്‍ നല്‍കുകയും ചെയ്ത പ്രതിഭ എന്ന രീതിയില്‍ മനുഷ്യന്റെ ശാസ്ത്ര പുരോഗതിയില്‍ ഇബ്‌നു ഹൈഥം എന്ന പേര് വിശിഷ്ടമാണ്.  

അവലംബം: ismaili.net

വിവ: അനസ് പടന്ന

Related Articles