Current Date

Search
Close this search box.
Search
Close this search box.

പിരി റഈസ്: അമേരിക്കയെ അടയാളപ്പെടുത്തിയ മുസ്‌ലിം നാവികന്‍

piri-raees.jpg

ഹാജി മുഹിയുദ്ദീന്‍ പിരി ഇബ്‌നു ഹാജി മുഹമ്മദ് എന്ന പിരി റഈസ് മദ്ധ്യധരണ്യാഴിയെ അടക്കിവാണ പേരുകളിലൊന്നാണ്. പുകള്‍പെറ്റ ഉഥ്മാനീ നാവിക സൈന്യത്തിലെ അഡ്മിറലായിരുന്ന പിരി റഈസിന് ‘റഈസ്’ എന്ന പേര് ലഭിച്ചത് അഡ്മിറല്‍ എന്ന അര്‍ത്ഥത്തിലായിരുന്നു. തുര്‍ക്കിയുടെ ഈജിയന്‍ കരയിലെ ഗല്ലിപോളിയിലാണ് അദ്ദേഹം ജനിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് പിരി റഈസ് തന്റെ നാവിക ജീവിതത്തിന് തുടക്കമിട്ടത്. പ്രസിദ്ധനായ ഉഥ്മാനി നാവിക സൈനിക തലവനായ ഖൈറുദ്ദീന്‍ ബാര്‍ബറോസക്ക് കീഴിലാണ് അദ്ദേഹം തന്റെ മേഖലയില്‍ പയറ്റിത്തെളിഞ്ഞത്. സ്പാനിഷ്, വെനീഷ്യന്‍ നാവികശക്തികള്‍ക്കെതിരെ വര്‍ഷങ്ങള്‍ പൊരുതിയ അനുഭവസമ്പത്താണ് അദ്ദേഹത്തെ ഉഥ്മാനീ സൈന്യത്തിന്റെ തലപ്പത്തെത്തിച്ചത്. 1513-ലാണ് പിരി റഈസ് തന്റെ പ്രസിദ്ധമായ ലോകഭൂപടം തയ്യാറാക്കുന്നത്. 1521-നും 1525-നും ഇടക്ക് ‘കിതാബുല്‍ ബഹരിയ്യ’ എന്ന പേരില്‍ തന്റെ നേവല്‍ ഡയറിയും അദ്ദേഹം രചിക്കുകയുണ്ടായി. 1528-ല്‍ അദ്ദേഹം തന്റെ രണ്ടാമത്തെ ലോകഭൂപടവും പൂര്‍ത്തിയാക്കി. മധ്യകാലത്തെ ലോകഭൂപടങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ അറ്റ്‌ലാന്റിക്ക് കടന്ന് അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ എത്താന്‍ സാധിക്കാതിരുന്നതിനാല്‍ തന്നെ യൂറോപ്പ്യന്‍ ഭൂപടങ്ങളില്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്ക് സ്ഥാനമില്ലായിരുന്നു. എന്നാല്‍ പിരി റഈസാണ് ആധുനിക ഭൂപടങ്ങളോട് ഏറെക്കുറെ സാമ്യമുള്ള പൂര്‍ണ ലോകഭൂപടം ആദ്യമായി നിര്‍മിക്കുന്നത്. യൂറോപ്യര്‍ക്ക് മുമ്പേ മുസ്‌ലിംകള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെത്തിയതിനെ പറ്റിയും ധാരാളം പഠനങ്ങള്‍ ഇന്ന് പുറത്തു വരുന്നു.

സുല്‍ത്താന്‍ സലീമിന്റെ കാലത്ത് ഈജിപ്തിലേക്കും റോഡ്‌സ് ദ്വീപിലേക്കും ഉഥ്മാനീ സൈന്യത്തെ നയിച്ച പിരി റഈസ് സുല്‍ത്താന്റെ മരണശേഷം മകന്‍ സുലൈമാന്‍ അല്‍-ഖാനൂനിയുടെ കാലത്തും മുസ്‌ലിം പടക്കപ്പലുകളുടെ നിയന്ത്രണം വഹിച്ചിരുന്നു. പ്രഗത്ഭനായ സുലൈമാന്റെ ഭരണത്തിന് കീഴില്‍ അതേ പ്രാഗത്ഭ്യത്തോടെയും അനുഭവസമ്പത്തോടെയും തന്നെയാണ് പിരി റഈസും നാവികസൈന്യത്തെ നയിച്ചത്. ബെല്‍ജിയവും ബ്രിട്ടനും അടക്കമുള്ള യൂറോപ്പിലെ വന്‍ശക്തികള്‍ക്കൊക്കെ പേടി സ്വപ്‌നമായ തരത്തില്‍ ഉഥ്മാനി നാവിക സൈന്യത്തെ വളര്‍ത്തിയതിലും പിരി റഈസിന്റെ പങ്ക് വലുതാണ്. 1525-ല്‍ സുല്‍ത്താന്‍ സുലൈമാന് കാഴ്ച വെക്കാനായി തന്റെ കിതാബുല്‍ ബഹ്‌രിയ്യ എന്ന ഗ്രന്ഥം അദ്ദേഹം പുതുക്കുകയുണ്ടായി. തന്റെ രണ്ടാം ലോകഭൂപടവും അദ്ദേഹം സുല്‍ത്താന് കാഴ്ചവെച്ചു. 1547-ല്‍ സുലൈമാന്‍ അല്‍ ഖാനൂനിയാണ് പിരി റഈസിനെ സൈന്യത്തിന്റെ അഡ്മിറലായി നിയമിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂടി അദ്ദേഹം ഉഥ്മാനി നാവികസൈന്യത്തിന്റെ ശക്തി വര്‍ധിപ്പിച്ചു. 1552-ല്‍ മസ്‌കറ്റ് കീഴടക്കിയ അദ്ദേഹം ഹോര്‍മുസ് തുരുത്തും പിടിച്ചടക്കി. ഖത്തറും ബഹ്‌റൈനുമൊക്കെ ഉഥ്മാനികള്‍ക്ക് കീഴില്‍ കൊണ്ടുവന്നതും പിരി റഈസായിരുന്നു.

താന്‍ നിര്‍മിച്ച ലോകഭൂപടങ്ങളുടെ പേരിലാണ് പിരി റഈസ് ലോകത്ത് അറിയപ്പെടുന്നത്. അമേരിക്കയെ ചിത്രീകരിച്ച ഏറ്റവും പുരാതന മാപ്പായിരുന്നു പിരി റഈസിന്റെ മാപ്പ്. ക്രിസ്റ്റഫര്‍ കൊളംബസിന്റെ യാത്രാ രേഖകള്‍ അടക്കം 20-ഓളം പുരാതനമായ മാപ്പുകള്‍ പരിശോധിച്ചാണ് അദ്ദേഹം തന്റെ ഭൂപടം നിര്‍മിച്ചത്. ആഫ്രിക്കയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളും അടക്കമുളള അന്നത്തെ അജ്ഞാത ഭൂഖണ്ഡങ്ങളെ വളരെ കൃത്യമായി അടയാളപ്പെടുത്തി എന്നതാണ് ഈ ഭൂപടത്തിന്റെ മറ്റൊരു സവിശേഷത. അദ്ദേഹം അതിനായി സ്വീകരിച്ച അനുപാതങ്ങളും കണക്കുകളും ആധുനിക കാര്‍ട്ടോഗ്രഫിയെ വെല്ലുന്ന തരത്തിലുള്ളവയാണ്. ഗ്രീന്‍ലാന്റും ന്യൂഫൗണ്ടലാന്റും അടക്കം അമേരിക്കയുടെ വടക്കന്‍ ഭാഗങ്ങളെയും വളരെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. പിരി റഈസ് ഒരു പ്രഗത്ഭ നാവികന്‍ എന്ന പോലെ ഒരു കിടയറ്റ കാര്‍ട്ടോഗ്രാഫര്‍ കൂടിയാണെന്ന് ജര്‍മ്മന്‍ പണ്ഡിതനായ പോള്‍ കാഹ്ലെ പറയുന്നു.

നാവിക യാത്രകളെ കുറിച്ചും മറ്റും മധ്യകാലത്ത് എഴുതപ്പെട്ട ഏറ്റവും ബൃഹത്തായ ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ ‘കിതാബുല്‍ ബഹരിയ്യ’. നാവിക പാതകളെ കുറിച്ചും അതിനാവശ്യമായ ഭൂപടങ്ങളും അടങ്ങിയ നല്ലൊരു നേവല്‍ ഡയറിയാണ് ഈ ഗ്രന്ഥം. മദ്ധ്യധരണ്യാഴിയിലെ പ്രധാന തുറമുഖ പട്ടണങ്ങളും നഗരങ്ങളുമൊക്കെ അതില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്‍ക്കടലുകള്‍, തുരുത്തുകള്‍, ഉപദ്വീപുകള്‍, ദ്വീപുകള്‍ എന്നിവയെ കുറിച്ചും അദ്ദേഹത്തെ വിശദീകരിക്കുന്നു. ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെടുത്തി നാവിക സാങ്കേതിക വിദ്യകളും അദ്ദേഹം വിശദീകരിക്കുന്നു. ഈ ഗ്രന്ഥം രണ്ട് വാള്യങ്ങളിലായാണ് അദ്ദേഹം പൂര്‍ത്തീകരിച്ചത്. ടര്‍ക്കിഷ് സാംസ്‌കാരിക മന്ത്രാലയം 1988-91 കാലയളവില്‍ ഈ ഗ്രന്ഥം നാലു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഉഥ്മാനീ ഖിലാഫത്തിനെ യൂറോപ്പിനെ പോലും വെല്ലുന്ന ലോക നാവിക ശക്തിയാക്കുന്നതില്‍ ഖൈറുദ്ദീന്‍ ബാര്‍ബറോസയെ പോലെ തന്നെ സുപ്രധാന പങ്കുവഹിച്ച നാവിക പ്രതിഭയാണ് പിരി റഈസ്. അദ്ദേഹം ഭൂപടം നിര്‍മിച്ചതിന്റെ 500-ാം വാര്‍ഷികമായ 2013 പിരി റഈസ് വര്‍ഷമായി യുനെസ്‌കോ ആചരിക്കുകയുണ്ടായി.

Related Articles