Current Date

Search
Close this search box.
Search
Close this search box.

Civilization

നവലോകം ഇസ്‌ലാമിനെ കണ്ടെത്തുമ്പോള്‍

ലോകത്തെ മിക്ക ഗവേഷകരും പുതുതായി ഇസ്‌ലാമിനെ വായിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം സവിശേഷമായ ഗുണങ്ങളടങ്ങിയതും മികച്ച വ്യക്തിത്വത്തിന്റെയും ചിന്തയുടെയും ആത്മീയതയുടെയും നിദര്‍ശനമാണെന്നും അവര്‍ കണ്ടെത്തുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇസ്‌ലാം മതവും സന്ദേശവുമാണ്. അത് ഒരു ലക്ഷ്യമാണ്, പ്രബോധനമാണ്, പ്രതാപവും ശക്തിയുമുള്ളതാണ്. നേതൃത്വവും വഴികാട്ടിയുമാണ്…അതെ, മനുഷ്യന്‍ തന്റെ പദവി തിരിച്ചറിയുകയും പഠനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുമ്പോള്‍ ഇസ്‌ലാമിന്റെ മഹത്വവും ഇസ്‌ലാമിക സന്ദേശത്തിന്റെ ഔന്നത്യവും തിരിച്ചറിയും. ഇസ്‌ലാം നല്‍കിയ മൂല്യങ്ങളും അധ്യാപനങ്ങളുടെ മനോഹാരിതയെ കുറിച്ചും കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കും. കാരണം ഈ സന്ദേശം നമ്മിലേക്കെത്തിയത് ചിന്തകന്മാരുടെയോ യുക്തിമാന്മാരുടെയോ കരങ്ങളിലൂടെയല്ല, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയോ നിയമജ്ഞന്മാരുടെയോ ഇടപെടലുകളിലൂടെയുമല്ല, അപ്രകാരം തന്നെ രാഷ്ട്രീയക്കാരുടെയോ നേതാക്കന്മാരുടെയോ പരിശ്രമങ്ങളിലൂടെയുമല്ല, തത്വചിന്തകരുടെയോ ബുദ്ധിജീവികളുടെയോ ചിന്തകളിലൂടെയുമല്ല. മറിച്ച്, യുഗപ്രഭാവന്മാരായ പ്രവാചകന്മാരിലൂടെ ദൈവത്തില്‍ നിന്നുള്ള സന്ദേശമായിട്ടാണ് ഈ കൈത്തിരി നമ്മിലേക്കെത്തിയത്.

ഈ പ്രബോധനത്തിന്റെ ശൈലിയെയും മനുഷ്യജീവിതത്തെ ദൈവികമായ അച്ചില്‍ വാര്‍ത്തെടുക്കുന്ന അതിന്റെ ഭരണഘടനയെയും കുറിച്ച് ആധികാരികമായി അറിയേണ്ടതുണ്ട്. ഇത് ഏതെങ്കിലും രാജാവിന്റെയോ, പ്രസിഡന്റിന്റെയോ ഭരണാധികാരിയുടെയോ ജനതയുടെയോ പാര്‍ലമെന്റിന്റെയോ പാര്‍ട്ടികളുടെയോ കരങ്ങളാല്‍ നിര്‍മിച്ചതല്ല; അതിനാല്‍ തന്നെ അവരുടെ താല്‍പര്യ സംരക്ഷണമോ ഇടപെടലുകളോ ഒന്നും തന്നെ ഇതില്‍ സാധ്യമാകുകയുമില്ല. ദൈവികമായ ഉല്‍കൃഷ്ട നീതിയില്‍ പടുത്തയര്‍ത്തപ്പെട്ട ഒന്നാണിത്. ദൈവിക ഹിതമനുസരിച്ചുള്ള ഇസ്‌ലാമിക പ്രബോധനം വിദ്വേഷത്തില്‍ നിന്നും പകയില്‍ നിന്നും മാനുഷികമായ എല്ലാ വീഴ്ചകളില്‍ നിന്നും മുക്തമായതും സ്‌നേഹത്തിലും സുരക്ഷിതത്വത്തിലും അധിഷ്ടിതമായതുമാണ്. നിശ്ചിതമായ കാലത്തേക്ക് മാത്രം അനുഗുണമായ എല്ലാ വരണ്ട ചിന്താപദ്ധതികള്‍ക്കപ്പുറമാണ് കാലാതിവര്‍ത്തിയായ ഇസ്‌ലാം. എല്ലാ കാലത്തും മനുഷ്യരെ അടക്കിഭരിച്ച ഫറോവമാരുടെ ഭരണമല്ല അത് മുന്നോട്ട് വെക്കുന്നത്. കാലാന്തരങ്ങളില്‍ വന്ന യുഗപ്രഭാവന്മാരായ പ്രവാചകന്മാര്‍ വ്യത്യസ്ത പ്രദേശത്തും നാടുകളിലും പ്രചരിപ്പിച്ച കൈത്തിരിയാണ് ഇസ്‌ലാം. ‘അല്ലാഹു അക്ബര്‍, മുഹമ്മദ് നബി കൊണ്ടു വന്ന സന്ദേശവും ഖുര്‍ആനും ഏറ്റവും ശക്തവും മുമ്പ് അവതീര്‍ണമായ എല്ലാ സന്ദേശങ്ങളെയും ഉള്‍ക്കൊള്ളുന്നതും വ്യത്യസ്ത സമൂഹങ്ങളെ ഏകീകരിക്കുകയും ചെയ്യുന്നതാണ്. ഏറ്റവും മഹിതമായ അധ്യാപനങ്ങളെ ഒരു കുടക്കീഴില്‍ തുന്നിച്ചേര്‍ത്തതുമാണ്’. ഇതാണ് ഇസ്‌ലാമെങ്കില്‍ നാമെല്ലാം എന്തുകൊണ്ട് മുസ്‌ലിംകളാകുന്നില്ല എന്ന ജര്‍മന്‍ സാഹിത്യകാരന്‍ ജൂതോവിന്റെ ചോദ്യം പ്രസക്തമാണ്.

മുഹതദി ഇബ്രാഹീം ഖലീല്‍ രേഖപ്പെടുത്തുന്നു: ‘സ്വന്തത്തോട് അതിക്രമം ചെയ്ത എന്റെ അടിമകളേ, നിങ്ങള്‍ അല്ലാഹുവിന്റെ കരുണയെ കുറിച്ച് നിരാശരാകരുത്. അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ മുഴുവനായി പൊറുക്കുന്നതാണ്. അവന്‍ കരുണാ വാരിധിയും പാപങ്ങള്‍ പൊറുക്കുന്നവനുമാണ്’  എന്ന ഖുര്‍ആന്‍ സൂക്തവും ബൈബിളില്‍ പാപവിമുക്തിയെ കുറിച്ച് വന്നിട്ടുള്ള’രക്തം ചിന്താതെ പാപമോചനം സാധ്യമാകുകയില്ല’ എന്ന വാക്യവും ഞാന്‍ താരതമ്യം ചെയ്തപ്പോള്‍ എനിക്ക് മനസിലായ യാഥാര്‍ഥ്യം ഇതാണ്: ഇസ്‌ലാമിക അധ്യാപനങ്ങള്‍ പ്രായോഗികവും ഉത്തമ സമൂഹത്തിന്റെ നിര്‍മാണത്തിന് മികച്ച മാതൃകയുമാണ്. വഴിപിഴച്ച അപഥ സഞ്ചാരികള്‍ക്ക് പ്രതീക്ഷയും ശരിയായ ദിശാബോധവും ഇത് പകര്‍ന്നു നല്‍കുന്നു. അല്ലാഹുവോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ ഇതിലൂടെ മുസ്‌ലിമായ വ്യക്തിക്ക് സാധിക്കുന്നു’.

ഇസ്‌ലാം ആശ്ലേഷിച്ച ഇന്‍ഗ്രാം എഴുതുന്നു: മനുഷ്യമനസ്സില്‍ സമാധാനവും ശാന്തിയും പ്രദാനം ചെയ്യുന്ന ശരിയായ ജീവിതസരണി ഇസ്‌ലാമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ സന്തോഷവും ഐശര്യവും അത് നല്‍കുന്നു. ഇസ്‌ലാമിന്റെ പുത്രനായ ഞാനിന്ന് പരിപൂര്‍ണ സൗഭാഗ്യത്തിലാണ്.’
മുന്‍ ബ്രിട്ടീഷ് മന്ത്രിയായിരുന്ന റോബന്‍ കോക്ക് രേഖപ്പെടുത്തുന്നു: നമ്മുടെ സംസ്‌കാരം ഇസ്‌ലാമിനോട് കടപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ ഇസ്‌ലാമിക ലോകവുമായി നമ്മുടെ ബന്ധം കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ട്. അതിന്റെ സംസ്‌കാരം നമുക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.’
പടിഞ്ഞാറ് ഇസ്‌ലാമിനോട് ധാരാളം കാര്യങ്ങളില്‍ കടപ്പെട്ടിരിക്കുന്നു. പടിഞ്ഞാറന്‍ നാഗരികത സാമൂഹികവും സാസ്‌കാരികവും പ്രായോഗികവുമായ മേഖലകളില്‍ ഇസ്‌ലാമിക ചിന്തയെ പ്രയോജനപ്പെടുത്തിയതായി കാണാം. പക്ഷെ, മുസ്‌ലിംകള്‍ അവരുടെ സംസ്‌കാരത്തെയും നാഗരികതയെയും കുറിച്ച് അശ്രദ്ധരാണ്. ഇസ്‌ലാമിക സംസ്‌കരണ ചിന്തയുടെ വീണ്ടെടുപ്പിലൂടെ ലോകത്ത് തന്നെ സൗഭാഗ്യം വിതറാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കും. പക്ഷെ ഇത് ഏറ്റെടുക്കാന്‍ ആരാണുള്ളത്!

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles