Current Date

Search
Close this search box.
Search
Close this search box.

നബി നല്‍കിയ സുന്ദര നാമങ്ങള്‍

names.jpg

പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്‌ലിങ്ങള്‍ വലിയ അളവില്‍ നുകര്‍ന്നതായി കാണാം. പേരിന്റെ മോടി മാത്രം പരിഗണിച്ച് കുട്ടികള്‍ക്കും മറ്റും പേരിടുമ്പോള്‍ പ്രവാചകന്‍(സ) നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളും പ്രോല്‍സാഹിപ്പിച്ച ശൈലികളും നമ്മുടെ പരിഗണനയിലുണ്ടാവേണ്ടതുണ്ട്. ഇസ്‌ലാമിക നാഗരികതകളില്‍ പ്രവാചകനും ഭരണാധികാരികളും പെരുമയുള്ള പേരുകളും സ്ഥല നാമങ്ങളും സ്വീകരിച്ചിരുന്നതായി കാണാം.

പ്രവാചകന്‍ നല്‍കിയ പേരുകള്‍
ഇസ്‌ലാം സ്വീകരിച്ചവരുടെ നാമങ്ങള്‍ വളരെ സുന്ദരമാവണമെന്ന് പ്രവാചകന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ പ്രവാചകന്‍ പലര്‍ക്കും പെരുമയുള്ള പേരുകള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ആസിയ(ധിക്കരിച്ചവള്‍) യുടെ പേര് പ്രവാചകന്‍ മാറ്റുകയുണ്ടായി. നബി(സ) അവളോട് പറഞ്ഞു: ‘നീ ജമീല(സുന്ദരി)യാണ്’ (മുസ്‌ലിം)

സഹമ് ബിന്‍ മഅ്ബദ് അസ്സദൂസിയുടെ പേര് ബഷീര്‍ എന്നാക്കി മാറ്റി. അലി(റ) തന്റെ പുത്രന്മാര്‍ക്ക് പേരിട്ടത് ഹര്‍ബ്, ഹിര്‍ബ് എന്നായിരുന്നു. പ്രവാചകന്‍ അത് തിരുത്തി ഹസന്‍, ഹുസൈന്‍ എന്നാക്കി മാറ്റുകയുണ്ടായി. (അഹ്മദ്).

അസ്‌റം (ദര്‍അ), അബില്‍ ഹകം (അബീ ശുറൈഹ്), ആസ് (അസീസ്), ഉത്‌ല-ശൈതാന്‍-ഹകം-ഉറാബ്-ഹുബാബ്-ശിഹാബ് (ഹിശാം), ഹര്‍ബ് (സില്‍മ്), മുല്‍തജിഅ് (മുന്‍ബഇസ്) എന്നിങ്ങനെ പേരുകള്‍ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. വരണ്ട ഭൂമി എന്നര്‍ഥം വരുന്ന അര്‍ദുന്‍ ഗഫിറ എന്നതിനെ പച്ചപ്പ് എന്നാശയമുള്ള ഗളിറ എന്ന് നാമകരണം ചെയ്യുകയുണ്ടായി. വഴികേടിന്റെ താഴ്‌വര (ശിഅ്ബുദ്ദലാല) എന്നതിനെ സന്മാര്‍ഗത്തിന്റെ താഴ്‌വര (ശിഅ്ബുല്‍ ഹുദ) എന്നാക്കി പ്രവാചകന്‍. ബനൂസ്സനിയ, ബനൂ മഅ്‌വിയ എന്ന നീചമായ നാമങ്ങളെ പ്രവാചകന്‍(സ) ബനീറുശ്ദ (സന്മാര്‍ഗത്തിന്റെ സന്തതികള്‍) എന്നാക്കി മാറ്റിവിളിച്ചു.

സഈദു ബിന്‍ മുസയ്യബ് നിവേദനം ചെയ്യുന്നു. അദ്ദേഹത്തിന്റ ഗുസ്‌ന് എന്നു പേരുള്ള പിതാമഹന്‍ പ്രവാചകന്റെ അടുത്ത് പോയി. താങ്കളുടെ പേരെന്താണെന്ന് പ്രവാചകന്‍ ചോദിച്ചു. ‘ഗുസന്‍’ അദ്ദേഹം മറുപടി പറഞ്ഞു. നബി(സ) പറഞ്ഞു. ഇനി മുതല്‍ താങ്കള്‍ ‘ സഹല്‍’  ആണ്. തന്റെ പിതാവ് നല്‍കിയ പേര് തിരുത്താന്‍ ഞാന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം അറിയിച്ചു. ഇബ്‌നു മുസ്അദ് പറഞ്ഞു. അതിന് ശേഷം ഞങ്ങളില്‍ നിന്നും ദുഖം നീങ്ങിയിട്ടില്ല. (ബുഖാരി)

പേരിടുന്ന വിഷയത്തില്‍ പ്രവാചകന്‍(സ) ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി കാണാം. ‘ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ നാമങ്ങള്‍ അബദുല്ല, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവയാണ്.  ഹാരിസ്, ഹമാം എന്നിവ നല്ല പേരുകളാണ്. ഏറ്റവും നീചമായ നാമങ്ങളാണ് ഹര്‍ബ്, മുര്‍റ തുടങ്ങിയവ(അബൂദാവൂദ്).

പ്രവാചകന്‍ ഇപ്രകാരം ചില നാമങ്ങളടെ പേരുകള്‍ പരിഷ്‌കരിച്ചതായി കാണാം. മദീനയിലേക്ക് പലായനം ചെയ്ത സന്ദര്‍ഭത്തില്‍ യസ്‌രിബ് എന്ന പേര് മാറ്റി മദീന എന്നു നാമകരണം ചെയ്യുകയുണ്ടായി. അരോചകമായ സ്ഥലനാമങ്ങളെ അദ്ദേഹം വെറുത്തിരുന്നു. ഒരു യുദ്ധ സന്ദര്‍ഭത്തില്‍ രണ്ട് പര്‍വതങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചപ്പോള്‍ ഈ മലയുടെ പേരെന്താണെന്ന് പ്രവാചകന്‍(സ) ചോദിച്ചു. ഫാളിഹ്, മഹ്ദിന്‍ എന്നാണവയുടെ പേര് എന്നറിയിച്ചപ്പോള്‍ പ്രവാചകന്‍(സ) അവിടെ നിന്നും മാറി നടന്നു. ആ പാത ഉപേക്ഷിക്കുകയും ചെയ്തു(സാദുല്‍ മആദ്). തന്റെയടുത്തേക്ക് ആരെങ്കിലും ദൂതന്മാരെ അയക്കുകയാണെങ്കില്‍ നല്ല പേരും മുഖ പ്രസന്നതയുള്ള ആളെ അയക്കുക എന്ന് പ്രവാചകന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. (ത്വബ്‌റാനി).

ഇസ്‌ലാമിക രാഷ്ട്രത്തിലെ ഖലീഫമാരുടെയും സുല്‍ത്താന്‍മാരുടെയും ഭരണാധികാരികളുടെയും നാമങ്ങള്‍ സുന്ദരവും പ്രൗഢിയുമുള്ളതായിരുന്നതായി കാണാം. സേഛ്വാധിപത്യത്തിന്റെയും അധികാരത്തിന്റെയും ബലം പ്രകടമാക്കുന്ന പേരുകളായിരുന്നു ഇസ്‌ലാമിന് മുമ്പുള്ള ഭരണാധികാരികള്‍ സ്വീകരിച്ചിരുന്നത്. അത്തരത്തലുള്ള പേരുകള്‍ വിളിക്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കി.  ‘രാജാധിരാജന്‍’ എന്ന് ഒരുവനെ അഭിസംബോധന ചെയ്യുന്നതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീചമായത് ‘ (മുസ്‌ലിം).

ഭരണാധികാരികളും സുല്‍ത്താന്‍മാരും തങ്ങളുടെ പേരുകള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തു വിളിച്ചത് ഇക്കാരണത്താലാണ്. അബ്ബാസികളില്‍ എട്ടാമനായ മുഅ്തസിം ബില്ലാഹിയാണ് ഈ ചര്യക്ക് തുടക്കം കുറിച്ചത്. മുതവക്കില്‍ അലല്ലാഹ്, മുസ്തഈന്‍ ബില്ലാഹ്, മുന്‍തസിര്‍ ബില്ലാഹ്, മുഖ്തദിര്‍ ബില്ലാഹ്, മുസ്തന്‍സിര്‍ ബില്ലാഹ്, മുസ്തഅ്‌സിം ബില്ലാഹ്, മുസ്തളീഅ് ബിനൂരില്ലാഹ്, അന്നാസിര്‍ ലിദീനില്ലാഹ്…എന്നിങ്ങനെ തുടര്‍ന്ന് വന്ന ഭരണാധികള്‍ ആ ചര്യ നിലനിര്‍ത്തുകയുണ്ടായി.

മന്ത്രിമാരിലും നേതാക്കളിലും പണ്ഡിതന്മാരിലുംപെട്ടവര്‍ ദീനുമായി ബന്ധപ്പെട്ട നാമങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിച്ചതായി കാണാം. അതില്‍പെട്ടതാണ് നൂറുദ്ധീന്‍, നജ്മുദ്ദീന്‍, ശംസുദ്ദീന്‍, ളിയാഉദ്ദീന്‍, ശിഹാബുദ്ദീന്‍, ബദറുദ്ദീന്‍, സൈഫുദ്ദീന്‍, സ്വലാഹുദ്ദീന്‍, ഖല്‍ബുദ്ദീന്‍, ഹുസാമുദ്ദീന്‍, സദ്‌റുദ്ദീന്‍, ഫഖ്‌റുദ്ദീന്‍, ഇസുദ്ദീന്‍, റുക്‌നുദ്ദീന്‍ തുടങ്ങിയ നാമങ്ങള്‍.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles