Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ ആരോഗ്യസംരക്ഷണ നിര്‍ദേശങ്ങള്‍

ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ഗുണത്തിന് ആവശ്യമായ കാര്യങ്ങളെ കുറിച്ച് മുസ്‌ലിംകളെ ബോധവല്‍കരിക്കുന്നതിന് ഇസ്‌ലാം അതിന്റെ തുടക്കം മുതല്‍ തന്നെ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അറിവ് കരസ്ഥമാക്കുന്നതിന് ഇസ്‌ലാം കല്‍പ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നേടിയെടുത്ത അറിവ് ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും സംസ്‌കരണത്തിനായി ഉപയോഗപ്പെടുത്താനും അവരെയത് പ്രേരിപ്പിക്കുന്നു.

രോഗങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിലും ഇസ്‌ലാമിക വ്യവസ്ഥ സുപ്രധാനമായ നിര്‍ദേശങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അവയിലുള്ള ഇസ്‌ലാമിന്റെ താല്‍പര്യം ഇസ്‌ലാമിക സമൂഹത്തെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. മറിച്ച് മുഴുവന്‍ മനുഷ്യരെയും ഉദ്ദേശിച്ചുള്ളതാണ്. കാരണം രോഗങ്ങള്‍ മതമോ വിശ്വാസമോ നോക്കിയല്ല വ്യാപിക്കുന്നത് എന്നത് തന്നെയാണ്. മുഴുവന്‍ ജനങ്ങളെയും അത് ഒരു പോലെ ബാധിക്കുന്നു. അമാനുഷികമായ ഒരു ജീവിതവ്യവസ്ഥയാണ് ഇസ്‌ലാം മുന്നോട്ടു വെച്ചിട്ടുള്ളത്. ശരീരത്തിനും മനസ്സിനും സമൂഹത്തിനും അത് സുരക്ഷിതത്വം നല്‍കുന്നു.

എല്ലാ വസ്തുക്കളിലുമുള്ള മാലിന്യം യൂറോപ്യന്മാരുടെ ജീവിതത്തിന്റെ സവിശേഷതയായി നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ശരീരത്തിലും വസ്ത്രത്തിലും പറ്റിപിടിച്ചിരിക്കുന്ന അഴുക്കുകള്‍ ശരീരത്തിന് ശക്തി പകരുന്ന കാര്യമായി വരെ കരുതിയിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കുളിക്കുന്നവരായിരുന്നു അവരെന്നും പറയപ്പെടുന്നു. അത്തരത്തിലുള്ള കാലഘട്ടത്തില്‍ മരുഭൂമിയില്‍ അവതരിപ്പിക്കപ്പെട്ട ഇസ്‌ലാമിക വ്യവസ്ഥ ശുദ്ധിക്ക് പ്രത്യേകം പ്രാധാന്യം നല്‍കി. ശുദ്ധീകരണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ജനങ്ങള്‍ക്കത് നിര്‍ദേശം നല്‍കി. ചില കാര്യങ്ങളില്‍ കുളി നിര്‍ബന്ധമാക്കിയപ്പോള്‍ മറ്റു ചില കാര്യങ്ങളില്‍ കുളി പ്രോത്സാഹിപ്പിക്കുകയുംം ചെയ്തു. ശരീത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ ശുദ്ധീകരിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗസാധ്യതയും മാലിന്യവും കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭാഗങ്ങളുടെ ശുചീകരണത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നതും കാണാം.

‘എന്റെ സമുദായത്തിന് പ്രയാസകരമാകുമായിരുന്നില്ലെങ്കില്‍ വുദുവെടുക്കുമ്പോഴെല്ലാം അവരോട് പല്ല് തേക്കാന്‍ കല്‍പ്പിക്കുമായിരുന്നു.’ എന്ന് പ്രവാചകന്‍(സ) പറഞ്ഞത് വായ വൃത്തിയാക്കുന്നതിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യത്തെയാണ് കുറിക്കുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘പല്ലു തേക്കാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരുന്നു, അതില്‍ ഖുര്‍ആന്‍ അവതരിക്കുമെന്ന് ഞങ്ങള്‍ ധരിക്കുവോളം.’

വിയര്‍പ്പും മാലിന്യവും അണുക്കളും കാണപ്പെടുന്ന ശരീരഭാഗങ്ങള്‍ ശുദ്ധിയാക്കാനും വൃത്തിയാക്കാനും നബി(സ) ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍(സ) പറയുന്നു: ‘ചേലാകര്‍മം, ഗുഹ്യരോമങ്ങള്‍ നീക്കം ചെയ്യല്‍, നഖം വെട്ടല്‍, കക്ഷത്തിലെ രോമം പറിക്കല്‍, മീശ വെട്ടല്‍ എന്നീ അഞ്ച് കാര്യങ്ങള്‍ ശുദ്ധ പ്രകൃതിയുടം ഭാഗമാണ്.’ മരുഭൂമിയില്‍ അങ്ങേയറ്റത്തെ പ്രയാസത്തില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ പോലും ഇത്തരം മര്യാദകള്‍ പാലിക്കാന്‍ കല്‍പിക്കുന്ന ഈ ദര്‍ശനം എത്രത്തോളം പുരോഗതി പ്രാപിച്ചതായിരുന്നുവെന്ന് ചിന്തിക്കേണ്ടതാണ്.

മല-മൂത്ര വിസര്‍ജ്ജനത്തിന് ശേഷം ശുചീകരിക്കാനും പ്രവാചകന്‍(സ) കല്‍പിച്ചിട്ടുണ്ട്. അബൂഹുറൈറ(റ) പറയുന്നു: ‘ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതരോടൊപ്പം നടന്നുപോകുകയായിരുന്നു. ഞങ്ങള്‍ രണ്ടു ഖബറുകള്‍ക്കരികെയെത്തി. നബി(സ) അവിടെ നിന്നു; ഞങ്ങളും നിന്നു. നബി(സ)യുടെ മുഖം വിവര്‍ണ്ണമായി. നബി(സ)യുടെ കുപ്പായക്കൈ വിറക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ചോദിച്ചു: ‘എന്തു സംഭവിച്ചു അല്ലാഹുവിന്റെ ദൂതരേ!’ നബി(സ) പറഞ്ഞു: ‘ഞാന്‍ കേള്‍ക്കുന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ലേ?’ ഞങ്ങള്‍ കാര്യമന്വേഷിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു:’ഈ ഖബറിലുള്ളവര്‍ അവരുടെ ഖബറുകളില്‍ കഠിനമായി ശിക്ഷിക്കപ്പെടുന്നുണ്ട്. നിസ്സാരമാണ് കാര്യം.’ ഞങ്ങള്‍ കാരണം ചോദിച്ചു. നബി(സ) പറഞ്ഞു: ‘ഇവരിലൊരാള്‍ മൂത്രമൊഴിച്ചാല്‍ വൃത്തിയാക്കുകയില്ലായിരുന്നു. മറ്റേയാള്‍ തന്റെ നാക്കു കൊണ്ട് ആളുകളെ ശല്യപ്പെടുത്തുമായിരുന്നു. അവന്‍ ജനങ്ങള്‍ക്കിടയില്‍ ഏഷണിക്കാരനായിരുന്നു.’

ആഹാരപദാര്‍ത്ഥങ്ങളുടെ കാര്യത്തിലും വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കാന്‍ ഇസ്‌ലാം കല്‍പ്പിക്കുന്നുണ്ട്. നബി(സ) പറയുന്നു: ‘നിങ്ങള്‍ പാത്രങ്ങള്‍ മൂടി വെക്കുക, പാനീയങ്ങള്‍ അടച്ചു സൂക്ഷിക്കുക.’ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സമൂഹത്തിനും ദോഷകരമായ എല്ലാ മ്ലേച്ഛതകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇസ്‌ലാം മുസ്‌ലിംകളോട് കല്‍പ്പിക്കുന്നുണ്ട്. മദ്യവും മയക്കു മരുന്നുകളും ഇസ്‌ലാം നിഷിദ്ധമാക്കിയത് അക്കാരണത്താലാണ്. പ്രവാചകന്‍(സ) പറയുന്നു: ‘ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്, എല്ലാ മദ്യവും നിഷിദ്ധവും.’ മദ്യവും മയക്കുമരുന്നുകളും ഉണ്ടാക്കുന്ന ദോഷങ്ങളില്‍ നിന്ന് മുസ്‌ലിംകളെയത് സംരക്ഷിക്കുന്നു. ലഹരിബാധിതര്‍ ഉണ്ടാക്കുന്ന സാമൂഹ്യ ദോഷങ്ങളില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും സമൂഹത്തിനും അത് സംരക്ഷണം നല്‍കുന്നുണ്ട്.

മദ്യത്തെ പോലെ തന്നെ അശ്ലീലത്തെയും ഇസ്‌ലാം നിഷിദ്ധമാക്കുന്നുണ്ട്. വ്യഭിചാരത്തെയും എല്ലാ വഴിവിട്ട ബന്ധങ്ങളെയും ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. അതിലൂടെ മുസ്‌ലിംകളുടെ ആരോഗ്യവും അവരുടെ സന്താനങ്ങളും ധാര്‍മികതയും മാത്രമല്ല സംരക്ഷിക്കപ്പെടുന്നത്. സമൂഹത്തിലെ മുസ്‌ലിംകളും അമുസ്‌ലിംകളുമായ എല്ലാവര്‍ക്കും അത് സംരക്ഷണമാണ്. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ലൈംഗിക രോഗങ്ങള്‍ കുറവായതിന്റെ കാരണവും ഇത് തന്നെയാണെന്ന് വ്യക്തം. ‘പ്ലേഗും മുന്‍ഗാമികള്‍ക്കുണ്ടായിട്ടില്ലാത്ത അസുഖങ്ങളും പ്രകടമായിട്ടല്ലാതെ അശ്ലീലത ഒരു സമൂഹത്തില്‍ ഉണ്ടായിട്ടില്ല. സമൂഹങ്ങളില്‍ അശ്ലീലത വ്യാപിച്ചതിന് ശേഷം മാത്രമാണ് എയ്ഡ്‌സ്, എബോള പോലുള്ള ലൈംഗിക രോഗങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നതും പരസ്യമാണ്.

ശവം ഭക്ഷിക്കുന്നതും ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. അത് ആരോഗ്യത്തിനുണ്ടാക്കുന്ന കനത്ത ദോഷമാണതിന് കാരണം. ആധുനിക വൈദ്യശാസ്ത്രം ഇത് അംഗീകരിച്ചിട്ടുണ്ട്. അറുക്കപെടാതെ മുമ്പ് ചത്ത മൃഗങ്ങളെയും പക്ഷികളെയും ഭക്ഷിക്കുന്നില്ലെന്നതില്‍ അമേരിക്കക്കാര്‍ അഭിമാനം കൊള്ളുന്നതായി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ എനിക്ക മനസിലാക്കാന്‍ സാധിച്ചു. അത് ആരോഗ്യത്തിന് ഹാനികരമാണെന്നതാണ് കാരണം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇതവര്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം യൂറോപ്പില്‍ ഇപ്പോഴും ശവം ഭക്ഷിക്കപ്പെടുന്നുമുണ്ട്. ഇതാണ് ആരോഗ്യകാര്യത്തില്‍ യൂറോപ്യന്‍മാരോട് പെരുമ നടിക്കുന്നവരാക്കി അമേരിക്കാരെ മാറ്റിയത്. ഞാന്‍ വിശ്വസിക്കുന്ന ഇസ്‌ലാമിന്റെ കാര്യത്തില്‍ കൂടുതല്‍ അഭിമാനിക്കുന്നവനാക്കി എന്നെയിത് മാറ്റി. അവര്‍ വളരെ അടുത്ത കാലത്ത് മാത്രം കണ്ടെത്തി ഇക്കാര്യം നിഷിദ്ധമാക്കിയ ഇസ്‌ലാം എത്ര ആകര്‍ഷകമാണ്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് നമുക്ക് മേല്‍ നിഷിദ്ധമാക്കി. രഹസ്യവും ഗോപ്യവുമായ എല്ലാ കാര്യങ്ങളും അറിയുന്ന അല്ലാഹു എത്ര പരിശുദ്ധന്‍! ഇത്തരത്തില്‍ വിശകലനം ചെയ്യുമ്പോള്‍ യാതൊരു ആശങ്കയുമില്ലാതെ പുകവലി നിഷിദ്ധമാണെന്ന് പറയാന്‍ എനിക്ക് സാധിക്കും. മ്ലേച്ഛതകള്‍ നിഷിദ്ധമാക്കിയ ഒരു ദര്‍ശനം വളരെയധികം ദോഷകരവും മ്ലേച്ഛവുമായ പുകവലിയെ എങ്ങനെയാണ് അനുവദിക്കുക. അതിന്റെ ദോഷം ബാധിക്കാത്ത ഒരു അവയവവും ശരീരത്തില്‍ ശേഷിക്കുകയില്ലെന്നതാണ് വസ്തുത.

ശരീരത്തിന്റെയും മനസിന്റെയും ശുദ്ധിക്ക് മാത്രമല്ല ഇസ്‌ലാം പരിഗണന നല്‍കിയിട്ടുള്ളത്. ഒരാള്‍ ധരിക്കുന്ന വസ്ത്രവും ശുദ്ധമായിരിക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. വസ്ത്രം ധരിക്കുന്ന വ്യക്തിക്കും സമൂഹത്തിനുമാണ് അതിന്റെ ഗുണം ലഭിക്കുക. ‘നിന്റെ വസ്ത്രം ശുദ്ധിയാക്കുക’  എന്ന് ആദ്യകാലത്ത് അവതരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ തന്നെ കല്‍പിക്കുന്നതായി കാണാം. മലം, മൂത്രം, രക്തം പോലുള്ള മാലിന്യങ്ങള്‍ ശരീരത്തിലോ വസ്ത്രത്തിലോ ഇല്ലാതിരിക്കുക എന്നത് നമസ്‌കാരം ശരിയാകാനുള്ള ഉപാധിയായി ഇസ്‌ലാം പഠിപ്പിക്കുന്നു. ഇപ്രകാരം തന്റെ ചുറ്റുപാടിന്റെ ശുചിത്വം കാത്തു സൂക്ഷിക്കേണ്ടതും മുസ്‌ലിമിന് നിര്‍ബന്ധമാണ്.

രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കുന്നതിന് വേണ്ട മുന്‍കരുതലുകളും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവര്‍ രോഗം ബാധിക്കാത്തവരോടൊപ്പം കൂടികലരുന്നത് നബി(സ) വിലക്കിയിട്ടുണ്ട്. രോഗം പകരുന്നതില്‍ നിന്നുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണത്. ഇത്തരത്തില്‍ പരിശോധിച്ചാല്‍ രോഗങ്ങള്‍ വരാതിരിക്കുന്നത് വളരെ സൂക്ഷ്മമായ നിര്‍ദേശങ്ങള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ടെന്ന് കാണാം. വൃത്തിയും ശുചിത്വവും കാത്തുസൂക്ഷിക്കുന്നതോടൊപ്പം അല്ലാഹുവിന്റെ പ്രീതി കൂടി നേടിത്തരുന്നതാണ് പ്രസ്തുത അധ്യാപനങ്ങള്‍.

വിവ : അഹ്മദ് നസീഫ്‌

Related Articles