Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക നാഗരികതയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശം

islamic.jpg

മുസ്‌ലിം സമൂഹത്തിലെ മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷങ്ങള്‍ക്ക് ഇസ്‌ലാമിക ശരീഅത്തിന്റെ തണലില്‍ ലഭിച്ച അവകാശങ്ങളും ആനുകൂല്യങ്ങളും ലോകത്ത് മറ്റൊരിടത്തും മറ്റൊരു നിയമത്തിന് കീഴിലും ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ചിട്ടില്ലാത്തവയാണ്. മുസ്‌ലിം സമൂഹത്തിനും അവര്‍ക്കിടയില്‍ ജീവിക്കുന്ന മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷത്തിനും ഇടയിലെ ബന്ധം എങ്ങനെയായിരിക്കണം എന്ന ദൈവിക നിര്‍ദേശമാണതിന് കാരണം. അല്ലാഹു പറയുന്നു: ”മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്.” (അല്‍മുംതഹിന: 9)

മുസ്‌ലിംകള്‍ മറ്റുള്ളവരോട് എങ്ങനെയായിരിക്കണം പെരുമാറേണ്ടത് എന്നതിന്റെ ധാര്‍മികവും നിയമപരവുമായ അടിസ്ഥാനമാണ് ഈ സൂക്തം നിര്‍ണയിച്ചു തരുന്നത്. തങ്ങളോട് ശത്രുത വെച്ചുപുലര്‍ത്താത്തവരോടെല്ലാം നന്മയിലും നീതിയിലുമായിരിക്കണം വര്‍ത്തിക്കേണ്ടത്. ഇസ്‌ലാമിന് മുമ്പുള്ള സമൂഹങ്ങള്‍ക്ക് പരിചിതമല്ലാത്ത ഒരു അടിസ്ഥാനമാണത്. പ്രസ്തുത അടിസ്ഥാനം നഷ്ടമായതിന്റെ ദോഷങ്ങള്‍ ഇന്ന് പ്രകടമാണ്. ദേഹേച്ഛകളും അന്ധമായ വിഭാഗീയതയും വര്‍ഗീയതയും ആ അടിസ്ഥാനം എത്തിപ്പിടിക്കുന്നതിന് തടസ്സമായി മാറുന്നു.

വിശ്വാസ സ്വാതന്ത്ര്യം
അമുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നുണ്ട്. ഒരുപക്ഷേ അതില്‍ ഏറ്റവും പ്രധാനം വിശ്വാസ സ്വാതന്ത്ര്യമായിരിക്കാം. ‘ദീനില്‍ ബലപ്രയോഗമില്ല’ (അല്‍ബഖറ: 256) ദൈവിക വചനമാണ് അതിന്റെ അടിസ്ഥാനം. യമനിലെ വേദക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രവാചകന്‍(സ)യുടെ കത്തില്‍ അതിന്റെ പ്രായോഗിക മാതൃകയാണ് കാണുന്നത്. ”…… ജൂതനോ ക്രിസ്ത്യാനിയോ ആയ ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ അവന്‍ വിശ്വാസികളില്‍ പെട്ടവനായി. അവര്‍ക്കുള്ള (മുസ്‌ലിംകള്‍ക്കുള്ള) എല്ലാ അവകാശങ്ങളും അവനുണ്ടാവും. അവര്‍ക്ക് മേലുള്ള എല്ലാ ബാധ്യതകളും അവനും ബാധകമായിരിക്കും. ഒരാള്‍ തന്റെ ജൂതമതത്തിലോ ക്രിസ്തുമതത്തിലോ ഉള്ള വിശ്വാസത്തില്‍ തന്നെ നിലകൊള്ളുകയാണെങ്കില്‍ അതിന്റെ പേരില്‍ അവന് യാതൊരു കുഴപ്പവുമുണ്ടാവില്ല.” (സീറത്തു ഇബ്‌നു ഹിശാം) മുസ്‌ലിംകളല്ലാത്തവരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനോ അതിന്റെ ഭാഗമായി ജീവിതത്തില്‍ പുലര്‍ത്തുന്ന നിഷ്ഠകള്‍ക്കോ ഇസ്‌ലാമിക ശരീഅത്ത് തടസ്സം നില്‍ക്കുന്നില്ല. മനുഷ്യരെന്ന നിലയില്‍ ജീവിക്കാനുള്ള എല്ലാ അവകാശവും അവര്‍ക്ക് വകവെച്ചു കൊടുക്കുകയും ചെയ്യുന്നു. ‘സന്ധിയിലേര്‍പ്പെട്ടവനെ കൊലപ്പെടുത്തിയവന് സ്വര്‍ഗത്തിന്റെ വാസന പോലും ലഭിക്കില്ലെന്ന്’ പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ളത് പ്രത്യേകം ഓര്‍ക്കുക.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അനീതികള്‍ക്കെതിരെ താക്കീത്
അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ അവരോട് അനീതി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനെതിരെ നബി(സ) ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. നബി(സ) പറയുന്നു: ആരെങ്കിലും സന്ധിയിലേര്‍പ്പെട്ടവനോട് അതിക്രമം പ്രവര്‍ത്തിക്കുകയോ, അവന്റെ അവകാശം കവര്‍ന്നെടുക്കുകയോ, കഴിവിനപ്പുറമുള്ള ഭാരം അവന്റെ മേല്‍ ചുമത്തുകയോ, അവന്റെ അനുവാദത്തോടെയല്ലാതെ അവന്റെ എന്തെങ്കിലും എടുക്കുകയോ ചെയ്താല്‍ അന്ത്യദിനത്തില്‍ ഞാനായിരിക്കും അവന് വേണ്ടി വാദിക്കുക.” (അബൂദാവൂദ്, ബൈഹഖി)

അബ്ദുല്ലാഹ് ബിന്‍ സഹ്ല്‍ എന്ന അന്‍സാരി ഖൈബറില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം ഒരു ഉദാഹരണമാണ്. ജൂതന്‍മാര്‍ വസിച്ചിരുന്ന മേഖയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലയാളി ഒരു ജൂതനായിരിക്കാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാല്‍ ആ ഊഹത്തിന് യാതൊരു തെളിവും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രവാചകന്‍(സ) അതിന്റെ പേരില്‍ ഒരു ജൂതനെതിരെയും ശിക്ഷാ നടപടി സ്വീകരിച്ചില്ല. അങ്ങനെ അവരാരും ചെയ്തിട്ടില്ലെന്ന സത്യം ചെയ്യിപ്പിക്കുക മാത്രമാണ് പ്രവാചകന്‍(സ) ചെയ്തത്. അതിനെ കുറിച്ച് സഹ്ല്‍ ബിന്‍ അബീ ഹഥ്മ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ഒരു വിഭാഗം ഖൈബറിലേക്ക് പോയി. അവിടെ പലയിടത്തായി അവര്‍ വ്യാപിച്ചു. പിന്നീട് അവരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. കൊല്ലപ്പെട്ട അവസ്ഥയില്‍ അദ്ദേഹത്തെ കണ്ടെത്തിയ പ്രദേശത്തുകാരോട് അവര്‍ പറഞ്ഞു: നിങ്ങള്‍ ഞങ്ങളിലൊരാളെ കൊലപ്പെടുത്തിയിരിക്കുന്നു. പ്രദേശവാസികള്‍ പറഞ്ഞു: ഞങ്ങള്‍ കൊന്നിട്ടുമില്ല, കൊലയാളിയെ കുറിച്ച് ഞങ്ങള്‍ക്ക് അറിയുകയുമില്ല. തുടര്‍ന്ന് അവര്‍ നബിയുടെ സന്നിദ്ധിയില്‍ ചെന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ഖൈബറിലേക്ക് പോയി. അവിടെ ഞങ്ങളിലൊരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അവരിലെ മുതിര്‍ന്ന ഒരാളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ നബി(സ) ആവശ്യപ്പെട്ടു. എന്നിട്ട് നബി(സ) ചോദിച്ചു: ആരാണ് അയാളെ കൊന്നത് എന്നതിന് നിങ്ങളുടെ അടുത്ത് തെളിവുണ്ടോ? അവര്‍ പറഞ്ഞു: ഞങ്ങളുടെ അടുത്ത് തെളിവില്ല. നബി(സ) പറഞ്ഞു: എങ്കില്‍ അവര്‍ സത്യം ചെയ്യട്ടെ. അവര്‍ പറഞ്ഞു: ജൂതന്‍മാരുടെ സത്യം ഞങ്ങളിഷ്ടപ്പെടുന്നില്ല. എന്നാല്‍ ആ രക്തത്തിന് നഷ്ടപരിഹാരം നല്‍കാതിരിക്കുന്നത് നബി(സ) ഇഷ്ടപ്പെടാത്തതിനാല്‍ നൂറ് ഒട്ടകത്തെ നഷ്ടപരിഹാരമായി നല്‍കി. (ബുഖാരി) ആര്‍ക്കും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ് പ്രവാചകന്‍(സ) അതിലൂടെ നിര്‍വഹിച്ചത്. അന്‍സാറുകള്‍ക്ക് ആശ്വാസമായി മുസ്‌ലിംകളുടെ ഖജനാവില്‍ നിന്നും പണമെടുത്ത് നഷ്ടപരിഹാരം നല്‍കി. അതേസമയം അതിന്റെ പേരില്‍ ഒരു ജൂതനോടും അനീതി പ്രവര്‍ത്തിക്കുകയും ചെയ്തില്ല. സംശയത്തിന്റെ പേരില്‍ ജൂതനെതിരെ ശിക്ഷ നടപ്പാക്കാതിരുന്നപ്പോള്‍ ആ ഭാരം ഇസ്‌ലാമിക രാഷ്ട്രം ഏറ്റെടുക്കുകയാണ് ചെയ്തത്.

സാമ്പത്തിക സംരക്ഷണം
മുസ്‌ലിം സമൂഹത്തിലെ മുസ്‌ലിമേതരരുടെ സമ്പത്തിന്റെ സംരക്ഷണ ചുമതല ഇസ്‌ലാമിക ശരീഅത്ത് ഉറപ്പുവരുത്തുന്നുണ്ട്. അന്യായമായി അതിന്മേല്‍ ആധിപത്യം സ്ഥാപിക്കുന്നതും കവര്‍ന്നെടുക്കുന്നതും നിഷിദ്ധമാക്കിയിരിക്കുന്നു. മോഷ്ടിക്കുകയോ കവര്‍ന്നെടുക്കുകയോ ചെയ്യുന്നത് പോലെ തന്നെയാണ് അത്. അതെല്ലാം അതിക്രമത്തിന്റെ പരിധിയിലാണ് എണ്ണപ്പെടുന്നത്. നജ്‌റാന്‍കാരുടെ സമ്പത്തിന് സംരക്ഷണം നല്‍കികൊണ്ട് നബി(സ) പ്രായോഗികമായി തന്നെ അത് കാണിച്ചു തന്നിട്ടുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം ന്യൂനപക്ഷത്തില്‍ പെട്ട വ്യക്തികള്‍ ശാരീരിക അവശതയോ വാര്‍ധക്യമോ ദാരിദ്ര്യമോ കാരണം പ്രയാസപ്പെടുന്ന അവസ്ഥയില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ബൈത്തുല്‍മാലില്‍ നിന്ന് അവര്‍ക്ക് ചെലവിന് കൊടുക്കണമെന്നത് ശ്രദ്ധേയമായ നിര്‍ദേശമാണ്. ”നിങ്ങളോരോരുത്തരും സംരക്ഷകരാണ്, തങ്ങള്‍ക്ക് കീഴിലുള്ള പ്രജകളുടെ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നവരുമാണ്.” എന്ന പ്രവാചക വചനമാണ് അതിന്റെ അടിസ്ഥാനം. മുസ്‌ലിംകളെ പോലെ മുസ്‌ലിംകളല്ലാത്തവരെയും പ്രജകളായിട്ട് തന്നെയാണ് കണക്കാക്കേണ്ടതെന്നും അവരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരുമെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതിലുപരിയായി ജൂതന്റെ മൃതദേഹം കൊണ്ടു പോകുമ്പോള്‍ അതിനോട് പോലും ആദരവ് കാണിച്ച് എഴുന്നേറ്റ് നിന്നിട്ടുള്ള പ്രവാചകന്‍(സ)യാണ് നമ്മുടെ മാതൃക. ഇങ്ങോട്ട് അതിക്രമമോ അന്യായമോ പ്രവര്‍ത്തിക്കാത്ത കാലത്തോളം മുഴുവന്‍ മനുഷ്യരെയും ആദരിക്കുക എന്നതാണ് ഇസ്‌ലാമിക നാഗരികതയുടെ അടിസ്ഥാനം. പ്രസ്തുത അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും നിലകൊള്ളുന്നത്.

വിവ: നസീഫ്‌

Related Articles