ഇസ്‌ലാമിലെ വഖ്ഫുകളെയും നാഗരികതയില്‍ അതു ചെലുത്തിയ സ്വാധീനത്തെയും കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ളവര്‍ പ്രത്യേകമായി എടുത്തു പറഞ്ഞിട്ടുള്ള കാര്യമാണ് ആരോഗ്യപരിപാലന മേഖലയില്‍ അവ നിര്‍വഹിച്ച പങ്ക്. വഖഫ് രേഖകളും ചരിത്ര ഗ്രന്ഥങ്ങളും അത് വെളിപ്പെടുത്തുന്നു. ഇസ്‌ലാമിക നഗരങ്ങളിലെല്ലാം നിരവധി ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും ഉണ്ടായിരുന്നുവെന്നും വഖ്ഫിനെ ആശ്രയിച്ചായിരുന്നു അവ പ്രവര്‍ത്തിച്ചിരുന്നതെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ആശുപത്രികള്‍ നിര്‍മിക്കുന്നതിന് മാത്രമല്ല അതിന്റെ തുടര്‍ പരിപാലനത്തിനും മരുന്നുകള്‍ക്കും ചികിത്സക്കും ആവശ്യമായ ചെലവുകളും വഹിക്കാന്‍ മാത്രം സമ്പന്നമായ ഒരു വഖഫ് സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നതെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്. ആരോഗ്യ പരിപാല മേഖലയില്‍ ആറ് തരത്തിലുള്ള സംവിധാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. വന്‍ ആശുപത്രികള്‍, ചെറിയ ക്ലിനിക്കുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, ജയില്‍ ആശുപത്രികള്‍, ഫാര്‍മസികളും മരുന്ന് ഡിപ്പോകളും, മെഡിക്കല്‍ സ്‌കൂളുകള്‍ എന്നിവയായിരുന്നു അവ.
ആശുപത്രികള്‍
ഇസ്‌ലാമിക നാഗരികതയിലെ ഒന്നാമത്തെ വലിയ ആശുപത്രി ഹാറൂണ്‍ റശീദിന്റെ (170H -193H) കല്‍പന പ്രകാരം ബാഗ്ദാദില്‍ നിര്‍മിച്ച ബീമാരിസ്ഥാനാണ്. ബാഗ്ദാദില്‍ നിര്‍മിക്കപ്പെട്ട ആശുപത്രികള്‍ പെട്ട മറ്റൊന്നാണ് ഖലീഫ മുഖ്തദില്‍ ബില്ലയുടെ ഉമ്മയുടെ പേരില്‍ നിര്‍മിക്കപ്പെട്ടത്. ഖലീഫയുടെ ഉമ്മയുടെ പേരില്‍ തന്നെ അറിയപ്പെട്ട പ്രസ്തുത ആശുപത്രി ഹിജ്‌റ 203 മുഹര്‍റം ഒന്നിനായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. പില്‍ക്കാലത്ത് മുഖ്തദ്‌രി എന്ന പേരിലാണത് അറിയപ്പെട്ടത്. അവക്ക് പുറമെ വേറെയും ആശുപത്രികള്‍ നിര്‍മിക്കപ്പെട്ട ബാഗ്ദാദില്‍ ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഞ്ച് പ്രമുഖ ആശുപത്രികളുണ്ടായിരുന്നു.
ആരോഗ്യ പരിപാലനത്തിലും അതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും മുസ്‌ലിംകള്‍ പ്രത്യേക ശ്രദ്ധവെച്ചിരുന്നു. അക്കാരണത്താലാണ് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വഖ്ഫില്‍ അതിന് പ്രത്യേക പരിഗണന നല്‍കപ്പെട്ടത്. ഇബ്‌നു ജുബൈര്‍ തന്റെ യാത്രയില്‍ ബാഗ്ദാദില്‍ ഒരു നഗരത്തിന് സമാനമായ ഗ്രാമം കണ്ടതായി വിവരിക്കുന്നുണ്ട്. മാരിസ്ഥാന്‍ (ബീമാരിസ്ഥാന്‍) എന്ന പേരിലായിരുന്നു അതറിയപ്പെട്ടിരുന്നത്. അതിന്റെ മധ്യത്തില്‍ മനോഹരമായ വലിയൊരു കൊട്ടാരവും അതിനു ചുറ്റും വൃക്ഷങ്ങളും ഉദ്യാനങ്ങളും വീടുകളുമായിരുന്നു. അത് മുഴുവന്‍ രോഗികള്‍ക്കായി വഖഫ് ചെയ്യപ്പെട്ടതായിരുന്നു. ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റ്റുകളുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും സാന്നിധ്യം എപ്പോഴും അവിടെയുണ്ടായിരുന്നു. അവരുടെ എല്ലാ ചെലവുകളും വഹിച്ചിരുന്നത് ബാഗ്ദാദിലെ വഖഫ് സംവിധാനത്തില്‍ നിന്നായിരുന്നു.
വഖ്ഫ് വരുമാനം ഉപയോഗപ്പെടുത്തി ഈജിപ്തില്‍ നിര്‍മിക്കപ്പെട്ട ആശുപത്രികളെ കുറിച്ചും ചരിത്ര ഗ്രന്ഥങ്ങള്‍ വിവരിക്കുന്നു. അബ്ബാസി ഖലീഫയായ മുതവകില്‍ അലല്ലാഹിയുടെ മന്ത്രിയായിരുന്ന ഫത്ഹ് ബിന്‍ ഗാഖാന്‍ നിര്‍മിച്ച ആശുപത്രി അതില്‍ പെട്ടതാണ്. മറ്റൊന്ന് നിര്‍മിച്ചത് ഈജിപ്ത് അമീര്‍ അഹ്മദ് ബിന്‍ തൂലൂന്‍ നിര്‍മിച്ചതാണ്. അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് അതറിയപ്പെട്ടത്. അതിന്റെ ചെലവുകള്‍ക്ക് വഖഫ് വരുമാനത്തിന്റെ ഒരു ഭാഗം പ്രത്യേകമായി മാറ്റിവെച്ചിരുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക കുളിപ്പുരകളും അതില്‍ സജ്ജീകരിച്ചിരുന്നു.
അയ്യൂബി, മംലൂകി കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധമായ ആശുപത്രി സലാഹുദ്ദീന്‍ അയ്യൂബി നിര്‍മിച്ചതാണ്. രോഗികളെ ചികിത്സിക്കുന്നതിനായി ഈജിപ്തിലെ കലാവൂന്‍ രാജാവ് നിര്‍മിച്ച ആശുപത്രിയെ കുറിച്ച് ചരിത്രകാരന്‍മാരും യാത്രികരും വിവരിക്കുന്നുണ്ട്. ഇബ്‌നു ബത്വൂത്വ അതിനെ കുറിച്ച് പറയുന്നു: ‘അതിനെ കുറിച്ച് വിശേഷിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. മരുന്നുകളും എണ്ണിയാലൊടുങ്ങാത്ത നിരവധി സേവനങ്ങളും അവിടെ ഒരുക്കിയിരുന്നു.’
ഇസ്‌ലാമിക ചരിത്രത്തില്‍ വളരെയധികം ആശുപത്രികളുണ്ടായിരുന്ന നഗരമാണ് അന്‍ദുലുസ് (സ്‌പെയിന്‍). കൊര്‍ഡോവ പട്ടണത്തില്‍ മാത്രം അമ്പതോളം ആശുപത്രികളുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. സമ്പന്നരായ ഖലീഫമാരും ഭരണാധികാരികളും വഖ്ഫ് ചെയ്തും പണം ചെലവഴിച്ചുമാണ് അവ നടത്തിയിരുന്നത്. ഇപ്രകാരം മൊറോക്കോയിലെ ഔഖാഫും ആരോഗ്യമേഖലക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നതായി കാണാം. അവിടത്തെ ഇസ്വ്ഹാബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നഗരത്തില്‍ നിരവധി ആശുപത്രികളുണ്ടായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. ഫെസിലെ സീദി ഫറജ് ആശുപത്രി അവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. സുല്‍ത്താന്‍ യൂസുഫ് ബിന്‍ യഅ്ഖൂബ് അല്‍മരീനി അത് സ്ഥാപിക്കുകയും അതിന്റെ നടത്തിപ്പിലേക്കായി കുറെയേറെ ഭൂമി വഖഫ് ചെയ്യുകയും ചെയ്തത്.
ആരോഗ്യ കേന്ദ്രങ്ങള്‍
ഒരു ഗ്രാമത്തിലെ ആളുകള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി ഒരുക്കപ്പെട്ടവയായിരുന്നു ആരോഗ്യ കേന്ദ്രങ്ങള്‍. മസ്ജിദുകളോട് ചേര്‍ന്നായിരുന്നു അവ സംവിധാനിച്ചിരുന്നത്.
മൊബൈല്‍ ക്ലിനിക്കുകള്‍
രണ്ട് തരത്തിലുള്ള മൊബൈല്‍ ക്ലിനിക്കുകളായിരുന്നു ഉണ്ടായിരുന്നത്. ഗ്രാമത്തിലെ വിദൂര ഭാഗങ്ങളില്‍ എത്തുന്നതിനും അവിടത്തെ ആളുകളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതിനും ആവശ്യമായ ചികിത്സ നല്‍കുന്നതിനും ഒരുക്കിയിരുന്ന മെഡിക്കല്‍ സംഘമായിരുന്നു ഒന്ന്. പകര്‍ച്ച വ്യാധികളുടെ സമയത്ത് ഇത്തരം സംഘങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. യുദ്ധ സമയത്ത് സൈന്യത്തോടൊപ്പം നീങ്ങിയിരുന്ന ആശുപത്രികളാണ് അതിലെ രണ്ടാമത്തെ ഇനം.
ജയില്‍ ആശുപത്രികള്‍
ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി അവയോട് ചേര്‍ന്ന് നിര്‍മിച്ചിരുന്നവായിരുന്നു ഇവ.
സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍
ചില പ്രത്യേക രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിനായി സ്ഥാപിച്ച സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ഇസ്‌ലാമിക ചരിത്രത്തില് കാണാം. അത്തരത്തിലുള്ള ഒന്നായിരുന്നു കുഷ്ഠ രോഗികള്‍ക്കായി സംവിധാനിച്ചിരുന്ന പ്രത്യേക കുഷ്ഠരോഗാശുപത്രികള്‍. മറ്റുള്ളവരിലേക്ക് രോഗം പകരാതെ അവരെ മാറ്റിപാര്‍പ്പിക്കുന്ന സംവിധാനം കൂടിയായിരുന്നു അത്. അപ്രകാരം ഭ്രാന്ത് പോലുള്ള മാനസിക രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ശാരീരികവും മാനസികവുമായി ചികിത്സ നല്‍കുന്നതിന് സംവിധാനിച്ച പ്രത്യേക ആശുപത്രികളും ഉണ്ടായിരുന്നു.
ആരോഗ്യ കേന്ദ്രങ്ങള്‍ നല്‍കിയിരുന്ന ചികിത്സയും സേവനങ്ങളും മരുന്നും ഭക്ഷണമവുമെല്ലാം തികച്ചും സൗജന്യമായിരുന്നുവെന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. വഖ്ഫിന് പുറമെ ഇത്തരം മാനുഷിക പരിഗണനയര്‍ഹിക്കുന്ന വിഷയങ്ങളില്‍ മുസ്‌ലിംകള്‍ കാര്യമായ സംഭാവനകളും അര്‍പിച്ചിരുന്നു. ഇന്നത്തെ പോലെ ആരോഗ്യത്തിന് പ്രത്യേക മന്ത്രാലയം ഉണ്ടായിരുന്നില്ല എന്നിട്ടു പോലും ആരോഗ്യ സേവനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു.
ഔഖാഫും വൈദ്യശാസ്ത്രവും
വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ഔഖാഫ് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ചികിത്സ നിര്‍വഹിച്ചിരുന്ന ആശുപത്രികള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല അവ ഉപയോഗിച്ചിരുന്നത്. വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിനും അവ ഉപയോഗിച്ചിരുന്നു. വലിയ ആശുപത്രികളുടെ ഉള്ളില്‍ ക്ലാസുകള്‍ക്കും മറ്റുമായി പ്രത്യേക ഹാളുകള്‍ സജ്ജീകരിച്ചിരുന്നു.
മൊഴിമാറ്റം : നസീഫ്