Culture

കോഫിയില്‍ വിരിയുന്ന വര്‍ണ്ണങ്ങള്‍

വിവിധ തരം ചിത്രകാരന്മാരെയും കലാകാരന്മാരെയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ കോഫി ഉപയോഗിച്ച് കാലിഗ്രഫിയല്‍ വ്യത്യസ്തമായ ഇടം തേടുകയാണ് ജോര്‍ദാന്‍ കലാകാരനായ അഹ്മദ് അല്‍ ഖുറാന്‍.

ahmed al quran

2017ല്‍ കുവൈത്തിലെ അറബ് ഓപണ്‍ സര്‍വകലാശാലയില്‍ ജോലി ചെയ്യുമ്പോഴാണ് ഖുറാന്‍ വ്യത്യസ്തമായ ഈ കലയില്‍ ആകൃഷ്ടനാവുന്നത്. പതിവുപോലെ പുലര്‍ച്ച തന്റെ പ്രഭാത കാപ്പി കുടിക്കുന്ന അഹ്മദിന് തന്റെ ഫോട്ടോ ചായയില്‍ വരച്ചാല്‍ എങ്ങിനെയുണ്ടാവുമെന്ന് ആലോചിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശ്രമമാണ് ഇന്ന് ഈ മേഖലയിലെ അറിയപ്പെടുന്ന കലാകാരനായി അല്‍ ഖുറാനെ മാറ്റിയത്.

കോഫി മിശ്രിത രൂപത്തിലാക്കിയാണ് പ്ലെയിറ്റുകളിലും കപ്പിലും സോസറിലും മറ്റു പാത്രങ്ങളിലും അദ്ദേഹം കാലിഗ്രഫി ചെയ്യുന്നത്. നിരവധി പ്രമുഖരുടെ ചിത്രങ്ങള്‍ അദ്ദേഹം ഇതിനോടകം കാലിഗ്രഫിയിലൂടെ വരച്ചു. ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശ്,ചാള്‍സ് ഡാര്‍വിന്‍,ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് അഹദ് തമീമി,ഈജിപ്ത് സംഗീത കുലപതി ഉമ്മു കുല്‍സൂം,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ ആണ് അതില്‍ ചിലര്‍.

ജ്വല്ലറി ഡിസൈനര്‍ കൂടിയായ ഖുറാന്‍ ഇന്ന് രണ്ട് ജ്വല്ലറി കടകളുടെ ഉടമ കൂടിയാണ്. അതില്‍ ഒന്ന് അമ്മാനിലും ഒന്ന് കുവൈത്തിലുമാണ്. ചെറിയ പ്രതലത്തില്‍ വിശദമായ രീതിയില്‍ ചിത്രം വരക്കുന്ന പ്രവൃത്ത സവിശേഷമായ ഒന്നാണെന്ന് അദ്ദേഹം പറയുന്നു.

നെക്ലേസുകളിലും മാലകളിലും കാതില്‍ അണിയുന്ന ആഭരങ്ങളിലുമെല്ലാം അദ്ദേഹം മനോഹരമായി ചെറിയ ഡിസൈനുകള്‍ ചെയ്യാറുണ്ട്. ചില വര്‍ക്കുകള്‍ ചെയ്യാന്‍ എട്ടു മണിക്കൂറിലധികം എടുക്കാറുണ്ട്.

മൂന്ന് തരം കോഫി കളറുകള്‍ ഉപയോഗിച്ചാണ് കാലിഗ്രഫി ചെയ്യുന്നത്. ഇളം നിറത്തിലും കട്ടിയുള്ളതും ഇരുണ്ട നിറത്തിലും മൂന്ന് തരം മിശ്രിതത്തിലാണ് കോഫി ഉപയോഗിക്കുന്നത്. ഇതിനായി കോഫിയില്‍ വിവിധ അളവില്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. താന്‍ നിര്‍മിച്ച കലാസൃഷ്ടികള്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ തന്റെ വീട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അല്‍ ഖുറാന്‍. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഇവയുടെ വില്‍പനയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇവിടെയെത്തുന്നവരുടെ ചിത്രങ്ങളും ഇങ്ങനെ വരച്ചു നല്‍കുമെന്നും അല്‍ ഖുറാന്‍ പറയുന്നു.

Facebook Comments
Show More

Related Articles

Close
Close