Current Date

Search
Close this search box.
Search
Close this search box.

അലപ്പോയിലെ വായന സംസ്‌കാരം ഇനി ജര്‍മനിയിലും

ഒരു സ്വകാര്യ സംഭാഷണത്തില്‍ ഫലസ്തീന്‍കാരനായ ബോസ് പറഞ്ഞത് മക്കളുടെ അറബി ഭാഷയുമായുള്ള ബന്ധത്തെ കുറിച്ചാണ്. അറബി ഭാഷയില്‍ കുട്ടികള്‍ സംസാരിക്കുന്നു പോലുമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ആധി. ഭാഷയെ കുറിച്ച വേവലാതി അത് സംസ്‌കാരത്തെ കുറിച്ചുള്ള വേവലാതിയാണ്. അത് കൊണ്ട് തന്നെയാണ് ജര്‍മനിയില്‍ ആദ്യമായി ഒരു അറബി ലൈബ്രറി ആരംഭിച്ചതും. അറബി ഭാഷയില്‍ ഒരു വായന സൗകര്യമില്ല എന്നത് സിറിയയിയിലെ അലപ്പോയില്‍ നിന്നും വന്നവര്‍ക്കു ഒരു കുറവായി തോന്നി. അലപ്പോ പട്ടണം അറബ് ലോകത്തു തന്നെ പലതു കൊണ്ടും പ്രശസ്തമാണ്. കല,സംഗീതം,സാഹിത്യം എന്നിവയുടെ വിളനിലമായി അലപ്പോ കരുതി പോരുന്നു.

സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി പലരും വലിയ ലൈബ്രറികള്‍ ഉപേക്ഷിച്ചാണ് നാട് വിട്ടത്. ജര്‍മനിയില്‍ എത്തിയപ്പോള്‍ തങ്ങള്‍ ഉപേക്ഷിച്ചു പോന്ന പുസ്തകങ്ങളെ കുറിച്ചായി അവരുടെ ചിന്ത. മുഹമ്മദ് ഖൈക്കോണിക്ക് പുസ്തകമില്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ല. സമാന മനസ്‌കരായ ആളുകളെ സംഘടിപ്പിച്ച് അദ്ദേഹം ബെര്‍ലിനില്‍ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചു. ജര്‍മന്‍ ഭാഗത്തു നിന്നും സഹായ സഹകരണങ്ങള്‍ ലഭിച്ചു. അറബി സഹോദരങ്ങളെ വരവേല്‍ക്കാന്‍ ഒരു അറബി ഭാഷയിലുള്ള വായനശാല എന്നത് നല്ല ആശയമായി പല ജര്‍മന്‍കാരും അംഗീകരിച്ചു.

കിട്ടാവുന്നിടത്തോളം പുസ്തകങ്ങള്‍ സംഘടിപ്പിച്ചു. പലരും തങ്ങളുടെ  കയ്യിലുള്ള പുസ്തകങ്ങള്‍ സംഭാവന ചെയ്തു. വിവരമറിഞ്ഞു ഈജിപ്തില്‍ നിന്നും കുറെ പുസ്തകങ്ങള്‍ പലരും അയച്ചു കൊടുത്തു. ‘ബൈനതുനാ’ എന്നാണ് ലൈബ്രറിയുടെ നാമം. നമുക്കിടയില്‍ എന്ന അര്‍ത്ഥം വരുന്ന അറബി വാക്ക്. ഒരിക്കലും കാണാത്ത പലരും ലോകത്തിന്റെ പല ഭാഗത്തു നിന്നും പുസ്തകങ്ങള്‍ അയച്ചു തന്നു. ജര്‍മനിയില്‍ ജീവിക്കുന്ന പല അറബ് നാട്ടുകാരും ഈ ഉദ്യമത്തില്‍ കാര്യമായി തന്നെ രംഗത്തു വന്നു.

അറബികള്‍ക്ക് പുറമെ പല ജര്‍മന്‍കാരും ഈ ലൈബ്രറിയില്‍ വരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. യുദ്ധത്തിന് മുമ്പുള്ള അലപ്പോയെ കുറിച്ചാണ് അവര്‍ക്കു അറിയേണ്ടത്. ബി സി ആറാം നൂറ്റാണ്ടിന്റെ പഴക്കമുണ്ട് അലപ്പോയിലെ സംസ്‌കാരത്തിന്. അത് കേള്‍ക്കുമ്പോള്‍ പലരും അത്ഭുതപ്പെടുന്ന കാഴ്ചയും നേരില്‍ കാണാം.

വംശീയത യൂറോപ്പില്‍ ശക്തി പ്രാപിക്കുന്ന കാലത്ത് ഇത്തരം സംരംഭങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്നു. നമുക്കിടയില്‍ എന്നത് കൊണ്ട് അവര്‍ ഉദ്ദേശിച്ചതും അത് തന്നെ. കലയും സംഗീതവും ഭാഷ മാറ്റി നിര്‍ത്തിയാല്‍ നല്‍കുന്നത് ആസ്വാദനമാണ്. ഒരുപാട് വിജ്ഞാനമാണ് അലപ്പോയില്‍ കുഴിച്ചു മൂടപ്പെട്ടത്. സിറിയയിലെ തന്നെ രണ്ടാമത്തെ നഗരമായിരുന്ന അലപ്പോ ഇന്ന് തീര്‍ത്തും ശവപ്പറമ്പാണ്. അവിടെ മരിച്ചു പോയി എന്ന് കരുതിയ ജ്ഞാനത്തെ മുളപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കുറച്ചു ചെറുപ്പക്കാര്‍.

പ്രവാസവും കുടിയേറ്റവും ആദ്യം നശിപ്പിക്കുക ഭാഷയും സംസ്‌കാരവുമാണ്. അതിനെ തടയാനുള്ള ഭഗീരഥ ശ്രമത്തലാണ് ചില ചെറുപ്പക്കാര്‍. വായന ഇല്ലാത്ത ലോകത്തെ കുറിച്ച ചിന്ത പോലും അവര്‍ക്കു അന്യമാണ് എന്ന് സാരം.

മൊഴിമാറ്റം: ഇബ്‌നു മുഹമ്മദ്
കടപ്പാട്: അല്‍ജസീറ

Related Articles