Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനും തൊഴിലാളികളുടെ അവകാശവും

തൊഴിലാളികളുടെ അവകാശങ്ങള്‍: ഇസ്‌ലാമിക ചിത്രം

ഇസ്‌ലാം തൊഴിലാളികളെയും, ജോലിക്കാരെയും ആദരിക്കുകയും ബഹുമാനിക്കുകയും അവരുടെ സ്ഥാനം ഉയര്‍ത്തുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായി അവരുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കപ്പെട്ടതും ഇസ്‌ലാമിലായിരുന്നു. മറ്റ് സമൂഹങ്ങളില്‍ അടിമകളും അധസ്ഥരുമായി ഗണിക്കപ്പെട്ടവരായിരുന്നല്ലോ അവര്‍. അവര്‍ കൂടി ഉള്‍പെട്ട സന്തുലിത സാമൂഹിക ഘടനയായിരുന്നു ഇസ്‌ലാം രൂപപ്പെടുത്തിയത്.

തൊഴിലാളികളുടെ അവകാശങ്ങള്‍: ഇസ്‌ലാമിക ചിത്രം
തൊഴിലാളികളോടുള്ള സമീപനത്തില്‍ സ്വീകരിക്കേണ്ട ഉദാത്തമാതൃകയാണ് നബി തിരുമേനി(സ) നമുക്ക് കാണിച്ച് തന്നത്. അവരോട് വളരെ മാന്യതയോടും കാരുണ്യത്തോടും വര്‍ത്തിക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു. അവരെ കൊണ്ട് കഴിയാത്ത ചുമതലകള്‍ നിര്‍ബന്ധിച്ച് ഏല്‍പിക്കരുതെന്ന് ശഠിച്ചു. നബി തിരുമേനി പറയുന്നു. ‘നിങ്ങളുടെ സേവകര്‍ നിങ്ങളുടെ സഹോദരന്‍മാരാണ്. അവരെ അല്ലാഹു നിങ്ങള്‍ക്ക് കീഴിലാക്കിയിരിക്കുന്നു. ആരുടെയെങ്കിലും കീഴില്‍ സേവകരുണ്ടെങ്കില്‍ അവന്‍ ഭക്ഷിക്കുന്നതില്‍ നിന്നും അവനെ ഭക്ഷിപ്പിക്കുകയും അവന്‍ ധരിക്കുന്നതില്‍ നിന്നും അവനെ ധരിപ്പിക്കുകയും ചെയ്യട്ടെ. അവര്‍ക്ക് കഴിയാത്തതിന് അവരെ ചുമതലപ്പെടുത്തരുതെന്ന് മാത്രമല്ല ചുമതലപ്പെടുത്തിയതില്‍ അവരെ സഹായിക്കുകയും ചെയ്യട്ടെ’.
ഒരാളുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളിയെ അയാളുടെ സഹോദരന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തുകയാണ് പ്രവാചകന്‍ ഇവിടെ ചെയ്തത്. മനുഷ്യ സമൂഹത്തിന് സുഖകരമായ ജീവിതം പ്രദാനം ചെയ്യുന്ന പൊതുതത്വങ്ങള്‍ കൂടിയായിരുന്നു പ്രവാചകന്റെ ഈ അദ്ധ്യാപനങ്ങള്‍.
തൊഴിലാളിക്ക് കൃത്യമായി ശമ്പളം നല്‍കണമെന്നും അക്രമം പ്രവര്‍ത്തിക്കരുതെന്നും സമ്പന്നരോടാവശ്യപ്പെട്ടു. പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു. ‘തൊഴിലാളിക്ക് വിയര്‍പ്പുണങ്ങുന്നതിന് മുമ്പെ കൂലി നല്‍കണം’. അവരോട് അക്രമം ചെയ്യരുതെന്നാവശ്യപ്പെട്ട് നബി തിരുമേനി സൂചിപ്പിക്കുന്നത് കാണുക. ‘ഒരാളുടെ അവകാശം ആരെങ്കിലും അപഹരിച്ചാല്‍ അല്ലാഹു അവന് നരകം നിര്‍ബന്ധമാക്കുകയും സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു’. ഒരാള്‍ ചോദിച്ചുവത്രെ. ‘അല്ലയോ പ്രവാചകരെ, വളരെ നിസ്സാരമായ കാര്യമാണെങ്കിലോ? അദ്ദേഹം പറഞ്ഞു. ‘ഒരു അറാക്കിന്റെ കഷ്ണമാണെങ്കില്‍ പോലും.’
അവരുടെ സമ്പത്ത് അപഹരിക്കപ്പെടുന്നതില്‍ നിന്നും, ചൂഷണം ചെയ്യപ്പെടുന്നതില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഖുദ്‌സിയായ ഹദീസില്‍ തിരുമേനി ഇപ്രകാരം പറയുന്നു. ‘അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു. മൂന്ന് വിഭാഗം ആളുകള്‍ക്കെതിരെ പരലോകത്ത് വാദിക്കുന്നതായിരിക്കും. ഒരു കൂലിക്കാരനെ വിളിക്കുകയും പണിയെടുപ്പിച്ചതിന് ശേഷം കൂലികൊടുക്കാതിരിക്കുകയും ചെയ്തവന്‍.’ തൊഴിലാളിയോട് അക്രമം പ്രവര്‍ത്തിക്കുന്ന ഓരോരുത്തനെയും അല്ലാഹു വീക്ഷിക്കുകയും പരലോകത്ത് അവര്‍ക്കെതിരെ അവന്‍ വാദിക്കുകയും ചെയ്യുമെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
തൊഴിലാളിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ അവരെ കഷ്ടപ്പെടുത്താവതല്ല. നബി തിരുമേനി പറയുന്നത് ഇപ്രകാരമാണ്. ‘നീ നിന്റെ തൊഴിലാളിക്ക് നല്‍കുന്ന എല്ലാ ഇളവുകളും നാളെ നിന്റെ തുലാസ്സില്‍ പ്രതിഫമായി കാണപ്പെടുന്നതാണ്’.
തൊഴിലാളിക്ക് മേല്‍ അഹന്ത നടിക്കാതെ വിനയത്തോടെ പെരുമാറണമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ‘ജോലിക്കാരന്റെ കൂടെ ഭക്ഷണം കഴിക്കുകയും, വാഹനപ്പുറത്ത് സഞ്ചരിക്കുകയും ആടിനെ കറക്കുകയും ചെയ്തവന്‍ അഹങ്കാരിയല്ല.’
തിരുമേനിയുടെ പ്രവര്‍ത്തനം തന്നെയും അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രയോഗവല്‍ക്കരണമായിരുന്നു. ആഇശ(റ) പറയുന്നത് കാണുക. ‘പ്രവാചകന്‍ തന്റെ ഭാര്യമാരെയോ, വേലക്കാരെയോ, മറ്റാരെങ്കിലുമോ കൈ കൊണ്ട് അടിക്കുമായിരുന്നില്ല.’
പ്രവാചകന്റെ പരിചാരകനായിരുന്ന അനസ് (റ) പറയുന്നു. ‘ജനങ്ങളില്‍ ഏറ്റവും നല്ല സല്‍സ്വഭാവിയായിരുന്നു പ്രവാചകന്‍. ഒരിക്കല്‍ അദ്ദേഹം എന്നെ ഒരു ആവശ്യത്തിന് പോകാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിസമ്മതിച്ചു. എന്റെ മനസ്സില്‍ പോകണമെന്നുണ്ടായിരുന്നു. അങ്ങനെ ഞാന്‍ അങ്ങാടിയില്‍ കളിച്ച് കൊണ്ടിരിക്കുന്ന കുറച്ച് കുട്ടികള്‍ക്കിടയിലൂടെ നടക്കുമ്പോഴുണ്ട് പ്രവാചകന്‍ എന്നെ ബാക്കില്‍ നിന്നും വലിക്കുന്നു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ അദ്ദേഹമുണ്ട് ചിരിക്കുന്നു. അദ്ദേഹമെന്നോട് പറഞ്ഞു. ‘ഞാന്‍ പറഞ്ഞിടത്തേക്ക് നീ പോകുമോ?’ ഞാന്‍ പറഞ്ഞു. ‘അതെ ഞാന്‍ പോവുകയാണ് പ്രവാചകരെ.’ അനസ് (റ) പറയുന്നു. ‘അല്ലാഹുവാണ, ഞാനദ്ദേഹത്തെ ഏഴ് വര്‍ഷത്തോളം സേവിച്ചു. ‘ഞാന്‍ ചെയ്ത കാര്യം എന്ത് കൊണ്ടങ്ങനെ ചെയ്തു അല്ലെങ്കില്‍ ചെയ്യാത്തത് എന്ത് കൊണ്ട് ചെയ്തില്ല എന്ന് പോലും അദ്ദേഹം ചോദിച്ചിട്ടില്ല.’
സ്വന്തം പത്‌നിമാരുടെ കാര്യത്തില്‍ പുലര്‍ത്തിയിരുന്ന സൂക്ഷ്മത തിരുമേനി(സ) തന്റെ തൊഴിലാളികളുടെ വിഷയത്തിലും പുലര്‍ത്തിയിരുന്നു. റബീഅഃ ബ്‌നു കഅ്ബ അല്‍ അസ്‌ലാമി പറയുന്നു. ഞാന്‍ പ്രവാചകനെ സേവിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം എന്നോട് ചോദിച്ചു. അല്ലയോ റബീഅഃ, താങ്കള്‍ വിവാഹം കഴിക്കുന്നില്ലേ? ഞാന്‍ പറഞ്ഞു. ഇല്ല പ്രവാചകരെ, ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു സത്രീയെ പരിപാലിക്കാനുള്ള ശേഷി എനിക്കില്ല. എന്നല്ല താങ്കളില്‍ നിന്നും എന്നെ അകറ്റുന്ന ഒരു കാര്യവും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.’ അദ്ദേഹം പിരിഞ്ഞ് പോയി. പിന്നീട് ഞാന്‍ അതിനെ കുറിച്ച് പുനരാലോചന നടത്തി. ഞാന്‍ പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരെ, എന്റെ ഐഹികവും പാരത്രികവുമായ നന്മ കൂടുതലായി അറിയുക അങ്ങേക്കാണല്ലോ.’ പ്രവാചകന്‍ എന്നോട് ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ അതെ എന്ന് പറയണമെന്ന് ഞാന്‍ മനസ്സില്‍ വിചാരിക്കിരിക്കെ അദ്ദേഹം വീണ്ടും അത് തന്നെ ചോദിച്ചു. ഞാന്‍ പറഞ്ഞു. ‘അതെ പ്രവാചകരെ, താങ്കള്‍ എന്നോട് കല്‍പിച്ചാലും.’ അദ്ദേഹം പറഞ്ഞു. ‘താങ്കള്‍ അന്‍സ്വാരികളില്‍ പെട്ട ഇന്ന വീട്ടില്‍ ചെന്ന് എന്നെ പ്രവാചകന്‍ അയച്ചതാണെന്ന് അറിയിക്കുക’.
അമുസ്‌ലിംകളായ ജോലിക്കാരോടും ഇത്തരത്തില്‍ ദയയോടും കരുണയോടും കൂടിയായിരുന്നു പ്രവാചകന്‍ വര്‍ത്തിച്ചിരുന്നത്. ‘ഒരു ജൂത ബാലന്‍ പ്രവാചകന്റെ പരിചരിക്കാറുണ്ടായിരുന്നു. അവന്‍ രോഗിയായപ്പോള്‍ തിരുമേനി സന്ദര്‍ശിച്ചു. അവന്റെ തലയുടെ അടുത്തിരുന്ന് ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. തന്റെ അടുത്തുണ്ടായിരുന്ന പിതാവിലേക്ക് നോക്കിയ ബാലനോട് അദ്ദേഹം പ്രവാചകനെ അനുസരിക്കാന്‍ കല്പിച്ചു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടി ഇസ്‌ലാം സ്വീകരിച്ചു. നബി തിരുമേനി ഇപ്രകാരം ആത്മഗതം ചെയ്തു. ‘ഇവനെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും’.
അക്രമവും അടിച്ചമര്‍ത്തലും മാത്രം പരിചിതമായിരുന്ന കാലത്ത് പ്രവാചകന്‍ തിരുമേനി (സ) ആവിഷ്‌കരിച്ച നയങ്ങളായിരുന്നു അത്.
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles