Current Date

Search
Close this search box.
Search
Close this search box.

പള്ളികള്‍ പ്രവാചകന്റെ കാലത്ത്

പള്ളികള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രമുള്ള ഇടമല്ല, മറിച്ച് പള്ളികള്‍ സ്ഥാപിക്കുന്നതില്‍ പലവിധത്തിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടെന്നത് പോലെ അവയ്ക്ക് സമൂഹത്തില്‍ വ്യത്യസ്ത ദൗത്യങ്ങള്‍ നിര്‍വഹിക്കാനുമുണ്ട്. പ്രവാചകന്റെ കാലത്ത് പള്ളികള്‍ വിവിധോദ്ദേശ്യങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. പ്രവാചകന്റെ കാലത്ത് പള്ളികള്‍ നിര്‍വഹിച്ച ദൗത്യങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
1. ഭൗതികവും ആത്മീയവുമായ വിജ്ഞാനങ്ങളുടെ കേന്ദ്രങ്ങളായിരുന്നു പള്ളികള്‍. പ്രവാചകന്റെ പള്ളി തന്റെ അനുചരന്മാര്‍ക്ക് വിജ്ഞാനങ്ങള്‍ പകര്‍ന്നു കൊടുക്കാനുള്ള പാഠശാല കൂടിയായിരുന്നു. അനുവദനീയങ്ങളും നിഷിദ്ധങ്ങളും ഏതെന്ന് തന്റെ അനുചരന്‍മാര്‍ക്ക് പ്രവാചകന്‍ പഠിപ്പിച്ചു കൊടുത്തിരുന്നത് ഈ പാഠശാലയില്‍ വെച്ചായിരുന്നു. അവരുടെ ആത്മീയവും ഭൗതികവുമായ സംസ്‌കരണത്തിനുള്ള മാര്‍ഗങ്ങളും നാഥനില്‍ നിന്നും ലഭിക്കുന്ന ദിവ്യ വെളിപാടുകളുടെ അടിസ്ഥാനത്തില്‍ അനുചരന്‍മാരുടെ ഹൃദയ ശാന്തിക്കും മാനസിക വിശുദ്ധിക്കും വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതും പള്ളിയില്‍ വെച്ചായിരുന്നു. അങ്ങനെ പ്രവാചകനില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച ഉപദേശങ്ങളാണ് പ്രവാചക സുന്നത്തുകളായി സ്വഹാബികള്‍ തലമുറകള്‍ക്ക് കൈമാറി നല്‍കിയത്. തന്റെ പിതാവായ ഉമര്‍ (റ) വില്‍ നിന്നും ഇബ്‌നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒരു പ്രഭാതത്തില്‍ ഞങ്ങള്‍ പ്രവാചകന്റെ കൂടെയിരിക്കെ വെള്ള വസ്ത്രധാരിയായ കറുത്ത മുടിയുള്ള ഒരാള്‍ കടന്നു വന്നു. യാത്രയുടെ ലക്ഷണങ്ങളൊന്നും അയാളിലുണ്ടായിരുന്നില്ല. ഞങ്ങളിലാര്‍ക്കും അദ്ദേഹത്തെ പരിചയവുമുണ്ടായിരുന്നില്ല. അയാള്‍ പ്രവാചകനഭിമുഖമായി ഇരിന്നു. ഓ മുഹമ്മദ്, എനിക്ക് ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞു തരൂ. പ്രവാചകന്‍ പറഞ്ഞു : ഇസ്‌ലാം അല്ലാഹു മാത്രമാണ് യഥാര്‍ഥ ദൈവമെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും വിശ്വസിക്കലും നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ നിര്‍വഹിക്കലുമാണ്. അദ്ദേഹം പറഞ്ഞു : താങ്കള്‍ സത്യം പറഞ്ഞു. ഇനി ഈമാനെന്തെന്ന് പറഞ്ഞ് തരൂ. പ്രവാചകന്‍ മറുപടി നല്‍കി : അല്ലാഹുവിലും പ്രവാചകരിലും മലക്കുകളിലും കിതാബുകളിലും അന്ത്യനാളിലും ദൈവിക വിധിയിലും വിശ്വസിക്കുക. അദ്ദേഹം പറഞ്ഞു : താങ്കള്‍ സത്യം പറഞ്ഞു. ഇനി എനിക്ക് ഇഹ്‌സാന്‍ എന്തെന്ന് പറഞ്ഞു തരൂ.
അല്ലാഹു താങ്കളെ കാണുന്നുണ്ടെന്ന പോലെ അവനെ ആരാധിക്കുക, താങ്കള്‍ അവനെ കാണുന്നില്ലെങ്കിലും അവന്‍ താങ്കളെ കാണുന്നുണ്ട്. ഇനി എനിക്ക് അന്ത്യനാളിനെ കുറിച്ച് പറഞ്ഞു തരൂ……..(ബുഖാരി, മുസ്‌ലിം). ഇസ്‌ലാമിനെ കുറിച്ചും ഈമാനെക്കുറിച്ചും പ്രവാചകനോട് ചോദിച്ചത് ജിബ്‌രീലായിരുന്നു. ജീബ്‌രീലിന്റെ ചോദ്യങ്ങള്‍ക്ക് പ്രവാചകന്‍ ഉത്തരവും നല്‍കി. ഇങ്ങനെയാണ് സ്വഹാബികള്‍ പ്രവാചകനില്‍ നിന്നും ദീനിനെ കുറിച്ച് ആഴത്തില്‍ പഠിച്ചത്. ആളുകളെ വളര്‍ത്തിയെടുക്കുന്നതില്‍ പള്ളികള്‍ക്കുള്ള പങ്ക് വ്യക്തമാക്കി തരുന്നതു കൂടിയാണ് ഉമര്‍ (റ) വില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഈ ഹദീസ്. പ്രവാചന്റെ പാഠശാലയില്‍ നിന്നും പുറത്തിറങ്ങിയ അനുചരന്മാരാണ് ലോകത്തെ ഏറ്റവും സുശക്തവും ഗാംഭീര്യവുമുള്ള ഭരണത്തിന്റെ വക്താക്കളായി മാറിയത്, ലോകത്തെ ഏറ്റവും മികച്ച നേതാക്കളായി മാറിയതും അവര്‍ തന്നെ. മസ്ജിദുന്നബവിയില്‍ നിന്നും പ്രാചകന്റെ അധ്യാപനങ്ങള്‍ ശ്രവിക്കുകയും പഠിക്കുകയും ചെയ്ത അവര്‍ ദീനിന്റെ പ്രചുര പ്രാചരത്തിനും അതിന്റെ വിജയത്തിനും വേണ്ടി അശ്രാന്ത പരിശ്രമം നടത്തി. എന്നുമാത്രമല്ല, പള്ളികള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ മതകീയ ചുറ്റുപാടില്‍ വളര്‍ത്തുന്നതിനും ദീന്‍ പഠിപ്പിക്കുന്നതിനും അവര്‍ മുന്നിട്ടിറങ്ങി. ഇസ്‌ലാമിന്റെ ശോഭനകാലത്ത് തിളങ്ങി നിന്ന ഖലീഫമാരും ഖാളിമാരും മറ്റു പണ്ഡിതന്മാരുമെല്ലാം പ്രവാചകന്റെ അനുചരന്മാര്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തി പാഠശാലകളില്‍ നിന്നും പുറത്തിറങ്ങിയവരായിരുന്നു എന്നു കാണാം.
2. വിധിന്യായവും പ്രശ്‌നപരിഹാരവും നടന്നിരുന്നത് പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു. ജനങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവാചനെ സമീപിക്കുകയും പ്രവാചകന്‍ പള്ളിയിലിരുന്ന് തന്നെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. അബ്ദുല്ലാഹിബ്‌നു കഅ്ബില്‍ നിന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം : ‘പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട് കഅ്ബുനു മാലികിനും ഇബ്‌നു അബീ ഹദ്‌റദിനും ഇടയില്‍ തര്‍ക്കമുണ്ടായി. പള്ളിയിലിരിക്കുകയായിരുന്ന ഇരുവരും തര്‍ക്കംമൂത്തപ്പോള്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കാന്‍ തുടങ്ങി. പള്ളിയോട് ചേര്‍ന്ന വീട്ടിലിരിക്കുകയായിരുന്ന പ്രവാചകന്‍ അവരുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി. പ്രവാചകന്‍ പള്ളിയില്‍ വെച്ചു തന്നെ അവരിരുവരുടെയും വാദങ്ങള്‍ കേള്‍ക്കുകയും പ്രശ്‌നത്തില്‍ വിധി പറയുകയും ചെയ്തു. അതുപോലെ സ്വഹാബികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പള്ളിയില്‍ വെച്ചു തന്നെയായിരുന്നു പ്രവാചകന്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നത്. സഹ്‌ലുബ്‌നു സഅ്ദിനെ തൊട്ട് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു : അന്‍സാരിയായ ഒരാള്‍ പ്രവാചകനെ സമീപിച്ച് ചോദിച്ചു ‘പ്രവാചകരേ, തന്റെ ഭാര്യയുടെ കൂടെ മറ്റൊരാള്‍ ശയിക്കുന്നത് ഭര്‍ത്താവ് കണ്ടാല്‍ അയാളെ കൊല്ലാമോ അല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്?’ ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം ശാപ പ്രാര്‍ത്ഥന നടത്തുന്നതുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനം അല്ലാഹു അപ്പോള്‍ പ്രവാചകന് ഇറക്കി കൊടുത്തു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു : ‘താങ്കളുടെ പ്രശ്‌നത്തില്‍ അല്ലാഹു വിധി കല്‍പ്പിച്ചിരിക്കുന്നു’. അങ്ങനെ പള്ളിയില്‍വെച്ച് അവര്‍ ഇരുവരും പരസ്പരം ശാപ പ്രാര്‍ഥന നടത്തി. സൂറത്ത് മുജാദല ഇറങ്ങാന്‍ ഉണ്ടായ പശ്ചാത്തലവും, റമദാനില്‍ പകല്‍ സമയത്ത് ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാളുടെ വിഷയത്തില്‍ പ്രവാചകന്‍ പരിഹാരം നിര്‍ദ്ദേശിച്ചതുമെല്ലാം പള്ളിയില്‍ വെച്ചായിരുന്നു. പ്രവാചനു ശേഷം ഖുലഫാഉ റാശിദുകളുടെ കാലഘട്ടത്തിലും പള്ളിയായിരുന്നു പ്രശ്‌നപരിഹാരത്തിനും വിധിന്യായത്തിനുമുള്ള കേന്ദ്രമെന്ന് തെളിയിക്കുന്ന ധാരാളം ഉദ്ധരണികള്‍ കാണാം.
3. ഭവനമില്ലാത്തവരുടെ ഭവനമായിരുന്നു പള്ളി. പ്രവാചകന്റെ കാലത്ത് പള്ളികള്‍ അപരിചതരുടെയും ദരിദ്രരരുടെയും അഗതികളുടെയും ഭവനങ്ങള്‍ കൂടിയായിരുന്നു. പള്ളിയോട് ചേര്‍ന്ന് അഗതികള്‍ക്ക് താമസിക്കാന്‍ പ്രവാചകന്‍ പ്രത്യേക കേന്ദ്രം തന്നെ പണിതിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഹ്‌ലുസ്സുഫ്ഫ എന്ന പേരിലറിയപ്പെട്ട ഇവര്‍ക്ക് പ്രവാചകന്‍ സ്വന്തം നിലക്ക് ഭക്ഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊടുക്കാറുണ്ടായിരുന്നു. നാഫിഅ് പറഞ്ഞതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു : ‘ബന്ധുമിത്രാതികളാരുമില്ലാത്ത അബ്ദുല്ല തന്റെ ചെറുപ്പ കാലത്ത് പ്രവാചകന്റെ പള്ളിയിലാണ് അന്തിയുറങ്ങിയിരുന്നതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്’. സഹ്‌ലുബ്‌നു സഅദില്‍ നിന്നും ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം : പ്രവാചകന്‍ (സ) ഫാത്തിമ (റ) യുടെ വീട്ടില്‍ വന്നപ്പോള്‍ അവിടെ അലിയെ കണ്ടില്ല. തങ്ങള്‍ക്കിടയില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായെന്നും എന്നോട് കോപിച്ച് അദ്ദേഹം വീടുവിട്ട് ഇറങ്ങി പോയതാണെന്നും ഫാത്തിമ അറിയിച്ചു. അങ്ങനെ പ്രവാചകന്‍ പള്ളിയില്‍ വന്നപ്പോള്‍ അലി അവിടെ കിടന്നുറങ്ങുന്നത് കണ്ടു. ഉറക്കത്തില്‍ അദ്ദേഹത്തിന്റെ മുണ്ട് നീങ്ങിപ്പോകുകയും ശരീരം മണ്ണില്‍ സ്പര്‍ശിക്കുകയും ചെയ്തിരുന്നു. ‘എഴുന്നേല്‍ക്കൂ മണ്ണിന്റെ പിതാവേ’ എന്നു പറഞ്ഞു പ്രവാചകന്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്തി. പള്ളികള്‍ ദരിദ്രരുടെയും അഗതികളുടെയും അഭയ കേന്ദ്രവും അവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രവുമായി മാറുകയും ചെയ്യണം എന്നതാണ് ഈ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അതോടൊപ്പം പ്രവാചകന്‍ തന്നെ അവര്‍ക്കു വേണ്ട ഭക്ഷണം നല്‍കിയതിലൂടെ അഗതികളോട് മാന്യമായി പെരുമാറേണ്ടതിന്റെയും അവരെ ഭക്ഷിപ്പിക്കേണ്ടതിന്റെയും ഉത്തരവാദിത്വം കൂടി നമ്മെ പഠിപ്പിക്കുകയാണ് ചെയ്തത്.
4. ശത്രുക്കള്‍ക്കെതിരെ യുദ്ധമുണ്ടാകുമ്പോള്‍ പോരാട്ടത്തിനുള്ള സൈന്യത്തെ ഒരുക്കിയിരുന്നതും പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു. ഉസാമത്തുബ്‌നു സൈദിനെ ശാമിലേക്കുളള സൈന്യത്തിന്റെ നായകനാക്കി നിശ്ചയിച്ച് പ്രവാചകന്‍ പതാക കൈമാറിയത് പള്ളിയില്‍ വെച്ചായിരുന്നു. കേവലം പതിനെട്ടു വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു പ്രവാചകന്‍ ഉസാമയെ സൈന്യത്തിന്റെ നായകനാക്കിയത്. പിന്നീട് അബൂബക്കര്‍ (റ) ഉസാമയെ സേനാ നായകനാക്കി നിശ്ചയിച്ചപ്പോഴും പതാക കൈമാറിയത് പ്രവാചകന്റെ പള്ളിയില്‍ വെച്ചു തന്നെയായിരുന്നു. പള്ളിയുടെ പരിസരത്ത് വെച്ച് പ്രവാചകനുമായി കുതിര പന്തയത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ഇബ്‌നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ബുഖാരി). പള്ളിയില്‍ വെച്ച് ആയുധങ്ങള്‍ ദാനം ചെയ്യുന്നതിന് പ്രവാചകന്‍ തന്റെ അനുയായികളെ അനുവദിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. കായിക പരിശീലനത്തിനും സൈനിക സജ്ജീകരണത്തിനും യുദ്ധ തന്ത്രങ്ങള്‍ പഠിപ്പിക്കുന്നതിനുമുള്ള കേന്ദ്രങ്ങള്‍ കൂടിയായിരുന്നു പ്രവാചകന്റെ കാലത്ത് പള്ളികളെന്ന് ഇതില്‍ നിന്നും നമുക്ക് ബോധ്യപ്പെടുന്നു.
5. നിയമ നിര്‍മ്മാണത്തിന്റെയും കൂടിയാലോചനയുടെയും കേന്ദ്രം കൂടിയായിരുന്നു പള്ളി. ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ പ്രവാചകന്‍ സ്വഹാബികളുമായി പള്ളിയില്‍ വെച്ച് കൂടിയാലോചന നടത്താറുണ്ടായിരുന്നു.
6. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു പ്രവാചകന്റെ പള്ളി. രാഷ്ട്രത്തിന്റെ നയതന്ത്ര കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതും രാഷ്ട്ര കാര്യങ്ങള്‍ പൊതുവായി പ്രഖ്യാപിച്ചിരുന്നതും പള്ളിയില്‍ നിന്നായിരുന്നു. പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കുമ്പോഴും കാണുമ്പോഴും ഈ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ ഉള്ളിലുണ്ടാകണം. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ അഭിമാനത്തിന്റെ ഭാഗമാകുകയും വേണം.

വിവ : ജലീസ് കോഡൂര്‍

Related Articles