Current Date

Search
Close this search box.
Search
Close this search box.

നാഗരിക നിര്‍മാണത്തില്‍ മസ്ജിദുകളുടെ പങ്ക്

masjid3.jpg

മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രം വിശകലനം ചെയ്ത് ആയിരം വര്‍ഷത്തോളം മാനവകുലത്തെ ഭരിക്കാന്‍ അതിനെ പ്രാപ്തമാക്കിയ വിജയനിദാനങ്ങളെ സംബന്ധിച്ച് നാം പഠിക്കേണ്ടിയിരിക്കുന്നു. അപ്രകാരം ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന മഹനീയ നാഗരികത സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. ദൈവികവുംബുദ്ധിപരവുമായ വിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതരെ രൂപപ്പെടുത്തിയ ധൈഷണിക പാഠശാലയായിരുന്നു മുസ്‌ലിം ഉമ്മത്ത്. കര്‍മ്മശാസ്ത്ര വിശാരദര്, ഹദീസ് പണ്ഡിതര്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ഗണിതഗോള ശാസ്ത്രജ്ഞന്‍മാര്‍ തുടങ്ങി മതഭൗതിക മേഖലകളില്‍ അതിസമര്‍ത്ഥന്‍മാരായ ശാസ്ത്രജ്ഞന്‍മാര്‍ അവിടെ ഉണ്ടായിരുന്നു. ഒരു നാഗരികതയില്‍ ഇത്രയും വിപുലമായ സംവിധാനങ്ങളും വിവിധങ്ങളായ ശാസ്ത്രങ്ങളും സമ്മേളിക്കുന്നത് അപൂര്‍വ്വമാണ്. ഇവരെല്ലാം ഒരു പാഠശാലയുടെ സന്തതികളായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.

 

ഞാനുദ്ദേശിച്ച പാഠശാല വിശാലമായ അര്‍ഥത്തിലുള്ള പള്ളികളാണ്. മുസ്‌ലിം സമൂഹത്തിന്റെ മനസുകളില്‍ നിന്ന് മാഞ്ഞുപോയ സങ്കല്‍പമാണിത്. മുസ്‌ലിം സംമൂഹത്തെ ഒരുമിച്ച് ചേര്‍ക്കുന്നതിന്റെയും ഐക്യപ്പെടുത്തുന്നതിന്റെയും പ്രായോഗികകേന്ദ്രവുമായിരുന്നു അവ. മാനവികതയുടെ പ്രഥമ അധ്യാപകനായിരുന്ന മുഹമ്മദ്(സ) മദീനയില്‍ തമ്പടിച്ച സ്ഥലമായ ‘ഖുബാഅ്’ ല്‍ ഉടനെത്തന്നെ ഒരു പള്ളി നിര്‍മ്മിച്ചു. പിന്നീട് മദീനയിലെത്തിയപ്പോള്‍ അവിടെയും ഒരു പള്ളി നിര്‍മ്മിച്ചു. അദ്ദേഹം തന്നെയായിരുന്നു അതിന് വേണ്ട കല്ലും മണ്ണും ചുമന്നിരുന്നത്. ഇസ്‌ലാമിലെ ഒന്നാമത്തെ പാഠശാലയായിരുന്ന മസ്ജിദുന്നബവിയാണത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഗേഹവുമായിരുന്നുവത്. അതായിരുന്നു അന്നത്തെ സ്‌കൂളും സര്‍വ്വകലാശാലയും കൂടിയാലോചനാ കേന്ദ്രവും. സൈന്യത്തെ സജ്ജീകരിക്കുന്നതടക്കമുള്ള സമൂഹവുമായി ബന്ധപ്പെട്ട വലുതും ചെറുതുമായ എല്ലാ കാര്യങ്ങളും അവിടെയായിരുന്നു നടന്നിരുന്നത്.

 

ശുദ്ധമായ ഇസ്‌ലാമിക വീക്ഷണപ്രകാരം സ്രഷ്ടാവിന് മാത്രമുള്ള അടിമത്വം പ്രഖ്യാപിക്കാനുള്ളതാണ് പള്ളികള്‍. ‘പള്ളികള്‍ അല്ലാഹുവിനുള്ളതാണ്, അതിനാല്‍ നിങ്ങള്‍ അവന്റെ കൂടെ മറ്റാരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്’ ഇസ്‌ലാമിക വീക്ഷണത്തില്‍ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുന്നവന്റെ മുഴുജീവിതത്തെയും ചൂഴ്ന്നു നില്‍ക്കുന്നതാണ് ഇബാദത്ത്. അല്ലാഹു പറയുന്നു: ‘പറയുക: ‘നിശ്ചയമായും എന്റെ നമസ്‌കാരവും അനുഷ്ഠാനങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍.’ (അല്‍ അന്‍ആം: 162-163)
അതുകൊണ്ടു തന്നെ ഇബാദത്ത് അതിന്റെ പൂര്‍ണ്ണവും ശരിയായതുമായ രൂപത്തില്‍ നിര്‍വ്വഹിക്കുന്നതിന് അറിവ് അത്യന്താപേക്ഷിതമാണ്. പള്ളികള്‍ വിജ്ഞാന വ്യാപനം ഏറ്റെടുക്കുകയും വൈജ്ഞാനിക കേന്ദ്രങ്ങളായി മാറുകയും വേണം. ആദ്യകാലങ്ങളിലവ പ്രസ്തുത വൈജ്ഞാനിക ദൗത്യം നിര്‍വഹിക്കാറുണ്ടായിരുന്നു. പ്രവാചകന്‍ അതിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘നല്ലകാര്യങ്ങള്‍ പഠിക്കുന്നതിന്ന് പള്ളിയില്‍ പോയവന് പൂര്‍ണ്ണമായ രൂപത്തില്‍ ചെയ്യപ്പെട്ട ഹജ്ജിന് ലഭിക്കുന്ന പ്രതിഫമുണ്ട്.’ കേവലം നമസ്‌കാര സ്ഥലങ്ങളെന്നതിലുപരിയായി പള്ളികളുടെ വൈജ്ഞാനികോദ്ദേശ്യങ്ങള്‍ വ്യക്തമാക്കുകയാണ് പ്രവാചകന്‍ ഈ വാക്കുകളിലൂടെ ചെയ്തത്.

 

ഈ വൈജ്ഞാനിക ദൗത്യത്തില്‍ പുരുഷന്‍മാര്‍ മാത്രമല്ല പങ്കാളികായിരുന്നത്. മറിച്ച് അവരോട് മത്സരിച്ച് സ്ത്രീകളും രംഗത്തുണ്ടായിരുന്നു. തങ്ങള്‍ക്ക് പ്രത്യേകമായ വൈജ്ഞാനിക സദസ്സ് അനുവദിച്ച് തരണമെന്ന് അവര്‍ പ്രവാചകനോട് ആവശ്യപ്പെടുകയും അദ്ദേഹമത് അംഗീകരിക്കുകയും ചെയ്തുവെന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. പള്ളികള്‍ സ്ത്രീകള്‍ക്ക് മുമ്പില്‍ അവയുടെ ഹൃദയം തുറന്ന് കൊടുത്തു. അവര്‍ സദസ്സുകളില്‍ പങ്കെടുത്തു. ജീവിതം കെട്ടിപ്പടുക്കുന്നതില്‍ പുരുഷനോടൊപ്പം പങ്കാളിയാവുന്നതിനും, വിജ്ഞാനം സമ്പാദിക്കുന്നതില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് സ്ഥാപിച്ച് കൊണ്ടും അവര്‍ പള്ളികളില്‍ സജീവമായി. അന്‍സാരി സ്ത്രീകളുടെ വിജ്ഞാന ദാഹത്തില്‍ ആശ്ചര്യഭരിതായായ ആഇശ(റ) ഇപ്രകാരം പറഞ്ഞുവത്രെ ‘അന്‍സാരി സ്ത്രീകള്‍ എത്രനല്ലവരാണ്, ദീനില്‍ അവഗാഹം നേടുന്നതില്‍ നിന്ന് ലജ്ജ അവരെ തടയുന്നില്ല.’
മസ്ജിദുന്നബവിയിലെ വൈജ്ഞാനിക സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അല്ലാഹുവിന്റെ ദൂതന്‍ തന്നെയായിരുന്നു. പ്രഭാതങ്ങളിലായിരുന്നു അവ നടന്നിരുന്നത്. അവ രണ്ടു സദസുകളായിരുന്നുവെന്നും ഒന്ന് പ്രാര്‍ഥനക്കായി നീക്കിവെച്ചതും, മറ്റൊന്ന് വിജ്ഞാനത്തിനുമായിരുന്നുവെന്ന് അബ്ദുല്ലാഹിബിനു അംറ് ബിന്‍ ആസ്(റ) പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ലഭ്യമായിരുന്ന എല്ലാ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും പ്രയോജനപ്പെടുത്താന്‍ പ്രവാചകന്‍ പ്രേരിപ്പിക്കാറുണ്ടായിരുന്നു. അതിനുദാഹരണമാണ് ഇബ്‌നു മസ്ഊദ്(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍ അദ്ദേഹത്തിന്റെ കൈകൊണ്ട് ഒരു വരവരച്ചു എന്നിട്ട് പറഞ്ഞു: ‘ഇതാണ് ഋജുവായ ദൈവികമാര്‍ഗം’ എന്നിട്ട് ഇടത്തും വലത്തും വരച്ചു എന്നിട്ട് പറഞ്ഞു: ‘ഈ മാര്‍ഗങ്ങള്‍ പിശാച് അവനിലേക്ക് ക്ഷണിക്കുവാന്‍ ഉപയോഗിക്കുന്നവയാണ്’ പിന്നീട് ‘സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍ നിന്ന് നിങ്ങളെ തെറ്റിച്ചുകളയുന്നതാണ്. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.’ (അല്‍ അന്‍ആം: 153)
ഇന്ന് നമുക്ക് ലഭ്യമായ വൈജ്ഞാനിക മാധ്യമങ്ങള്‍ പ്രവാചകന്റെ കാലത്ത് ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹമായിരിക്കുമത് ആദ്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക.
ഓരോ തലമുറയിലും പള്ളികള്‍ അവയുടെ ദൗത്യം നിര്‍വ്വഹിച്ച് കൊണ്ടേയിരുന്നു. ഉന്നതമായ വൈജ്ഞാനിക കേന്ദ്രങ്ങളും സര്‍വ്വകലാശാലകളുമായി അവ സമൂഹത്തില്‍ ഉയര്‍ന്ന് നിന്നു. അതിനുള്ള ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ജാമിഅ് അംറ് ബിന്‍ ആസ്വ് അതിന് ഒരു ഉദാഹരണമാണ്. ഫുസ്താത്തിന്റെ ധൈഷണികകേന്ദ്രവും ഇജ്പിതിലെ വൈജ്ഞാനിക പ്രസ്ഥാനത്തിന്റെ കളിത്തൊട്ടിലുമായിരുന്നുവത്. നൂറുകണക്കിന് വൈജ്ഞാനിക ശാഖകള്‍ അവിടെയുണ്ടായിരുന്നു. ഡമസ്‌കസിലെ ജാമിഉല്‍ അമവി, ബാഗ്ദാദിലെ ജാമിഉല്‍ മന്‍സൂര്‍, മൊറോക്കോയിലെ ജാമിഉല്‍ ഖുറവിയ്യീന്‍ തുടങ്ങിയവയെല്ലാം വിദ്യാഭ്യാസ ഘടനയും പഠനരീതികൊണ്ടും വേറിട്ടുനില്‍ക്കുന്നവയാണ്. അധ്യാപകരെ നിര്‍ണ്ണയിക്കുക, അവരുടെ ഉത്തരവാദിത്തം വ്യക്തമാക്കുക, അവധി ദിനങ്ങള്‍ ചിട്ടപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് വളരെ സൂക്ഷ്മമായ മാനദണ്ഢങ്ങളുണ്ടായിരുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താമസിക്കാനുള്ള പ്രത്യേക ഹോസ്റ്റലുകളും ഉണ്ടായിരുന്നു. പഠിതാക്കളെ ലക്ഷ്യം വെച്ച് സ്ഥാപിച്ച ലൈബ്രറികളും ഇതിന്റെ തന്നെ ഭാഗമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മുസ്‌ലിങ്ങളും അല്ലാത്തവരും അവിടേക്ക് വിജ്ഞാനം തേടി ഒഴുകിയെത്തി. പ്രഭാതോദയത്തിന് മുമ്പ് തുടങ്ങി രാത്രി ഒരു മണിവരെ നീളുന്നതായിരുന്നു അവിടത്തെ പഠനം. തുനഷ്യയിലെ ജാമിഅ് സൈത്തൂനഃ പ്രാമാണികവും ബുദ്ധിപരവുമായ വിവിധ വൈജ്ഞാനിക ശാഖകള്‍ ആവിഷ്‌കരിച്ചിരുന്നു. അവിടത്തെ പൗരാണിക ലൈബ്രറിയില്‍ രണ്ടു ലക്ഷധികം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഇതുപോലെ ആരംഭിച്ച ഒരു പള്ളി തന്നെയായിരുന്നു പ്രശസ്തമായ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയും. വളരെ പെട്ടന്നാണ് വിവിധയിനം വിജ്ഞാനീയങ്ങള്‍ പഠിപ്പിക്കപ്പെടുന്ന സര്‍വകലാശാലയായി അത് മാറിയത്. ജീവിതത്തിന്റെ നാനാമേഖലകളില്‍ പ്രഗല്‍ഭരായ വ്യക്തിത്വങ്ങളാണ് അവിടെ നിന്നും പുറത്തിറങ്ങിയിട്ടുള്ളത്.

 

മഹത്തായ ഈ സര്‍വകലാശാലകളെല്ലാം വിദ്യാര്‍ഥികളെ ചര്‍ച്ചകള്‍ക്കും സംവാദത്തിനും പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിനാല്‍ വിദ്യാര്‍ഥികള്‍ അധ്യാപകരുമായി വിയോജിപ്പുകളുണ്ടാവുന്നതും സ്വാഭാവികമായിരുന്നു. എന്നാല്‍ തികഞ്ഞ മര്യാദകള്‍ പാലിച്ചു കൊണ്ടായിരുന്നു അത്. സമഗ്രമായ അര്‍ഥത്തിലുള്ള പള്ളികളായിരുന്നു ലോകത്തിന് അദ്ഭുതവും അഭിമാനവുമായിരുന്ന പ്രസ്തുത പാഠശാലകള്‍. ശറഈ വിജ്ഞാനങ്ങളിലെന്ന പോലെ ഭൗതികവും മാനവികവുമായ വിജ്ഞാനീയങ്ങളിലും അവ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. പാശ്ചാത്യരുടെ വൈജ്ഞാനികവും വ്യാവസായികവുമായ നവോഥാനത്തിന്റെ അടിസ്ഥാനവും ഇതില്‍ നിന്നായിരുന്നു.

 

ഹിജ്‌റ അഞ്ചും ആറും നൂറ്റാണ്ടുകളില്‍ പള്ളികളില്‍ നിന്ന് സ്വതന്ത്രമായ സ്‌കൂളുകള്‍ രൂപപ്പെട്ടു. പള്ളികളിലുണ്ടായിരുന്ന വിജ്ഞാന സദസ്സുകള്‍ ശറഈ വിജ്ഞാനങ്ങളില്‍ പരിമിതപ്പെട്ടതിന്റെ ഒരു കാരണമിതായിരുന്നു. തദ്ഫലമായി വൈജ്ഞാനിക ദൗര്‍ബല്യം സമുദായത്തില്‍ ഉടലെടുത്തു. മൂന്നുനൂറ്റാണ്ടിനിടയില്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സംഭവിച്ച മൂന്നു ദുരന്തങ്ങള്‍ അതിന് ആക്കം കൂട്ടുകയും ചെയ്തു. അതില്‍ ഒന്നാമത്തേത് ഹി. 564ല്‍ നടന്ന ഫുസ്താത്ത് പട്ടണത്തിലെ അഗ്നിബാധയായിരുന്നു. ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രമായിരുന്ന ബാഗ്ദാദ് ഹി.656 ല്‍ താര്‍ത്താരികള്‍ തീവെച്ച് നശിപ്പിച്ചതായിരുന്നു രണ്ടാമത്തെ ദുരന്തം. ഹിജ്‌റ 897ലെ സ്‌പെയിനിന്റെ പതനമാണ് മൂന്നാമത്തെ ദുരന്തം.
മുസ്‌ലിങ്ങള്‍ക്ക് വൈജ്ഞാനികാധിപത്യം നഷ്ടമായതോടെ ജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനുണ്ടായിരുന്ന നേതൃപദവിയും നഷ്ടപ്പെട്ടു. യൂറോപ്പാണ് ആ വൈജ്ഞാനിക പാരമ്പര്യം ഏറ്റെടുത്തത്. അവര്‍ അതിനെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. വൈജ്ഞാനികാധിപത്യത്തോടെ ലോകനേതൃത്വവും അവരുടെ കൈകളിലായി. മുസ്‌ലിങ്ങള്‍ അന്ധകാരത്തില്‍ മുടന്തിനീങ്ങുന്ന വിഭാഗമായി മാറി. അവരുടെ ഇസ്‌ലാമിക അസ്തിത്വവും നഷ്ടമായി. വിദ്യാഭ്യാസത്തെ ഭൗതികമെന്നും ആത്മീയമെന്നും വേര്‍തിരിച്ചു. പ്രഗല്‍ഭരായ മുസ്‌ലിം തലമുറക്ക് തീര്‍ത്തും അപരിചിതമായിരുന്നു ഇത്. പള്ളികളില്‍ നിന്ന് ഭൗതിക വിജ്ഞാനീയങ്ങള്‍ അകറ്റപ്പെട്ടു. അതിനാല്‍ മുസ്‌ലിങ്ങള്‍ക്കത് അപ്രാപ്യമായി. കോളനിവല്‍ക്കരണം സമ്പൂര്‍ണ്ണമായ ഇസ്‌ലാമിക വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി. അസ്ഹര്‍ യൂണിവേഴ്‌സിറ്റിയെ ക്ഷയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടന്‍ മുന്‍കയ്യെടുത്തു. അതുപോലെ ഫ്രാന്‍സ് ജാമിഅ് ഖുറവിയ്യീന്‍ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തി. തുനീഷ്യയിലെ സൈത്തൂനഃക്കും ഇത്തരം ദുരനുഭവങ്ങളുണ്ടായി. ദൈവബോധമില്ലാത്ത തലമുറകള്‍ അതിലൂടെ പുറത്ത് വന്നു. ഇസ്‌ലാമിന്റെ സമഗ്രതയില്‍ നിന്നും മുസ്‌ലിങ്ങള്‍ അകന്നു. പള്ളികളുടെ ദൗത്യം നഷ്ടമായതോടെ വിജ്ഞാനം സ്വീകരിക്കുന്നതിലുള്ള ആത്മാര്‍ത്ഥതയും നഷ്ടപ്പെട്ടു. വിജ്ഞാനങ്ങളുടെ ആത്മീയ വശവും മനുഷ്യര്‍ക്ക് പ്രയോജനപ്രദമായ വശവും നഷ്ടപ്പെട്ടു.
പള്ളികളുടെ ദൗത്യം ദുര്‍ബലപ്പെട്ടത് മുസ്‌ലിം സമുദായത്തിന്റെ ദൗര്‍ബല്യമായാണ് പ്രതിഫലിച്ചത്. കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പള്ളികള്‍ സമഗ്രമായ വൈജ്ഞാനിക പുരോഗതി കൈവരിക്കുകയും ദൗത്യം നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇസ്‌ലാമിക സമൂഹത്തിന് നവോത്ഥാനം സാധ്യമാവുകയുള്ളൂ. കാലഘട്ടത്തിന്റെ ആവശ്യമാണിത്. തലമുറകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെയാണത് പൂര്‍ത്തിയാവുക.
നാഗരികതകളുടെ നിര്‍മ്മാണത്തിലുള്ള പള്ളികളുടെ ദൗത്യം വീണ്ടെടുക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബോസ്റ്റണിലെ ഇസ്‌ലാമിക് സൊസൈറ്റി വലിയ ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നത് ഇത്തരം ശ്രമങ്ങളുടെ ഭാഗമായിട്ടാണ്. പ്രസ്തുത കേന്ദ്രം പള്ളിയും മദ്‌റസയുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. ഗവേഷകര്‍ക്കായുള്ള കേന്ദ്രവും അമുസ്‌ലിങ്ങള്‍ക്ക് ഇസ്‌ലാം എത്തിക്കുന്നതിനുള്ള സംവിധാനവും ക്ലാസ്മുറികളുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ മഹത്തായ പദ്ധതി.

 

വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി

 

Related Articles