Current Date

Search
Close this search box.
Search
Close this search box.

എങ്കിലും ഗാസാ…

ഗാസാ…
നിന്നെക്കുറിച്ചെഴുതുമ്പോള്‍
എന്റെ പേനക്ക്
ചോരയുടെ നിറമാണ്.
കടലാസുകള്‍ക്ക് തൊലി കരിഞ്ഞ
ശരീരങ്ങളുടെ മണവും

ഗാസാ…
നിന്നെക്കുറിച്ചെഴുതുമ്പോള്‍
എന്റെ ഹൃദയത്തില്‍
പൊട്ടിത്തെറിയാണ്
എങ്കിലും ഞാനെത്ര
സ്വാര്‍ത്ഥ!

ഈ ഈദിന്
നീ കഫന്‍ ചെയ്യാന്‍
പുടവ തേടുമ്പോള്‍
ഞാന്‍ പുത്തന്‍
പുടവ തിരയുന്ന തിരക്കിലാണ്…
നീ ചോരയില്‍ കുതിര്‍ന്ന് കരയുമ്പോള്‍
ഞാന്‍ മൈലാഞ്ചിയിട്ട് കൈ ചുവപ്പിക്കുകയാണ്.
നിന്റെ മിഴികള്‍
കണ്ണുനീരണിയുമ്പോള്‍
ഞാന്‍ കണ്ണുകളില്‍
മഷിയെഴുതുകയാണ്.
നീ ഹൃദയം നൊന്തു കരയുമ്പോള്‍
ഞാന്‍ സന്തോഷത്തിലാറാടുകയാണ്
നീ പട്ടിണികിടന്ന്
നോമ്പെടുക്കുമ്പോള്‍
ഞാന്‍ തീന്‍മേശയിലെ
വിഭവങ്ങള്‍ എണ്ണുകയാണ്.

ഗാസാ..
ഞാനെത്ര സ്വാര്‍ത്ഥ
നിന്റെ സഹോദരന്റെ
വെന്ത മാസം
നീ മാറോടടുപ്പിക്കുമ്പോള്‍
ഞാന്‍ അടുക്കളയില്‍
ബിരിയാണി ചെമ്പിന്റെ
മണം പിടിക്കുകയാണ്.
നിന്റെ മേല്‍ മിസൈലുകള്‍
പെയ്യുമ്പോള്‍
ഞാന്‍ പുറത്തെ മഴയാസ്വദിക്കുകയാണ്.

നിനക്ക് വേണ്ടി
നാളെ അള്ളാഹു
സ്വര്‍ഗത്തില്‍ പൂന്തോട്ടം നിര്‍മ്മികും.

എങ്കിലും ഗാസാ…
ഞാന്‍ എത്ര സ്വാര്‍ത്ഥ.
അടുക്കളയില്‍ ബിരിയാണി ചെമ്പിന്റെ മണം.
വെന്ത മാംസത്തിന്റെ
അതേ മണം.

Related Articles