Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക നാഗരികതയിലെ വൈജ്ഞാനിക സംഘങ്ങള്‍

പൂര്‍വ്വകാല പണ്ഡിതരുടെ ധൈഷണിക ശൈലിയെ നവീകരിച്ച് പുതിയ രീതിശാസ്ത്രം ആവിഷ്‌കരിക്കാന്‍ മുസ്‌ലിങ്ങളെ സഹായിച്ചത് അവരിലെ വൈജ്ഞാനിക സംഘങ്ങളായിരുന്നു. ചരിത്രത്തില്‍ മുസ്‌ലിങ്ങളുടെ സമ്പൂര്‍ണ്ണമായ പ്രഥമ വൈജ്ഞാനിക സംഘമായിരുന്നു അന്ന് രൂപീകരിച്ചത്. അതില്‍ വൈവിധ്യമായ മേഖലകളിലെ ധാരാളം ശാസ്ത്രജ്ഞന്‍മാര്‍ ഉള്‍പ്പെട്ടിരുന്നു. സമ്പൂര്‍ണ്ണവും ഉപകാരപ്രദവുമായ ഫലമാണ് അത് ഉളവാക്കിയത്.

 

ചരിത്രത്തിലെ പ്രഥമ സംഘം
ചരിത്രത്തിലെ ആദ്യത്തെയും, ഏറ്റവും പ്രസിദ്ധവുമായ ശാസ്ത്ര സംഘമെന്ന ഖ്യാതി മൂസാ ബിന്‍ ശാകിറിന്റെ മക്കളായ മുഹമ്മദ്, ഹസന്‍, അഹ്മദ് എന്നിവരിലേക്കാണ് ചേര്‍ത്തുവെക്കുന്നത്. മുഹമ്മദ് എഞ്ചിനീയറിങിലും അഹ്മദ് ഗോളശാസ്ത്രത്തിലും ഹസന്‍ മെക്കാനിക്കിലും അവഗാഹം നേടിയിരുന്നു. അവര്‍ മൂന്നുപേരും കൂടിച്ചേര്‍ന്ന് രചിച്ച ‘അല്‍ ഹിയല്‍’ എന്ന ഗ്രന്ഥം ശാസ്ത്ര സംഘത്തിന്റെ ആത്മാവിനെ കുറിക്കുന്നതാണ്. പരസ്പര സഹായ സഹകരണത്തോടെ നിര്‍വ്വഹിക്കപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തനത്തിന്റെ രീതിയായിരുന്നു അതിലൂടെ രൂപപ്പെട്ടത്. അതിന്റെ ആദ്യാവസാനം രചയിതാക്കള്‍ ഒരു സംഘമായിട്ടാണ് സംസാരിക്കുന്നത്. അതിലെ ചില ഭാഗങ്ങള്‍ നമുക്ക് വായിക്കാം.
ഒന്നാമത്തെ രൂപം. ഒരു നിശ്ചിത അളവില്‍ മാത്രം വെള്ളമോ പാനീയമോ ഒഴിക്കാന്‍ കഴിയുന്ന ഒരു കോപ്പ എങ്ങനെ ഉണ്ടാക്കുമെന്നതിനെ കുറിച്ച് വിശദീകരിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അതില്‍ ഒരു തുള്ളി കൂടിയാല്‍ മുഴുവന്‍ വെള്ളവും പുറത്ത് പോകും. ഞങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന തുറന്ന വായയോട് കൂടിയ കൂജയെകുറിച്ച് വിവരിക്കാനും ഉദ്ദേശിക്കുന്നു. വെള്ളം അതിലേക്ക് ഒഴിക്കുമ്പോള്‍ അതിന്റെ വായ്ഭാഗത്തിലൂടെ പുറത്ത് വരില്ല, എന്നാല്‍ വെള്ളം ഒഴിക്കല്‍ നിര്‍ത്തിയാല്‍ അതിലൂടെ വരികയും ചെയ്യും. വീണ്ടും ഒഴിച്ചാല്‍ അത് നില്‍ക്കുകയും നിര്‍ത്തുമ്പോള്‍ വീണ്ടും വരികയും ചെയ്യും. ഈ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടേയിരിക്കും. ഇത്തരം വേറെയും ഉദാഹരണങ്ങള്‍ ഉണ്ട്. പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ഒരു ശാസ്ത്ര സംഘമായി മൂസാ ബിന്‍ ശാകിറിന്റെ മക്കളുടെ ബുദ്ധിപാകപ്പെട്ടിരുന്നു എന്നാണിത് വ്യക്തമാക്കുന്നത്. ശാസ്ത്രമേഖലയിലെ കൂട്ടായ ശ്രമത്തിന്റെ പ്രാധാന്യത്തെയും ഇത് കുറിക്കുന്നു.
വ്യത്യസ്ത സവിശേഷതകളുള്ള സഹോദരന്‍മാരുടെ ഈ കൂട്ടായ്മ പൂര്‍ണ്ണമായ ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തിച്ചുവെന്നതില്‍ സംശയമില്ല. വ്യത്യസ്ത മേഖലകളില്‍ നൈപുണ്യം നേടിയവരുടെ പങ്കാളിത്തം കൊണ്ടല്ലാതെ അത് സാധ്യമല്ലെന്നതും സത്യമാണ്. ഭൂമിയുടെ വ്യാസം വളരെ സൂക്ഷ്മമായി അളക്കുന്നതും ഗോളങ്ങള്‍ക്കിടയിലെ ദൂരം അളക്കുന്നതിനുമുള്ള കൂറ്റന്‍ ആസ്‌ട്രോലാബുകളുടെ നിര്‍മ്മാണവും അവയില്‍ പെടുന്നു.
പ്രത്യേകമായ ശാസ്ത്രസംഘങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല പ്രസ്തുത സംവിധാനം. മറിച്ച് മറ്റു പല ശാഖകളിലേക്കും ഇത് വ്യാപിച്ചു. വൈദ്യശാസ്ത്രം, ഔഷധ നിര്‍മ്മാണം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം എന്നീ മേഖലകളിലെ ശാസ്ത്രഞ്ജരുടെ പരസ്പര യോജിപ്പും നമുക്ക് കാണാവുന്നതാണ്. അപ്രകാരം ഭൂമിശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഗോളശാസ്ത്രം എന്നിവയിലും ഈ സഹവര്‍ത്തിത്വം കാണാവുന്നതാണ്.
ഇമാം റാസി തന്റെ ശിഷ്യരില്‍ പ്രയോഗവര്‍കരിച്ച ആശയമാണിത്. ഇബ്‌നു നദീം അദ്ദേഹത്തെ വിശേഷിപ്പിച്ച് പറയുന്നു: ‘ആ കാലഘട്ടത്തിലെ വേറിട്ടതും ശ്രദ്ധേയവുമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. പൂര്‍വ്വപണ്ഡിതന്‍മാരില്‍ നിന്നദ്ദേഹം വിജ്ഞാനങ്ങള്‍ സ്വീകരിച്ചു. പ്രത്യേകിച്ചും വൈദ്യശാസ്ത്രത്തില്‍. വ്യത്യസ്ത നാടുകളില്‍ ചുറ്റി സഞ്ചരിക്കാറുണ്ടായിരുന്നു അദ്ദേഹം. തന്റെ ശിഷ്യരോടൊപ്പം സദസുകളില്‍ സുദീര്‍ഘമായി സമയം ചെലവഴിക്കാറുണ്ടായിരുന്നു. ശിഷ്യരുടെ ശിഷ്യന്‍മാരും മറ്റനേകം പേരും അതില്‍ പങ്കെടുത്തിരുന്നു. ഒരു രോഗി വരുമ്പോള്‍ ആരെയാണോ ആദ്യം കാണുന്നത് അവരാണ് മരുന്ന് നിര്‍ദ്ദേശിച്ചിരുന്നത്. ഒന്നാമത്തെയാള്‍ക്ക് അറിയാത്ത കാര്യമാണെങ്കില്‍ അടുത്ത ആളുടെ അടുത്തേക്ക് രോഗിയെ വിടും. അവര്‍ പറയുന്നത് ശരിയായിട്ടില്ലെങ്കില്‍ റാസി അതിനെ കുറിച്ച് പറയും. അദ്ദേഹം മാന്യനും ആളുകള്‍ക്ക് നന്മചെയ്യുന്നവനുമായിരുന്നു. ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും അനുകമ്പയുണ്ടായിരുന്ന അദ്ദഹം അവര്‍ക്ക് ഭക്ഷണം നല്‍കുകയും അവരെ ചികിത്സിക്കുകയും ചെയ്തിരുന്നു.’
റാസിയുടെ ശിഷ്യര്‍ ഒരു ശാസ്ത്ര സംഘത്തിന് തുല്യമായിരുന്നു. അവരിലേക്ക് എത്തുന്ന വിഷയങ്ങളില്‍ ഒരു ഫലത്തിലേക്ക് എത്തുന്നത് വരെ അവരവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുമായിരുന്നു. അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം ഇമാം റാസി നിരീക്ഷിക്കുകയും കേള്‍ക്കുകയും ശരിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സങ്കീര്‍ണമായ വിഷയങ്ങളെ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്യും. ഭൗതികമായ കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായിരുന്നില്ല അത്. ശറഈ വിജ്ഞാനീയങ്ങളിലും അത് ഉണ്ടായിരുന്നു. ഖുര്‍ആനിലും ഹദീസിലും കര്‍മ്മശാസ്ത്രത്തിലും വിശ്വാസകാര്യങ്ങളിലും അവഗാഹമുണ്ടായിരുന്നവര്‍ ഒരുമിച്ചു കൂടിയിരുന്ന കര്‍മ്മശാസ്ത്ര കൂട്ടായ്മകളും അന്നുണ്ടായിരുന്നു. വൈജ്ഞാനിക ഉണര്‍വിന് ഈ സംരംഭം വളരെയധികം സഹായകമായിരുന്നു.

 

വിവ: അഹമദ് നസീഫ് തിരുവമ്പാടി

 

 

Related Articles