Current Date

Search
Close this search box.
Search
Close this search box.

ആഗോളീകരണ കാലത്തെ ഇസ്‌ലാമിക സംസ്‌കാരം

വളരെ പ്രാധാന്യവും ഗൗരവവുമര്‍ഹിക്കുന്ന വിഷയമാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്. ആഗോളീകരണത്തിന്റെ വിവിധങ്ങളായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഇസ്‌ലാമിക ലോകത്തിന്റെ സംസ്‌കാരിക മണ്ഡലത്തെകുറിച്ച അവലോകനമാണിത്. മതരാഷ്ട്രീയസാമ്പത്തികസാമൂഹികചിന്താഭാഷാ മണ്ഡലങ്ങളെ അത് കാര്യമായി സ്പര്‍ശിച്ചിരിക്കുന്നു. ഇവയെല്ലാം മുസ്‌ലിം സമൂഹത്തിലെ വ്യക്തികളുടെ സ്വഭാവത്തെയും നേതാക്കളുടെ തീരുമാനത്തെയും ബാധിക്കുന്ന, ഉമ്മത്തിന്റെ സംസ്‌കാരവുമായും ചിന്തയുമായും വിശ്വാസവുമായും ബന്ധപ്പെട്ട മേഖലകളാണിവ.

ഇസ്‌ലാമിക ലോകത്തെ സംഭവ വികാസങ്ങളും അവിടത്തെ സാംസ്‌കാരിക നായകരെയും വിലയിരുത്തുമ്പോള്‍ ആഗോളീകരണം ഇരുകരവും സ്വീകരിക്കാന്‍ മാത്രം അവര്‍ അധഃപതിച്ചിരിക്കുന്നുവെന്ന് കാണുന്നു. എന്നല്ല തങ്ങളുടെ അസ്തിത്വം ബലി കഴിച്ച് മറ്റുള്ളവയില്‍ ലയിക്കാനും അവര്‍ തയ്യാറാണ്. നമ്മുടെ നിലവിലുള്ള അവസ്ഥ സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണിത്. നൂറ്റാണ്ടികളായി നാം പാശ്ചാത്യകുതന്ത്രങ്ങളുടെ ഇരകളാണ്. ഇന്നും അത് തന്നെയുമാണ്. നമ്മെ ഈ ദുരവസ്ഥയിലെത്തിച്ചതും അവര്‍ തന്നെയാണ്. നാം സംഭവ ലോകത്തെക്കുറിച്ച് ബോധമുള്ളവരും തന്റേടികളുമാവേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം നാം വഞ്ചിക്കപ്പെടും. മറ്റുള്ളവര്‍ക്ക് അവരുടെതല്ലാത്ത സ്ഥാനം നാം വകവെച്ച് കൊടുക്കരുത്. ബാഹ്യലോകത്ത് നമ്മുടെ പക്ഷം പിടിക്കുകയും നമുക്കെതിരെ ആസൂത്രണം നടത്തുകയും ചെയ്യുന്നവര്‍ക്ക് മുമ്പില്‍ ദുര്‍ബലരാകരുത്. പാശ്ചാത്യര്‍ക്ക് ഒരു പാട് മുസ്‌ലിം സാംസ്‌കാരിക നായകരുടെ പിന്തുണ ഇത്തരുണത്തില്‍ ലഭിച്ചിട്ടുണ്ട്. ഒരു സംശയം പോലും സൃഷ്ടിക്കാതെ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അത് മുഖേന അവര്‍ക്ക് സാധിച്ചിട്ടുമുണ്ട്. നമുക്ക് വേണ്ടി എറിയപ്പെട്ട വലയില്‍ കാര്യത്തിന്റെ ഗൗരവവും അപകടവും മനസ്സിലാക്കാതെ നാം ചെന്ന് ചാടുന്നു. നാം ചരിത്രം ഒരാവര്‍ത്തി വായിക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യര്‍ക്കു ഇസ്‌ലാമിനോടുള്ള ബന്ധവും സമീപനവും, അതിനെ നേരിടാനുള്ള തന്ത്രവും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ സാംസ്‌കാരിക സ്വത്വം വിപാടനം ചെയ്യാനാണ് പടിഞ്ഞാറ് ഉദ്ദേശിക്കുന്നത്. നമ്മുടെ വ്യക്തിത്വം പറിച്ചെറിയാനും അവരുടെ സംസ്‌കാരവും മതവും വിശ്വാസവും പകരം നട്ട് വളര്‍ത്താനും അവരാഗ്രഹിക്കുന്നു. അതോടൊപ്പം അവരുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികമായ ആധിപത്യവും അവര്‍ അടിച്ചേല്‍പിക്കുന്നു. നമുക്ക് പ്രതികരിക്കാനോ, അഭിപ്രായം തുറന്ന് പ്രഖ്യാപിക്കാനോ നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കാനോ പോലും മാര്‍ഗമില്ല.
അതുമാത്രമല്ല ഇസ്‌ലാമികമായ എല്ലാറ്റിനെയും എതിര്‍ക്കുന്ന ആളുകളെ നമുക്കിടയില്‍ സൃഷ്ടിക്കാന്‍ പോലും അവര്‍ക്ക് സാധിച്ചു. ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ അക്കൂട്ടര്‍ ആവശ്യപ്പെടുന്നു. ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഭരണഘടനയില്‍ നിന്നും ഇസ്‌ലാമിനെ മാറ്റി വെക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഇസ്‌ലാമിനെ കേവലം ആരാധനയായി പരിമിതപ്പെടുത്തുന്നു. ഇസ്‌ലാമിക ദര്‍ശനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടവരെ അവര്‍ക്കിടയില്‍ നമുക്ക് കാണാവുന്നതാണ്. മുസ്‌ലിംകളുടെ കഴിവുകളില്‍ സംശയം പ്രകടിപ്പിക്കുകയും അവരുടെ നേട്ടങ്ങളെ പാശ്ചാത്യരിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നവരുമുണ്ട്. ഇതല്ലേ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ?
ഒരു പക്ഷെ ചിലര്‍ ഇപ്രകാരം പറഞ്ഞേക്കാം. തെറ്റ് നമ്മുടെതാണ്. നാമല്ലേ ഈ ദുരവസ്ഥക്ക് കാരണക്കാര്‍? ഞാന്‍ അവരോട് യോജിക്കുന്നു. പക്ഷെ സംഭവലോകത്തെ വിലയിരുത്തുന്നവര്‍ എന്ന നിലക്ക് നമ്മെ ഇവിടെക്ക് തള്ളി വിട്ട കാരണങ്ങള്‍ കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ആരാണ് അതിന് പിന്നില്‍? അത് കൊണ്ട് തന്നെ ചില ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്.
എപ്പോള്‍ മുതലാണ് പാശ്ചാത്യര്‍ പൗരസ്ത്യ ദേശത്തെ പരിചയപ്പെടുന്നത് ? എന്തായിരുന്നു പ്രസ്തുത ബന്ധത്തിന്റെ പ്രചോദനം? എന്തായിരുന്നു അവരുടെ ലക്ഷ്യവും ഉദ്ദേശവും? എന്തായിരുന്നു കിഴക്കിനെക്കുറിച്ച് അവരുടെ അഭിപ്രായം? അറബ്ഇസ്‌ലാമിക സംസ്‌കാരത്തില്‍ എന്തെല്ലാം സ്വാധീനമാണ് അവര്‍ വരുത്തിയത്?
ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം കൊണ്ട് നമുക്ക് തുടങ്ങാം. എന്ന് മുതലാണ് പടിഞ്ഞാറ് കിഴക്കിനെക്കുറിച്ച് അറിയുന്നത്?
നൂറ്റാണ്ടുകള്‍ നീണ്ട സഹവാസത്തിലൂടെയാണ് പാശ്ചാത്യര്‍ പൗരസ്ത്യ ദേശത്തെ മനസ്സിലാക്കിയത്. ധാരാളം എഴുത്തുകാരിലൂടെയും യാത്രാവിവരണത്തിലൂടെയും ചരിത്രകാരന്‍മാരിലൂടെയും അവര്‍ കിഴക്കിനെ മനസ്സിലാക്കി. യൂറോപ്പ് വിവിധങ്ങളായ മാര്‍ഗത്തിലൂടെ കിഴക്കുമായി ബന്ധം പുലര്‍ത്തി. കച്ചവട ബന്ധത്തിലൂടെ ആരംഭിച്ച ഈ ബന്ധം കന്‍ആനികളുടെ കാലത്താണ് ആരംഭിച്ചത്. പിന്നീട് യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ബന്ധമായിരുന്നു തുടര്‍ന്നുണ്ടായത്. ബി സി നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടറിന്റെ കാലത്തായിരുന്നു അത്. പാശ്ചാത്യര്‍ അധിനിവേശം മുന്‍നിര്‍ത്തി കിഴക്കിനെ പഠിക്കാന്‍ ആരംഭിച്ചത് ഇക്കാലത്തായിരുന്നു. ഇവിടെ നിന്നാണ് ഓറിയന്റെലിസത്തിന്റെ പ്രാരംഭം.

ഓറിയന്റലിസ്റ്റ് രചനകളിലൂടെയും ചര്‍ച്ചുകളിലൂടെയും യൂറോപ്പില്‍ സമര്‍പ്പിക്കപ്പെട്ട ഇസ്‌ലാമിന്റെ രൂപം

ക്രൈസ്തവ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ ഘോരമായ ആക്രമണമാണ് ഇസ്‌ലാമിനും പ്രവാചകനും നേരെ അഴിച്ച് വിട്ടത്. ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ റിച്ചാര്‍ഡ് സോസ്‌റന്‍ തന്റെ ‘മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ ഇസ്‌ലാമിന്റെ മുഖം’ എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സമകാലികനായിരുന്ന നോര്‍മാന്‍ ഡാനിയേല്‍ ‘അറേബ്യയും യൂറോപ്പും മധ്യകാല ഘട്ടത്തില്‍’ എന്ന കൃതിയിലും ഇസ്‌ലാമിനെതിരെയുള്ള പാശ്ചാത്യരുടെ കഠിനമായ വിവേചന നയത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ മേല്‍ വളരെ വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കലും അവരുടെ പതിവായിരുന്നു. യാഥാര്‍ത്ഥ്യങ്ങളുമായോ സംഭവ ലോകവുമായോ അവക്ക് പുലബന്ധം പോലുമുണ്ടായിരുന്നില്ല. പ്രവാചകന്റെ വ്യക്തിത്വം വികലമാക്കാനും അത് മുഖേന ജനങ്ങള്‍ ദീനില്‍ നിന്നും അകന്ന് പോവാനും വേണ്ടിയായിരുന്നു ഇത്. അവര്‍ കെട്ടിച്ചമച്ച കഥകളൊന്നും നാമിവിടെ ഉദ്ധരിക്കുന്നില്ല. നമ്മോടുള്ള സമീപനത്തില്‍ എല്ലാവിധ മാന്യതയും മര്യാദയും പ്രതിപക്ഷ ബഹുമാനവും ബലികഴിക്കുന്നവരാണ് അവര്‍ എന്നാണ് നാം സൂചിപ്പിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിനോടടുത്ത് അവരുടെ സമീപനത്തില്‍ കാതലായ മാറ്റമുണ്ടായിട്ടുണ്ടെന്ന് ഒരു പക്ഷെ ചിലര്‍ അവകാശപ്പെട്ടേക്കാം. പ്രത്യേകിച്ചും അവസാനകാലത്ത്. ഓറിയന്റലിസത്തെയും, ഫ്രാന്‍സിലും ജര്‍മനിയിലും ബ്രിട്ടനിലുമുള്ള അവരുടെ സ്‌കൂളുകളെയും കുറിച്ച എന്റെ പഠനത്തില്‍ നിന്നും ബോധ്യമാവുന്നത് പൂര്‍വ്വകാല ഓറിയന്റലിസ്റ്റുകള്‍ എഴുതി വെച്ച അജണ്ടയില്‍ നിന്നും ഒരളവ് പിന്നാക്കം പോവാന്‍ അവര്‍ തയ്യാറല്ല എന്നാണ്.

ഓറിയന്റലിസത്തിന്റെ ലക്ഷ്യങ്ങളും ഫലവും
എഡ്വാര്‍ഡ് സഈദ്, ഉസ്താദ് ആസ്ത്വീഫ്, ഡോ. അന്‍വര്‍ അബ്ദുല്‍ മലിക് തുടങ്ങിയ അറബ് ഗവേഷകരുടെ കണ്ടെത്തലുകളനുസരിച്ച് ഓറിയന്റലിസ്റ്റ് എന്ന പ്രയോഗത്തില്‍ നിന്നും അവര്‍ പിന്‍വാങ്ങുന്നത് 1973ല്‍ പാരീസില്‍ ചേര്‍ന്ന പത്തൊമ്പതാമത് അന്തര്‍ദേശീയ സമ്മേളനത്തിലാണ്. ജൂത ഓറിയന്റലിസ്റ്റായ ബെര്‍നാര്‍ഡ് ലൂയിസ് ഇപ്രകാരം പറഞ്ഞുവത്രെ. ‘ഓറിയന്റലിസം എന്ന നാമം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയേണ്ടിയിരിക്കുന്നു’. നാമം ഒഴിവാക്കിയെങ്കിലും തങ്ങളുടെ ഉദ്യമത്തില്‍ നിന്നും അവര്‍ പിന്മാറിയില്ല. അക്കാര്യം ഈ സമ്മേളനത്തില്‍ തന്നെ അവര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നല്ല ഓറിയന്റലിസത്തിന് പകരമായി പുതിയ സാങ്കേതികത്വം അവര്‍ ആവിശ്കരിക്കുകയുണ്ടായി. കിഴക്കിനെ പഠിക്കാനും, കീഴ്‌പെടുത്താനും അധിനിവേശത്തിന്റെ ഏറ്റവും അപകടകരമായ മാര്‍ഗമായി അവര്‍ സമര്‍പ്പിച്ച പുതിയ പ്രയോഗം ‘ആഗോളികരണം’ എന്നായിരുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles