Current Date

Search
Close this search box.
Search
Close this search box.

അടിമകള്‍ നാഗരികത നിര്‍മ്മിക്കുകയില്ല

 

മൂല്യങ്ങള്‍ക്ക് മൂല്യശോഷണം സംഭവിക്കുന്നത് കാണുമ്പോള്‍ മനുഷ്യന്‍ എന്താണ് ചെയ്യുക? തന്റെ നാഗരികതയുടെ അടിവേര് പുഴുക്കള്‍ കാര്‍ന്നു തിന്നുകയും അത് ചക്രശ്വാസം വലിക്കുകയും ചെയ്യുമ്പോള്‍ എന്തായിരിക്കുമവന്റെ പ്രതികരണം? സസ്യലതാദികളുടെ പച്ചപ്പ് വെട്ടുകിളികള്‍ വിഴുങ്ങുകയും അവയുടെ ഇലകള്‍ കൊത്തിത്തിന്നുകയും ചെയ്യുമ്പോള്‍ മറ്റ് പക്ഷികള്‍ക്ക് ബന്ധപ്പെട്ടവതങ്ങളുടെ കൂടുകളുപേക്ഷിച്ച് മറ്റൊരിടം തേടി പോവേണ്ടിവരുന്നു.

 

അടിമത്വത്തിന് പാകപ്പെടല്‍

 

അക്രമം ജീവിതത്തിലെ ദുരന്തമാണെന്നതില്‍ സംശയമില്ല. ആ ദുരന്തത്തെ വിശകലനം ചെയ്യുന്ന ഗൗരവതരമായ ഗവേഷണങ്ങള്‍ കൊണ്ട് അവയെ പിടിച്ചു വെക്കാനുമായിട്ടില്ല. ദുരന്തത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും പഠനങ്ങളും നിലനില്‍ക്കെ തന്നെ അക്രമത്തിന്റെ കരിനിഴലുകളും പ്രതിധ്വനികളും നിലവിളികള്‍ക്കും ആവലാതികള്‍ക്കുമിടയില്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
സേഛാധിപത്യം, അധിനിവേശം, ഏകാധിപത്യം പോലുള്ള ആശയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് അക്രമം. വിഷലിപ്തമായ അതിന്റെ ഫലങ്ങളാണ് പക്ഷപാതിത്വത്തിന്റെയും തീവ്രവാദത്തിന്റെയും രൂപത്തില്‍ പ്രകടമാവുന്നത്. ആ വീര്‍പ്പുമുട്ടലിനെ കുറിച്ച് നാം ആവലാതിപ്പെടുകയും രഹസ്യമായി അതിന്റെ അപകടങ്ങളെ കുറിച്ച് പിറുപിറുക്കുകയും ചെയ്യുന്നു. ഗവേഷകരും പഠിതാക്കളും, മാനവിക വിജ്ഞാനീയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേകിച്ചും അതിക്രമങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. പഠനത്തിനും നിരൂപണത്തിനും മറ്റേതുവിഷയത്തെക്കാളും പരിഗണനാര്‍ഹമായ കാര്യമാണെന്നിരിക്കെയാണിത്.
ചുറ്റുപാടുമുള്ള സംഭവവികാസങ്ങളെയും, പ്രശ്‌നങ്ങളെയും കുറിച്ച് അവര്‍ സംസാരിക്കാത്തതെന്തുകൊണ്ട്? ഒരു തരം ആത്മഹത്യതന്നെയാണത്. മനുഷ്യന്‍ എങ്ങനെയാണ് അടിമത്വത്തിന്റെ ചങ്ങലകളില്‍ പെടുന്നത്? തന്നെ പോലെയുള്ളവന്റെ ആധിപത്യത്തിനവന്‍ കീഴ്‌പ്പെടുന്നതെങ്ങനെ? അവന്‍ ഭക്ഷിക്കുന്നതു പോലെ ഭക്ഷിക്കുകയും കുടിക്കുന്നത് പോലെ കുടിക്കുകയും ചെയ്യുന്നവനാണല്ലോ മറ്റവനും.
തങ്ങള്‍ നല്‍കിയിട്ടുള്ള അധികാരം മാത്രം കൈവശമുള്ള അക്രമിയെ ജനങ്ങള്‍ എങ്ങനെയാണ് സഹിക്കുന്നത് എന്ന് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്. അവരെ ദ്രോഹിക്കാനുള്ള യാതൊരു ശക്തിയുമയാള്‍ക്കില്ല. ലക്ഷക്കണക്കിനാളുകള്‍ അവരെ സേവിക്കുന്നു എന്നത് അത്ഭുതത്തേക്കാളേറെ വേദനാജനകമായ കാര്യമാണ്. വന്‍ശക്തികള്‍ക്കു മുന്നില്‍ അവരുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ മയക്കപ്പെട്ടിരിക്കുന്നു.
അല്ലാഹു കല്‍പ്പിക്കാത്ത കാര്യങ്ങളില്‍ ധിക്കാരികള്‍ക്ക് കീഴ്‌പ്പെടുകയും സേവചെയ്യുകയും ചെയ്യുന്ന ദുര്‍ബലരെ ഖുര്‍ആന്‍ ആക്ഷേപിക്കുന്നു. ‘സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: ‘നിങ്ങള്‍ ഏതവസ്ഥയിലാണുണ്ടായിരുന്നത്?’ അവര്‍ പറയും: ‘ഭൂമിയില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു.’ മലക്കുകള്‍ ചോദിക്കും: ‘അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് നാടുവിട്ടെവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ?’ അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യഥാര്‍ഥത്തില്‍ തന്നെ എന്തെങ്കിലും തന്ത്രമോ രക്ഷാമാര്‍ഗമോ കണ്ടെത്താനാവാതെ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാണ്. അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പേകിയേക്കാം. അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണല്ലോ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിയുന്നവന് ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും വിശാലമായ ജീവിത സൗകര്യങ്ങളും കണ്ടെത്താം. വീടുവെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും അഭയം തേടി പുറപ്പെട്ടവന്‍ വഴിയില്‍വെച്ച് മരണപ്പെടുകയാണെങ്കില്‍ ഉറപ്പായും അവന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.’ (അന്നിസാഅ് 97-100)
അടിച്ചമര്‍ത്തപ്പെട്ടവരും അടിച്ചമര്‍ത്തിയവരും തമ്മില്‍ നരകത്തില്‍ നടക്കുന്ന ചില സംഭാഷണങ്ങള്‍ ഖുര്‍ആന്‍ ചിത്രീകരിക്കുന്നുണ്ട്. ഞങ്ങളെ പ്രലോഭിപ്പിക്കുയായിരുന്നുവെന്ന് ദുര്‍ബലര്‍ ആവലാതി ബോധിപ്പിക്കുമ്പോള്‍ തങ്ങള്‍ നിരപരാധികളെന്ന് പറഞ്ഞ് നേതൃത്വം കയ്യൊഴിയും. ഇത്തരം ന്യായീകരണം ദുര്‍ബലരെ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അകറ്റുന്നില്ലെന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. അത് അവരുടെ ശിക്ഷയെ ലഘുകരിക്കുകയുമില്ല.
‘സത്യനിഷേധികള്‍ പറയുന്നു: ‘ഞങ്ങള്‍ ഈ ഖുര്‍ആനിലൊരിക്കലും വിശ്വസിക്കില്ല. അതിനു മുമ്പുള്ള വേദങ്ങളിലും വിശ്വസിക്കില്ല.’ ഈ അതിക്രമികളെ അവരുടെ നാഥന്റെ അടുത്തു നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍! അന്നേരമവര്‍ പരസ്പരം കുറ്റാരോപണം നടത്തിക്കൊണ്ടിരിക്കും. ഇഹലോകത്ത് മര്‍ദിച്ചൊതുക്കപ്പെട്ടിരുന്നവര്‍ അഹന്ത നടിച്ചിരുന്നവരോടു പറയും: ‘നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ. അഹങ്കരിച്ചിരുന്നവര്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നവരോട് പറയും: ‘നിങ്ങള്‍ക്ക് നേര്‍വഴി വന്നെത്തിയശേഷം നിങ്ങളെ അതില്‍നിന്ന് തടഞ്ഞുനിര്‍ത്തിയത് ഞങ്ങളാണോ? അല്ല; നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടിരുന്നവര്‍ അഹന്ത നടിച്ചിരുന്നവരോടു പറയും: ‘അല്ല, രാപകലുകളിലെ നിങ്ങളുടെ കുതന്ത്രത്തിന്റെ ഫലമാണിത്. ഞങ്ങള്‍ അല്ലാഹുവെ നിഷേധിക്കാനും അവനു സമന്മാരെ സങ്കല്‍പിക്കാനും നിങ്ങള്‍ കല്‍പിച്ചുകൊണ്ടിരുന്ന കാര്യം ഓര്‍ക്കുക.’അവസാനം ശിക്ഷ കാണുമ്പോള്‍ അവര്‍ ദുഃഖം ഉള്ളിലൊളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തില്‍ നാം കൂച്ചുവിലങ്ങിടും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമല്ലേ അവര്‍ക്കുണ്ടാവൂ.’ (സബഅ്: 31-33)
‘നരകത്തില്‍ അവര്‍ അന്യോന്യം കശപിശ കൂടുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. അപ്പോള്‍ ഭൂമിയില്‍ ദുര്‍ബലരായിരുന്നവര്‍ കേമന്മാരായി നടിച്ചിരുന്നവരോടു പറയും: ‘തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റിക്കഴിയുകയായിരുന്നു. അതിനാല്‍ ഞങ്ങളെ ഈ നരകശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷിക്കാന്‍ നിങ്ങള്‍ക്കാകുമോ? കേമത്തം നടിച്ചവര്‍ പറയും: ‘തീര്‍ച്ചയായും നാമൊക്കെ ഇവിടെ ഈ അവസ്ഥയിലാണ്. അല്ലാഹു തന്റെ ദാസന്മാര്‍ക്കിടയില്‍ വിധി നടപ്പാക്കിക്കഴിഞ്ഞു.’ (ഗാഫിര്‍: 47-48) ദുര്‍ബലരുടെ ഉത്തരവാദിത്വത്തെ ചിത്രീകരിക്കുന്ന വേറെയും ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ധിക്കാരികള്‍ക്കുള്ള അവരുടെ വിധേയത്വത്തിന്റെയും കീഴ്‌പ്പെടലിന്റെയും പരിണിതി അവ വ്യക്തമാക്കുന്നു.
പ്രവര്‍ത്തന മാര്‍ഗത്തില്‍ വിശ്വാസി അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ തരണം ചെയ്യണമെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ശത്രുക്കളെ നേരിടാനാവശ്യമായ ആയുധങ്ങള്‍ അവനൊരുക്കണം. ഭീരുത്വത്തെ മറികടക്കാന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നത് മുഖേന സാധിക്കും. അല്ലാഹുവിലുള്ള ദൃഢവിശ്വാസം കൊണ്ട് ഭയത്തെ തോല്‍പ്പിക്കാം. ഐഹികതാത്പര്യങ്ങളെ മനോദാര്‍ഢ്യം കൊണ്ടും നേരിടാം. ആക്ഷേപങ്ങള്‍, പ്രശംസകള്‍, മറ്റ് സാമൂഹ്യബന്ധനങ്ങള്‍ എന്നിവകള്‍ക്കെതരെ ആയുധമണിയേണ്ടതുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലവന്‍ ഒരു ആക്ഷേപത്തെയും ഭയക്കുകയില്ല. പ്രശംസകരുടെ പ്രശംസയില്‍ തന്റെ കുറ്റങ്ങളും കുറവുകളും തിരിച്ചറിയാതിരിക്കുകയുമില്ല.
മക്കയിലെ അവിവേകികളുടെ മേലുണ്ടായിരുന്ന ചങ്ങലകളാണ് നിന്ദ്യമായ അടിമത്വത്തിലേക്കവരെ തള്ളിവിട്ടത്. ഇസ്‌ലാമിന്റെ സന്ദേശം അവരിലേക്ക് എത്തിയപ്പോഴാണ് അവരാ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞത്.
‘തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു.’ (അല്‍ അഅ്‌റാഫ്: 157)
തെറ്റായ ചിന്തകളും വ്യതിചലിച്ച സങ്കല്‍പങ്ങളുമാണ് ഇന്ന് നിന്ദ്യമായ അടിമത്വത്തില്‍ നിന്ന് മാറുന്നതിന് മുസ്‌ലിംകള്‍ക്ക് തടസ്സമായിട്ടുള്ളത്. അവരുടെ മേല്‍ ബന്ധിച്ചിരിക്കുന്ന ചങ്ങലകള്‍ എടുത്തു കളയാന്‍ ആ തെറ്റായ ചിന്തകളെ ശരിപ്പെടുത്തുകയല്ലാതെ വേറെ വഴിയൊന്നുമില്ല. അവയില്‍ ചിലത് നമുക്ക് പരിശോധിക്കാം:-
– അല്ലാഹുവല്ലാതെ ഇലാഹില്ലെന്നത് കേവലം ഒരു വാക്യം മാത്രമാണെന്നും, ജീവിതത്തില്‍ അതിന് പ്രത്യേകിച്ച് സ്വാധീനമില്ലെന്നുമുള്ള വിശ്വാസം.
– മനുഷ്യരെ സൃഷ്ടിച്ചതിന്റെ തന്നെ ഉദ്ദേശ്യമായ ഇബാദത്തിനെ കേവലം ചിഹ്നങ്ങളില്‍ ഒതുക്കി. ‘ജിന്നുകളെയും മനുഷ്യരെയും എനിക്കു ഇബാദത്ത് ചെയ്യാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.’ എന്നാണ് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്ദേശ്യമായി പറയുന്നത്.
– നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനം പരിഗണിക്കാതെ ഏതൊരു ഭരണകൂടത്തിനും കീഴ്‌പ്പെടുകയും അവരാണ് കൈകാര്യകര്‍ത്താക്കള്‍ എന്നു വാദിക്കുകയും ചെയ്യുക.
ഉലൂഹിയത്ത്, മനുഷ്യന്‍, ജീവിതം, പ്രപഞ്ചം എന്നിവയുടെ യാഥാര്‍ഥ്യം വ്യക്തമാകാത്തതാണ് അടിമത്തമെന്ന ദുരന്തത്തിലേക്ക് നയിക്കുന്നത്. ശരിയായ ഇസ്‌ലാമിക ചിന്തകളെ കുറിച്ച അജ്ഞതയും അശ്രദ്ധയും, അവയുടെ തെറ്റായ പ്രയോഗത്തിന്റെയും കഥയാണ് അടിമകളാക്കപ്പെട്ടവരുടെ ജീവിതം. മുസ്‌ലിം സമൂഹത്തിന്റെ ധാര്‍മ്മികവും രാഷ്ട്രീയവുമായ എല്ലാ പരാജയത്തിന്റെയും അടിവേര് ഇസ്‌ലാമിക ചിന്തകളോട് അവര്‍ കാണിച്ച വഞ്ചനയുടെ ഫലമാണ്.
മുസ്‌ലിംകളുടെ അധോഗതിക്കും രാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ള പിന്നാക്കാവസ്ഥക്കും കാരണം പ്രായോഗിക ജീവിതത്തില്‍ ഇസ്‌ലാമിന്റെ സ്വാധീനം ദുര്‍ബലമായതു തന്നെയാണ്. യഥാര്‍ഥ രൂപത്തില്‍ ഇസ്‌ലാമിനെ മുറുകെ പിടിക്കുകയാണെങ്കില്‍ നമ്മെ അടിമകളാക്കാനോ അവിവേകത്തില്‍ അകപ്പെടുത്താനോ നമ്മുടെ ഐക്യം തകര്‍ക്കാനോ ഒരു ശക്തിക്കും സാധിക്കുകയില്ല.
ഇസ്‌ലാമിനെ അതിന്റെ ആളുകള്‍ കൈവെടിയുന്ന പ്രതിഭാസം ഇസ്‌ലാമിക ചിന്തകളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍ വ്യക്തമാണ്. ജീവിതത്തില്‍ നിന്ന് ഇസ്‌ലാമിനെ അകറ്റിയതിന്റെ ഫലമാണ് തെറ്റായ തരത്തില്‍ ഇസ്‌ലാമിനെ ചിത്രീകരിക്കുകയും കരിവാരിത്തേക്കുകയും ചെയ്യുന്നതിലേക്കെത്തിക്കുന്നത്. ഖുര്‍ആനോടുള്ള നമ്മുടെ സമീപനം മാത്രം പരിശോധിച്ചാല്‍ അത് വളരെ വ്യക്തമാകുന്നുണ്ട്. ഖുര്‍ആനിനോടുള്ള ആത്മാര്‍ഥത നിലച്ചിട്ടില്ല. എന്നാല്‍ പ്രായോഗീകരണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഖുര്‍ആന്‍ നല്‍കുന്ന ആത്മീയത ആളുകളുടെ ഹൃദയങ്ങളില്‍ അവശേഷിക്കുമ്പോഴും ബുദ്ധിപരമായി അവരതിനെ ഉള്‍ക്കൊള്ളുന്നില്ല. ഖുര്‍ആനിനെ ഭരണഘടനയും ജീവിതപദ്ധതിയുമായി കാണുന്നതില്‍ അലംഭാവം കാണിച്ച അവര്‍ അതിന്റെ വിശുദ്ധത മാത്രം വകവെച്ചു നല്‍കി. ഖുര്‍ആന്‍ പഠനവും വ്യാഖ്യാനവും പദസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് കീഴ്‌പ്പെട്ടു. അതിന്റെ സത്ത വാക്യഘടനയില്‍ ഒതുങ്ങി. അതിന്റെ ധൈഷണിക മഹത്വം കേവലം മനഃപാഠമാക്കലിലും കുരുങ്ങി. ഖുര്‍ആന്‍ പ്രേരിപ്പിക്കുന്ന ധര്‍മ്മസമരവും സ്ഥൈര്യവും ശരീരത്തെയും ധനത്തെയും ബലിയര്‍പ്പണവും ശബ്ദ സൗകുമാര്യത്തോടെയുള്ള പാരായണത്തിലും മനഃപാഠമാക്കുന്നതിലും അലിഞ്ഞില്ലാതെയായി. ഇന്ന് മുസ്‌ലിം സമൂഹം ചെന്നെത്തിയിരിക്കുന്നത് ഈ അവസ്ഥയിലാണ്.
ഖുര്‍ആനിനോട് നീതി പുലര്‍ത്താന്‍ സാധിക്കാത്ത മുസ്‌ലിംകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഉദാഹരണമാണിത്. ഖുര്‍ആനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള മനോദാര്‍ഢ്യമോ ശക്തിയോ അവര്‍ക്കില്ല. ഖുര്‍ആന്‍ ഈണത്തില്‍ പാരായണം ചെയ്യുന്നതിന് ആളുകള്‍ നല്‍കുന്ന അമിത പ്രാധാന്യം അവരുടെ തന്നെ വ്യാഖ്യാനമായേക്കാം. ഖുര്‍ആന്‍ പാരായണം ചെയ്യുകയും വിശദീകരിക്കുകയും വീണ്ടും പാരായണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്ന പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ആയിരം തവണയിത് ആവര്‍ത്തിക്കുമ്പോഴും ഒരിക്കല്‍ പോലും ജീവിതത്തില്‍ പകര്‍ത്തുന്നില്ല.
വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് മുസ്‌ലിംകളുടെ സംഭവലോകം. അവരുടെ വാക്കുകളും പ്രവര്‍ത്തികളും വിപരീത ദിശകളിലാണ്. ഉത്തരവാദിത്വത്തില്‍ നിന്ന് വ്യതിചലിക്കുകയും അതുമുഖേന അക്രമവും കുഴപ്പങ്ങളും ഭീരുത്വവും അവര്‍ക്കിടയില്‍ വ്യാപിക്കുകയും ചെയ്തിരിക്കുന്നു. മതപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ അനാവശ്യമായ കാര്‍ക്കശ്യം പുലര്‍ത്തുകയും പ്രകോപനപരമായ ചിഹ്നങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവര്‍ക്ക് മുമ്പില്‍ ഉന്നതമായ മാതൃക സമര്‍പ്പിക്കപെടേണ്ടിയിരിക്കുന്നു. നേരത്തെ ഖുര്‍ആനിന്റ കാര്യത്തില്‍ കണ്ടപോലെ ക്രിയാത്മകമായ വിശ്വാസത്തിന്റെ അഭാവമാണ് ഈ വൈരുദ്ധ്യങ്ങളിലെല്ലാം പ്രകടമാവുന്നത്. ഖുര്‍ആനിനോടുള്ള അതിയായ ആവേശത്തോടൊപ്പം അതിന്റെ അധ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനോട് തികഞ്ഞ അവഗണനയുമാണുള്ളത്. അല്ലാഹുവിന്റെ ഗ്രന്ഥത്തോട് കാണിക്കുന്ന ഈ ഇരട്ടത്താപ്പ് നയമാണ് അതിക്രമത്തിനും അടിമത്വത്തിനുമുള്ള മുഖ്യമായ കാരണം.

 

നഷ്ടപ്പെട്ട സ്വാതന്ത്ര്യം
എല്ലാ ജാഹിലിയ്യാ വ്യവസ്ഥകളിലും നേതാവിനെയും അനുയായികളെയും വേര്‍തിരിച്ചിരുന്ന പ്രതാപത്തിന്റെയും മഹത്വത്തിന്റെയും അടയാളം അക്രമത്തിനുള്ള കഴിവായിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി അക്രമത്തെ ശക്തമായി അപലപിക്കുകയാണ് ചെയ്തത്. അതിന്റെ എല്ലാ രൂപഭാവങ്ങളെയും വെറുക്കുകയും ചെയ്തു. അക്രമം തടയുന്നവരെയും അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നവരെയും ഖുര്‍ആന്‍ പ്രശംസിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. ‘തങ്ങള്‍ അതിക്രമങ്ങള്‍ക്കിരയായാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവരും. തിന്മക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മ തന്നെ. എന്നാല്‍ ആരെങ്കിലും മാപ്പേകുകയും യോജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അവന് പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ ബാധ്യതയത്രേ. അവന്‍ അക്രമികളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അക്രമത്തിനിരയായവര്‍ ആത്മരക്ഷാപ്രവര്‍ത്തനം നടത്തുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ കുറ്റക്കാരല്ല. ജനങ്ങളെ ദ്രോഹിക്കുകയും അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് കുറ്റക്കാര്‍. അത്തരക്കാര്‍ക്കു തന്നെയാണ് നോവേറിയ ശിക്ഷയുള്ളത്.’ (അശ്ശൂറാ: 39-42)
മുസ്‌ലിം സമുദായം അക്രമത്തിന് വഴങ്ങുന്നതിനെയും അതിനെ പ്രതിരോധിക്കാതിരിക്കുന്നതിനെയു അതിന്റെ നാശമായാണ് പ്രവാചകന്‍ വിവരിക്കുന്നത്. ‘അക്രമിയെ പേടിച്ച് അവനോട് അക്രമി എന്ന് തുറന്ന് പറയാന്‍ എന്റെ സമുദായം പേടിക്കുന്നതായി നീ കണ്ടാല്‍ ഉറപ്പിച്ചോളൂ, അവരോട് (അല്ലാഹു) വിടപറഞ്ഞിരിക്കുന്നു” (അഹ്മദ്)
അക്രമത്തിനെതിരെ നീതിയെ സഹായിക്കാനും അസത്യത്തിന്റെ ആളുകള്‍ക്കെതിരില്‍ സത്യത്തെ പിന്തുണക്കാനും നമ്മുടെ സന്താനങ്ങളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ തന്റെ ‘അസ്‌റാറെ ഖുദി’ യുടെ മുഖവുരയില്‍ പറയുന്നു: ‘പട്ടണത്തിലൂടെ ചുറ്റി നടക്കുന്ന ഒരു വൃദ്ധനെ ഞാന്‍ ഇന്നലെ കണ്ടു. കയ്യില്‍ ഒരു പന്തം പിടിച്ച് എന്തോ തിരയുകയാണയാള്‍. എന്താണന്വേഷിക്കുന്നതെന്ന് ഞാനന്വേഷിച്ചു. ‘ഹിംസ്രജന്തുകളോടും മൃഗങ്ങളോടുമൊപ്പമുള്ള സഹവാസം എനിക്ക് മടുത്തു. അതില്‍ കുടുസ്സതയനുഭവിക്കുകയാണ് ഞാന്‍. ലോകത്ത് ഒരു മനുഷ്യനെയാണ് ഞാന്‍ തിരയുന്നത്. ചുറ്റും കാണുന്ന അലസന്‍മാരിലും നിന്ദ്യന്‍മാരിലും എനിക്ക് വീര്‍പ്പുമുട്ടുന്നു. ആളുകളിലെ വ്യക്തിതവും ആണത്വവും കൊണ്ട് എന്റെ കണ്ണും മനസും നിറക്കാന്‍ പറ്റിയ ഉന്നതരും ധീരരുമായവരെയാണ് ഞാന്‍ തേടുന്നത്.’ ഞാന്‍ അയാളോട് പറഞ്ഞു: ‘നീ നിന്നെ തന്നെ വഞ്ചിച്ചിരിക്കുകയാണ്. ഫിനിക്‌സ് പക്ഷിയെ വേട്ടയാടാന് താങ്കള്‍ പുറപ്പെട്ടിരിക്കുന്നത്. അല്ലാഹുവാണ, അതിന് ശ്രമിക്കാതിരിക്കുകയാണ് താങ്കള്‍ക്കുത്തമം. നീ വന്നിടത്തേക്കു തിരിച്ചു പോവുക. ഞാനതിന് വളരെയേറെ ശ്രമിച്ചവനാണ്. എന്റെ കാലുകള്‍ തളര്‍ന്നിരിക്കുന്നു. നാടുകളില്‍ ചുറ്റിതിരിഞ്ഞു. എന്നാല്‍ അത്തരം ഒരു ജീവിയെയോ അതിന്റെ അടയാളത്തെയോ എനിക്ക് കാണാനായില്ല. അപ്പോള്‍ വൃദ്ധന്‍ പറഞ്ഞു: ‘മാറിനില്‍ക്കൂ മനുഷ്യാ, എനിക്ക് ഏറ്റവും പ്രിയങ്കരവും നേടിയെടുക്കാന്‍ വളരെ പ്രയാസകരവുമായതാണ് അത്. അതിനെത്തേടിയാണ് ഞാന്‍ നടക്കുന്നതും.’
ആളുകളെ അടിമയാക്കലും അവരെ അടിച്ചമര്‍ത്തലുമല്ല തന്റെ പുരോഗതി എന്ന് മനസിലാക്കിയ ഈ മനുഷ്യന്‍ ഇന്നെവിടെ? ‘അടിമകളുടെ അടിമത്വത്തില്‍ നിന്നും ദൈവത്തിന്റെ അടിമത്വത്തിലേക്ക് മോചിപ്പിക്കുന്നതിനാണ് അല്ലാഹു ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്. ഐഹികതയുടെ കുടുസ്സതയില്‍ നിന്നും അതിന്റെ വിശാലതയിലേക്കും മതങ്ങളുടെ അക്രമത്തില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും’ എന്ന രിബിയ്യ് ബിന്‍ ആമിറിന്റെ വാക്കുകള്‍ പ്രസിദ്ധമാണല്ലോ. ഭൂമിയുടെയും മുഴുവന്‍ മനുഷ്യരുടെയും നന്മക്ക് വേണ്ടി ആത്മാര്‍ത്ഥയോടെ പണിയെടുക്കുന്ന അത്തരക്കാരെവിടെ?
ജനങ്ങളെല്ലാം അല്ലാഹുവിന്റെ മാത്രം അടിമകളാണെന്നവന്‍ തിരിച്ചറിയുന്നു. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് അവന്‍ അല്ലാഹുവിന്റെ മാത്രം അടിമയാവുക. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് അല്ലാഹുവിനല്ലാതെ നിയമ നിര്‍മ്മാണധികാരമോ അവനില്‍ നിന്നല്ലാതെ ശരീഅത്തോ ഇല്ലെന്നത് അറബി ഭാഷയുടെ പ്രയോഗങ്ങള്‍ മനസിലാക്കുവര്‍ക്ക് വ്യക്തമാണ്. സര്‍വ്വാധികാരങ്ങളും അല്ലാഹുവിന് മാത്രമാകുമ്പോള്‍ ഒരാള്‍ക്കും മറ്റൊരാളുടെ മേല്‍ അധികാരം ഉണ്ടായിരിക്കുകയില്ല. മനുഷ്യരെ വേര്‍തിരിക്കുന്ന ഏക ഘടകം ആദര്‍ശമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതിന് കീഴില്‍ അറബിയും ഇന്ത്യക്കാരനും റോമക്കാരനും അടക്കമുള്ള മുഴുവന്‍ ആളുകളും സമന്‍മാരാണ്.
അബൂ ഉസ്മാന്‍ ഹംദി ഉദ്ധിരിക്കുന്ന വളരെ പ്രസിദ്ധമായ സംഭവമുണ്ട്. ‘പേര്‍ഷ്യന്‍ രാജാവിനെ കാണാനെത്തിയ മുഗീറയെ കാവല്‍ക്കാര്‍ കൊട്ടാരത്തിന് പുറത്തിരുത്തി. ചിലര്‍ പോയി റുസ്തമിനോട് അദ്ദേഹത്തെ കാണാന്‍ അനുവാദം ചോദിച്ചു. തങ്ങളുടെ ആവഭാവങ്ങളില്‍ മാറ്റം വരുത്താതെ, അദ്ദേഹത്തെ് കണ്ടത് പോലും പ്രകടിപ്പിക്കാതെ അവര്‍ പണിതുടര്‍ന്നു. ഇത് കണ്ട മുഗീറ മുന്നോട്ട് വന്നു. അവര്‍ ധരിച്ചിട്ടുള്ള സ്വര്‍ണം പൂശിയ വിലയേറിയ വസ്ത്രങ്ങളും തലപ്പാവുമാണ്. അവര്‍ക്ക് മുമ്പില്‍ കുറച്ചകലെയായി അദ്ദേഹം നിന്നു. പൊടിപാറിയ വസ്ത്രം ധരിച്ചിരുന്ന അദ്ദേഹം മുന്നോട്ട് വന്ന് അവിടെയുണ്ടായിരുന്ന ചാരുമഞ്ചത്തില്‍ കയറിയിരുന്നു. അവിടെയുണ്ടാവയര്‍ അദ്ദേഹത്തെ പൊതിഞ്ഞു. അതില്‍ നിന്നും പിടിച്ച് വലിച്ചിറക്കി. അപ്പോഴദ്ദേഹം അവരോടായി പറഞ്ഞു ‘നിങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ചില പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ നിങ്ങളേക്കാള്‍ വിഢികളായ ഒരു വിഭാഗത്തെ ഞാന്‍ കണ്ടിട്ടില്ല. ഞങ്ങള്‍ അറേബ്യന്‍ സമൂഹമാണ്. ഞങ്ങള്‍ പരസ്പരം അടിമകളാക്കാറില്ല. ഞങ്ങള്‍ ചെയ്യുന്നത് പോലെ നിങ്ങളും നിങ്ങളുടെ സമൂഹത്തോട് ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചു. നിങ്ങളില്‍ ചിലര്‍ മറ്റ് ചിലരുടെ ദൈവങ്ങളാണെന്ന് എന്ന് അറിയിക്കുകയായിരുന്നു ഇപ്പോള്‍ എന്നോട് ചെയ്തതിനേക്കാള്‍ ഉത്തമം.’
ഖാദിസിയ്യ യുദ്ധത്തിന് മുമ്പ് രിബിയ്യ് ബ്‌നു ആമിര്‍ റുസ്തമിനോട് പറഞ്ഞതും ഇത് തന്നെയായിരുന്നല്ലോ.
സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കുന്ന ചിലരെ ഇക്കാലത്തും കാണാവുന്നതാണ്. ഞാന്‍ അവരോടൊപ്പമാണ്. നേടിയെടുക്കാത്ത ഒരു കാര്യം മനുഷ്യന് നഷ്ടപ്പെടുകയില്ല. സന്തോഷം അനുഭവിച്ചവനല്ലാതെ ദുഖത്തെ തിരിച്ചറിയുകയില്ല. കഴിഞ്ഞുപോയ സന്തോഷത്തിന്റെ നിമിഷങ്ങള്‍ വേദനയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളു.
ഗവേഷണങ്ങളില്‍ അവഗണിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളിലൊന്നാണ് സ്വാതന്ത്ര്യം. അതിനാല്‍ തന്നെ അത് പഠിക്കാനും മനസിലാക്കാനും പ്രയാസമാണ്. ഇനി ആരെങ്കിലും അതിന് ശ്രമിച്ചാല്‍ ഒരു ഭ്രാന്തന്റെ ജല്‍പനമായെ കേള്‍ക്കുന്നവരതിനെ ഗണിക്കുകയുള്ളൂ.
സ്രഷ്ടാവല്ലാത്തവര്‍ക്ക് അടിമപ്പെടുന്നയാളുടെ ജീവിതം സന്തോഷകരമാവുകയോ തൃപ്തികരമാവുകയോ ഇല്ല. ഭൂമിയിലുള്ളതെല്ലാം നേടിയെടുത്താലും അവന്‍ പരിഭ്രാന്തനും വേദനിക്കുന്നവനുമായിരിക്കും. അലഞ്ഞ് തിരിയുന്നവനും ഭ്രാന്തനെ പോലെ ഗതികിട്ടാതെ നടക്കുന്നവനുമായിരിക്കും. ബോധം വരുമ്പോള്‍ മാത്രമേ തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നവന്‍ തിരിച്ചറിയുകയുള്ളൂ. അവന്റെ ജീവിതത്തിന്റെ വിലയും നിലയും അതോടെ നഷ്ടപ്പെടുന്നു.

 

സ്വാതന്ത്ര്യത്തിലേക്കുള്ള നെട്ടോട്ടം
ലക്ഷ്യത്തിലേക്കു കുതിക്കുന്നവന്റെ മുന്നില്‍ ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കും. അത്തരം സന്ദര്‍ഭത്തില്‍ അകപ്പെട്ടിരിക്കുന്ന അടിച്ചമര്‍ത്തലില്‍ തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്നായിരിക്കും ബുദ്ധിയുള്ളവന്‍ ചിന്തിക്കുക. അടിച്ചമര്‍ത്തല്‍ എങ്ങനെയാണ് നടക്കുന്നത് എന്നതിനെകുറിച്ച് ബോധവാനായിരിക്കലാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ കാല്‍വെപ്പ്. ആധിപത്യശക്തി ഒരിക്കലും ഒറ്റക്കായിരിക്കുകയില്ല. ലാഭത്തിലും കുറ്റത്തിലും പരസ്പരം സഹകരിക്കുന്നവരുടെ സംഘമായിരിക്കുമത്. അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനത്തെ രണ്ടു വാക്യങ്ങളിലൊതുക്കാം. സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവാനാവുക, അടിമകളായിട്ടുള്ള ജീവിതത്തിന് ഒരു ബദല്‍ കണ്ടെത്തുക. കാരണം അടിച്ചമര്‍ത്തലിന്റെ വേദനകള്‍ അനുഭവിക്കാത്ത സമുദായത്തിന് സ്വാതന്ത്ര്യത്തിന് അര്‍ഹതയില്ല. കാലപ്പഴക്കം ചെന്ന വീട്ടില്‍ ജീവിച്ച വ്യക്തി പുതിയ സൗകര്യങ്ങളുള്ള വീട് നിര്‍മ്മിച്ച് അതില്‍ താമസമാക്കിയാല്‍ പഴയവീട്ടിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് ചിന്തിക്കുകയില്ലല്ലോ. ഇതുപോലെയാണ് സ്വാതന്ത്ര്യം അനുഭവിച്ച ഒരാളുടെ അവസ്ഥയും. അടിമത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്നു സമവാക്യങ്ങള്‍ അബ്ദുറഹ്മാന്‍ അല്‍ കവാകിബി ഒരു നൂറ്റാണ്ട് മുമ്പ് തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. ‘സ്വാതന്ത്ര്യം അനുഭവിക്കാത്ത സമൂഹത്തിന് അതിനുള്ള അര്‍ഹതയില്ല. മാറ്റം ഘട്ടംഘട്ടമായും സമാധാനപരമായും മാത്രമേ സാധ്യമാവുകയുള്ളു. അതിക്രമത്തെ ഇല്ലാതാക്കല്‍ മാത്രമാണ് അടിച്ചമര്‍ത്തലിനെ ഇല്ലാതാക്കാനുള്ള മാര്‍ഗം, അല്ലാതെ ഭരണാധികാരിയെ മാറ്റി മറ്റൊരു അക്രമിയിലേക്ക് അധികാരം കൈമാറലല്ല.’
ജീവിതത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി അതിന്റെ ചെളിക്കുളത്തില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യകത തീരെ അനുഭവപ്പെടുകയില്ല. അതിന് വേണ്ടിയുള്ള ഒരു സമര്‍പ്പണവും അവരുടെ ഭാഗത്തുനിന്നുണ്ടാവുകയുമില്ല.

 

കിടങ്ങിന്റെ ആളുകളുടെയും വിശ്വാസിയായ കുട്ടിയുടെയും കഥ ഉത്തമ ഉദാഹരണം
അല്ലാഹുവല്ലാത്ത ശക്തികളെ ആരാധിച്ചിരുന്ന നിഷേധികളായിരുന്നു ആ സമുദായം. ധിക്കാരിയായ ഒരു ഭരണാധികാരിയായിരുന്നു അവരെ ഭരിച്ചിരുന്നത്. ഭൗതിക ലോകത്തിന് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുകയും അതില്‍ മുഴുകുകയും ചെയ്തു അവര്‍. ഇത്തരം പ്രയാസകരമായ സന്ദര്‍ഭത്തില്‍ സത്യദീനിന് വേണ്ടി നിലകൊള്ളുന്ന ഒരു വിഭാഗത്തെ അല്ലാഹു നിലനിര്‍ത്തും. അങ്ങനെയുള്ള ഒരു വിഭാഗം അവിടെയുമുണ്ടായിരുന്നു. അവരില്‍ ഒരു യുവാവിനെ അല്ലാഹു പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. അവനില്‍ നിന്നാണ് അവര്‍ സത്യദീന്‍ പഠിച്ചിട്ടുള്ളതും വിശ്വാസത്തിന്റെ ഭാരം ഏറ്റെടുത്തതും. ആളുകളുടെ കണ്‍മറയത്തു നിന്നും വിദൂരമായാണവര്‍ ഉണ്ടായിരുന്നത്. ജനങ്ങള്‍ തങ്ങളുടെ വഴികേടില്‍ തന്നെയായിരുന്നു. രാജാവിന്റെ കല്‍പനപ്രകാരം ആ കുട്ടിയുടെ വധത്തിന് സാക്ഷികളാവാന്‍ അവരെയെല്ലാം ഒരുമിച്ചു കൂട്ടി. ബന്ധിക്കപ്പെട്ട അവനു നേരെ രാജാവ് തുടരെ തുടരെ അമ്പെയ്തു. ഒന്നു പോലും അവന് കൊണ്ടില്ല. ഒരു കുട്ടിയെ കൊല്ലാന്‍ പോലും അശക്തനാണല്ലോ തങ്ങളുടെ ഇലാഹ് എന്ന് ആളുകള്‍ ധരിക്കുമെന്നോര്‍ത്ത് രാജാവിന് സമനില തെറ്റി.
രാജാവിന്റെ പരിഭ്രാന്തി ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാണ് കുട്ടി ആ അവസരം ഉപയോഗപ്പെടുത്തിയത്. എന്റെ നാഥന്റെ നാമത്തിലല്ലാതെ എന്നെ കൊല്ലാന്‍ നിനക്കാവില്ല എന്ന് എല്ലാവരും കേള്‍ക്കെ അവന്‍ വിളിച്ചു പറഞ്ഞു. ഒട്ടും താമസിയാതെ നിഷേധികളുടെ നേതാവ് അമ്പെയ്യുകയും കുട്ടിയെ വധിക്കുകയും ചെയ്തു. ആളുകള്‍ അവരുടെ അന്തരാളങ്ങളില്‍ അലയടിച്ചിരുന്ന യാഥാര്‍ഥ്യത്തെ പറ്റി ബോധവാന്‍മാരായി. ‘രാജാവിനേക്കാള്‍ വലിയ ഒരു രക്ഷിതാവുണ്ട്’ അവനാണ് വഴിപ്പെടാനും അര്‍ഹനായിട്ടുള്ളത്. തങ്ങളുടെ അഭിമാനം ചവിട്ടിയരച്ച, അവകാശങ്ങള്‍ ഹനിച്ച രാജാവിന് കീഴ്‌പ്പെടല്‍ അതോടെ അവര്‍ക്ക് അസഹ്യമായി അനുഭവപ്പെട്ടു.
എങ്ങനെയാണീ സംഭവം അവരെ മാറി ചിന്തിപ്പിച്ചത്? നിഷ്‌ക്രിയമായ തങ്ങളുടെ പഴയകാലത്ത് ആ യാഥാര്‍ത്ഥ്യം അവര്‍ ഉള്‍ക്കൊണ്ടിരുന്നില്ല. എന്നാല്‍ അതേ യാഥാര്‍ഥ്യം രക്തം പുരണ്ട വാക്കുകളില്‍ നിന്ന് വന്നപ്പോള്‍ അവരത് ഉള്‍ക്കൊണ്ടു. ആ കുട്ടിക്കു മുമ്പില്‍ അതിലേറെ ലഘുവായ അനേകം വഴികളുണ്ടായിരുന്നു. എന്നാല്‍ ജനഹൃദയങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് തെരെഞ്ഞെടുത്തത്. സാധാരണയായി ആളുകള്‍ ഭയപ്പെടുന്ന ഒന്നായിരുന്നു അവന്‍ തെരെഞ്ഞെടുത്തത്.
ഒട്ടുമിക്ക രക്ഷിതാക്കളും അധ്യാപകരും പരാതിപറയുന്ന കാര്യമാണ് തങ്ങളുടെ സംസ്‌കരണോപദേശങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം കാണുന്നില്ല എന്നത്. വാക്കുകളുടെ കുറവല്ല വാക്കുകള്‍ക്ക് ആത്മാവില്ലാത്തതാണ് അതിന്റെ കാരണം. നമ്മുടെ അനുഭവത്തെയും ബോധത്തെയും മക്കളിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍ അവരതിനെ ഉള്‍ക്കൊള്ളുന്നില്ല. എന്നാല്‍ നാമതിനായി ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഉറക്കമിളച്ചിട്ടുണ്ടെന്നും മനസിലാക്കുമ്പോള്‍ നമ്മുടെ മനസ്സുകളിലുള്ള അതേ ബോധ്യത്തോടെ അവര്‍ക്കും അതിനെ ഉള്‍ക്കൊള്ളാനാകും.
ചിന്തകള്‍ അടിമത്വത്തിന്റെ മുള്ളുകളെ പറിച്ചു കളയുന്നില്ലെങ്കില്‍ അതൊരിക്കലും സ്വാതന്ത്ര്യത്തിന്റെ നറുമണം നമുക്ക് പകര്‍ന്നു തരുമെന്ന് പ്രതീക്ഷിക്കരുത്. മൃതിയടഞ്ഞ ഈ ചിന്തകള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം ശ്മശാനമാണ്. ശവങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം അതു തന്നെ. നമ്മുടെ സന്താനങ്ങളില്‍ പ്രതീക്ഷയുടെ നാമ്പുകളുണര്‍ത്തുന്ന ചിന്ത രൂപപ്പെടുത്തുകയും നാഗരികമൂല്യങ്ങള്‍ വളര്‍ത്തുകയും വേണം. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നീതിയും സ്വാതന്ത്ര്യവും. അതിനായി പൊരുതുന്നവനാണ് അതു നേടാനുള്ള അര്‍ഹതയുള്ളത്. ഏതെങ്കിലും വ്യക്തികള്‍ക്ക് അടിമപ്പെടുന്ന നിന്ദ്യമായ പ്രവണത നമ്മുടെ മക്കളില്‍ നിന്നും പിഴുതെറിയേണ്ടതുണ്ട്. ഭീരുത്വം എന്ന പദത്തിന് പോലും അര്‍ഹമല്ലാത്ത വിധേയത്വമാണത്. ഇതിന്റെ വൈകൃതത്തെയും മോശത്തരത്തെയും കുറിക്കുന്ന പദം നിഘണ്ടുകളില്‍ പോലും ലഭ്യമല്ല.
അടിമത്വത്തിന്റെ കാരണങ്ങളെ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. നാം പ്രവര്‍ത്തിച്ചതിന്റെ ഫലം തന്നെയാണ് നാമനുഭവിക്കുന്നത്. അതില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗവും നമ്മെ അറിയിച്ചിട്ടുണ്ട്. സ്വയം മാറുന്നത് വരെ ഒരു സമൂഹത്തെയും അല്ലാഹു മാറ്റുകയുമില്ല.
ഒരു സമൂഹം അടിമത്വത്തെ സ്വയം വരിക്കുമ്പോള്‍ മാത്രമേ അക്രമിക്ക് അവരെ അടിമകളാക്കാന്‍ കഴിയുകയുള്ളു. ചരിത്ര സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതും അതുതന്നെയാണ്. അതിക്രമികളുടെ അടിമത്വത്തില്‍ നിന്ന് മോചനം നേടാന്‍ ദൃഢനിശ്ചയം നടത്തി പരിശ്രമിച്ചവര്‍ക്കെല്ലാം വിജയിക്കാനും ലക്ഷ്യത്തിലെത്താനും കഴിഞ്ഞിട്ടുണ്ട്.
ജീവിച്ചിരുന്ന സാമൂഹ്യവ്യവസ്ഥയിലെ നിയമ പ്രകാരം ബിലാല്‍(റ) അടിമയായിരുന്നു. യജമാനനില്‍ നിന്നും പീഢനമേറ്റുവാങ്ങുമ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ച ‘അഹദ്, അഹദ്’ എന്ന വാചകം സ്വാതന്ത്ര്യ പോരാട്ടത്തെയാണ് കുറിക്കുന്നത്. അടിമത്വത്തോട് പൊരുത്തപ്പെട്ട ഒരാള്‍ക്കതിന് സാധിക്കുകയില്ല. മനുഷ്യന്റെ സ്വാതന്ത്ര്യം അവന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലൂടെ അസ്തിത്വം തന്നെയാണ് നഷ്ടപ്പെടുന്നത്.
അക്രമം കഠിനമായ രോഗമാണ്. അത് ബാധിച്ച സമൂഹം നിരാശരും നിലാരംബരുമായ ഒരു കൂട്ടമായി മാറുന്നു. അതിക്രമത്തില്‍ നിന്ന് രക്ഷനേടാന്‍ നാം ശ്രമവും താല്‍പര്യവുമുണ്ടായാല്‍ മാത്രം മതി. അല്ലാതെ അതിന് വേണ്ടി ജീവത്യാഗം നടത്തണമെന്ന് ഞാന്‍ പറയുന്നില്ല. സേച്ഛാധിപതികളുടെ നാശം സ്വയം സംഭവിക്കുക തന്നെ ചെയ്യും. അടിമയാക്കല്‍ വൃത്തികെട്ട വൃക്ഷമാണ്. അത് നിലനില്‍ക്കുന്നതല്ല. പ്രകൃതിവിരുദ്ധ ആശയമാണത്. സ്വന്തം ഭാരം തന്നെ അതിന്റെ നാശത്തിന് കാരണമാകും. അന്ധകാരം ശക്തമായാല്‍ പ്രഭാതം അടുത്തിരിക്കുന്നു. അതിക്രമം അതിന്റെ പൂര്‍ണ്ണത വെളിവാക്കുന്നത് പ്രഭാതത്തിന്റെ ഉദയത്തെയാണ് അറിയിക്കുന്നത്.

 

വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി
 

 

 

 

 

Related Articles