CultureEconomy

സാമ്പത്തിക പ്രതിസന്ധി: കാരണങ്ങളും പ്രതിവിധികളും

അമേരിക്കന്‍ സാമ്പത്തിക മേഖലയെ ബാധിച്ച പ്രതിസന്ധിയെ മരണം എന്നാണ് അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് മാനേജര്‍ വിശേഷിപ്പിച്ചത്. മുസ്‌ലിംകളെന്ന നിലക്ക് നമ്മെ സംബന്ധിച്ചിടത്തോളം പ്രസ്തുത പ്രതിസന്ധി അപ്രതീക്ഷിതമായിരുന്നില്ല. പലിശയിലും പൂഴ്ത്തിവെപ്പിലും കെട്ടിപ്പടുക്കപ്പെട്ട ഒരു സാമ്പത്തിക വ്യവസ്ഥയുടെ പതനമായിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ കാത്ത് സൂക്ഷിക്കേണ്ട മൂല്യങ്ങളില്‍ വിശ്വസിക്കാത്ത ആധുനിക നാഗരിക ക്രമത്തെ സംബന്ധിച്ചിടത്തോളം അത് അപ്രതീക്ഷിതമായിരുന്നു. അവരുടെ മാര്‍ഗം സ്വീകരിക്കുകയും അവര്‍ക്ക് തണലില്‍ ജീവിക്കുകയും ചെയ്ത എല്ലാവര്‍ക്കുമത് വമ്പിച്ച ആഘാതമായിരുന്നു. മാര്‍ക്കറ്റില്‍ തോന്നിയത് പോലെ കച്ചവടം നടത്താനുള്ള നിരുപാധിക സ്വാതന്ത്ര്യം അനുവദിക്കാവതല്ല എന്നത് മുസ്‌ലിം ഉമ്മത്ത് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പഠിച്ചതാണ്. പലിശ വന്‍പാപത്തില്‍ പെട്ടതാണെന്നും നാശവും ദുരന്തവുമല്ലാതെ അവ കൊണ്ട് വരികയില്ലെന്നും അത് പഠിച്ചു. സകലമാന അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും അത് നശിപ്പിച്ച് കളയും. മാത്രമല്ല യഹൂദരും െ്രെകസ്തവരും അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നും മുസ്‌ലിങ്ങള്‍ക്ക് മുമ്പേ ഇത് പഠിച്ചിരുന്നു.

അവരുടെ മാര്‍ക്കറ്റുകള്‍ മുതലാളിത്തത്തിന് കീഴ്‌പ്പെട്ടവയായിരുന്നു. അവരാകട്ടെ സൃഷ്ടാവിന്റെ അധ്യാപനങ്ങള്‍ തിരസ്‌കരിച്ചു. ദൈവിക നിയമങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ ഭൂമിയില്‍ ആവിഷ്‌കരിച്ചു. അത് കൊണ്ട് തന്നെ പലിശ അനുവദനീയമാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കി. സമ്പത്തിന് മുന്‍ഗണനയും ആദരവും നല്‍കുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ രൂപം കൊണ്ടു. അവിടെ മനുഷ്യനോ, മാനുഷിക മൂല്യങ്ങള്‍ക്കോ യാതൊരു വിലയുമുണ്ടായിരുന്നില്ല. കാര്‍ഷിക കമ്പനികള്‍ക്ക് തങ്ങളുടെ ധാന്യങ്ങള്‍ നശിപ്പിക്കാനും പൂഴ്ത്തിവെക്കാനും ഭൂമിക്കടിയില്‍ കുഴിച്ചിടാനുമുള്ള അനുവാദം അവര്‍ നല്‍കിയിരുന്നു. അതോടെ ദരിദ്രര്‍ പട്ടിണി കൊണ്ട് മരണപ്പെട്ടാലും, പ്രസ്തുത വസ്തുക്കള്‍ക്ക് മാര്‍ക്കറ്റില്‍ ആവശ്യക്കാരുണ്ടാവുകയും അവയുടെ വില വര്‍ധിക്കുകയും ചെയ്യുമല്ലോ. എന്നല്ല എല്ലാ നിലക്കും സമ്പന്നര്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്ന നിയമങ്ങളായിരുന്നു അവര്‍ രൂപപ്പെടുത്തിയത്. ഇന്നലെ വരെ ഇത്തരം നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും അവക്ക് പവിത്രത കണക്കാക്കുകയും ചെയ്തവര്‍ ഇന്ന് അവയില്‍ നിന്നും പിന്‍വാങ്ങിത്തുടങ്ങിയിരിക്കുന്നു.
ദരിദ്രരെയും പാവങ്ങളെയും പരിഗണിക്കാത്ത സ്വാതന്ത്ര്യ സങ്കല്‍പത്തിന് ഇസ്‌ലാം നിബന്ധനകള്‍ വെച്ചു. സമൂഹത്തെക്കാള്‍ വ്യക്തിക്ക് പ്രാധാന്യം നല്‍കുന്ന സംവിധാനത്തെ പുനഃക്രമീകരിച്ചു. പലിശ നിഷിദ്ധമാക്കപ്പെട്ടു. പലിശക്ക് കടം വാങ്ങുന്നതിനെയും വില്‍ക്കുന്നതിനെയും നിരോധിച്ചു. ദരിദ്രരുടെയും ലോക സാമ്പത്തിക ക്രമത്തിന്റെയും മേല്‍ ഇവ സൃഷ്ടിക്കുന്ന അപകടകരമായ സ്വാധീനം കാരണമായിരുന്നു അത്. അനിവാര്യ സന്ദര്‍ഭത്തില്‍ ശര്‍ഈ നിബന്ധനകളോടെ കടം അനുവദിച്ചു. അത് ഒരിക്കലും സമൂഹത്തെയോ വ്യക്തിയെയോ മോശമായി ബാധിക്കരുത്. അതിനാലാണ് കടത്തിന്റെ അപകടത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്ന ധാരാളം പ്രവാചക വചനങ്ങള്‍ കാണുന്നത്. കടബാധ്യതയുള്ളവന്റെ മേല്‍ പ്രവാചകന്‍ നമസ്‌കരിക്കാറുണ്ടായിരുന്നില്ല എന്നത് തന്നെ അതിന്റെ ഗൗരവത്തെക്കുറിക്കുന്നു.
ഇസ്‌ലാം സാമ്പത്തിക ജീവിതം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത് ദൈവിക നിയമങ്ങള്‍ കൊണ്ടാണ്. അതാവട്ടെ സൃഷ്ട്ികള്‍ സുരക്ഷിതവും നിര്‍ഭയവുമായ സാമ്പത്തിക ജീവിതം നയിക്കുന്നതിന് വേണ്ടിയുള്ളതാണ്. സമ്പന്നനെയും ദരിദ്രനെയും അത് ഒരു പോലെ വിലമതിക്കുന്നു. പൊതു താല്‍പര്യവും വ്യക്തി താല്‍പര്യവും അത് പരിഗണിക്കുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു. അത് കൊണ്ടാണ് കച്ചവടം അനുവദിക്കപ്പെട്ടത്. പലിശയും വഞ്ചനയും ചൂതാട്ടവും നിഷിദ്ധമാക്കപ്പെട്ടു. പൂഴ്ത്തിവെപ്പും ഉടമപ്പെടാത്തത് കച്ചവടം നടത്തലും ശിക്ഷാര്‍ഹമാണെന്ന് നിയമമാക്കി. എല്ലാവര്‍ക്കും ലാഭവും നഷ്ടവും സംഭവിക്കാവുന്ന സംവിധാനം രൂപപ്പെട്ടു. ആധുനിക വ്യവസ്ഥകള്‍ ദൈവിക നിയമങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ പരാജയപ്പെട്ട ഈ കമ്യൂണിസ്റ്റ് പരീക്ഷണമോ മുതലാളിത്ത പരീക്ഷണമോ ആവശ്യമില്ലായിരുന്നു. അതിന്റെ പേരില്‍ മാര്‍ക്കറ്റുകളും കമ്പനികളും കുത്തുപാളയെടുക്കേണ്ടി വരികയുമില്ലായിരുന്നു.
നാമിവിടെ സംസാരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ഭവിച്ച ചില കാരണങ്ങളെ കുറിച്ചാണ്.
1. നിലവിലെ സാമ്പത്തിക ക്രമം നിലകൊള്ളുന്ന പലിശാധിഷ്ഠിത വ്യവസ്ഥ. വിട്ട് വീഴ്ച, ദയ തുടങ്ങിയ മാനവിക മൂല്യങ്ങളുടെ കടുത്ത ശത്രുവായാണ് അത് നിലകൊള്ളുന്നത്. പ്രസ്തുത വ്യവസ്ഥ ഭാഗികമായ വിജയം കൈവരിക്കുന്നതോടൊപ്പം തന്നെ ഇപ്പോള്‍ സംഭവിച്ചത് പോലെ പരാജയപ്പെടുമെന്നതില്‍ സംശയമേയില്ല.
2. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയത് പോലുള്ള അന്യായമായ യുദ്ധങ്ങള്‍. മുസ്‌ലിം രാഷ്ട്രങ്ങളുടെ ചെലവില്‍ തങ്ങളുടെ സാമ്രാജ്യത്തിന്റെ വികാസത്തിന് വേണ്ടിയും സാമ്പത്തിക ഉറവിടങ്ങളും സാധ്യതകളും ഊറ്റിയെടുക്കാനുള്ള തന്ത്രവും കൂടിയായിരുന്നു. ഇവയൊക്കയാണ് അവരുടെ സാമ്പത്തിക ഭദ്രത താറുമാറാക്കിയത്. മാസം തോറും ബില്യണ്‍ കണക്കിന് ഡോളറുകളാണ് യുദ്ധം അവരില്‍ നിന്നും അപഹരിച്ചത്. ഈ രാഷ്ട്രങ്ങള്‍ക്ക് നേരെ നടത്തിയ അക്രമങ്ങള്‍ക്കുള്ള ശിക്ഷ കൂടിയായിരുന്നു ഈ പ്രതിസന്ധി.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

 

Facebook Comments
Related Articles

One Comment

Leave a Reply

Your email address will not be published.

Close
Close