ഇസ്ലാമിന്റെ സ്വാധീനം പാശ്ചാത്യ ലോകത്ത് വര്‍ദ്ധിച്ചു വരികയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിങ്ങളുടെ എണ്ണം ദിനേന വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അവരില്‍ ഭൂരിഭാഗവും അവിടെത്തെ പൗരന്മാരാണെന്നതും ശ്രദ്ധേയമാണ്. സമൂഹത്തിന്റെ ശ്രദ്ധേയമായ ഭാഗമായവര്‍ മാറിയിരിക്കുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തങ്ങളുടെ സേവനമര്‍പ്പിച്ച് രാഷ്ട്രപുരോഗതിക്ക് തങ്ങളുടേതായ പങ്ക് വഹിക്കുന്നവരാണ് അവിടെയുള്ള മുസ്ലിംകള്.
ഇത്തരം വേറിട്ട ചുറ്റുപാടില്‍ അവര്‍ക്ക് അവലംബനീയമായ കര്‍മ്മശാസ്ത്രമോ ഇസ്ലാമിക നിയമങ്ങളോ അവരുടെയടുത്തില്ല. സ്ഥിരതാമക്കാരായ തദ്ദേശീയരാണെങ്കിലും അവര്‍ക്ക് തങ്ങളുടെ ഇസ്ലാമിക വ്യക്തിത്വം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. കുടുംബത്തിലം സമൂഹത്തിലും വ്യക്തിതലത്തിലുമെല്ലാം ഇസ്ലാമിക വിധികള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. നാഗരിക പുരോഗതിയില്‍ അവര്‍ വഹിക്കുന്ന പങ്ക് മതമൂല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ടായിരിക്കണം. അല്ലാത്ത പക്ഷം യൂറോപ്യന്‍ സമൂഹത്തില്‍ കണക്കുകളില്‍ മാത്രം പ്രസക്തരാവുന്ന ഒരു വിഭാഗം മാത്രമായി അവരും മാറും.
കാലഘട്ടത്തിനനുയോജ്യമായ ശരീഅത്ത് നിയമങ്ങള്‍ മനസിലാക്കുന്നതിന് പുതിയ സാഹചര്യത്തില്‍ ജീവിക്കുന്ന യൂറോപ്യന്‍ മുസ്ലിംകള്ക്ക് വഴിതെളിക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. അനിസ്ലാമിക ഭരണകൂടത്തില്‍ കഴിയുന്ന പൗരന്മാരുടെ ജീവിതത്തിനനുയോജ്യമായ ഇസ്ലാമിക നിയമങ്ങളില്‍ ഇജ്തിഹാദ് നടത്തേണ്ടുണ്ട്.
യുറോപിലെ ഇസ്ലാമിന്റെ സാന്നിദ്ധ്യത്തെ കുറിച്ച് ആഴത്തില്‍ അവഗാഹമുളള ശൈഖ് ഫൈസല്‍ മൗലവി പ്രസ്തുത ലക്ഷ്യത്തിനായി ‘യൂറോപ്യന്‍ മുസ്ലിം’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ലോക പണ്ഡിത വേദിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യുറോപ്പിന്റെ വിവിധ വശങ്ങളില് വളരെ കാലം ജീവിച്ച വ്യക്തിയാണദ്ദേഹം. യുറോപ്യന്‍ ഫത്വ കൗണ്‍സില്‍ ഉപാധ്യക്ഷനെന്ന നിലയില്‍ യുറോപ്യന്‍ മുസ്ലിങ്ങളുമായി ബന്ധപ്പെട്ട വളരെയേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്ത പരിചയവും അദ്ദേഹത്തിനുണ്ട്. യൂറോപിലെ അദ്ദേഹത്തിന്റെ ജീവിത പരിചയത്തിന്റെ സംഗ്രഹമാണ് ഈ രചന. അനുഭവങ്ങളിലൂടെ അദ്ദേഹം മനസിലാക്കിയ കാര്യങ്ങളാണദ്ദേഹം അതില്‍ വിവരിക്കുന്നത്. ധാര്‍മ്മികവും സാമൂഹികവുമായ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമല്ല, യൂറോപ്യന്‍ സമൂഹത്തില്‍ ചേര്‍ന്ന് ജീവിക്കുന്ന പൗരന്മാര്ക്കാവശ്യമായ ശറഈ അടിസ്ഥാനങ്ങളാണ് ്അദ്ദേഹം വിവരിക്കുന്നത്.
മുസ്ലിങ്ങള്‍ അമുസ്ലിങ്ങളുമായി കൂടികലര്‍ന്നുള്ള ജീവിതമാണ് ഒന്നാം അധ്യായത്തില്‍ അദ്ദേഹം വിവരിക്കുന്നത്. ഇപ്രകാരം ഒരുമിച്ച് ജീവിച്ചിതിനുള്ള പൂര്‍വ്വകാല മാതൃകള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. പൗരത്വത്തിന്റെയും സംരക്ഷണ ഉത്തരവാദിത്വത്തിന്റെയും ചരിത്രപരമായ വിശകലനം നടത്തുകയാണ് രണ്ടാമധ്യായത്തില്‍ ്. യൂറോപില്‍ ജീവിക്കുന്ന മുസ്ലിങ്ങളുടെ അവകാശങ്ങളെയും ബാധ്യതകളെയും വിശദീകരിക്കാനാണ് മൂന്നാം അധ്യായം വിനിയോഗിച്ചിരിക്കുന്നത്. ഒരു മുസ്ലിം ഇതര വിഭാഗങ്ങളോടൊപ്പം ജീവിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങളും വിധികളുമാണ് അവസാന അധ്യായത്തില്‍ കൈകാര്യം ചെയ്യുന്നത്. വേദക്കാരുമായുള്ള വിവാഹത്തെയും അമുസ്ലിംകളുമായുള്ള സാമ്പത്തിക ഇടപാടുകളെയും പറ്റി ഈ അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഒരു യൂറോപ്യന്‍ മുസ്ലിമിനെ സംബന്ധിച്ചെടത്തോളം തന്റെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങള്‍ പ്രാമാണികാടിസ്ഥാനത്തില് വിശകലനം ചെയ്യുന്ന ഒരു മൂല്യവത്തായ കൃതിയാണിത് എന്നതില്‍ സന്ദേഹമില്ല.
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി