അറബി ഭാഷയുടെ സവിശേഷത
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ ഭാഷ എന്ന അപൂര്‍വമായ ശ്രേഷ്ഠത അറബി ഭാഷക്കു മാത്രമാണുള്ളത്. ഖുര്‍ആന്റെ സംരക്ഷണം അറബി ഭാഷയുടെയും സംരക്ഷണമാണ്. ഇക്കാരണത്താല്‍ തന്നെ മുസ്‌ലിങ്ങള്‍ ഈ ഭാഷക്ക് ഉന്നതമായ സ്ഥാനമാണ് നല്‍കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സോവിയറ്റ് യൂണിയനിലെ ചിലരാജ്യങ്ങള്‍, ഇന്ത്യ, മലേഷ്യ അടക്കമുള്ള രാജ്യങ്ങളിലും ഈ കാരണത്താല്‍ അറബി ഭാഷ ഉപയോഗിക്കുന്നുണ്ട്. യൂറോപ്പിലെയും ആഫ്രിക്കയിലെയും പ്രവിശ്യകളില്‍ നേരത്തെ തന്നെ ഇവ ഉപയോഗിച്ചു വരുന്നുണ്ട്. ആധുനിക ലോകത്ത് അവ യൂറോപ്യന്‍ ഭാഷകളോട് കിടപിടിക്കുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുന്നു. തര്‍ജുമയിലൂടെയും പ്രബോധനസംരംഭങ്ങളിലൂടെയും വ്യത്യസ്തമായ വിനിമയങ്ങളിലൂടെയും മറ്റു ഭാഷകളേക്കാള്‍ അവ മുന്നേറിക്കൊണ്ടിരിക്കുന്നു.
ഖുര്‍ആനുമായുള്ള ബന്ധം കാരണം അറബികളും മുസ്‌ലിങ്ങളും ഈ ഭാഷയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുകയും, അവ പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും ധ്രുതഗതിയില്‍ മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്. ഇസ്‌ലാം വ്യത്യസ്ത രാഷ്ട്രങ്ങളില്‍ വികസിതമായപ്പോള്‍ അനറബികളായ പലരും ഈ ഭാഷ ഉച്ചരിക്കുന്നതില്‍ തെറ്റുകള്‍ വരുത്തിയത് കാരണം ഭാഷക്ക് ചില അടിസ്ഥാന ശാസ്ത്ര ശാഖകള്‍ രൂപപ്പെടുത്തുകയുണ്ടായി. അബുല്‍ അസ്‌വദുദ്ദുവലി വ്യാകരണ ശാസ്ത്ര ശാഖക്ക് തുടക്കം കുറിക്കുകയും യഥാര്‍ഥ അറബികളുടെ ഉച്ചാരണത്തിലൂടെയും വിവരണത്തിലൂടെയും അവ സംസ്‌കരിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. വിശ്വാസപരമായ പ്രേരണ മാത്രമാണ് ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് അറബികളെ പ്രേരിപ്പിച്ചത്. വിശുദ്ധ ഖുര്‍ആന്റെ ഭാഷ സ്ഫുടമായിരിക്കണമെന്ന അതിയായ ആഗ്രഹമാണ് അന്യഭാഷകളുടെയും മറ്റും കലര്‍പ്പില്‍ നിന്ന് മുക്തമാക്കാനുള്ള പരിശ്രമത്തില്‍ ഐക്യത്തോടെ പങ്കുചേരാന്‍ അറബികളെയും മുസ്‌ലിങ്ങളെയും പ്രേരിപ്പിച്ചത്. ഇതേ കാരണത്താല്‍ തന്നെ ഇസ്‌ലാമിന്റെ പ്രശോഭിത കാലത്ത് ഭാഷാപരമായ അനേകം രചനകള്‍ പ്രഗല്‍ഭ പണ്ഡിതന്മാര്‍ നിര്‍വ്വഹിക്കുകയുണ്ടായി. അറബി ഭാഷയുടെ സേവനാവശ്യാര്‍ഥം അവര്‍ എഴുത്തുകുത്തുകള്‍ നടത്തുകയും ചെയ്തു. അബൂ മന്‍സൂര്‍ അസ്സഗാലിബി അന്നൈസാബൂരി തന്റെ ‘ഫിഖ്ഹുല്ലുഗതി വസ്സിര്‍റുല്‍ അറബിയ്യ’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു. ‘അല്ലാഹുവിനെ ആരെങ്കിലും ഇഷ്ടപ്പെടുന്നെങ്കില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യെയും അവന്‍ ഇഷ്ടപ്പെടട്ടെ. അറബിയായ റസൂലിനെ ഇഷ്ടപ്പെടുന്നെങ്കില്‍ അവന്‍ അറബികളെയും ഇഷ്ടപ്പെടട്ടെ. അറബികളെ ഇഷ്ടപ്പെടുന്നെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ അറബി ഭാഷയെ സ്‌നേഹിക്കട്ടെ. ഇസ്‌ലാം ഉത്തമ സമൂഹമാണ്. അറബികള്‍ ഉല്‍കൃഷ്ഠ ജനതയാണ്. അറബി ഭാഷ വിജ്ഞാനത്തിന്റെ ഉപകരണവും, ദീനില്‍ അവഗാഹം നേടാനുള്ള താക്കോലുമാണ്. ഐഹിക പാരത്രിക സംസ്‌കരണത്തിനുള്ള മാര്‍ഗവും ഉല്‍കൃഷ്ഠ സ്വഭാവങ്ങള്‍ ആര്‍ജിച്ചെടുക്കാനുള്ള മാര്‍ഗവും ഇതുതന്നെ.
ഭാഷയുടെ ശക്തി അതിന്റെ വാഹകരിലാണ്
അറബി ഭാഷ ശക്തിപ്പെട്ടത് അതിന്റെ വാഹകര്‍ ശക്തരായ, ശത്രുക്കള്‍ അവര്‍ക്കെതിരെ കുതന്ത്രങ്ങള്‍ നടത്താന്‍ പോലും ഭയപ്പെട്ട കാലത്തായിരുന്നു. എന്നാല്‍ മുസ്‌ലിങ്ങളുടെ ഐക്യം ശിഥിലമാവുകയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ശക്തി ചോര്‍ന്നു പോവുകയും ശത്രുക്കള്‍ അതിനെതിരെ ഗൂഢാലോചനകള്‍ നടത്തുകയും കുരിശ് ആക്രമണങ്ങള്‍ ശക്തമാവുകയും ഇസ്‌ലാമിക ലോകത്ത് അധിനിവേശ ഇടപെടലുകള്‍ വ്യാപകവുമായ കാലത്ത് അറബി ഭാഷക്ക് മങ്ങലേല്‍ക്കുകയുണ്ടായി. മൊറോക്കോയിലും അള്‍ജീരിയയിലും ഇത് പ്രകടമായി അനുഭവപ്പെട്ടു. ഫ്രഞ്ച് അധിനിവേശ ശക്തികള്‍ അറബി ഭാഷക്കു പകരം അവരുടെ ഭാഷകള്‍ അവിടങ്ങളില്‍ അടിച്ചേല്‍പിക്കുകയുണ്ടായി. മാത്രമല്ല പ്രാദേശികമായ മറ്റ് എല്ലാ ഭാഷകളും പുനരുജ്ജീവിപ്പിക്കാനുള്ള യത്‌നങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ ചില ശിങ്കിടികളെ വച്ചു ഈജ്പ്തിലും ഇത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുകയുണ്ടായി. പ്രാദേശിക ഭാഷകള്‍ വിദ്യാഭ്യാസ രംഗത്തും രചനകളിലും സ്വീകരിക്കാന്‍ ജലസേചന എഞ്ചിനീയറായിരുന്ന വില്യം വില്‍കോക്‌സ് ആഹ്വാനം ചെയ്യുകയും അദ്ദേഹത്തിന്റെ വാദത്തിന് ശാസ്ത്രീയമായ പിന്തുണ നല്‍കാനും ശ്രമിച്ചു. 1893-ല്‍ ഉസ്‌ബെക്കിസ്ഥാന്‍ ക്ലബില്‍ പ്രഭാഷണത്തില്‍ ഈ വിഷയം അദ്ദേഹം ഉയര്‍ത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ചോദ്യം ഇപ്രകാരമായിരുന്നു. ‘എന്തുകൊണ്ട് ഈജിപ്തുകാര്‍ക്ക് ഇതുവരെ വല്ലതും കണ്ടെത്താനുള്ള ശേഷി ഉണ്ടായില്ല?’ ഇതിന് മാത്രമുള്ള ശക്തി അറബി ഭാഷക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതേ വാദം ഉന്നയിച്ചു കൊണ്ട് 1901-ല്‍ ബ്രിട്ടീഷ് ജഡ്ജിയായ സെല്‍ഡന്‍ വില്‍മൂര്‍ ‘അല്‍അറബിയ്യ അല്‍ മഹ്കിയ്യ ഫീ മിസര്‍’ എന്ന ഗ്രന്ഥം രചിച്ചു. സമാനമായ ഒരു പുസ്തകം വില്‍ഹെം സ്പിതയും രചിച്ചു. മുസ്‌ലിങ്ങളെ അവരുടെ ദീനില്‍ നിന്നും പൗരസ്ത്യ പൈതൃകത്തില്‍ നിന്നും അകറ്റിനിര്‍ത്തുക എന്നതായിരുന്നു ഇതിന്റെയെല്ലാം ലക്ഷ്യം. കൊളോണിയല്‍ മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായി ഈജിപ്തിലെയും ലബനാനിലെയും മൊറോക്കൊയിലെയും സാമ്രാജ്യത്വത്തിന്റെ വാലാട്ടികളായ ചിലര്‍ ഈ പിഴച്ച ആശയങ്ങളില്‍ അകപ്പെട്ടു പോയിട്ടുണ്ട് എന്നത് വളരെ നിര്‍ഭാഗ്യകരമാണ്. പിന്നീട് കമാല്‍ അത്താതുര്‍ക്ക് ഖിലാഫത്തിനെ തകര്‍ത്ത സന്ദര്‍ഭത്തില്‍ അറബി അക്ഷരങ്ങള്‍ക്ക് പകരം ലാറ്റിന്‍ അക്ഷരങ്ങള്‍ ഉപയോഗിക്കണമെന്ന് വാദവുമായി രംഗത്ത് വന്നു. ദാവൂദുല്‍ ഹുല്‍ബി അല്‍ മൂസ്വിലി, അബ്ദുല്‍ അസീസ് ഫഹ്മി തുടങ്ങിയവര്‍ അതിന്റെ പ്രചാരകരായിരുന്നു. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ ധാര്‍മിക രോഷം ഈ ഭാഷയെ സ്‌നേഹിക്കുന്നവരില്‍ നിന്നുളവായതിനാല്‍ അവയുടെ മുനയൊടിയുകയുണ്ടായി. ഭാഷക്കെതിരെ ധ്രുതഗതിയിലുള്ള ഈ പോരാട്ടത്തില്‍ നിന്നും വ്യക്തമാകുന്നത് സാമ്രാജ്യത്വം അവരുടെ ലക്ഷ്യസാധൂകരണത്തിന് തുടക്കത്തില്‍ മതപരമായ കാര്യങ്ങളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത് എന്നാണ്. അപ്രകാരം അറബികളെ ഒറ്റപ്പെടുത്താനും എല്ലാ പരിതസ്ഥിതികളില്‍ നിന്നും മാറ്റിനിര്‍ത്താനുമായി പ്രവാചകന്‍ (സ) അധിക്ഷേപിച്ച നീചമായ ഫിര്‍ഔനിയ്യ, ആശൂരിയ്യ, ബര്‍ബറിയ്യ, ഫീനിഖിയ്യ തുടങ്ങിയ പ്രാദേശിക വിഘടനവാദങ്ങളെ കുത്തിപ്പൊക്കാനുള്ള കുല്‍സിത ശ്രമങ്ങളില്‍ അവര്‍ ഏര്‍പ്പെടുകയുണ്ടായി.
നിലവിലെ അവസ്ഥയില്‍ ഭാഷ നേരിടുന്ന പ്രതിസന്ധികള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഭാഷാപരമായ മൂന്ന് ശൈലികളാണുള്ളത്. പൈതൃകപരം, കാലികം, ഗ്രാമീണം എന്നിവയാണവ. ഗ്രാമീണ ഭാഷ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വീടുകളിലും തെരുവിലുമെല്ലാം ദിനേനയുള്ള സംസാരങ്ങളില്‍ ഉപയോഗിക്കുന്ന ശൈലിയാണ്. പുരാതന കാലം മുതലെയുള്ളതാണ് ഈ അവസ്ഥ. സ്വാഭാവികമായ ഈ ശൈലി കൊണ്ട് പ്രത്യേക പ്രതിബന്ധങ്ങളൊന്നുമില്ല.
പൈതൃക ഭാഷയും ആധുനിക ഭാഷയും
പൈതൃക ഭാഷ കൊണ്ടര്‍ത്ഥമാക്കുന്നത് ഘടനയിലും ഉച്ചാരണത്തിലും ഭദ്രമായതും, ആധുനിക അറബി ഭാഷാ ശൈലികളുടെ ചേരുവകളൊന്നും ഇല്ലാത്തതുമായ തനതായ ഭാഷയാണ്. അതിന്റെ ഉപയോഗം ഇന്ന് മതപരവും ചരിത്രപരവുമായ വിഷയങ്ങളില്‍ പരിമിതമാണ്. മതപരമായ വിഷയങ്ങളിലുള്ള ക്ലാസിക്കല്‍ കൃതികളിലല്ലാതെ ഇത് നാം വായിക്കുന്നില്ല. പള്ളിയിലെ ഖത്വീബുമാരില്‍ നിന്നും കര്‍മ ശാസ്ത്ര പണ്ഡിതന്മാരില്‍ നിന്നുമല്ലാതെ നാം ഇത് കേള്‍ക്കുന്നുമില്ല.
എന്നാല്‍ ആധുനിക ഭാഷ വ്യത്യസ്തമായ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയാണ്. ആധുനിക എഴുത്തുകാര്‍ സാഹിത്യ രചനയും വൈജ്ഞാനിക രചനയുമെല്ലാം നിര്‍വ്വഹിക്കുന്നത് ഈ ശൈലിയിലാണ്. സംപ്രേക്ഷണങ്ങളില്‍ നാം കേള്‍ക്കുന്നതും ഇത് തന്നെയാണ്. ഇത് പൈതൃക ഭാഷയില്‍ നിന്നും സ്വതന്ത്രവും വ്യതിരിക്തവുമാണ്. വാര്‍ത്ത വായിക്കുന്നത് നാം ശ്രദ്ധിക്കുകയാണെങ്കില്‍ വാചകങ്ങളിലെ അവസാന അക്ഷരം അവ്യക്തമായ രീതിയില്‍ ഉച്ചരിക്കുന്നതായി കാണാം. ചില സ്വരങ്ങള്‍ക്ക് എതിരായ ഉച്ചാരണങ്ങള്‍ കാണാം. ഘടനയിലും തത്വങ്ങളിലുമൊക്കെ ചില വ്യത്യാസങ്ങള്‍ കാണാം. പൈതൃക ഭാഷക്കും ആധുനിക ഭാഷക്കും ഇടയില്‍ വേര്‍തിരിക്കുന്ന അതിര്‍ വരമ്പുകളൊന്നുമില്ല എന്നത് ശ്രദ്ദേയമാണ്. ഇരു ധ്രുവങ്ങളിലായാണ് രണ്ടും സ്ഥിതി ചെയ്യുന്നത്. പൈതൃക ശൈലി സ്വായത്തമാക്കിയവര്‍ക്ക് ആധുനിക ശൈലി സ്വാംശീകരിക്കാന്‍ കഴിയാത്ത അവസ്ഥയും ആധുനിക ശൈലി സ്വായത്തമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ക്ലാസിക്കല്‍ ഗ്രന്ഥങ്ങള്‍ വായിച്ചു ഗ്രഹിക്കുക വളരെ പ്രയാസകരമായി നേരിടുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. യൂണിവേഴ്‌സിറ്റികളിലും സ്‌കൂളുകളിലും പഠിപ്പിക്കുന്ന അധ്യാപകരും മറ്റു സംസ്‌കാര സമ്പന്നരായ ആളുകള്‍ പോലും സ്ഫുടമായ ഈ ഭാഷ മുറുകെ പിടിക്കാതിരിക്കുക എന്നത് പ്രശ്‌നത്തിന്റെ സങ്കീര്‍ണത വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ സംസ്‌കാര സമ്പന്നരുടെ സംസാരങ്ങളിലെല്ലാം നാം കേട്ടുകൊണ്ടിരിക്കുന്നത് ഗ്രാമീണ ഭാഷയാണ്. നമ്മുടെ യൂണിവേഴ്‌സിറ്റികളിലെ പി.എച്ച് .ഡി ചര്‍ച്ചകളില്‍ വിഷയം അറബി വ്യാകരണത്തെപ്പറ്റിയാണെങ്കില്‍ പോലും ഈ ഗ്രാമീണ ശൈലിയാണവര്‍ ഉപയോഗിക്കുന്നത് എന്നത് എത്ര ആശ്ചര്യാജനകമാണ്! ഇതിന്റെയെല്ലാം അനന്തരഫലം പഠിതാക്കളില്‍ ഭാഷ ദുര്‍ബലമാവും പ്രായാസകരമായിത്തീരുകയും പഠനത്തോട് അവര്‍ വിമുഖത കാണിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും എന്നതാണ്. ഭാഷയുടെ സ്വാഭാവികമായ വളര്‍ച്ചയെ നാം നിരാകരിക്കുന്നില്ല. അത് അതിന്റെ വികാസക്ഷമതക്കും സജീവതക്കും വളരെ അനിവാര്യവുമാണ്. പക്ഷെ ഈ പുരോഗതിയിലും നമ്മുടെ ഭാഷയുടെ അസ്ഥിത്വം നഷ്ടപ്പെടുന്നതിനെ സംബന്ധിച്ച് നാം അശ്രദ്ധരാകരുത്. വൈദേശികതയെ അന്ധമായി അനുകരിക്കുന്നതിനും ഇത് വഴിയൊരുക്കരുത്. എല്ലാ നൂതനമായതിനേയും ഉള്‍ക്കൊള്ളാനുള്ള കഴിവ് വിശാലമായ പദസമ്പത്തുള്ള നമ്മുടെ ഭാഷക്കുണ്ട്. നീണ്ട പതിനാല് നൂറ്റാണ്ടുകളായി അത് ദീനുല്‍ ഇസ്‌ലാമിനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഈ ദീനിനെ മനസ്സിലാക്കാനും ഇതില്‍ ഉള്‍ക്കാഴ്ച നല്‍കാനുമായി മുസ്‌ലിങ്ങളെ സഹായിക്കാനുള്ള കഴിവ് അതില്‍ അന്തര്‍ലീനമായിക്കിടക്കുന്നുണ്ട്. പുരാതനവും ആധുനികവുമായ വ്യവഹാരങ്ങളെപ്പറ്റി സമഗ്രമായി മുസ്‌ലിം തലമുറ ആത്മാര്‍ത്ഥമായ പഠനം നടത്തണം. ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും വ്യക്തമാക്കുകയും നിര്‍ദ്ധാരണം ചെയ്‌തെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഏതൊരു പഠിതാവിനും ഖുര്‍ആനും സുന്നത്തും പൗരസ്ത്യ പാരമ്പര്യങ്ങളും ഗ്രഹിക്കാനുതകുന്ന തരത്തില്‍ അവക്കിടയില്‍ സമന്വയം ഉണ്ടാക്കണം. ഈ അവസ്ഥയില്‍ ആധുനിക നാഗരികതയും അതിന്റെ ശാസ്ത്ര സാഹിത്യങ്ങളും ഇതിനെ അംഗീകരിക്കുകയും ചെയ്യുന്നു.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്