Counter Punch

കൊന്നും കൊല്ലിച്ചും സംഘടന വളര്‍ത്തുന്നവര്‍ ഗാന്ധിജിക്ക് പഠിക്കണം

1869 ഒക്ടോബര്‍ രണ്ടിന് അക്കാലത്തെ അറിയപ്പെട്ട വ്യക്തിയും പ്രവിശ്യ പ്രധാനമന്ത്രിയുമായിരുന്ന കരം ചന്ദ് ഗാന്ധിയുടെ നാലാം ഭാര്യയിലെ നാലാത്തെ മകനായി ജനിക്കുകയും ഇന്ത്യ മഹാരാജ്യത്തിന്റെ പിതാവായി വാഴ്ത്തപ്പെട്ടിരുന്ന കാലത്തു 1948 ജനുവരി 30 വെള്ളിയാഴ്ച ഡല്‍ഹിയില്‍ വെടിയേറ്റ് മരിക്കുകയും ചെയ്ത മഹാ വ്യക്തിത്വമാണ് മഹാത്മാ ഗാന്ധി. ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ലോക അഹിംസ ദിനമായി ഐക്യ രാഷ്ട സഭ പ്രഖ്യാപിച്ചിട്ടുണ്ട്. 2007 ജൂണ്‍ 15 ന് UPA സര്‍ക്കാര്‍ ഭരിച്ച കാലത്തായിരുന്നു അത്.

ഇന്ത്യയുടെ സ്വാതന്ത്ര്യം അഹിസ അടിസ്ഥാനമായ സമരത്തിലൂടെ ഗാന്ധി നേടിയെടുത്തത് ലോകത്തെ ആവേശം കൊള്ളിച്ചു. ലോകത്തിന്റെ ഇഷ്ടപെട്ട ആദര്‍ശമാക്കി അഹിംസയെ മാറ്റുന്നതില്‍ ഗാന്ധിയും അതുവഴി ഇന്ത്യയും വിജയിച്ചു. അമേരിക്കയിലെ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, ദക്ഷിണ ആഫ്രിക്കയിലെ നെല്‍സണ്‍ മണ്ടേല എന്നിവര്‍ ഗാന്ധിയെ മാതൃകയായി പ്രവര്‍ത്തിച്ചവരാണ്. അറബ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് ഇന്ന് അന്താരാഷ്ര സമൂഹം നല്‍കുന്ന ആഹ്വനം അഹിംസയുടേതാണ്. പ്രശ്‌നങ്ങളെ അഹിംസ മാര്‍ഗത്തിലൂടെ പരിഹരിക്കുകയെന്ന ഒറ്റമൂലി നിര്‍ദേശം ഇന്ന് ലോകത്തു പരക്കെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

മോഹന്‍ദാസ് കരം ചന്ദ് എന്ന വ്യക്തി മഹാത്മാ ഗാന്ധിയായി രൂപാന്തരം പ്രാപിച്ചതിന്റെ തുടക്കം സംഭവിച്ചത് 1888 ല്‍ നടന്ന ഉപരിപഠനാര്‍ത്ഥമുള്ള ഗാന്ധിയുടെ ഇഗ്ലണ്ട് യാത്രയുടെ തോട്ടുമുമ്പാണ്. തന്റെ ഇഗ്ലണ്ടു യാത്രക്ക് സമ്മതം മൂളാന്‍ മടിച്ച മാതാവിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി തന്റെ മാതാവിന് മുമ്പില്‍ ഗാന്ധി ഒരു പ്രതിജ്ഞയെടുത്തു. മദ്യം, പരസ്ത്രീ ബന്ധം, മാംസാഹാരം എന്നിവ വര്‍ജിക്കുമെന്നു മാതാവിന് ഉറപ്പ് നല്‍കി. ഗാന്ധി തന്റെ പ്രതിജ്ഞ പാലിച്ചു. മാതാവിന് നല്‍കിയ ഈ പ്രതിജ്ഞ ഗാന്ധിയില്‍ ഉണ്ടാക്കിയ മാറ്റം ആഴത്തിലുള്ളതായിരുന്നു. കരുത്തുള്ള മനസ്സിന്റെ ഉടമയാക്കി ഗാന്ധിയെ മാറ്റുന്നതിന്റെ ഉജ്ജ്വലമായ ഒരു തുടക്കമായി ഈ സംഭവം മാറി.

പഠന ശേഷം ദക്ഷിണാഫ്രിക്കയില്‍ എത്തിയ ഉടനെ നെറ്റാളില്‍ നിന്ന് ട്രാന്‍സ്‌വാളിലേക്ക് ഗാന്ധി നടത്തിയ യാത്ര തന്റെ ജീവിത ദൗത്യം എന്തായിരിക്കണമെന്നതിനെ കുറിച്ച ആദ്യ സൂചന ഗാന്ധിക്ക് നല്‍കി. നെറ്റാളില്‍ നിന്ന് ട്രാന്‍സ്‌വാളിന്റെ തലസ്ഥാനമായ പ്രിട്ടോറിയയിലേക്ക് യാത്ര ചെയ്യവേ മാരിറ്റ്‌സ്ബര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഒന്നാം ക്ലാസ് ടിക്കറ്റുണ്ടായിരുന്ന ഗാന്ധിയെ വര്‍ണ്ണവെറിയന്‍മാരായ വെള്ളക്കാര്‍ ട്രെയിനില്‍ നിന്നും പിടിച്ചു പുറത്തിട്ടു. ശേഷം ചാള്‍സ് ടൗണില്‍ നിന്നും ജോഹന്നാസ്ബര്‍ഗിലേക്കുള്ള കുതിര വണ്ടി യാത്രയില്‍ വര്‍ണ വെറി മൂത്ത വണ്ടിയുടെ കൊച് ഗാന്ധിയുടെ കരണത്തടിച്ചു. മര്‍ദ്ദനം സഹിച്ചു ജൊഹാന്നസ്ബര്‍ഗില്‍ എത്തിയ ഗാന്ധി അവിടുത്തെ പ്രശസ്തമായ നാഷണല്‍ ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നു. വെള്ളക്കാരനല്ലാതിരുന്ന ഗാന്ധിക്ക് ഹോട്ടലുകാര്‍ മുറി കൊടുത്തില്ല. പ്രിട്ടോറിയയില്‍ ഒരിക്കല്‍ പൊതുനിരത്തിലൂടെ നടക്കവേ വെള്ളപൊലീസ് ഗാന്ധിയെ ചവിട്ടി വീഴ്ത്തി. ദക്ഷിണാഫ്രിക്കയില്‍ കാലു കുത്തി ഒട്ടും വൈകാതെ തന്നെ വര്‍ണ വിവേചനത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഗാന്ധിയെ ഉണര്‍ത്തി. കേവലമായ ഒരു ജീവിതം നയിക്കുകയല്ല തന്റെ വിധിയെന്ന് ക്രമേണ ഗാന്ധിക്ക് ബോധ്യപ്പെട്ട് തുടങ്ങി.

വര്‍ണ വിവേചനത്തെ ഗാന്ധി വെറുത്തു. ദക്ഷിണാഫ്രിക്കയില്‍ അന്ന് ജീവിച്ചിരുന്ന ഒന്നര ലക്ഷം ഇന്ത്യക്കാരെ വര്‍ണ വിവേചനത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഗാന്ധി മുഴുകി. ഗാന്ധി പക്ഷെ വെള്ളക്കാര്‍ക്കെതിരെ ഇന്ത്യക്കാരുടെ മനസ്സില്‍ നട്ടുപിടിപ്പിച്ചത് വിദ്വേഷമല്ല സ്‌നേഹമായിരുന്നു. അടിച്ചമര്‍ത്തിയവരെ ആക്രമിക്കാനല്ല ഗാന്ധി പഠിപ്പിച്ചത് അനുനയിപ്പിക്കാനാണ്. ശത്രുക്കളെ അഹിംസയനുഷ്ഠിച്ചു ഗാന്ധി കീഴ്‌പ്പെടുത്തി. അന്യായമായി ആരെയും ഉപദ്രവിച്ചു കൂടാ എന്നല്ല ഗാന്ധി സിദ്ധാന്തിച്ചത്. നിരുപാധിക അഹിംസയായിരുന്നു ഗാന്ധിയുടെ മതം. സ്വന്തക്കാരെ സ്‌നേഹിക്കുകയെന്നല്ല ശത്രുക്കളെ സ്‌നേഹിക്കുക എന്നായിരുന്നു ഗാന്ധിയുടെ മുദ്രാവാക്യം. ഇടത്തെ ചെവിക്ക് അടിച്ചവന് വലത്തേ ചെവി കൂടി കാണിച്ചു കൊടുക്കുക. സ്വന്തം ജീവന്റെ അതെ വില ശത്രുവിന്റെ ജീവനും കല്പിക്കുക. അഹിംസ കൈവിട്ടിട്ടു സ്വാതന്ത്ര്യം പോലും വേണ്ടതില്ലന്നു ഗാന്ധി ശഠിച്ചു. അഹിംസ പ്രയോഗ വല്‍ക്കരിക്കുന്നതില്‍ അസാമാന്യമായ മിടുക്കായിരുന്നു ഗാന്ധിക്ക്. ഒരു നൂറ്റാണ്ടിലധികം കാലം തങ്ങളെ അടിച്ചമര്‍ത്തിയും ചൂഷണം ചെയ്തും കൊണ്ടിരുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ നിസ്സാരമായ തോതിലെങ്കിലും ഹിംസ അനുഷ്ഠിക്കാന്‍ ഗാന്ധി സമര മാര്‍ഗത്തില്‍ അണി നിരന്ന ഇന്ത്യക്കാരെ അനുവദിച്ചില്ല. പ്രവര്‍ത്തിയില്‍ മാത്രമല്ല വാക്കിലും ഹിംസ അനുഷ്ഠിക്കുന്നവരായി ഗാന്ധി ഇന്ത്യക്കാരെ മാറ്റി. അന്നേവരെ ലോകം കേട്ടിട്ടുപോലുമില്ലാതിരുന്ന ഒരു പുതിയ സമര മാര്‍ഗം ഗാന്ധി ലോകത്തിനു പരിചയപ്പെടുത്തി.

അഹിംസയിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കകയല്ല, സ്വാതന്ത്ര്യ സമരത്തിലൂടെ അഹിംസ പരിശീലിക്കുകയാണ് ഗാന്ധി ചെയ്തത്. സ്വാതന്ത്ര്യത്തെക്കാളും വലുത് അഹിംസയിലുള്ള വിശ്വാസമാണെന്ന് ഗാന്ധി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ഗാന്ധി നടത്തിയ സമരങ്ങളെ കുറിച്ച ഒരു ലഘുവായ പഠനം പോലും ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തും. ദക്ഷിണാഫ്രിക്കയിലെ ഇന്‍ഡ്യക്കാര്‍ക്കെതിരെ വെള്ളക്കാര്‍ നിര്‍മിച്ചെടുത്തിരുന്ന അക്രമ നിയമങ്ങള്‍ക്കെതിരെ ഗാന്ധി ഒരിക്കല്‍ ഒരു മാരത്തോണ്‍ മാര്‍ച്ച് സംഘടിപ്പിച്ചു. 2037 പുരുഷന്‍മാരും 127 സ്ത്രീകളും 57 കുട്ടികളുമടങ്ങിയിരുന്ന ഇന്ത്യക്കാരുടെ ഒരു മഹാസംഘത്തെയാണ് ഗാന്ധി അന്ന് നയിച്ചത്. ന്യൂകാസില്‍ നിന്നും ട്രാന്‍സ്‌വാള്‍ വരെയുള്ള 61 കിലോമീറ്റര്‍ ദൂരം കാല്‍നടയായി അവര്‍ സഞ്ചരിച്ചു. 1913 ഒക്ടോബര്‍ 28നാണ് യാത്ര ആരംഭിച്ചത്. ഒരു തീര്‍ത്ഥാടക സമര മഹാ യാത്രയെന്നാണ് ഗാന്ധി സമരത്തെ വിശേഷിപ്പിച്ചത്. യാത്ര ആരംഭത്തില്‍ സമര യോദ്ധാക്കള്‍ക്ക് ഗാന്ധി നല്‍കിയ നിര്‍ദേശങ്ങളും അവ നടപ്പിലാക്കുന്നതില്‍ സമരക്കാര്‍ പാലിച്ച നിഷ്ഠയുമാണ് ഈ സമരത്തിനു ചരിത്രത്തില്‍ മഹത്തായ സ്ഥാനം നേടി കൊടുത്തത്. ഒരു ഭടന് ഒരു ദിവസം ഒന്നര റാത്തല്‍ അപ്പവും ഒരു ഔണ്‍സ് പഞ്ചസാരയും മാത്രമേ ലഭിക്കുകയുള്ളു. ആവശ്യത്തില്‍ കവിഞ്ഞ വസ്ത്രങ്ങള്‍ സാധന സാമഗ്രികള്‍ ആരും തന്നെ വഹിക്കാന്‍ പാടുള്ളതല്ല. ഉദ്യോഗസ്ഥരെയോ യുറോപ്യന്മാരെയോ ചീത്ത പറയുകയോ ഉപദ്രപിക്കുകയോ ചെയ്യരുത്. പോലീസ് അറസ്റ്റ് ചെയ്യുമ്പോല്‍ ശാന്തരായി വഴങ്ങണം. മുഴുവന്‍ സമര ഭടന്മാരും ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ അപ്പടി പാലിച്ചു. വാക്കില്‍ പോലും വെള്ളക്കാര്‍ക്കെതിരെ സമരക്കാര്‍ അഹിംസ തത്വങ്ങള്‍ പാലിച്ചു. സമരം ലക്ഷ്യം കണ്ടു. സമരക്കാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ മിക്കതും വെള്ളക്കാര്‍ അംഗീകരിച്ചു.

അഹിംസയിലൂടെ രാജ്യത്തിന്റെ വിമോചനം എന്നല്ല വിമോചന സമരത്തിലൂടെ അഹിംസ പരിശീലിക്കുകയെന്ന ഗാന്ധിയുടെ ലക്ഷ്യം തെളിഞ്ഞ മറ്റൊരു മഹാ സംഭവമായിരുന്നു ഉപ്പു സത്യാഗ്രഹം. ഉപ്പു നികുതിക്കെതിരെ ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡി കടല്‍ തീരം വരെ 390 കിലോമീറ്റര്‍ ഗാന്ധിജി നടത്തിയ പദയാത്രയാണ് ഉപ്പു സത്യാഗ്രഹം. യാത്രയില്‍ സ്ഥിരാഗങ്ങളായി 78 പേരെ ഉണ്ടായിരുന്നുള്ളു വെങ്കിലും 24 ദിവസം നീണ്ടു നിന്ന സമരത്തില്‍ ലക്ഷകണക്കിനു ജനങ്ങള്‍ പങ്കെടുത്തു. യാത്ര അവസാനിച്ചപ്പോഴേക്കും 80000 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദണ്ഡ് ഉപയോഗിച്ചു തലക്കടിച്ചത് അടക്കം എണ്ണമറ്റ അക്രമങ്ങള്‍ അഴിച്ചു വിട്ടാണ് ബ്രിട്ടീഷുകാര്‍ സമരത്തെ നേരിട്ടത്. ഇന്ത്യക്കാര്‍ പക്ഷെ ഒരു തുള്ളി രക്തം പോലും ഒഴുക്കി പകരം ചോദിക്കാന്‍ ഒരുമ്പെട്ടത് പോലുമില്ല. അഹിംസാനുസാരികളായ നിരായുധരെ ബ്രിട്ടീഷ് പട്ടാളം തല്ലി ചതക്കുന്നതിന്റെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ ലോകത്ത് വന്‍പിച്ച പ്രതികരണങ്ങള്‍ സൃഷ്ടിച്ചു.
ഉപ്പു സത്യാഗ്രഹം ബ്രിട്ടീഷുകാരുടെ സ്വാതന്ത്ര്യ സമരത്തോടുള്ള നിലപാട് മാറ്റുന്നതില്‍ വലിയ സ്വാധീനം ചെലുത്തി. 80000 പേരെ തുറുങ്കിലടച്ചിട്ടും തല്ലിചതച്ചിട്ടും പകരം ശത്രുവിനോട് ഒരു തുള്ളി രക്തത്തിനു പോലും പകരം ചോദിക്കാതെ ഗാന്ധി ഇന്ത്യക്കാരെ കാലാകാലത്തേക്കുമുള്ള അഹിംസയുടെ പ്രവാചകന്മാരാക്കി.

സ്വാതന്ത്രത്തേക്കാള്‍ വലുതാണ് ഗാന്ധിക്ക് അഹിംസയെന്നു തെളിയിച്ച സംഭവമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. റൗലറ്റ് ആക്ടില്‍ പ്രതിഷേധിച് 1920 ലാണ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്. ലക്ഷോപലക്ഷം ജനങ്ങള്‍ അണിനിരന്ന, ഇന്ത്യ അന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ഒരു മഹാ സമരമായി നിസ്സഹകരണ പ്രസ്ഥാനം രൂപപ്പെട്ടു. 1922 ആവുമ്പൊഴേക്കും ഇന്ത്യക്ക് ഉടനെ സ്വാതന്ത്ര്യം ലഭിക്കാന്‍ പോവുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. സര്‍വരും ആ പ്രതീക്ഷയില്‍ ആനന്ദിച്ചിരിക്കുമ്പോഴാണ് 1922 ഫെബ്രുവരി 5 ന് ഒരു സംഭവത്തില്‍ നിയന്ത്രണം വിട്ട സമരക്കാര്‍ ഉത്തര്‍പ്രദേശിലെ ചൗരി ചൗരാ പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു. മൂന്ന് സമരക്കാരും 22 വെള്ളക്കാരായ പോലീസുകാരും കൊല്ലപ്പെട്ടു. സമരം അഹിംസയിലേക്ക് വഴുതി വീണതില്‍ ദുഖിതനായ മഹാത്മാ ഗാന്ധി ഫെബ്രുവരി 22 ന് നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തി വെച്ചതായി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം വിളിപ്പാടകലെ എത്തി നില്‍ക്കെ സമരം പിന്‍വലിച്ചതില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും കുപിതരായി. കോണ്‍ഗ്രസ്സില്‍ ഗാന്ധിക്കെതിരെ പൊട്ടിത്തെറിയുണ്ടായി. പക്ഷെ, സ്വാതന്ത്ര്യത്തേക്കാള്‍ വലുതാണു അഹിംസയെന്ന തത്വത്തില്‍ ഗാന്ധി ഉറച്ചു നിന്നു.

കൊന്നും കൊല്ലിച്ചും ആള്‍ കൂട്ട കൊലപാതകങ്ങള്‍ സംഘടിപ്പിച്ചും സംഘടന വളര്‍ത്തുന്ന അഭിനവ സംഘടനകളെവിടെ മഹാത്മാ ഗാന്ധി എവിടെ?

 

Facebook Comments
Show More

Related Articles

Close
Close