Counter Punch

സഹപ്രവര്‍ത്തകരുടെ തുറന്ന പിന്തുണ രാഹുല്‍ ബജാജിന് ലഭിക്കില്ല

വിമര്‍ശനം ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും ഞങ്ങള്‍ക്ക് ഭയമാണെന്നും തുറന്നു പറഞ്ഞ വ്യവസായി രാഹുല്‍ ബജാജിന്റെ വീരോചിതമായ തുറന്നടിക്കല്‍ നമ്മള്‍ പ്രശംസിക്കേണ്ടതുണ്ട്. വ്യവസായികള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഒരു പതിവുകാര്യമാണ്. കാരണം,കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെടുന്ന സമയത്ത് വ്യവസായ മേഖലയില്‍ ദിനംപ്രതി സര്‍ക്കാരുകള്‍ ഒരോ നിയന്ത്രണങ്ങളും നിയമങ്ങളും നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ആളുകള്‍ രാഹുലിന്റെ പ്രസംഗത്തെ അഭിനന്ദിക്കുകയും പ്രസംഗം വൈറലാവുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ മൗനവലംബിക്കുകയാണ് ചെയ്തത്. ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്.

അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ബി.ജെ.പി തിരിച്ചടിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ വാക്കുകള്‍ ദേശീയ താല്‍പര്യത്തെ മുറിപ്പെടുത്തുന്നതാണെന്നാണ് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. പൗരന്മാരും സമൂഹവും വ്യാജ വിവരണങ്ങളാണ് നല്‍കുന്നതെന്നും അപവാദം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ബജാജിനെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തത്. ബജാജ് നേരത്തെ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുന്ന വീഡിയോ പുറത്തുവിട്ടാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ രംഗത്തെത്തിയത്.

ഇതിലൂടെ ബജാജിന്റെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സന്ദേശം വളരെ കൃത്യവും വ്യക്തവുമാണ്. അദ്ദേഹത്തിന്റെ മാതൃക ഒരിക്കലും പിന്തുടരരുത് എന്നാണത്. പ്രധാനപ്പെട്ട സമയങ്ങളിലെല്ലാം ഇന്ത്യയിലെ ബിസിനസുകാര്‍ മന്ത്രിമാര്‍ക്ക് പാദസേവ ചെയ്യുന്നത് കാണാം. പലപ്പോഴും അത് ഏറെ ലജ്ജാകരമായ രീതിയില്‍ കാണാം. ഏത് സര്‍ക്കാര്‍ ആണ് അധികാരത്തിലെങ്കിലും ഇത്തരം വ്യവസായികള്‍ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ ധനമന്ത്രിക്ക് 10ല്‍ 10 മാര്‍ക്ക് നല്‍കാന്‍ മറക്കാറില്ല.
വ്യവസായ ലോബകിള്‍ അധികാരത്തിലിരിക്കുന്നവരെ പ്രശംസിക്കാനായി പ്രത്യേക സ്‌നേഹപരിപാടികളും നടത്തുന്നത് കാണാം.

എന്നാല്‍, കോര്‍പറേറ്റുകള്‍ ഒന്നിനെയും വിമര്‍ശിക്കാത്തവരല്ല എന്നു പറയാന്‍ പറ്റില്ല. 2002ലെ ഗുജറാത്ത് കൂട്ടക്കൊലക്ക് ശേഷം ഇന്ത്യയിലെ കോര്‍പറേറ്റ് മേഖലയിലെ പ്രമുഖരായി ദീപക് പരീഖ്,അസീം പ്രേംജി,അനു അഗ,സിറസ് ഗസ്ദര്‍ എന്നിവര്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി കലാപം കൈകാര്യം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അത് മോദി ഒരിക്കലും മറന്നുകാണില്ല.

എന്നാല്‍ മോദി പ്രധാനമന്ത്രിയായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ മോദിയെ വ്യക്തിപരമായി പ്രശംസിക്കുക മാത്രമല്ല, അവരുടെ കൂടെ പോകുകയും ചെയ്തു. അതിനാല്‍ തന്നെ ഏതെങ്കിലും രീതിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവര്‍ നില്‍ക്കാറില്ല. ദല്‍ഹിയുമായി എങ്ങിനെയും മികച്ച ബന്ധം നിലനിര്‍ത്താനാണ് മിക്ക വ്യവസായികളും ആഗ്രഹിക്കുന്നത്.

ഇന്ത്യയിലെ സര്‍ക്കാരുകള്‍ക്ക് വ്യാപാരകിളെ വളര്‍ത്താനും തളര്‍ത്താനും സാധിക്കും. സഹായിക്കാനും ഉപദ്രവിക്കാനും കഴിയും. ലൈസന്‍സ് രാജ് പോയിട്ടുണ്ടാകാം. എന്നാല്‍ സര്‍ക്കാരിന് ഇപ്പോഴും തങ്ങളുടെ നയങ്ങളിലൂടെ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കാനും നഷ്ടമുണ്ടാക്കാനും സാധിക്കും. വൈവിധ്യമാര്‍ന്ന ചരക്കു സേവനങ്ങളുടെ ഒരു വലിയ ഉപഭോക്ത സമൂഹത്തെ നഷ്ടപ്പെടുത്താന്‍ ആരും അഗ്രഹിക്കില്ല. എല്ലാത്തിനും ഉപരിയായി സര്‍ക്കാരിന് ശിക്ഷ നല്‍കാനും കഴിയും. അതായത് ‘നികുതി ഭീകരത’ വഴി. വിവിധ ഏജന്‍സികളായ ഇന്‍കം ടാക്‌സ്,ഇ.ഡി,സി.ബി.ഐ എന്നിവ മുഖേനയാണത്. പല രാഷ്ട്രീയക്കാര്‍ക്കെതിരെയും സെലിബ്രിറ്റികള്‍ക്കെതിരെയും സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടിയെടുത്തിട്ടുണ്ട്.

നരേന്ദ്ര മോദിക്കോ അമിത് ഷാക്കോ അവരുടെ സര്‍ക്കാരിനോ എതിരെ തിരിഞ്ഞാല്‍ അവരെ അപകീര്‍ത്തിപ്പെടുത്താനും ആളുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഔദ്യോഗിക സംവിധാനങ്ങളെ എങ്ങിനെയെങ്കിലും വലതുപക്ഷ പ്രചാരണ യന്ത്രമാക്കി മാറ്റാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ആള്‍കൂട്ടക്കൊലപാതകം,അസഹിഷ്ണുത,വര്‍ഗീയത എന്നിവക്കെതിരെ പ്രതികരിക്കുന്നവരെ പോലും ആക്രമിക്കുകയാണ്. ഇതാണ് തങ്ങളുടെ പ്രധാന ശക്തി എന്ന് പറയാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടോ ? അല്ലെങ്കില്‍ കാര്യമുള്ള വിമര്‍ശനങ്ങള്‍ പോലും സ്വീകരിക്കാന്‍ ബി.ജെ.പി തയാറല്ലേ ?.

രാഹുല്‍ ബജാജിന്റെ അഭിപ്രായത്തിന് കിട്ടിയ ജനപ്രീതി അദ്ദേഹത്തിന് കുറച്ച് പേരുടെ പിന്തുണയുണ്ടെന്നാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ സഹവ്യവസായികളോ സ്ത്രീ വ്യവസായികളോ ഒന്നും തന്നെ ഇങ്ങിനെ കഴുത്ത് നീട്ടിക്കൊടുക്കില്ല. കിരണ്‍ മസൂംദര്‍ ഷായെപോലുള്ളവരൊഴികെ. എന്നാല്‍ ഇതൊക്കെ ഒറ്റപ്പെട്ട സംഭവമായി മാറും. 2014ല്‍ ആരംഭിച്ച നിശബ്ദതയുടെ പാരമ്പര്യം ഇനിയും തുടരും. അതിനാല്‍ തന്നെ എല്ലാവരും ഈ സര്‍ക്കാരിനെ സഹിക്കുകയാണ്. ഒന്നോ രണ്ടോ പേരൊഴികെ.

നിരവധി ധീരരായ വ്യക്തികളും സ്ഥാപനങ്ങളും ഈ വ്യവസ്ഥിതിക്കെതിരെ ശബ്ദിച്ചിട്ടുണ്ട്. അവര്‍ അതിന് കനത്ത വിലയും നല്‍കേണ്ടി വന്നിട്ടുണ്ട്. യാത്രനിരോധനം,ജയില്‍ ശിക്ഷ,റെയ്ഡുകള്‍ എന്നാല്‍ ഇതൊന്നും അവരെ പിന്നോട്ട് വലിപ്പിച്ചില്ല. അത് വിദ്യാര്‍ത്ഥികളായാലും സെലിബ്രിറ്റികളായാലും മാധ്യമപ്രവര്‍ത്തകരായാലും. ഇവര്‍ക്കെതിരെ ട്രോളുകളും ഭീഷണികളും ചൂഷണങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവര്‍ ഇന്ത്യയിലെ ഉന്നത ബിസിനസ് മേധാവികളോ ശക്തരോ അല്ല. എന്നിട്ടും അവര്‍ ധീരരാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും വിമര്‍ശിക്കുന്ന നിരവധി പ്രമുഖരുടെയും സെലിബ്രിറ്റികളുടെയും ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇത് യു.എസല്ല. ഇവിടെ സര്‍ക്കാര്‍ പ്രതികാരം ചെയ്യും. ഇനിയും പലരും ബജാജിന്റെ പാത പിന്തുടര്‍ന്ന് പ്രതികരിക്കാന്‍ തയാറായാല്‍ സര്‍ക്കാര്‍ അത് ശ്രദ്ധിക്കേണ്ടതായി വരും.

പക്ഷേ ആരും അത് ചെയ്യില്ല. അത് മോദി-ഷാക്ക് നന്നായി അറിയാം. ഇത് ഭീരുത്വത്തിന്റെ മാത്രം ഭാഗമാണ്. അത് അത്യാഗ്രഹവും തങ്ങളുടെ സംരംഭം അടച്ചുപൂട്ടുമോ എന്ന ഭയവുമാണ്. ഇന്ത്യയിലെ ബാങ്കുകള്‍ വ്യവസായികള്‍ക്ക് ലോണ്‍ കൊടുക്കുന്നത് നിര്‍ത്തിയാല്‍ അവര്‍ എല്ലാവരും അലമാരയിലെ അസ്ഥികൂടങ്ങളായി മാറും. അതോടെ ഇന്ത്യന്‍ വ്യവസായ മേഖലയുടെ കഴിവില്ലായ്മ തുറന്നു കാട്ടപ്പെടും. എല്ലാവരുടെയും സ്ഥിതി ഇങ്ങിനെയാണ്. ബജാജ് തന്റെ നിലപാട് വ്യക്തമാക്കി. അപ്പോള്‍ ഒരു നിമിഷം എല്ലാവര്‍ക്കും ആശ്വാസം ലഭിച്ചു. ഇനി എല്ലാവരും പഴയ പടിയിലേക്ക് തന്നെ മടങ്ങും.

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Related Articles
Close
Close