Counter Punch

ചോദ്യങ്ങളും ജനാധിപത്യവും

ഡെമോക്രസിക്ക് സംഭവിക്കാനിടയുള്ള വ്യതിയാനത്തെ അരിസ്റ്റോട്ടിൽ അടയാളപ്പെടുത്തിയത് ഡെമഗോഗറി എന്ന പദം കൊണ്ടാണ്. ചിന്താപരമായ അടിത്തറയില്ലാത്തതും ഭാവനാശൂന്യവുമായ, കേവലം വൈകാരികമായ അഭിനിവേശങ്ങൾ ജനങ്ങളിൽ സൃഷ്ടിച്ച് അത്തരം അഭിനിവേശങ്ങളുടെ സംരക്ഷകനായി സ്വയം അവതരിക്കുന്ന നേതാവിനെയാണ് ഡെമഗോഗ് എന്ന് പറയുക. ഡെമോസ് എന്നാൽ ഗ്രീക്കിൽ ജനം എന്നർത്ഥം. മാനിപ്പുലേറ്റർ എന്നർത്ഥമുള്ള പദമാണ് അഗോസ്. കൃത്രിമവും അന്തസ്സാരശ്ശൂന്യവുമായ വികാരങ്ങളെ മാത്രം അഭിമുഖീകരിക്കുകയും ജനങ്ങളെ ഇവയുടെ ആധാരത്തിൽ ഇളക്കിവിടുകയും ചെയ്യുന്ന നേതാവിനെ ഡമഗോഗ് (demagogue) എന്ന് വിളിക്കാം.

ഡെമഗോഗുകളുടെ പ്രവർത്തനങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.
ഒന്ന്) മുകളിൽ പറഞ്ഞതു പോലെ വൈകാരികവും ഭാവനാശൂന്യവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അതിൽ അഭിരമിക്കാൻ ജനങ്ങളെ വിട്ടേക്കുകയും ചെയ്യുന്നു.

രണ്ട്) ഇതിലൂടെ ഒരു രാഷ്ട്രത്തിന്റെ, സമൂഹത്തിന്റെ മൌലികമായ പ്രശ്നങ്ങളിലേക്കും അവകാശങ്ങളിലേക്കും പ്രവേശിക്കുന്നതിൽ നിന്ന് അതിലെ അംഗങ്ങളുടെ ബോധത്തെ തടയുന്നു.

മൂന്ന്) ഇപ്രകാരം മുൻവിധി, അജ്ഞത, വികാരങ്ങൾ തുടങ്ങിയവ ഉണർത്തി വിട്ട് ജനങ്ങളെ അധികാരത്തിന് വേണ്ടി ചൂഷണം ചെയ്യുക മാത്രമല്ല, ഉള്ളു പൊള്ളയായ, ആത്മാവില്ലാത്ത ഒരു കൂട്ടം മാത്രമായി അവരെ മാറ്റുകയും അതിലൂടെ സാമൂഹികവും ചിന്താപരവുമായ പുരോഗതികളെല്ലാം തടയുകയും ചെയ്യുന്നു.

Also read: ആൽപ് അർസലാൻ എന്ന മാൻസികേർട്ടിലെ സിംഹം

നാല്) യുക്തിസഹമായ ആലോചനകളെ മുഴുവനും ബന്ധിക്കുകയും ഉന്നതമായ രാഷ്ട്രീയ പെരുമാറ്റങ്ങളെയും ജനാധിപത്യത്തിന്റെ മര്യാദകളെയും തീർത്തും അസാധുവാക്കുകയും ചെയ്യുന്നു.

പ്രശസ്ത അമേരിക്കൻ ചരിത്രകാരനായ റെയിൻഹാഡ് ലൂതിൻ (Reinhard Henry Luthin) ഡെമഗോഗുകളുടെ ലക്ഷണങ്ങൾ താഴെ പറയും പ്രകാരം വിവരിക്കുന്നുണ്ട്: പ്രഭാഷണം, വ്യാജോക്തി, നിന്ദാസ്തുതി എന്നിവയിൽ പ്രവീണനായ പൊലിറ്റീഷൻ എല്ലാവർക്കും എല്ലാം വാഗ്ദാനം ചെയ്യുകയും എന്നാൽ മൌലികവും സുപ്രധാനവുമായ വിഷയങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധയെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു യുക്തിയെക്കാൾ (reason) വികാരത്തിലേക്ക് (passion) ജനങ്ങളെ ആകർഷിക്കുന്നു. വംശീയവും മതപരവും വർഗീയവുമായ മുൻവിധികൾ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യുന്നു. പ്രയോജനപ്രദമായ തത്വങ്ങളെയോ മൂല്യങ്ങളെയോ ഒട്ടും ആശ്രയിക്കാതെ അധികാരത്തോടുള്ള മോഹം എന്ന വികാരം കൊണ്ട് മാത്രം ജനങ്ങളുടെ നേതാവാകാൻ ശ്രമിക്കുന്നു. (റെയിൻഹാഡ് ലൂതിന്റെ American Demagogues എന്ന പുസ്തകം കാണുക)

പാശ്ചാത്യ നാഗരികതയോളം പഴക്കമുള്ള ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെയും ബോധത്തിന്റെയും സൃഷ്ടിയാണ് ഒരു ഡെമഗോഗ് എന്നും ലൂതിൻ രേഖപ്പെടുത്തുന്നുണ്ട്. ഇന്നത്തെ ഇന്ത്യൻ അധികാരം ഈ ലക്ഷണങ്ങളെല്ലാം വെളിപ്പെടുത്തുന്നുണ്ട് എന്നത് വ്യക്തമാണ്. വിചാരത്തിന് പകരം വികാരത്തിന് മുൻഗണന നൽകുന്നു, മൌലികപ്രശ്നങ്ങളുടെ സ്ഥാനത്ത് വൈകാരികാഭിനിവേശങ്ങൾ പ്രാമുഖ്യം നേടുന്നു (തൊഴിൽരാഹിത്യത്തെക്കാളും അഴിമതിയെക്കാളും മുഖ്യം ക്ഷേത്രനിർമാണമായിത്തീരുന്നു), വംശീയമായ മുൻവിധികൾ സൃഷ്ടിക്കുകയും ബഹിഷ്കരണങ്ങൾക്കും തിരസ്കാരങ്ങൾക്കും നിയമപരിരക്ഷ നൽകുകയും ചെയ്യുന്നു.

ജനാധിപത്യപരമായ രാഷ്ട്രീയ പെരുമാറ്റങ്ങളെ റദ്ദ് ചെയ്യുന്നു. പാർലിമെന്റിൽപ്പോലും ചോദ്യങ്ങളരുത് എന്ന് വിധിക്കുന്നു. ചോദ്യങ്ങൾ പരമപ്രധാനമാണ്. ഉത്തരങ്ങളെക്കാൾ ആയിരം മടങ്ങ് പരിവർത്തനശേഷിയുണ്ട് ചോദ്യങ്ങൾക്ക് എന്ന് സോക്രട്ടീസ്. ചോദ്യങ്ങളാണ് പരിവർത്തനത്തിന്റെ ആയുധവും താക്കോലും എന്ന് പഠിപ്പിക്കാത്ത ഒരൊറ്റ പ്രവാചകനുമുണ്ടാവില്ല. ചോദ്യം ചോദിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുമ്പോൾ നാട് പോകുന്നത് ഡെമഗോഗറിയിലേക്ക് പോലുമല്ല, പൂർണമായ അതോറിറ്റേറിയനിസത്തിലേക്കാണ്.
ഞാനാണ് രാഷ്ട്രം,
ഞാൻ തന്നെയാണ് രാഷ്ട്രം,
ഞാൻ മാത്രമാണ് രാഷ്ട്രം
എന്നതിലേക്ക് തന്നെ.
Facebook Comments

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker