Counter Punch

നിക്കി ഹാലി: ഇസ്രായേലിന്റെ ആത്മസുഹൃത്ത്

യു.എന്നിലെ യു.എസ് അംബാസിഡര്‍ പദവിയില്‍ നിന്നുള്ള നിക്കി ഹാലിയുടെ പെട്ടെന്നുള്ള രാജി വിവിധ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 9നാണ് ഹാലിയുടെ രാജിക്കാര്യം ട്രംപ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഹാലി പിന്തുടര്‍ന്ന വിദ്വേഷത്തിന്റെ നയതന്ത്രം ഫലസ്തീനെയും ചില ചെറിയ രാഷ്ട്രങ്ങളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷവും ഒന്‍പത് മാസവും ഫലസ്തീന്റെ അവകാശങ്ങള്‍ക്കും സ്വയം നിര്‍ണ്ണയാധികാരത്തിനും പോരാട്ടത്തിനും നേരെ തുരങ്കം വെക്കാനുള്ള ശ്രമങ്ങളാണ് ഹാലിയും ട്രംപ് ഭരണകൂടവും സ്വീകരിച്ചു പോന്നത്. അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങളിലെല്ലാം ഫലസ്തീനികള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ഇസ്രായേലിന് സ്തുതിഗീതങ്ങള്‍ പാടുകയുമാണ് ഹാലി ചെയ്തിരുന്നത്.

ഹാലിയുടെ ഫലസ്തീനോടുള്ള നീരസത്തിനും ഇസ്രായേലിനോടുള്ള സ്‌നേഹത്തിനും അവസരവാദത്തിനുമപ്പുറം യുക്തിസഹമായ വിശദീകരണം ഉണ്ടാവാറില്ല.
മൈക്കിള്‍ വോള്‍ഫിന്റെ പുസ്തകമായ ഫയര്‍ ആന്റ് ഫ്യൂറിയില്‍ അദ്ദേഹം ഹാലിയെക്കുറിച്ച് പ്രതിപാദിക്കുന്നത് അവര്‍ ഒരു അവസരവാദിയാണെന്നാണ്.
കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ട്രംപ് അവരെ യു.എന്നിലെ അമേരിക്കന്‍ നയതന്ത്രത്തിന്റെ മുഖമായി അവരെ തെരഞ്ഞെടുക്കുന്നത് വരെ ഹാലി ഏതാണ്ട് പൂര്‍ണമായും അജ്ഞാതയായിരുന്നു.

ഇന്ത്യയില്‍ നിന്ന് കുടിയേറിയ കുടുംബത്തിലാണ് ഹാലിയുടെ ജനനം. അക്കൗണ്ടന്റ് ആയാണ് അവരുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് രണ്ടു തവണ സൗത്ത് കരോലിനയിലെ ഗവര്‍ണര്‍ പദവി വഹിച്ചു. എന്നാല്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സ്ഥാപനമായ യു.എന്നിന്റെ മുന്‍നിരയിലെത്താന്‍ വേണ്ട യോഗ്യതയൊന്നും അവര്‍ക്കില്ലായിരുന്നു.

പുതിയ സ്ഥാനമേറ്റെടുത്ത ഉടന്‍ തന്നെ ഹാലി യു.എന്നില്‍ ഫലസ്തീനികള്‍ക്കെതിരെ സംസാരിക്കാന്‍ തുടങ്ങി. ഫലസ്തീനികളെല്ലാം ആക്രമണകാരികളാണെന്ന തരത്തിലായിരുന്നു അവരുടെ നിലപാട്. 1948ല്‍ ഇസ്രായേല്‍ സ്ഥാപിതമായ ശേഷം യു.എന്നിലെ എല്ലാ യു.എസ് പ്രതിനിധികളുടെയും ഫലസ്തീനോടുള്ള സമീപനം ഇങ്ങനെയായിരുന്നു.

ഇസ്രായേലിനോടുള്ള യു.എസിന്റെ ആഴത്തിലുള്ള പിന്തുണയുടെ ഫലമായിട്ടാണ് യു.എന്നില്‍ ഹാലിയും ഫലസ്തീന്‍ വിരുദ്ധ നയം സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ യു.എന്നിലെ യു.എസ്-ഇസ്രായേല്‍ ബന്ധത്തിന് ഇസ്രായേലിന്റെ അത്ര തന്നെ പഴക്കമുണ്ട്. ഇസ്രായേലിനെ എതിര്‍ക്കുന്ന യു.എന്നിന്റെ എല്ലാ പ്രമേയങ്ങളെയും അമേരിക്ക എതിര്‍ക്കും. യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ വീറ്റോ അംഗങ്ങള്‍ എല്ലാവരുടെയും പിന്തുണയോടെ മാത്രമേ പ്രമേയം പാസാകൂ. അതിനാല്‍ തന്നെ യു.എസിന്റെ എതിര്‍പ്പ് മൂലം ഇത്തരത്തിലുള്ള ഒരു പ്രമേയവും പാസാകാറില്ല. യു.എന്നിലെ ഇസ്രായേല്‍ വിരുദ്ധ ചേരിയെ വെല്ലുവിളിക്കാന്‍ ഹാലിക്ക് കഴിഞ്ഞിരുന്നു.

ഹാലിയുടെ രാജിക്ക് പിന്നാലെ അവര്‍ക്ക് നന്ദി പറഞ്ഞ് ഇസ്രായേല്‍ രംഗത്തെത്തി. യു.എന്നില്‍ ഇസ്രായേലിനുള്ള പദവി ഉയര്‍ത്താന്‍ ഹാലി സഹായിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് തന്ന പിന്തുണക്ക് നന്ദിയുണ്ടെന്നും യു.എന്നിലെ ഇസ്രായേല്‍ സ്ഥിരാംഗം ഡാനി ഡാനന്‍ പറഞ്ഞു. നിങ്ങളുടെ ദൃഢമായ സൗഹൃദത്തിന് നന്ദിയുണ്ടെന്നും നിങ്ങള്‍ എവിടെയാണെങ്കിലും ഇസ്രായേലിന്റെ യഥാര്‍ത്ഥ സുഹൃത്തായിരിക്കുമെന്നും ഡാനന്‍ ട്വീറ്റ് ചെയ്തു.

യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ ഇസ്രായേലിന്റെ ചാംപ്യന്‍ ആയിരുന്നു ഹാലിയെന്നാണ് ജോര്‍ജ് ബുഷിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവായ ഏലിയട്ട് അബ്രാം പറഞ്ഞത്. യു.എന്നിലെ യു.എസ്-ഇസ്രായേല്‍ സൗഹൃദ ബന്ധവും ഫലസ്തീനികളുടെ അവകാശ പോരാട്ടങ്ങളും ഹാലിയുടെ രാജിക്ക് ശേഷവും മാറ്റമില്ലാതെ തുടരും.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: സഹീര്‍ അഹ്മദ്

Facebook Comments
Show More

റംസി ബാറൂദ്‌

റംസി ബാറൂദ്, എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ 'പീപ്പിള്‍സ് ഹിസ്റ്ററി' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്യുന്നു. 'മിഡിലീസ്റ്റ് ഐ' യില്‍ കണ്‍സള്‍ട്ടന്റ്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കോളമിസ്റ്റും, എഴുത്തുകാരനും, മീഡിയ കണ്‍സള്‍ട്ടന്റുമായ അദ്ദേഹം PalestineChronicle.com ന്റെ സ്ഥാപകന്‍ കൂടിയാണ്. My Father Was a Freedom Fighter: Gaza's Untold Story (Pluto Press, London) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തമാണ്.

Related Articles

Close
Close