Counter Punch

ഇങ്ങനെയാണ് അമേരിക്ക സ്വതന്ത്ര രാജ്യങ്ങളെ ‘വിമോചിപ്പിക്കുന്നത്’

പാശ്ചാത്യലോകവും ലോകത്തിലെ മറ്റു ഭാഗങ്ങളും തമ്മിൽ ചില ഗൗരവതരമായ ഭാഷാസംബന്ധ പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടെന്നത് വളരെ വ്യക്തമാണ്. “സ്വാതന്ത്ര്യം” (Freedom), “ജനാധിപത്യം” (democracy), “വിമോചനം” (liberation), “ഭീകരവാദം” (terrorism) പോലെയുള്ള അവശ്യ പദങ്ങൾ എല്ലാം തന്നെ പരസ്പരം കൂടിക്കുഴഞ്ഞും ആശയകുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്; ന്യൂയോർക്ക്, ലണ്ടൻ, ബെർലിൻ എന്നിവിടങ്ങളിലും ലോകത്തിന്റെ മറ്റു ഭാഗത്തും പ്രസ്തുത പദങ്ങൾക്ക് തീർത്തും വ്യത്യസ്തമായ അർഥങ്ങളാണുള്ളത്.

വിഷയത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ്, യു.കെ, ഫ്രാൻസ്, ജർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളും ലോകത്തിന്റെ എല്ലാ കോണുകളിലും കൊളോണിയൽ ഭീകരത നടപ്പാക്കിക്കൊണ്ടിരിക്കുന്നത് നാം ഓർക്കേണ്ടതുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി അവർ ഫലപ്രദമായ പദ-സംജ്ഞകളും പ്രോപഗണ്ടകളും വികസിപ്പിച്ചിട്ടുണ്ട്. അവ ഉപയോഗിച്ചാണ് കോളോണിയൽ ഭീകരതയുടെ ഭാഗമായി അവർ നടത്തുന്ന കൊള്ള, പീഡനം, ബലാത്സംഗം, വംശഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്നത്. അടിസ്ഥാനപരമായി, ആദ്യം യൂറോപ്പും, പിന്നീട് നോർത്ത് അമേരിക്കയും അക്ഷരാർഥത്തിൽ തന്നെ “കൂട്ടക്കൊല അടക്കമുള്ള എല്ലാ കുറ്റകൃത്യങ്ങളിൽ നിന്നും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു”. അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ തദ്ദേശീയ ജനത കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരുടെ ശബ്ദം നിശബ്ദമാക്കപ്പെട്ടു. ആഫ്രിക്കയിൽ നിന്നും അടിമകൾ ഇറക്കുമതി ചെയ്യപ്പെട്ടു. ചൈന, ഇന്നത്തെ ‘ഇന്ത്യ’, ഇന്തോനേഷ്യ തുടങ്ങിയ മഹത്തായ ഏഷ്യൻ രാജ്യങ്ങൾ അധിനിവേശത്തിനിരയായി, വിഭജിക്കപ്പെട്ടു, മുച്ചൂടും കൊള്ളയടിക്കപ്പെട്ടു.

Also read: അമ്പതിലും വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നതെന്തുകൊണ്ട്?

മത പ്രചാരണം, ജനങ്ങളെ സ്വന്തത്തിൽ നിന്നും ‘വിമോചിപ്പിക്കുക’, അതുപോലെ തന്നെ “അവരെ നാഗരികരാക്കുക” തുടങ്ങിയവയുടെ പേരിലാണ് ഈ ക്രൂരതകളെല്ലാം അരങ്ങേറിയത്. ഒന്നും യഥാർഥത്തിൽ മാറിയിട്ടില്ല.

ഇന്നും, ആയിരക്കണക്കിനു വർഷത്തെ സംസ്കാരമുള്ള മഹത്തായ രാഷ്ട്രങ്ങളിലെ ജനങ്ങളെ ശിശുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്, അവർ അപമാനിക്കപ്പെടുന്നു, എങ്ങനെ പെരുമാറണമെന്നും, ചിന്തിക്കണമെന്നും നഴ്സറി കുട്ടികളോടെന്ന പോലെ അവരോട് നിരന്തരം പറയപ്പെടുന്നു. അവർ “മോശമായി പെരുമാറിയാൽ” പ്രഹരിക്കപ്പെടും. പിന്നെ കാലക്രമേണ കഠിനമായി പ്രഹരിക്കപ്പെടും. പതിറ്റാണ്ടുകൾക്കും നൂറ്റാണ്ടുകൾക്കും ശേഷമായിരിക്കും അവർക്കൊന്ന് സ്വന്തം കാലിൽ എഴുന്നേറ്റു നിൽക്കാൻ സാധിക്കുക. “അപമാനത്തിന്റെ” കാലഘട്ടത്തിൽ നിന്നും കരകയറാൻ ചൈനയ്ക്കു പതിറ്റാണ്ടുകൾ വേണ്ടി വന്നു. കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിൽ പലതും ഇന്നും കരകയറിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ ലണ്ടൻ, ബ്രസ്സൽസ്, ബർലിൻ എന്നിവിടങ്ങളിലെ ചരിത്രരേഖകൾ പരിശോധിച്ചാൽ, കോളനിവത്കരണത്തിന്റെ ഭാഗമായി ചെയ്തുകൂട്ടിയ എല്ലാ ക്രൂരനടപടികളും ഉന്നതമായ പദങ്ങൾ ഉപയോഗിച്ച് ന്യായീകരിക്കപ്പെടുന്നതായി കാണാം. പാശ്ചാത്യ ശക്തികൾ എല്ലായ്പ്പോഴും “നീതിക്കു വേണ്ടിയാണ് പോരാടുന്നത്”, അവർ ജനങ്ങൾക്ക് “ജ്ഞാനോദയവും” “വിമോചനവും” നൽകുന്നവരാണ്. യാതൊരു വിധ കുറ്റബോധമോ, നാണക്കേടോ, പുനർചിന്തയോ അവർക്കില്ല. അവർ എല്ലായ്പ്പോഴും ശരിയാണ്! ഇന്നും അങ്ങനെ തന്നെയാണല്ലോ.

Also read: സമ്മതവും വിസമ്മതവുമാണ് സുജൂദ്

വർത്തമാനകാലത്ത്, വിവിധ ഭൂഖണ്ഡങ്ങളിലെ, നിരവധി സ്വതന്ത്ര രാജ്യങ്ങളിലെ സർക്കാറുകളെ അട്ടിമറിക്കാൻ പടിഞ്ഞാറ് ശ്രമിക്കുന്നുണ്ട്. ബൊളീവിയ (ഈ രാജ്യം തകർക്കപ്പെട്ടു കഴിഞ്ഞു) മുതൽ വെനസ്വേല വരെ, ഇറാഖ് മുതൽ ഇറാൻ വരെ, ചൈന മുതൽ റഷ്യ വരെ. ഈ രാജ്യങ്ങൾ എത്രത്തോളം വിജയിക്കുന്നുവോ, അത്രത്തോളം അവർ തങ്ങളുടെ ജനങ്ങളെ കൂടുതൽ നന്നായി സേവിക്കും, വിദേശത്തു നിന്നുള്ള ആക്രമണങ്ങൾ എത്രത്തോളം കഠിനമാണോ, അത്രത്തോളം തന്നെ അവർക്കു മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും കർശനമാണ്. ഈ രാജ്യങ്ങളിലെ പൗരൻമാർ എത്രത്തോളം സന്തുഷ്ടരാണോ, അത്രത്തോളം തന്നെ അവരെ കുറിച്ച് പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് പ്രചരിപ്പിക്കുന്ന കാര്യങ്ങൾ വിചിത്രമാണ്.

ഹോങ്കോങിൽ, ചില യുവാക്കൾ, സാമ്പത്തിക താൽപര്യത്തിന്റെയോ അല്ലെങ്കിൽ അജ്ഞതയുടേയോ പുറത്ത്, “പ്രസിഡന്റ് ട്രംപ്, ദയവായി ഞങ്ങളെ വിമോചിപ്പിക്കൂ!” എന്ന് ആർത്തു വിളിക്കുന്നുണ്ട്. യു.കെ, യു.എസ്, ജർമൻ പതാകകൾ അവർ വീശുന്നുണ്ട്. ഇതിനോട് എതിർത്തു സംസാരിക്കുന്നവരെ അവർ അടിച്ചുവീഴ്ത്തുകയാണ്.

ഇനി നമുക്ക്, എങ്ങനെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് യഥാർഥത്തിൽ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ രാജ്യങ്ങളെ ‘വിമോചിപ്പിക്കുന്നത്’ എന്നു നോക്കാം.

ഇറാന്റെ കാര്യമെടുക്കാം, കഠിനമായ ഉപരോധങ്ങളും നിരോധനാജ്ഞകളും നിലനിൽക്കുമ്പോഴും, “മനുഷ്യ വികസന സൂചിക” (HDI)യിൽ (180 രാജ്യങ്ങളിൽ) 60ആം സ്ഥാനത്താണ് ഈ രാജ്യം നിലകൊള്ളുന്നത്. ഇതെങ്ങനെ സാധ്യമാകും? ഉത്തരം ലളിതമാണ്. ഇറാൻ ഒരു (ഇറാനിയൻ സവിശേഷതകളോടു കൂടിയ സോഷ്യലിസമുള്ള ) സോഷ്യലിസ്റ്റ് രാജ്യമാണ്. പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന ഒരു ഇന്റർനാഷണലിസ്റ്റ് രാഷ്ട്രം കൂടിയാണ് ഇറാൻ. വെനസ്വേല, ക്യൂബ, ബൊളീവിയ (മുമ്പ്), സിറിയ, യമൻ, ഫലസ്തീൻ, ലെബനാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ (പട്ടിക ചുരുക്കുന്നു) തുടങ്ങി ലോകത്ത് ആക്രമിക്കപ്പെടുന്ന, അധിനിവേശത്തിനു ഇരയായ ഒരുപാട് രാജ്യങ്ങൾക്ക് ഇറാൻ സഹായം നൽകുന്നുണ്ട്.

Also read: വിട്ടുവീഴ്ച നിറഞ്ഞതാവട്ടെ ഈ ഹ്രസ്വജീവിതം

എന്താണ് പടിഞ്ഞാറ് ചെയ്തുകൊണ്ടിരിക്കുന്നത്? ഇക്കൂട്ടർ ഏതുവിധേനയും അവരെ തകർക്കാനാണ് ശ്രമിക്കുന്നത്. എല്ലാ സദുദ്ദേശങ്ങളെയും പുരോഗതിയെയും അവർ തകർക്കുന്നു. ഉപരോധങ്ങളിലൂടെ അവർ ഇറാനെ പട്ടിണിക്കിടാൻ നോക്കുന്നു. അവിടെയുള്ള ‘പ്രതിപക്ഷത്തിന്’ സാമ്പത്തിക സഹായസഹകരണങ്ങൾ പ്രദാനം ചെയ്യുന്നു. ഇറാനെ തകർക്കാനാണ് അവർ ശ്രമിക്കുന്നത്.

പിന്നീട് അവർ ഇറാഖിലൂടെ സഞ്ചരിക്കുകയായിരുന്ന ഇറാന്റെ സൈനികവാഹനങ്ങൾക്കു നേരെ ബോംബാക്രമണം നടത്തി, അവരുടെ ധീര സൈന്യാധിപനായ ജനറൽ സുലൈമാനിയെ വധിച്ചു. ഇതു കൊണ്ടൊന്നും മതിയാവാത്തതു പോലെ, ഇനിയും ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും, ആക്രമിക്കുമെന്നും, സാംസ്കാരിക കേന്ദ്രങ്ങൾ തകർക്കുമെന്നും അടക്കമുള്ള ഭീഷണികൾ അമേരിക്ക ഇറാനു നേരെ മുഴക്കുന്ന കാഴ്ചയാണ് നാം കണ്ടത്.

ആക്രമണഭീഷണി നിലനിൽക്കുന്ന അവസരത്തിൽ, ആശയകുഴപ്പം കാരണം, അബദ്ധവശാൽ ഇറാൻ ഒരു ഉക്രൈനിയൻ പാസഞ്ചർ ജെറ്റ് വെടിവെച്ചു വീഴ്ത്തി. അവർ ഉടൻ മാപ്പു പറയുകയും, നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ മുറിവിൽ ഉപ്പു തേക്കുന്ന പരിപാടിക്ക് അപ്പോഴേക്കും യു.എസ് തുടക്കം കുറിച്ചിരുന്നു. അവർ (ഹോങ്കോങിൽ ചെയ്തതു പോലെ) ഇറാനിലെ യുവജനങ്ങളെ ഇളക്കിവിട്ടു. ബ്രിട്ടീഷ് അംബാസഡർ അടക്കം ഇടപെട്ടു!

Also read: പളുങ്കുപാത്രങ്ങളാണ് ; കനിവ് കാണിക്കൂ

മൂന്ന് പതിറ്റാണ്ടുകൾക്കു മുമ്പ്, ഇറാൻ-ഇറാഖ് യുദ്ധത്തിനിടെ, ബന്ദർ അബ്ബാസിൽ നിന്നും ദുബൈയിലേക്ക് പോവുകയായിരുന്ന ഇറാനിയൻ പാസഞ്ചർ ഫ്ലൈറ്റ് (Iran Air flight 655) അമേരിക്ക വെടിവെച്ചിട്ടിരുന്നു. പ്രസ്തുത ‘അപകടത്തിൽ’ 260 യാത്രക്കാർ കൊല്ലപ്പെട്ടു, അവരിൽ 66 പേർ കുട്ടികളായിരുന്നു. ഈ സംഭവം ഒരു “വാർ കൊളാറ്ററൽ” (യുദ്ധത്തിനിടെ ബോധപൂർവ്വമാല്ലാതെ സംഭവിക്കുന്ന അപകടം) ആയാണ് കണക്കാക്കപ്പെട്ടത്. അന്ന് വാഷിങ്ടണിൽ “ഭരണമാറ്റം” വേണമെന്ന് ഇറാനിയൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടില്ല. ന്യൂയോർക്കിലും ചിക്കാഗോയിലും കലാപങ്ങൾ ഉണ്ടാക്കാൻ വേണ്ടി അവർ പണം ഒഴുക്കിയിട്ടുമില്ല.

അമേരിക്കയുടെ ഇറാഖ് “വിമോചനം” (കഠിനതരമായ ഉപരോധങ്ങൾ, ബോംബാക്രമണം, അധിനിവേശം) പത്തു ലക്ഷത്തിലധികം ഇറാഖികളുടെ ജീവനാണ് കവർന്നത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. അമേരിക്ക “വിമോചിപ്പിച്ച” ഇറാഖിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. ആധുനിക ചരിത്രമെടുത്താൽ, ഇത്തരത്തിലല്ലാതെ മറ്റേതെങ്കിലും വിധത്തിൽ പടിഞ്ഞാറ് “വിമോചിപ്പിക്കൽ” നടത്തിയിട്ടുണ്ടോ?

ലോകത്തിന്റെ എല്ലാ ഭാഗത്തും വാഷിംഗ്ടൺ ആക്രമാസക്തമാവുകയാണ്. അതിനു വേണ്ടി അവർ ധാരാളം പണം ഒഴുക്കുന്നുമുണ്ട്. ഭീകരവാദ തന്ത്രങ്ങൾ പ്രയോഗിക്കാനും അവർക്കു മടിയില്ല. ഇതിനെ ഇതുവരെ “യുദ്ധം” എന്ന് വിളിച്ചിട്ടില്ല. പക്ഷെ ഇതു യുദ്ധം തന്നെയാണ്. ആളുകൾ മരിച്ചു വീഴുകയാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം നശിച്ചുകൊണ്ടിരിക്കുകയാണ്.

വിവ. മുഹമ്മദ് ഇർഷാദ്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker