Counter Punch

‘പുതിയ ഇന്ത്യ’- ഒരധ്യാപകന്‍ തന്റെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കയച്ച കത്ത്

നിങ്ങള്‍ക്കറിയുമോ വര്‍ഷങ്ങളായി നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു. അവര്‍ കൗമാരപ്രായത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പുള്ള സമയത്താണ് ഞാന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് വോട്ട് ചെയ്യാനുള്ള പ്രായമാകുന്നത് വരെ ടീച്ചര്‍ എന്ന നിലയില്‍ ഞാന്‍ അവരോടൊപ്പം തുടരും.

കൗമാര പ്രായം എന്നത് അവര്‍ക്ക്് വളരെയധികം അസാധാരണമായ കാലഘട്ടമാണ്. കുട്ടിത്തം പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടുമുണ്ടാകില്ല. എന്നാല്‍ പക്വത അവരില്‍ പൂര്‍ണമായും പ്രകടമായിട്ടുമുണ്ടാവില്ല. ഇതിനും രണ്ടിനും ഇടയില്‍ ഉള്ള ഈ കാലഘട്ടം തികച്ചും ക്രമരഹിതമായിരിക്കും. പഴയ ഇന്ത്യ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടെ പുറത്തേക്കുള്ള വഴിയിലാണ്. പുതിയ ഇന്ത്യ പൂര്‍ണമായും എത്തിയിട്ടുമില്ല.

ഒരു അധ്യാപകനെന്ന നിലയില്‍ ഞാന്‍ എന്തിനാണ് രാഷ്ട്രീയമായി ഇങ്ങിനെ ചിന്തിക്കുന്നത് എന്ന് പലപ്പോഴും ചോദിക്കപ്പെടാറുണ്ട്. എന്റെ വിഷയം അപ്ലൈഡ് സൈക്കോളജിയാണ്. അതിന് എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. ഒന്ന് വിദ്യാഭ്യാസം എന്നത് ഒരു പഠനശാഖയാണ്. അതില്‍ രണ്ട് ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാലേ അത് പൂര്‍ണമാകൂ. അതില്‍ ഒന്ന് മനശാസ്ത്രവും രണ്ടാമത്തേത് രാഷ്ട്രീയവും ആണ്. രാഷ്ട്രീയം മനസ്സിലാക്കണമെങ്കില്‍ മനുഷ്യ മനസ്സ് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കണം. രണ്ടാമത്തെ കാര്യം ഞാന്‍ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്‍ ആണ്. നിങ്ങളുടെത് പോലെ എനിക്കും രാജ്യത്തെ ഭരണഘടന അനുസരിച്ച് എന്റേതായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ട്. അതിനാല്‍ തന്നെ രാഷ്ട്രീയത്തെക്കുറിച്ച് ബോധവാന്മാരുകയും അതില്‍ പങ്കെടുക്കുകയും ചെയ്യണം.

ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, നിങ്ങളില്‍ ചിലര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു. മറ്റു ചിലര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ല. നിങ്ങളില്‍ ചിലര്‍ മോദി വീണ്ടും അധികാരത്തിലെത്തിയതില്‍ ആഹ്ലാദിക്കുന്നു ചിലര്‍ നിരാശയിലുമാണ്. നിങ്ങളുടെ രാഷ്ട്രീയ മുന്‍ഗണനകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് ഞാന്‍ നിങ്ങള്‍ക്കീ കത്ത് എഴുതുന്നത്. കാരണം നിങ്ങളെല്ലാം രക്ഷിതാക്കളാണ്. തെരഞ്ഞെടുപ്പിന് ശേഷം പലരും വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും പ്രത്യയശാസ്ത്ര നിലപാടുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

ഇന്ത്യയിലെ യഥാര്‍ത്ഥ രാഷ്ട്രീയ യുദ്ധം ഇടതും വലതും തമ്മിലല്ല. അത് ധാര്‍മികതയും അധാര്‍മികതയും തമ്മിലാണ്. ലളിതമായി പറഞ്ഞാല്‍ ആര്‍ക്ക് എത്ര വോട്ടുകള്‍ കിട്ടിയാലും ഞാന്‍ പറയുന്നതിനോട് നിങ്ങള്‍ യോജിക്കുമെന്ന് കരുതുന്നു. വിദ്വേശം എന്നത് കുറ്റകൃത്യമാണ്. ജാതീയതയും വര്‍ഗ്ഗീയ ചേരിതിരിവും തെറ്റാണ്. വിവേചനവും പൈശാചികതയും ജാതി പറയുന്നതും ആക്രമവും തെറ്റാണ്. ഈ പറഞ്ഞതിനെ ആരെങ്കിലും പ്രോത്സാഹിപ്പിക്കുകയോ മൗനം പാലിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നതും തെറ്റാണ്. ശരിയായത് എന്നും ശരിയാകും. എല്ലാവരും ഇതിനെതിരായാലും തെറ്റ് തെറ്റ് തന്നെയാണ്.

അധ്യാപകന്‍ എന്ന നിലയില്‍ എനിക്ക് രണ്ട് ലക്ഷ്യമാണുള്ളത്. ഞാന്‍ പഠിപ്പിക്കുന്ന വിഷയം മനസ്സിലാക്കാന്‍ നിങ്ങളുടെ കുട്ടികളെ സഹായിക്കണം. അക്കാര്യത്തില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ അവരെ ഉപദേശിക്കുന്നു. കൂടാതെ നല്ല ഒരു മനുഷ്യനായി വളരാനും ഇത് അവരെ സഹായിക്കുന്നു. ഒരു നല്ല മനുഷ്യന്റെ മുഖമുദ്ര ധാര്‍മിക ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുകയും അതിനകത്ത് നിന്ന് ശരിയും തെറ്റും മനസ്സിലാക്കാന്‍ കഴിയുക എന്നതുമാണ്. ഇത് വളരെ വലിയ ടാസ്‌ക് ആണെന്നും ഒരൊറ്റ രാത്രിയില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയില്ലെന്നും എനിക്കറിയാം. എന്നാല്‍ ഈ മേഖലയിലെ മറ്റുള്ളവരെക്കാള്‍ നിങ്ങളുടെ കുട്ടികളെ എന്നാല്‍ കഴിയുന്നത് സഹായിക്കണം എന്നും വിശ്വസിക്കുന്നവനാണ് ഞാന്‍.

മനുഷ്യരെന്ന നിലയില്‍ നാം പരസ്പരം ബഹുമാനിക്കുന്നു. മറ്റുള്ളവരോട് ദയയും സഹാനുഭൂതിയും കാണിക്കണം. വിവേചനത്തിന്റെയും ഭീതിയുടെയും അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കണം. സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കണം. നെഗറ്റീവ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടരുത്. മറ്റുള്ളവര്‍ തെറ്റ് ചെയ്യുമ്പോള്‍ മാപ്പ് നല്‍കാനും ക്ഷമിക്കാനും പഠിപ്പിക്കുക. അവരുടെ തെറ്റുകള്‍ മനസ്സിലാക്കാനും ബുദ്ധിപൂര്‍വം മുന്നോട്ട് പോകാനും സഹായിക്കുക. ഇവയെല്ലാം നിങ്ങളുടെയും ലക്ഷ്യങ്ങള്‍ തന്നെയാണ് എന്നാണ് ഞാന്‍ ഊഹിക്കുന്നത്.

വളരെ കുറച്ച് അധ്യാപകരും രക്ഷിതാക്കളും മാത്രമേ കുട്ടികള്‍ക്ക് വിദ്വേഷത്തോടും അക്രമത്തോടും വിയോജിക്കണമെന്ന് പഠിപ്പിക്കുന്നുള്ളൂ. ന്യൂനപക്ഷ സമൂഹത്തിന് നേരെ അരങ്ങേറുന്ന അപമാനകരമായ സംഭവങ്ങള്‍ പാടില്ല എന്ന് പറയാന്‍ നമുക്കാവണം. അത് തമാശക്കാണെങ്കില്‍ പോലും. വീടകങ്ങളിലെ സംഭാഷണങ്ങളില്‍ വംശീയവും മുന്‍വിധിയോടെയുമുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കുക.

നമ്മുടെ ജീവിതത്തിലെ മൗലികതയുടേയും വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റങ്ങളുടെ മലിനഫലങ്ങളില്‍ നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം നമ്മുടെ ജീവിതത്തില്‍ മാന്യതയുടെയും മര്യാദകളുടെയും മൂല്യങ്ങളെക്കുറിച്ച് അവര്‍ക്ക് അവബോധം നല്‍കുക എന്നതാണ്. അവര്‍ ഇപ്പോള്‍ പഠിക്കുന്നത് ജീവിതകാലം മുഴുവന്‍ ഓര്‍മിക്കും എന്ന് മനസ്സിലാക്കുക. അവര്‍ എങിനെയാണോ ആയിത്തീരേണ്ടത് അതുപോലെ നമ്മള്‍ അവരോട് പെരുമാറണം. നമ്മുടെ കുട്ടികള്‍ എല്ലായിപ്പോഴും കുട്ടികളായിരിക്കില്ല. നിങ്ങളുടെ അവസ്ഥ തന്നെ നിങ്ങള്‍ക്ക് അറിയില്ലേ. നിങ്ങള്‍ ഇപ്പോള്‍ രക്ഷിതാക്കള്‍ എന്ന കോര്‍ണറില്‍ ആണുള്ളത്. നിങ്ങളോടുള്ള എന്റെ ചോദ്യം ഇതാണ്-ഏത് തരത്തിലുള്ള മുതിര്‍ന്നവരെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ?..

അവലംബം:thewire.in
വിവ: സഹീര്‍ അഹ്മദ്

Facebook Comments
Related Articles
Show More

Check Also

Close
Close
Close