Current Date

Search
Close this search box.
Search
Close this search box.

വ്യത്യസ്തനായൊരു പ്രവാസിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല !

കേരള മോഡല്‍ വികസനം ഒരു പ്രത്യേക ദേശത്തെയും അവിടത്തെ ജനവിഭാഗങ്ങളെയും അവഗണിച്ചിരുന്നു. മലബാറിലെ ജനങ്ങള്‍ വലിയ തോതില്‍ പ്രവാസം സ്വീകരിക്കാന്‍ കാരണം സ്റ്റേറ്റിന്റെ തന്നെ അവഗണനയായിരുന്നു. മരുഭൂമിയുടെ തിളച്ച് മറിയുന്ന ചൂടില്‍ ജീവിതം വെന്തെരിയുമ്പോള്‍ നാട്ടിലുള്ളവരെ അല്ലലും അലട്ടലുമില്ലാതെ ജീവിക്കാന്‍ പഠിപ്പിക്കുകയായിരുന്നു ഓരോ പ്രവാസിയും. അവര്‍ മുണ്ടുമുറുക്കി കേരളത്തെ വയറുനിറച്ചു കഴിപ്പിച്ചു ധന്യരായി നിവര്‍ന്ന് നിന്നവരാണ് പ്രവാസികള്‍. സ്വന്തം നാടിന്റെ ഗന്ധവും കുടുംബജീവിതവും സ്വപ്‌നങ്ങളും പാതിവെന്ത ആഗ്രഹങ്ങളും പിന്നിലുപേക്ഷിച്ച് മറ്റുള്ളവന് വേണ്ടി ജീവിച്ച് തീര്‍ത്തവര്‍.

കഞ്ഞിയും ചമ്മന്തിയും പട്ടിണിയും അര്‍ധപട്ടിണിയുമായി ജീവിതം തള്ളിനീക്കിയ മലബാറിലെ ഗ്രാമങ്ങളില്‍ പോലും ഷവര്‍മ്മയും ബ്രോസ്റ്റും എത്തിച്ച് പുരോഗതിയുടെ കയറ്റുമതിക്കാര്‍. തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം എത്രവിലകൊടുത്തും സ്വന്തം മക്കള്‍ക്ക് നല്‍കാന്‍ തയ്യാറായവര്‍. മലബാറിന്റെ പുരോഗതിയുടെ പിന്നിലും ഗള്‍ഫ്കാരന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. ഒരു കാലത്ത് എസ്.എസ്.എല്‍.സി മുതല്‍ എന്‍ട്രന്‍സ് വരെയുള്ള റിസള്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ തെക്കോട്ട് കാമറയുമായി ഓടി നടന്നിരുന്ന ചാനലുകാരും കൊടിവെച്ച കാറുകാരും മലബാറിലും കയറിയിറങ്ങി. ഏത് റിസള്‍ട്ടിലും മികവ് പുലര്‍ത്തി അവര്‍ മുന്നേറി. പെണ്‍കുട്ടികള്‍ക്ക് അക്ഷരം വിലക്കിയ കെട്ടകാലത്തെ പിന്നിലാക്കി മലബാറിലെ മിക്ക കാമ്പസുകളിലും മുസ്‌ലിം പെണ്‍കുട്ടികളുടെ വന്‍ സാന്നിദ്ധ്യമുണ്ടായി. ഓത്ത്പള്ളിയും കുത്ത് റാതീബുമായി കഴിഞ്ഞ സമുദായത്തെ അറബികോളേജുകളും ഐ.ടി. കോളേജുകളും നടത്തുന്നവരാക്കി മാറ്റി. ഓടുമേഞ്ഞ പള്ളികള്‍ കോണ്‍ക്രീറ്റ് ഗോപുരങ്ങളും ഗ്രാനൈറ്റ് തറകളുമായതും ഗള്‍ഫ് വിയര്‍പ്പിന്റെ സ്വാധീനം തന്നെയാണ്. ഏത് മതരാഷ്ട്രീയ സംഘങ്ങളുടെയും വരുമാനത്തിന്റെയു ബജറ്റിന്റെയും വലിയൊരു വിഹിതം പ്രവാസ ലോകം തന്നെയാണ്.
എയര്‍ഇന്ത്യയെന്ന തലതിരിഞ്ഞ കമ്പനിക്കാരും പൈലറ്റ്മാരും അവരെ എയര്‍പോര്‍ട്ടില്‍ പന്ത് തട്ടികളിക്കുമ്പോള്‍ പോലും കുംഭകര്‍ണ്ണസേവ നടത്തുന്നവരാണ് നമ്മുടെ മന്ത്രിമാര്‍. മരുഭൂമിയില്‍ പീഡനം ഏറ്റുവാങ്ങുമ്പോള്‍ എംബസി ഏമാന്‍മാരും എക്‌സിക്യൂട്ടീവ്കളും ചെസ്സ്‌കളിയുമായി സമയം തള്ളിനീക്കി. ഏതൊരു രാജ്യത്തെയും പൗരന്‍മാര്‍ക്ക് അവരുടെ എംബസികള്‍ അഭയകേന്ദ്രമായി മാറുമ്പോള്‍ ഗള്‍ഫ് നാടുകളിലുള്ള ഇന്ത്യന്‍ എംബസികള്‍ സ്വന്തം പൗരന്‍മാര്‍ക്ക് ‘കീറാമുട്ടിയായി’.
അളമുട്ടിയപ്പോള്‍ ഗള്‍ഫുകാരും തിരിഞ്ഞ് കടിക്കാന്‍ തുടങ്ങി. ഗള്‍ഫ് പര്യടനം നിശ്ചയിച്ച പ്രവാസികാര്യമന്ത്രിക്ക് യാത്ര റദ്ദാക്കേണ്ടി വന്നു. അവരൊന്ന് ആഞ്ഞ്പിടിച്ചാല്‍ തകരുന്ന അധികാര കേന്ദ്രങ്ങള്‍ മാത്രമാണ് കേരളത്തിലുള്ളത്. പ്രവാസിയുടെ ജീവിതത്തിലൂടെ അവന്‍ നേടിയെടുത്ത ക്ഷമയുടെ ദൗര്‍ബല്യം കൊണ്ടുമാത്രമാണ് നിരന്തര അവഗണനക്ക് വിധേയമാകുമ്പോഴും അവനെ ശാന്തനാക്കുന്നത്. ചീറിപായുന്ന വാഹനങ്ങളും തലയുയര്‍ത്തിയ പാര്‍പ്പിടങ്ങളും മാളുകളും മലബാറിന് പ്രാപ്യമാക്കിയത് ഗള്‍ഫുകാരനാണ്. പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കുന്നത് മുതല്‍ സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങള്‍ക്ക് വരെ പ്രവാസിയുടെ പോക്കറ്റൂറ്റിയവരാണ് മലയാളികള്‍.
ഒരു കിലോ ആപ്പിള്‍ പ്രവാസി സ്വന്തത്തിന് വിലക്കുമ്പോഴും കുടുംബത്തിന് അനുവദിച്ചു കൊടുത്തു. ഗള്‍ഫില്‍ ഒരു റൂമില്‍ ആറാളുകള്‍ ഒരുമിച്ച് തങ്ങുമ്പോള്‍ നാട്ടില്‍ ഒരു റൂമില്‍ ഒരാളെ മാത്രമാക്കി സൗകര്യമൊരുക്കി കൊടുത്തു. കണ്ണീരിന്റെയും നെടുവീര്‍പ്പിന്റെയും സമ്മര്‍ദ്ദങ്ങളുടെയും ലോകത്ത് ജീവിച്ച് തീര്‍ത്തവര്‍ ഒരുപാട് രോഗങ്ങളുമായി നാടുപിടിച്ചപ്പോള്‍ പള്ളിക്കും പാര്‍ട്ടിക്കാര്‍ക്കും സ്വന്തം കുടുംബത്തിനുപോലും അവര്‍ ബാധ്യതയായി. ഇപ്പോള്‍ സൗദിഅറേബ്യയിലും തുടര്‍ന്ന് ഖത്തറും, കുവൈത്തും നിതാഖാത് സംവിധാനത്തിലൂടെ സ്വദേശിവല്‍കരണത്തിന് തുടക്കമിടുകയാണ്. മുമ്പേത്തെക്കാളുപരി ശക്തമായി സ്വദേശവല്‍കരണം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ രാജ്യങ്ങള്‍. ലക്ഷക്കണക്കിന് മലയാളികളുടെ വീടുകളിലെ അടുപ്പില്‍ തീയണയും, വയറെരിയും, ദാരിദ്ര്യത്തിന്റെ നിറം മങ്ങിയ കാഴ്ചകളിലേക്ക് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ എടുത്തെറിയപ്പെടും. പ്രവാസിക്ക് വോട്ടില്ലെങ്കിലും അവരുടെ കുടുംബത്തിന് ഇവിടെ വോട്ടുണ്ട്. നിസ്സംഗത പാലിച്ച് മധുരമനോഹര പ്രസ്താവനകളില്‍ അഭിരമിക്കുന്ന രാഷ്ട്രീയക്കാരന്റെ മുഖത്ത് നോക്കി പ്രതികരിക്കാന്‍ ഒരു പ്രവാസിയും ഇനിയും അമാന്തിച്ച് പോകരുത്.
സോഷ്യല്‍ നെറ്റ്‌വര്‍കുകളില്‍ പോസ്റ്റിട്ടത് കൊണ്ട് തീരുന്നതല്ല പ്രവാസ ലോകത്തിന്റെ പ്രശ്‌നം. അഭിമാനവും തൊഴിലും സംരക്ഷിച്ച് നിര്‍ത്താനുള്ള പോരാട്ടത്തിലേക്ക് ഇറങ്ങി ചെയ്യാന്‍ സന്നദ്ധമാവണം. അല്ലെങ്കില്‍ പഴയ മലയാള സിനിമകളില്‍ പരിഹാസ്യരായി ചിത്രീകരിച്ചിരുന്ന പ്രവാസികളുടെ റോളിലേക്ക് ഗള്‍ഫുകാര്‍ തിരിച്ച് കയറും. ഗള്‍ഫുകാരന്‍ നാട്ടിലുണ്ടാക്കിയ പുരോഗതിയെ കാണാതെ അവനെ കേവലമൊരു പരിഹാസപാത്രമാക്കുന്നതിലായിരുന്നു നമ്മുടെ സിനിമകളും സാഹിത്യങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രവാസം ഒരു ഒരു അലങ്കാരമല്ല ഒരു കുടുംബത്തിന്‍രെ ഉത്തരവാദിത്വമാണ്. ധൂര്‍ത്തും ദുര്‍വ്യയവും നിയന്ത്രിച്ച് ക്രിയാത്മകമായ ഒരു ജീവിത ശൈലിക്ക് തുടക്കമിടാന്‍ ഗള്‍ഫ് കുടുംബങ്ങള്‍ തയ്യാറാവണം. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോഗ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് പ്രവാസികളുടെ പണമാണ്. ഉറൂസും, വാര്‍ഷികവും നോളജ് സിറ്റിയുമായി ഗള്‍ഫില്‍ പണത്തിനു വേണ്ടി പതിയിരിക്കുന്നവരോടു സ്‌നേഹപൂര്‍വം ചോദിക്കണം. നിങ്ങള്‍ ചെലവഴിക്കുന്ന പണത്തിന്റെ ഫലത്തെ കുറിച്ച് സമുദായത്തിനു നല്‍കിയ സേവനങ്ങളെ കുറിച്ച് എണ്ണി അളന്നു തിട്ടപ്പെടുത്തി കൊടുക്കണം. സമൂഹ പ്രവാസിയെ ബഹുമാനിക്കണം. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ‘ജയ്’ വിളിക്കുന്നതിന്റെ പതിന്മടങ്ങ് ഉച്ചത്തില്‍ പ്രവാസിക്ക് വേണ്ടി ജയ് വിളിക്കാനെങ്കിലും നാം തയ്യാറാവണം.

ഫ്ലാഷ്ബാക്ക് : ഇറ്റലിക്കാരായ സൈനികര്‍ ഇന്ത്യയിലേക്ക്. അറസ്റ്റ് ചെയ്യരുത്, ശിക്ഷിക്കരുത് എന്ന നിബന്ധനയോടെയാണ് ഇന്ത്യയിലേക്ക് വന്നത്. അടുത്ത ജന്മത്തിലെങ്കിലും ഇറ്റലിക്കാരായി ജനിക്കുവാന്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുക. ആരെയും വെടിവെച്ച് കൊല്ലാം, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഉറങ്ങുകയും ചെയ്യാം!

Related Articles