Current Date

Search
Close this search box.
Search
Close this search box.

യു ഡി എഫ് നാവുകൊണ്ട് നാടു ഭരിക്കുന്നു!

അഞ്ച് വര്‍ഷത്തിന് സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് ഇടതുവലതു പക്ഷങ്ങള്‍ നടത്തുന്ന ഗ്രാന്റ് സര്‍ക്കസാണ് കേരള ഭരണം. യുഡി എഫ് സര്‍ക്കാര്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണ്. പാരവെക്കല്‍, ഏഷണി, പരദൂഷണം, തെറിയഭിഷേകം ഇങ്ങനെയെത്ര ക്ഷേമപരിപാടികളാണ് സര്‍ക്കാര്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിച്ചത്. കണ്ണ് കാണാന്‍ വെളിച്ചമില്ല… സഞ്ചരിക്കാന്‍ ബസുമില്ല….മലയാളികളെല്ലാം ഒന്നു പോലെ എന്നതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ദേശീയ ഗാനം. മാവേലി മാമനു ശേഷം ഇത്രയേറെ ജനക്ഷേമ തല്‍പരനായ ഒരു ഭരണാധികാരി നാടുഭരിച്ചിട്ടില്ല!

നേരും നെറിയും നിയമസഭയുടെ നടുത്തളത്തില്‍ പോലും കാണാനില്ല. ഏയ്, കൂയ് വിളികളും ചെരുപ്പടിയും തെറിവിളിയും എമ്പാടുമുണ്ട് നിയമസഭകളില്‍. 140 മണ്ഡലത്തിലെയും വോട്ടര്‍മാര്‍ മൂക്കത്ത് വിരല്‍ വെച്ച് അമ്പരന്നിരിക്കുകയാണ്. കുടിവെള്ളം കുത്തകവല്‍ക്കരിക്കുന്നു, കെ എസ് ആര്‍ ടി സി സ്വകാര്യലോബികല്‍ക്ക് വേണ്ടി കെട്ടുകെട്ടിക്കാനും വൈദ്യുതി സ്വകാര്യവല്‍കരിക്കാനും മത്സരിച്ചുകൊണ്ടിരിക്കുകയാണ്. 1990-കളിലെ കണക്കുകാണിച്ചിട്ടാണ് കെ എസ് ആര്‍ ടി സി യുടെ നഷ്ടം പെരുപ്പിക്കുന്നത്. എയര്‍ ഇന്ത്യ നഷ്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അലമുറയിടുന്നത് പോലെ എയര്‍ ഇന്ത്യക്ക് ടിക്കറ്റ് നല്‍കുന്ന ട്രാവല്‍സുകള്‍ വരെ അനുദിനം പുതിയ ബ്രാഞ്ചുകള്‍ തുടങ്ങി വെച്ചടികയറുമ്പോള്‍ എയര്‍ ഇന്ത്യ വന്‍നഷ്ടത്തിലാണത്രെ! ഇതു പോലൊരു വലിയ ബഡായിയാണ് കെ എസ് ആര്‍ ടി സിയുടെ നഷ്ടം. നാലു ചക്രമുള്ള ബസ് നേരെ ചൊവ്വെ ഉരുട്ടാന്‍ അറിയാത്തവരാണ് എയര്‍ കേരളയെ കുറിച്ച് വാചാലരാകുന്നത്. എയര്‍ കേരള തുടങ്ങിയാല്‍ മറ്റൊരു നഷ്ടകണക്ക് പടച്ചുണ്ടാക്കി സ്വകാര്യ മുതലാളിമാര്‍ക്ക് ആകാശ റൂട്ട് കൂടി വില്‍ക്കുന്ന പുതിയ തന്ത്രമായിരിക്കും പിന്നീട് അവതരിപ്പിക്കുക.

ഓരോ ബജറ്റിലെയും അവതരണങ്ങളും വാഗ്ദാനങ്ങളും കേട്ടാല്‍ കേരളം വികസന സ്വര്‍ഗരാജ്യമാവുമെന്നാണ് നമ്മള്‍ വിചാരിക്കുക. എല്ലാ മാര്‍ച്ചിലും മാണിസാര്‍ നടത്തുന്ന വഴിപാട് പള്ളിപ്പെരുന്നാളാണ് കേരളാ ബജറ്റ്. റോഡ് വീതി കൂട്ടും മെട്രോ റെയിലും മെഡിക്കല്‍ കോളേജും പറന്നുവരും കര്‍ഷകരെല്ലാം പഴയ നമ്മള്‍കൊയ്യും വയലുകളുടെ സുരഭില കാലത്തേക്ക് തിരിച്ചു പോകും എന്നിങ്ങനെയൊക്കെ മനോവിചാരങ്ങളുണ്ടാകും ബജറ്റ്പ്രസംഗം കേട്ടാല്‍. അരിക്ക് വിലകുറയും, കാര്‍ഷിക വിളകള്‍ക്ക് വിലകൂട്ടും തുടങ്ങിയ വാക്മഴകള്‍ കേട്ട് കടയില്‍ പോയാല്‍ കീശകാലിയാവാതെ ഒരുകിലോ അരിപോലും വാങ്ങാന്‍ പറ്റാതെ തിരിച്ച് വീട്ടില്‍ വന്ന് നെടുവീര്‍പ്പെടുക്കും. പട്ടിണികിടക്കാന്‍ നികുതി കൊടുക്കേണ്ട കെട്ടകാലമാണ് ഓരോ മലയാളിയുടെയും വീട്ടിലും വന്നിരിക്കുന്നത്.

ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പങ്കിട്ടെടുക്കുന്നതാണ് യഥാര്‍ഥത്തില്‍ ഭരണം. ഏതു കാര്യത്തിലായാലും ഇതുതന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വന്നാല്‍ പള്ളിയെയും ജാതി-സമുദായങ്ങളെയും  നാട്ടുകാരെയും പാട്ടിലാക്കി ഭരണത്തിലെത്തിയാല്‍ ജാതിയും സമുദായവും നാട്ടുകാരെയും തൂക്കിലേറ്റി നൃത്തം ചവിട്ടുന്ന കഥകളിയാണ് ജനാധിപത്യം. മുറകൂടാതെ ഇവിടെ നടക്കുന്ന വികസനം ഉദാര മദ്യനയമാണ്. പിന്നെ തെരുവില്‍ നാവ്‌കൊണ്ടാണ് എല്ലാവരും ഭരിക്കുന്നത്. കൂടെയുള്ളവരെയും ശത്രുക്കളെയും പത്രമാധ്യമങ്ങളെയുമെല്ലാം പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചുകയറിയ അതിയാന്‍ നാവുകൊണ്ട് അടക്കിഭരിക്കുകയാണ്. ഉപദേശിച്ച് നേരെയാക്കാന്‍ ആര്‍ക്കും വേണ്ടത്ര ധാര്‍മികാവകാശമില്ലാത്തത് കൊണ്ട് ടിയാന് ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്തു. നാവുപിഴയുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഇദ്ദേഹത്തിന്റെ ഉസ്താദായിവരും. പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹം ഗൗരിയമ്മയെ വിശേഷിപ്പിച്ച അത്രയും നല്ല പദം ഭൂമിമലയാളത്തില്‍ ഒരു രാഷ്ട്രീയനേതാവും ഇന്നേവരെ വാക്യത്തില്‍ പ്രയോഗിച്ചിട്ടില്ല.

അടുത്ത പ്രാവശ്യം യു.ഡി.എഫിനെ നിലം തൊടാതെ പരാജയപ്പെടുത്താന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത് ആര്യാടന്‍ മന്ത്രിയാണ്. കിട്ടിയ വകുപ്പൊക്കെ കട്ടപ്പുറത്ത് കയറ്റി ഒടുവില്‍ സര്‍ക്കാറിനെ അട്ടത്തേക്കെറിയാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഇടക്ക് ലീഗിന്റെ മുതുകത്ത് ഒരു ചവിട്ട് കൊടുക്കും. അതിലൂടെ മാത്രമാണ് സ്വന്തം സാന്നിധ്യം അദ്ദേഹമറിയിക്കുന്നത്. അഛന്‍ -മകന്‍ അനന്തര തര്‍ക്കം, അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന വൈരുദ്ധ്യാതിഷ്ഠിത തര്‍ക്കം, ഇങ്ങനെ തുടങ്ങി കൂടാരത്തിലെ സര്‍കസ് കഴിഞ്ഞ് ആളുകള്‍ക്ക്  മുന്നില്‍  അഭ്യാസപ്രകടനം നടത്താന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ധാര്‍മികതയും ഗുണകാംക്ഷയും പരസ്പര ബഹുമാനവും ഒക്കെ മാര്‍ക്കറ്റില്‍ മാത്രം കിട്ടുന്ന ഇക്കാലത്ത് ഇവരെ പഴിച്ചിട്ട് കാര്യവുമില്ല.

വിലക്കയറ്റം മഹാമാരി പോലെ പകര്‍ന്നു തുടങ്ങി ജീവിതം കാര്‍ന്നു തിന്നുമ്പോള്‍ നമുക്ക് ഇതൊന്നും വിഷയമല്ലയെന്ന മട്ടിലാണ് മധ്യവര്‍ഗം ജീവിതം തള്ളിനീക്കുന്നത്. ആരെങ്കിലും പ്രതികരിച്ചോ പ്രതിഷേധിച്ചോ തങ്ങളുടെ അവകാശം വാങ്ങി തരട്ടേയെന്ന ഒരു തരം ക്വട്ടേഷന്‍ ഏര്‍പ്പാട്. യഥാര്‍ഥത്തില്‍ മധ്യവര്‍ഗത്തിന്റെ ഇത്തരം ക്വട്ടേഷന്‍ ഏറ്റെടുത്തവരാണ് ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും. അല്ലറ ചില്ലറ പ്രകടനങ്ങള്‍ നന്നേകൂടിയാല്‍ ഒരു ഹര്‍ത്താല്‍ പ്രയോഗം കഴിഞ്ഞു ഇവരുടെ സാമൂഹ്യപ്രതിബദ്ധതയുള്ള രാഷ്ട്രീയത്തിന്റെ പൊറാട്ടുനാടകങ്ങള്‍. ഇതെല്ലാം കണ്ടുമടുത്ത ചെറുപ്പക്കാര്‍ വല്ല സോഷ്യല്‍ മീഡിയകളില്‍ ഒരു പോസ്‌റ്റോ കമന്റോ ലൈക്കോ അടിച്ച് തങ്ങളുടെ രാഷ്ട്രീയ ദൗത്യം പൂര്‍ത്തീകരിക്കുന്നു. ഇത്രമേല്‍ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായിട്ട് ഒരു ഇലയനക്കം പോലും കേള്‍ക്കാത്ത ഷണ്ഡീകരിക്കപ്പെട്ടവരുടെ വാസസ്ഥലമായി കേരളം അധപതിച്ചോ? മനം മടുത്ത് ജനം നിലവിളിച്ച് പോവുകയാണ് ദൈവം തമ്പുരാനേ വാമനനെ ഒരിക്കല്‍ കൂടി പറഞ്ഞയച്ച് ഈ നിയമസഭയൊന്ന് ചവിട്ടിത്താഴ്ത്തി ദുരിതത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണേ. ആണ്ടിലൊരിക്കല്‍ 140 എണ്ണത്തിനും വെച്ച് വിളമ്പിയാലും വേണ്ടിയല്ല തീരാദുരിതം താങ്ങാതെ ജീവിക്കാമല്ലോ!

ഫ്ലാഷ്ബാക്ക്: മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവിയും ഔദ്യോഗിക പദവിയും നല്‍കണമെന്നാവശ്യപ്പെട്ട് കെ പി രാമനുണ്ണിയുടെ നിരാഹാര സമരം സെക്രട്ടറിയേറ്റിനു മുമ്പില്‍ നടന്നിരുന്നു. മലയാളം ശ്രേഷ്ഠ ഭാഷ പദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ പി.സി ജോര്‍ജിന്റെ പുതിയ പദാവലികള്‍ കൂടി ചേര്‍ത്ത് പൂര്‍ത്തീകരിക്കുന്നത് നന്നായിരിക്കും!

Related Articles