Current Date

Search
Close this search box.
Search
Close this search box.

മോഡി പാവം വ്യവസായിയും മഅ്ദനി ‘കൊടുംഭീകരനുമാണ്’ !

ഇന്ത്യയില്‍ മോഡി ഫാന്‍സിന്റെ എണ്ണം കൂടി വരികയാണ്. മുസ്‌ലിം ലീഗ് എം.എല്‍.എ. കെ.എം. ഷാജിക്കും മോഡിയോട് അടങ്ങാത്ത മുഹബ്ബത്ത്. സ്വന്തം പാര്‍ടിയിലെ നേതാക്കളെ പോലും പുകഴ്ത്താത്ത സ്വന്തം സമുദായത്തെ ഒറ്റികൊടുക്കുന്ന ഷാജി മോഡിയെയല്ലാതെ മറ്റാരെ പ്രണയിക്കും. സംഘ്പരിവാര്‍ സ്‌നേഹം ഉള്ളിലൊതുക്കി നടന്നിരുന്നത് ഇപ്പോള്‍ അങ്ങാടിപ്പാട്ടായെന്ന് മാത്രം. അബ്ദുന്നാസര്‍ മഅ്ദനിയെയടക്കം ഭത്സിക്കുന്ന അബദ്ധത്തില്‍ പോലും സംഘ്ശക്തികളെ മുറിവേല്‍പ്പിക്കാത്ത ദുരൂഹ മെയ്‌വഴക്കത്തിന്റെ രാഷ്ട്രീയമാണ് ഇദ്ദേഹം പയറ്റിയിരുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ വംശീയ കലാപത്തിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയെ പുകഴ്ത്തി പറയണമെങ്കില്‍ അപാരമായ തൊലിക്കട്ടി അനിവാര്യമാണ്. ചാനല്‍ കൂടുകളില്‍ നിന്ന് ബി.ജെ.പിയുടെ അതേ സ്വരവും ഭാഷയും പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്ന യുവകോമളനനാണ് ഈ ‘ഹരിത’ ബ്രിഗേഡിയര്‍. ഇന്ത്യയിലെ മീഡിയകളും സംഘ് നെറ്റ്‌വര്‍ക്കുകളും ഭാവി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികൊണ്ടു വരുന്നത് മോഡിയെയാണ്. ഇതിനനുകൂലമാവുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിട്ടാണ് ഷാജിയും അര്‍ഷദ് മദനയും അബ്ദുല്ലകുട്ടിയുമൊക്കെ ഇപ്പോള്‍ മനസിലാക്കുന്നത്. സ്വന്തം സമുദായത്തിന്റെ തലക്ക് നാലു ചവിട്ട് കൊടുത്ത് ചാനല്‍ കൂടുകളില്‍ കയറി കുമ്പസരിച്ച് മതേതര പ്രതിഛായയുടെ തിളക്കം കൂട്ടുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയഗിമ്മിക്കുകള്‍. ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. അബ്ദുല്ലകുട്ടിയോട് സി.പി.എം വിശദീകരണം ചോദിച്ചിരുന്നെങ്കില്‍ കെ.എം. ഷാജിയോട് വിശദീകരണം ചോദിക്കാന്‍ പോലും മുസ്‌ലിം ലീഗ് തയ്യാറായിട്ടില്ല. അഞ്ചാം മന്ത്രിയും, പച്ചസാരിയും, നിലവിളക്കും, ഒ.വി. വിജയന്‍ പ്രതിമയുമടക്കം തങ്ങളുടെ മതേതര പ്രതിഛായക്കേല്‍പ്പിച്ച പരിക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ തയ്യാറെടുക്കുന്ന പാര്‍ടിക്ക് ഇതില്‍ ഇടപെടാന്‍ അല്‍പം വിയര്‍ക്കേണ്ടി വരും.

കര്‍ണാടക കോടതി അഞ്ച് ദിവസത്തിന് മഅ്ദനിക്ക് ജാമ്യം അനുവദിച്ചതും ഈ കാലയളവിലാണ്. ജയിലിന്റെ തന്നെ എക്‌സ്റ്റന്‍ഷനാണ് ഈ ജാമ്യത്തിലൂടെ നടന്നത്. അതായത് ഭിത്തികളില്ലാത്ത സായുധനരായ അഞ്ച് പോലീസുകാരുടെ കസ്റ്റഡിയിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. സ്വന്തം മകളുടെ കല്ല്യാണത്തിന് പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. അഞ്ച് ദിവസത്തില്‍ ഒരു ദിവസം സാങ്കേതിക കാരണം പറഞ്ഞ് കര്‍ണാടക പോലീസ് എയര്‍പോര്‍ടില്‍ തടഞ്ഞ് വെക്കുകയും ചെയ്തു. ദേഹത്ത് മാത്രമല്ല മനസിലും കാവി മാഞ്ഞ് പോകാത്ത വിവേചനങ്ങളാണ് ഇവരില്‍ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ എത്തിയിരുന്നു. അവരെ കൂടി അഭിസംബോധന ചെയ്ത് നികാഹ് ഖുതുബയിലൂടെ അദ്ദേഹം സംസാരിച്ചു. കാഴ്ച നഷ്ടപ്പെട്ട, പകുതിഭാഗം ചലനശേഷിയില്ലാത്ത ഒരു മനുഷ്യന്റെ അവകാശങ്ങള്‍ക്ക് വേണ്ടി മനുഷ്യത്വവും നീതിബോധവും മരവിച്ചിട്ടില്ലാത്ത മുഴുവനാളുകളും ഒന്നിച്ചുനില്‍ക്കേണ്ട ഘട്ടത്തിലും അവസാനത്തെ എച്ചിലിന് വേണ്ടി ചിലര്‍ കടിപിടി കൂടി മഅ്ദനിയുടെ സംസാരം നിയമലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്നും അവര്‍ വാദിച്ചു. ബി.ജെ.പിക്കൊപ്പം പ്രതിപക്ഷ നേതാവും അണിനിരന്നു. പൊന്നാനിയില്‍ മുമ്പ് പിണറായിയുടെ കൂടെയിരുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ഭീകരവാദിയെന്ന് മാധ്യമങ്ങളുടെ കൂടെ അലറിവിളിച്ച അതേ ശബ്ദത്തോടെ വി.എസ്. മഅ്ദനിക്കെതിരെ തിരിഞ്ഞു. ആര്‍.എസ്.എസിന്റെ മുഖപത്രം വി.എസിനെ ആഘോഷിച്ചു. പിണറായിക്കെതിരെയുള്ള ഗ്രൂപ്പ് സംഘര്‍ഷത്തിന്റെ പേരില്‍ നിസ്സഹായനായ വ്യക്തിയെയും വലിച്ചിഴച്ചു. മലപ്പുറത്തെ കുട്ടികളെല്ലാം കോപ്പിയടിച്ച് ജയിച്ചവരാണെന്നും, ലൗജിഹാദ് കേരളത്തിലുണ്ടെന്നും, കണ്ടു പിടിച്ച മഹാന്‍ കൂടിയാണിദ്ദേഹം. ആരൊക്കെ ഇദ്ദേഹത്തെ മിശിഹായായി വാഴിച്ചാലും ചരിത്രബോധമുള്ളവര്‍ ഇതൊക്കെ നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കും. മഅ്ദനി അന്‍വാര്‍ശ്ശേരിയിലെത്തി സ്വന്തം പിതാവിനെയും മാതാവിനെയും സന്ദര്‍ശിച്ച് പൊട്ടികരഞ്ഞു. അദ്ദേഹത്തിന്റെ കരച്ചിലിന്റെ ബാസ് നോക്കി ശബ്ദമലിനീകരണത്തിന് കേസ് കൊടുക്കുന്നവരുടെ നാടാണിത്. അത് ചെയ്താല്‍ പോലും ആരും അദ്ഭുതപ്പെടരുത്. കൊല്ലം ജില്ലയിലാണ് (അദ്ദേഹത്തിന്റെ നാട്) ഈ നാല് ദിവസവും കഴിച്ച് കൂട്ടിയത്. അതേ ജില്ലയിലെ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന് കേരളത്തില്‍ തടവിലായ ഇറ്റാലിയന്‍ നാവികര്‍ ആദ്യം സ്വന്തം നാട്ടിലേക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ പോയി തിരിച്ചു വന്നു. വീണ്ടും നാട്ടിലേക്ക് പോയ നാവികര്‍ തിരിച്ചുവന്നില്ല. കൊലയാളികളായ പ്രതികള്‍ക്ക് ആഴ്ച തോറും ജാമ്യം അനുവദിക്കുന്ന നീതിപീഠം ഒരു ഭാഗത്ത് ചെയ്ത തെറ്റെന്താണെന്ന് ബോധ്യപ്പെടാതെ വിചാരണ തടവുകാരനായ ഒരാള്‍ക്ക് അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ ജാമ്യം മാത്രം അനുവദിക്കുന്നു. ഇറ്റലിയില്‍ 109 ഇന്ത്യന്‍ തടവുകാരുണ്ട്. അവരെ മോചിപ്പിക്കാന്‍ എന്ത് കൊണ്ട് ഇന്ത്യ ആവശ്യപ്പെടുന്നില്ല. സായിപ്പിനെ കാണുമ്പോള്‍ കമിഴ്ന്നടിച്ച് വീഴുന്ന അടിമത്വ ബോധത്തില്‍ നിന്നും നാം ഇന്നും സ്വതന്ത്രരായിട്ടില്ല. സായിപ്പ് കൊല്ലുന്നത് ജനാധിപത്യ സംരക്ഷണവും മുസ്‌ലിം നാമധാരികളായവര്‍ തുമ്മിയാല്‍ പോലും ഭീകരവാദവുമായിട്ട് മനസിലാക്കാനുള്ള ഒരു പരിശീലനം നമുക്ക് നല്‍കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. അമേരിക്ക അഫ്ഗാനിലും ഇറാഖിലും ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത് ജനാധിപത്യത്തിന് വേണ്ടിയാണ്. ജീവിക്കാന്‍ വേണ്ടി ഇസ്രയേല്‍ സൈന്യത്തിന് നേരെ കല്ലെറിയുന്ന ഫലസ്തീന്‍ ബാലന്‍മാര്‍ അഖിലാണ്ഡ ഭീകരനും. ഈ മനോഭാവമാണ് തൊഗാഡിയക്കും ഉവൈസിക്കും രണ്ട് നീതി നല്‍കുന്നത്. ശശികല ടീച്ചര്‍ക്കും മഅ്ദനിക്കും രണ്ട് പേരുകള്‍ നല്‍കുന്നത്. ഇരട്ട നീതിയെന്നത് ഒരു ക്ലീഷേയായി മാറിയിരിക്കുന്നു. ഒരുപാട് അനീതികളുടെ ഏകത്വ (നാനാത്വത്തില്‍ ഏകത്വമെന്നതിന്റെ പുതിയ രൂപം) മാണ് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സവിശേഷത. മുതീഉറഹ്മാന്‍ സിദ്ദീഖിയെന്ന യുവാവിനെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പരിശീലനം നല്‍കപ്പെട്ട തീവ്രവാദിയാക്കി മാറ്റിയതും, മിര്‍സയെന്ന യുവാവിനെ പ്രതിരോധ വകുപ്പില്‍ നിന്ന് പിരിച്ച് വിട്ടതും, രാജ്യത്ത് നടന്ന 19 സ്‌ഫോടനങ്ങളില്‍ പ്രത്യക്ഷവും പരോക്ഷവുമായ പങ്ക് വഹിച്ച കേണല്‍ പുരോഹിതിന് കേന്ദ്രഗവണ്‍മെന്റ് ശമ്പളവും. എങ്ങനെയുണ്ട് ആര്‍ഷഭാരതത്തിന്റെ ജിംഗാലാലകള്‍! ഇത്രയെല്ലാം പ്രകടനമായ അനീതികള്‍ കണ്‍മുന്നില്‍ നൃത്തമാടുമ്പോള്‍ മാനവികതയെ കുറിച്ച് കപടമായി വാചാലരാവുന്നവര്‍ക്കാണ് കാഴ്ച നഷ്ടപ്പെടുന്നത്. അബ്ദുനാസസര്‍ മഅ്ദനിക്കല്ല. നീതിയിലധിഷ്ഠിതമായ പോരാട്ടങ്ങള്‍ക്കും സാഹോദര്യങ്ങള്‍ക്കുമാണ് ഇന്ത്യയിലെ വിവേചനങ്ങളെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ.

ഫ്ലാഷ്ബാക്ക് :  ഗണേഷ് കുമാറിന്റെ അവിഹിത ബന്ധത്തിനെതിരെ പി.സി. ജോര്‍ജ്, പി.സി. ജോര്‍ജിനെതിരെ ഗൗരിയമ്മയും. കുഞ്ഞാലിക്കുട്ടിക്കെതിരെ വി.എസ്, പി.ജെ കുര്യനെതിരെ എം.ബി. രാജേഷും. ഇവരെല്ലാം വോട്ട് ചെയ്ത് പാസാക്കുന്ന മധുര മനോഹരമായ സ്ത്രീ സുരക്ഷാ നിയമത്തിന് നമുക്ക് കാത്തിരിക്കാം.

Related Articles