Current Date

Search
Close this search box.
Search
Close this search box.

മഫ്തി പോലീസുകാരും മഫ്ത ധരിച്ചവരും

മുസ്‌ലിംകളും അവരുടെ വേഷവിധാനങ്ങളും ചിഹ്നങ്ങളുമായ തൊപ്പി, താടി, ശിരോവസ്ത്രം എന്നിവയുടെ കാര്യമെത്തുമ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോ(മഫ്തി പോലീസുകാര്‍) ചെറിയ കുട്ടികളുടെ വിവേകം പോലും കാണിക്കാറില്ല. ദേഹം മുഴുവന്‍ മൂടുന്ന ശിരോവസ്ത്രമണിഞ്ഞ കന്യാസ്ത്രീകളെ കാണുമ്പോള്‍ തോന്നാത്ത അങ്കലാപ്പ് മുസ്‌ലിം സ്ത്രീയുടെ തട്ടവും പര്‍ദ്ദയും കാണുമ്പോള്‍ മാത്രം ഇന്ത്യാവിഷനും ഇന്റലിജന്‍സ് ബ്യൂറോയും തിരുസഭകളും എസ് എന്‍ ഡി പി, എന്‍ എസ് എസ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കും എന്തുകൊണ്ട് തോന്നുന്നു. ചാനലിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ കണ്ടെത്തലുകള്‍ മുതല്‍ ഇന്റലിജന്‍സിന്റെ രഹസ്യാന്വേഷണങ്ങളും സ്‌നേഹവും കാരുണ്യവും ഉല്‍ഘോഷിക്കുന്ന തിരുസഭകളുടെ ‘അച്ചടക്ക’ സ്ഥാപനങ്ങളും ലോകഭീകര ഛിഹ്നമായിട്ടാണ് തട്ടത്തെ മനസ്സിലാക്കുന്നത്.

16 വയസ്സില്‍ വിവാഹം ചെയ്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഇളവ് സര്‍ക്കാര്‍ നല്‍കിയപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ഗിരിപ്രഭാഷണങ്ങളുമായി ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കാരുമെല്ലാം രംഗത്തിറങ്ങിയിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ നബാല എന്ന പെണ്‍കുട്ടി പത്രസമ്മേളനം നടത്തി തനിക്ക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് പോകാന്‍ സ്വാതന്ത്ര്യം വേണമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഒരു ആവിഷ്‌കാര സംവാദത്തിന്റെയും അപ്പോസ്തലന്മാര്‍ അതിനെ പിന്തുണച്ചില്ല. കാസര്‍ഗോഡില്‍ റയാന എന്ന പെണ്‍കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ കേരളത്തില്‍ താലിബാന്‍ വരുമെന്ന് പറഞ്ഞ് പ്രതിഷേധങ്ങളും ഒപ്പുശേഖരണങ്ങളും സംയുക്ത പ്രസ്താവനയും നടത്തിയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ സവര്‍ണ മതേതര മൂല്യങ്ങളുടെ പ്രചാരകരായി മാറുകയായിരുന്നു. റയാനയെപ്പോലെ തന്നെയുള്ള വ്യക്തി സ്വാതന്ത്ര്യം നബാലക്കും ഈ രാജ്യത്ത് സാധ്യമല്ലേ? അതേ, ഒന്നുമാത്രം സ്വാതന്ത്ര്യവും മറ്റേത് താലിബാനിസവും ആകുന്ന മതേതര യുക്തിയാണ് നമ്മുടെ പൊതുബോധത്തെ നിയന്ത്രിക്കുന്നത്.

എല്ലാ മതക്കാര്‍ക്കും വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഇഷ്ടമുള്ള വേഷവിധാനമാചരിക്കാനും സാധിക്കുന്നതാണ് ഈ രാജ്യത്തിന്റെ ഭരണഘടനാ സ്വാതന്ത്ര്യം. ഒരു വിഭാഗത്തിന്റെ കാര്യത്തില്‍ മാത്രമിത് പാലിക്കപ്പെടരുത് എന്നാണ് എല്ലാവരും നിഷ്‌കര്‍ഷിക്കുന്നത്. തവക്കുല്‍ കര്‍മാന്‍ മഫ്ത ധരിച്ച് നോബല്‍ സമ്മാനം നേടുകയും മഫ്തയെ കുറിച്ച് ‘അള്‍ട്രാ സെക്കുലറായ’ നാടിന്റെ നടുത്തളത്തില്‍ പ്രഭാഷണം നടത്തുകയും ചെയ്യുന്ന കാലത്ത് മഫ്തയെ പടിയടച്ച് പിണ്ഡം വെക്കാന്‍ ആര്‍ത്തി കാണിക്കുന്നവര്‍ ഏത് ലോകത്താണ് ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നത്!. തവക്കുല്‍ കര്‍മാനോട് പത്രക്കാര്‍ ചോദിച്ചത് ‘താങ്കള്‍ നേടിയ വിജ്ഞാനത്തിനും വിദ്യാഭ്യാസത്തിനും ഉതകുന്ന ഒരു വേഷവിധാനം എന്ത് കൊണ്ട് താങ്കള്‍ ധരിച്ചില്ല’ എന്നായിരുന്നു. അതിനവര്‍ നല്‍കിയ ഉത്തരം ‘ആദിമ കാലത്ത് മനുഷ്യര്‍ ഏറെക്കുറെ നഗ്നരായിരുന്നു. ബുദ്ധി വികാസം പ്രാപച്ച് സംസ്‌കാര ചിത്തനായതോടെയാണ് അവന്‍ വസ്ത്രധാരണം ആരംഭിച്ചത്. മനുഷ്യന്‍ നേടിയ ഉയര്‍ന്ന ചിന്തയെയും സംസ്‌കാരത്തെയുമാണ് ഞാനിന്ന് ധരിച്ചിരിക്കുന്ന വേഷം പ്രതിഫലിപ്പിച്ചിരിക്കുന്നത്’ എന്നാണ്.

നമ്മുടെ മീഡിയക്കാര്‍ ഇപ്പോഴും പഠിക്കുന്നത് ‘പാഠം ഒന്ന് : പര്‍ദ്ദ അപരിഷ്‌കൃത വസ്ത്രം’ എന്നു തന്നെയാണ്. മഫ്ത ധരിക്കാന്‍ പാടില്ല എന്ന് മാത്രമല്ല ഒരാളുടെ മതവിശ്വാസവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ തെരുവിലിറങ്ങുന്നവരെ കരിമ്പട്ടികയും കരിനിയമവും ഉപയോഗിച്ച് പേടിപ്പിക്കുകയാണ്. അനേകം കരി നിയമങ്ങളിലൂടെയാണ് അവകാശ സമരങ്ങള്‍ക്കിറങ്ങുന്നവരെയും അത്തരം സംഘടനകളെയും ജനാധിപത്യ ഗവണ്‍മെന്റ് നേരിടുന്നത്. പരമത സ്‌നേഹം പഠിക്കേണ്ട കലാലയങ്ങളില്‍ നിന്നു തന്നെ പരമത വിദ്വേഷത്തിന്റെ പാഠങ്ങളാണ് ഇതിലൂടെ വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. പര്‍ദ്ദയുടെ കറുപ്പിനെ മാത്രം കാണുകയും വിശ്വാസത്തിന്റെ വെളുപ്പിനെ കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് കേവലയുക്തി മാനദണ്ഡങ്ങളിലൂടെയാണ്. മതേതരത്വത്തിന്റെ രൂപമെന്തെന്ന് ചോദിച്ചാല്‍ തട്ടമിടാത്ത പൊട്ട്‌തൊട്ട് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ രൂപമാണ് എല്ലാവരുടെയും മുന്നില്‍ വരുന്നത്. ഇസ്‌ലാമിന്റെ പ്രതിനിധാനം നിര്‍വഹിക്കുകയും സാമൂഹിക രാഷ്ട്രീയ ഇടപെടലുകളില്‍ മികച്ചു നില്‍ക്കുകയും ചെയ്യുന്ന അനേകം പെണ്‍കുട്ടികള്‍ മതേതര വൃത്തത്തിന് പുറത്താണെന്നര്‍ഥം. ജി. ഐ. ഒ വിനെതിരെ മഹാരാഷ്ട്ര സര്‍ക്കാറിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് കൊടുത്ത റിപ്പോര്‍ട്ട് ഇത്തരത്തിലുള്ള മുന്‍വിധികളെ പിന്തുടര്‍ന്നവയായിരുന്നു. ഇത്തരത്തിലുള്ള മതേതര സവര്‍ണ യുക്തിയെ പൊളിച്ചെഴുതാനുള്ള ആര്‍ജ്ജവം നഷ്ടപ്പെടുന്നിടത്ത് ഐ. ബി ഇതിലും വലിയ റിപ്പോര്‍ട്ട് പുറത്തിറക്കും.

നാമെല്ലാവരും സ്വാതന്ത്ര്യം ആവിഷ്‌കാരം എന്ന് വാവിട്ട്് ചാനല്‍ റൂമുകളില്‍ അലമുറയിട്ട് കരയും. വീണ്ടും നിര്‍മല സ്‌കൂളുകള്‍ പഴയപോലെ നിയമങ്ങള്‍ കാറ്റില്‍ പറത്തും. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മിനിമം അവകാശം പോലും വാങ്ങിക്കൊടുക്കാന്‍ കഴിയാതെ സര്‍ക്കുലറയച്ചവനെ പിടിക്കാന്‍ സമുദായനേതാക്കള്‍ പിന്നാലെയോടും. എന്തൊരു മനോഹരമായ കേരളം!. സൂര്യ ടി വിക്ക് മലയാളി ഹൗസ് കാണിക്കാനും ശ്വേതാ മേനോന് പ്രസവം ചിത്രീകരിക്കാനും സരിത നായരുടെ എസ്‌ക്ലൂസീവ് ക്ലിപ്പിംഗ് ചാനലുകളുടെ ഇഷ്ടവിഭവമാക്കി പ്രദര്‍ശിപ്പിക്കാനും സാധിക്കുന്ന നാട്ടില്‍, നിങ്ങള്‍ പര്‍ദ്ദയിടരുത്, മഫ്ത ധരിക്കരുത് അപകടമാണ് അപായമാണ് ജാഗ്രത!!

ഫ്ലാഷ്ബാക്ക് : ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഗുസ്തിയും ഗോബേക്കും പെണ്‍വാണിഭവും സോളാര്‍ തട്ടിപ്പുമായി നിറഞ്ഞുനിന്ന മഹാന്മാര്‍ക്ക് ഇനി പുറത്തിറങ്ങി നടക്കണമെങ്കില്‍ മിനിമം ഒരു ബുര്‍ഖയെങ്കിലും വേണ്ടിവരുമെന്ന് ഐ ബി റിപ്പോര്‍ട്ട് കൊടുക്കുന്നത് നന്നായിരിക്കും.

Related Articles