Current Date

Search
Close this search box.
Search
Close this search box.

പേജുകളിലും അക്ഷരങ്ങളിലും കവിഞ്ഞൊഴുകന്ന പ്രവാചകാനുരാഗങ്ങള്‍

sound.jpg

പേജുകളാലും സ്റ്റേജുകളാലും സമൃദ്ധമാണ് കേരളത്തിലെ മുസ്‌ലിം സമൂഹം. നിരവധി പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിം സംഘടനകളില്‍ നിന്നും പുറത്ത് വരുന്നുണ്ട്. സുന്നി അഫ്കാര്‍, സത്യധാര, വനിതകള്‍ക്കുള്ള സന്തുഷ്ട കുടുംബ മാസിക, കുട്ടികള്‍ക്ക് വേണ്ടിയുള്ള ‘കുരുന്നുകള്‍’ എന്നിവയാണ് ഇ കെ സുന്നി വിഭാഗം പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങള്‍. സുന്നി വോയ്‌സ്, അല്‍ ഇര്‍ഫാദ്, രിസാല, വനിതകള്‍ക്കായി പൂങ്കാവനം, കുട്ടികള്‍ക്ക് ‘കുസുമം’ തുടങ്ങിയവ എ പി വിഭാഗവും പുറത്തിറക്കുന്നു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അന്നസീം, അല്‍ബുസ്താന്‍, നദ്‌വതുല്‍ മുജാഹിദീന്‍ എ പി വിഭാഗത്തിന്റെ വിചിന്തനം അല്‍ മനാര്‍, മടവൂര്‍ വിഭാഗത്തിന്റെ അത്തൗഹീദ്, ശബാബ്, വനിതകള്‍ക്ക് പുടവ, പുതുതായി രൂപപ്പെട്ട വിമത വിഭാഗത്തിന്റെ അല്‍ ഇസ്‌ലാഹ്, ചെമ്മാട് ദാറുല്‍ ഹുദായില്‍ നിന്ന് പുറത്തിറങ്ങുന്ന തെളിച്ചം, ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധനം, ബോധനം, വനിതകള്‍ക്കുള്ള ആരാമം, കുട്ടികള്‍ക്കുള്ള മലര്‍വാടി, പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ്സ് തുടങ്ങിയ ആനുകാലികങ്ങളുടെ ഒരു നീണ്ട നിര തന്നെ മുസ്‌ലിം സംഘടനകള്‍ക്കകത്ത് നിന്നും ആഴ്ചകളിലോ മാസങ്ങളിലോ ആയി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. വിവിധ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങളും മലയാളത്തില്‍ തന്നെ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലുകളും വെബ്‌സൈറ്റുകളും യൂ-ടൂബ് വീഡിയോകളും, മാധ്യമം, തേജസ്, ചന്ദ്രിക, വര്‍ത്തമാനം, സിറാജ് എന്നീ ദിനപത്രങ്ങളും സമുദായത്തിന്റെ പ്രസാധന സമ്പത്തിന് മുതല്‍കൂട്ടാവുന്നുണ്ട്. ദിനപത്രങ്ങളുടെ കീഴിലുള്ള പൊതുകാര്യങ്ങളില്‍ ഇടപെടുന്ന മാധ്യമം, ചന്ദ്രിക ആഴ്ചപതിപ്പുകളും മുസ്‌ലിം യൂത്ത് ലീഗിന്റെ തൂലിക എന്നിവയും മുസ്‌ലിം പ്രസിദ്ധീകരണ വിഭാഗങ്ങളില്‍ തന്നെയാണ് ചേര്‍ക്കപ്പെടാറുള്ളത്.

പ്രവാചകപ്രകീര്‍ത്തനങ്ങളാല് അന്തരീക്ഷ മുഖരിതമാവുന്ന റബീഉല്‍ അവ്വലില്‍ പ്രവാചക പതിപ്പുകള്‍ക്കാണ് രിസാലയും, സുന്നി അഫ്കാറും, തെളിച്ചവും, സത്യധാരയും അധികം പേജുകള്‍ നല്‍കിയിട്ടുള്ളത്. പ്രവാചകനെക്കുറിച്ച് സാമാന്യവിവരങ്ങളും നിരീക്ഷണങ്ങളും ക്രോഡീകരിച്ച് പുസ്തക രൂപത്തിലുള്ള സ്‌പെഷ്യല്‍ പതിപ്പ് തന്നെ പുറത്തിറക്കിയാണ് പ്രബോധനം റബീഉല്‍ അവ്വലിനെ വരവേറ്റത്. നബിദിനാഘോഷത്തിന്റെ ബിദ്അത്തും സുന്നത്തുമടങ്ങുന്ന മുറപ്രകാരമുള്ള ചര്‍ച്ചകളും ശബാബും, രിസാലയും ആവര്‍ത്തിക്കുന്നുണ്ട്. പ്രവാചക സ്‌നേഹത്തിന്റെ വശ്യമനോഹാരിതയും, ആത്മാവിനോട് സംവദിക്കുന്ന ഹൃദയഹാരിയായ പ്രവാചകാനുരാഗത്തിന്റെയും അക്ഷരങ്ങള്‍ വിരിഞ്ഞൊഴുകുന്ന ലേഖനങ്ങളും ധാരാളമാണ്. പ്രവാചകനെ അകമഴിഞ്ഞ് പ്രണയിക്കുമ്പോഴും, പ്രവാചകന്റെ പേരിലുള്ള വ്യാജനിര്‍മിതമായ അനുരാഗങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ മുസ്‌ലിം സമൂഹം ജാഗ്രത പുലര്‍ത്തുന്നതിന്റെ അക്ഷരങ്ങളും ഇവയില്‍ സ്ഥാനം പിടിക്കുന്നുണ്ട്. വിമോചന മുഖമുള്ള ദുര്‍ബലരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ജനനായകനെ കേവല വ്യാജശേഷിപ്പുകളില്‍ ഒതുക്കി നിര്‍ത്താനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെയും പത്രങ്ങളിലൂടെയും വാരികകളിലൂടെയും മുസ്‌ലിം സംഘടനകള്‍ പോരാടുന്നുണ്ട് എന്നത് ശുഭകരമാണ്.

കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വിഷയത്തില്‍ ഡല്‍ഹിയില്‍  ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ നിയോഗിച്ച വര്‍മാ കമ്മീഷന്‍ റിപ്പോര്‍ട്ടുകളെയാണ് പ്രബോധനം വിഷയമാക്കുന്നത്. അതിനെ തുടര്‍ന്നുണ്ടായ മതസംഘടനകളുടെ നിര്‍ദേശങ്ങളും വിവാദങ്ങളും വിഷയീഭവിക്കുന്നതോടൊപ്പം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായെക്കുറിച്ച പഠനങ്ങളും അതില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ദക്ഷിണ കേരളത്തിലെ മുസ്‌ലിംകളുടെയും പള്ളികളുടെയും മതസംഘാടനത്തെയും വിലയിരുത്തുന്ന പഠനം മലബാര്‍ മേഖലയില്‍ നിന്ന് പുറത്തിറങ്ങുന്ന 90 ശതമാനം പ്രസിദ്ധീകരണങ്ങള്‍ക്ക് പുതിയ ഒരു ശൈലി പകര്‍ന്ന് നല്‍കുന്നുണ്ട്. രിസാലയും തെളിച്ചവും ചാര്‍മിനാറിലെ സംഘ്പരിവാര്‍ അജണ്ടകളെകൂടി വിലയിരുത്തുന്നുണ്ട്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് നിമിത്തമായ അതേ കാരണങ്ങള്‍ തന്നെയാണ് ചാര്‍മിനാറിലും ആവര്‍ത്തിക്കുന്നതെന്ന് ലേഖകര്‍ നിരീക്ഷിക്കുന്നു. ഇന്ത്യയിലെ മുഴുവന്‍ സമൂഹത്തിന്റെയും ജാഗ്രത ഈ വിഷയത്തില്‍ തുടരുന്നില്ലെങ്കില്‍ മഹത്തായ ഒരു പൈതൃകത്തിന്റെ മുകളിലും കാവിക്കൊടി ഉയര്‍ന്ന് പറക്കും.

മാപ്പിള സംസ്‌കൃതിയിലെ മൗലിദ് ആഘോഷത്തെക്കുറിച്ചുള്ള സാംസ്‌കാരിക പഠനമാണ് സത്യധാരയില്‍ നബിദിനത്തോട് അനുബന്ധിച്ച പഠനങ്ങളില്‍ ശ്രദ്ധേയമായിട്ടുള്ളത്. കേരളത്തിലെ 53-ാം യുവജനോത്സവത്തില്‍ ഏറ്റവും വലിയ സാംസ്‌കാരിക കൗതുകം പകര്‍ന്ന് കൊടുത്ത മലപ്പുറം സ്‌കൂള്‍ കലോല്‍സവത്തിന്റെ സന്ദര്‍ഭത്തില്‍ മലബാറിലെ ഭക്ഷണക്രമങ്ങള്‍, സാഹിത്യം, സംഗീതം, സംസ്‌കാരം, വര്‍ത്തമാനം തുടങ്ങിയ മാപ്പിള താളങ്ങളെക്കുറിച്ച വേറിട്ട പഠനങ്ങളാണ് തേജസ് ദൈ്വവാരിക അവതരിപ്പിക്കുന്നത്. പതിവ് പോലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ ആഭ്യന്തര വിഷയങ്ങളിലെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കാണ് വിചിന്തനവും, അല്‍ഇസ്‌ലാഹും ഏറെക്കുറെ ശബാബും പേജുകള്‍ നീക്കിവെച്ചിട്ടുള്ളത്. പുറത്ത് പോയവരുടെയും അകത്ത് വന്നവരുടെയും പേര് വിവരങ്ങള്‍, പിരിച്ച് വിടലിന്റെ പത്താം വാര്‍ഷികം, ദ്വയാര്‍ത്ഥ സമൃദ്ധമായ പദാവലികള്‍, തൗഹീദിനെ സംബന്ധിച്ച പരിണാമങ്ങള്‍ തുടങ്ങിയ സര്‍കുലറുകളടിച്ച് ബോധവല്‍ക്കരിക്കേണ്ട വിഷയങ്ങള്‍ പൊതുസമൂഹത്തിലേക്ക് വലിച്ചിട്ടിരിക്കുകയാണ്. മാലോകരെക്കുറിച്ച് മൗനം നടിച്ച് ജിന്നു വര്‍ഗത്തെക്കുറിച്ച് അസ്വസ്ഥപ്പെടുന്നു. അനുദിനം കുതിച്ചിയിരുന്ന വിലക്കയറ്റം, കയ്യേറ്റം ചെയ്യപ്പെടുന്ന സഹോദരിമാര്‍, നിരപരാധികളായി ജയിലറകളില്‍ കഴിയുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ ഇവരെയൊന്നും കാണാതെ വിജനമായ സ്ഥലത്ത് ജിന്നിന്റെ ആഗമനവും പ്രതീക്ഷിച്ചിരിക്കുന്ന നവോത്ഥാനത്തിന്റെ രൂപമാറ്റത്തെക്കുറിച്ച് അന്തം വിട്ട് നില്‍ക്കുകയല്ലാതെ എന്ത് ചെയ്യും!

ഫ്ളാഷ്‌ ബാക്ക് : മലപ്പുറം ജില്ലയിലെ പ്രമുഖനായ ഒരു മുസ്‌ലിയാര്‍ കോടിക്കണക്കിന് രൂപ മുതല്‍മുടക്കി ജിന്നുകള്‍ക്ക് വേണ്ടി മാത്രം ഒരു പള്ളിയുണ്ടാക്കി. ആ വലിയ പള്ളിയില്‍ ഒരു മനുഷ്യനും പ്രവേശനം അനുവദിക്കുകയില്ല! ജിന്നുകള്‍ക്ക് വേണ്ടി ഒരു വാരികയെങ്കിലും ഉടനെ പ്രതീക്ഷിക്കാമോ?
 

Related Articles