Current Date

Search
Close this search box.
Search
Close this search box.

നിഗൂഢമായി തൂക്കിലേറ്റപ്പെട്ട ജനാധിപത്യം

സംഘ്പരിവാറിനും കോണ്‍ഗ്രസ്സിനും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ എന്നെങ്കിലുമുണ്ടായിട്ടുണ്ടോയെന്നത് ചരിത്ര വിദ്യാര്‍ഥികള്‍ അന്വേഷിക്കേണ്ടതാണ്. ബാബരി ജസ്ജിദ്, ഇപ്പോള്‍ ചാര്‍മിനാര്‍ വിവാദം, മണ്ഡല്‍ കമ്മീഷന്‍, ഗുജറാത്ത് വംശഹത്യ തുടങ്ങിയ നിരവധി സന്ദര്‍ഭങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഭായിഭായിയാണ്. പന്നെയെന്തിനു രണ്ടായി നില്‍ക്കണമെന്ന ചോദ്യത്തിന് ഉത്തരമാവശ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ മുഖ്യധാരയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി ചെല്ലണം.
ഹിന്ദുത്വത്തിന്റെ വയലന്‍സായ മുഖത്തെ ബി.ജെ.പി പ്രതിനിധീകരിക്കുമ്പോള്‍ ‘സയലന്‍സാ’യി അതുതന്നെയാണ് കോണ്‍ഗ്രസും ചെയ്യുന്നത്. സ്വാതന്ത്ര്യാനന്തരം മൂവായിരത്തിലധികം ചെറുതും വലുതുമായ വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. ഇതില്‍ എഴുപത് ശതമാനത്തിലധികം കലാപങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്. വ്യാജഏറ്റുമുട്ടലുകള്‍, സ്‌ഫോടന പരമ്പരകള്‍ എന്നിവയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മത്സരിക്കുകയായിരുന്നു.

പാര്‍ലമെന്റ് ആക്രമണക്കേസിലെ ‘പ്രതി’യെന്നാരോപിക്കപ്പെട്ട് വധശിക്ഷാ നടപ്പിലാക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തിലും ഈ അസാമാന്യമായ ഐക്യം നാം കണ്ടതാണ്. പാര്‍ലമെന്റാക്രമണവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ ഭരണകൂടത്തനോ സാധിച്ചിട്ടില്ല. ആക്രമിക്കാന്‍ വന്ന കാറില്‍ ആറുപേരുണ്ടായിരുന്നുവെന്നും അതില്‍ അഞ്ചുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ടെന്ന് നജ്മ ഹിബത്തുല്ലയും കോണ്‍ഗ്രസ് നേതാവ് പ്രിയരജ്ഞന്‍ദാസ് മുന്‍ഷിയും തുറന്നു പറഞ്ഞിട്ടുമുണ്ട്. എങ്കില്‍ ആറാമന്‍ ആരായിരുന്നു? അയാള്‍ പാര്‍ലമെന്റിനകത്ത് പരിചമുള്ളവനായിരുന്നുയെന്നാണ് പരാമര്‍ശവും. അദ്ദേഹം എവിടെ പോയി? ആ ടി.വി ദൃശ്യങ്ങള്‍ എന്തിനു പൂഴ്ത്തി വെച്ചു? ദര്‍വീന്ദര്‍ സിംഗ് എന്ന കാശ്മീരിലെ എസ്.ടി.എഫ് ക്യാമ്പിന്റെ കമാന്ററാണ് പാര്‍ലമെന്റാക്രമിച്ച അംഞ്ചംഗസംഘത്തിലെ ഒരു പ്രതിയെ ദല്‍ഹിയിലെത്തിച്ചതെന്ന അഫ്‌സലിന്റെ തന്നെ വാദം അന്വേഷിക്കാന്‍ ഭരണകൂടം എന്തുകൊണ്ട് തയ്യാറായില്ല? വധശിക്ഷയെ വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഇയാള്‍ക്ക് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും സര്‍ക്കാറിന് സാധിച്ചില്ല. പൊതുജനാഭിപ്രായത്തെയും ബോധത്തെയും തൃപ്തിപ്പെടുത്താന്‍ ഒരുപാട് ദുരൂഹതകള്‍ അവശേഷിക്കുമ്പോള്‍ നിഗൂഢമായി ഒരാളെ തൂക്കിലേറ്റുന്നത് ജനാധിപത്യ രാഷ്ട്രത്തെ ക്ഷയിപ്പിക്കുന്നതാണ്.

ആഭ്യന്തര നയങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോഴും ചിദംബരം ഏമാനാണ്. കല്‍ക്കരി ഖനനത്തിലും 2ജി ഇടപാടിലും അദ്ദേഹത്തിനെതിരെ അഴിമതിയുടെ അന്വേഷണവും മുറവിളിയും ഉയര്‍ന്നപ്പോള്‍ മുഖ്യ പ്രതിപക്ഷമായ (കോണ്‍ഗ്രസിന്റെ തന്നെ മറ്റൊരു എഡിഷന്‍) ബി.ജെ.പിയെ തണുപ്പിക്കുവാന്‍ നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടി രസിച്ചവനാണ് ചിദംബരം. ഇപ്പോള്‍ എക്‌സിക്യൂഷന്‍ മാത്രമാണ് ഷിന്‍ഡയുടെ ജോലി. ചിന്താശിബിരത്തില്‍ ജയ്പൂരില്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞ കാവിഭീകരത സ്വന്തം പാര്‍ട്ടിയിലുള്ളവരടക്കം തിരിഞ്ഞു കുത്തിയപ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ യു.പി.എ ഉപയോഗിച്ച ശീതള പാനീയമാണ് അഫ്‌സല്‍ ഗുരു. ഇന്ത്യയില്‍ നടന്ന സ്‌ഫോടനങ്ങളിലും മുബൈ ആക്രമണത്തിലും ഉപയോഗിക്കപ്പെട്ട സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യന്‍ സൈന്യം തന്നെ ഉപയോഗിക്കുന്ന ആയുധമരുന്നുകളായിരുന്നു. കോള്‍മാന്‍ ഹെഡ്‌ലി എന്ന അമേരിക്കന്‍ പൗരന്‍ ഇന്ത്യയില്‍ വന്നത് അതീവ സുരക്ഷാസംവിധാന മേഖലയിലൂടെയാണ്. മുബൈ ആക്രമണത്തിന് അജ്മല്‍ കസബടക്കമുള്ളവരെ തീരപ്രദേശത്ത് എത്തിച്ചത് ഇന്ത്യയില്‍ തന്നെയുള്ള ഉന്നതരാണ്. ഇങ്ങിനെ തുടങ്ങി ധാരാളം കണ്ടെത്തലുകളെ എങ്ങിനെയാണ് ഭരണകൂടം നേരിട്ടത്? പാക്ചാരസംഘടനയായ ഐ.എസ്.ഐയുമായി ആര്‍.എസ്.എസിന് ബന്ധമുണ്ടെന്ന് ഇന്ത്യയുടെ അഭ്യന്തരമന്ത്രിയാണ് പരസ്യമായി പറഞ്ഞത്.
 
മാലേഗാവിലും അജിമീരിലും മക്കാമസ്ജിദിലും നടന്ന സ്‌ഫോടനങ്ങളില്‍ കാവി ഭീകരത തെളിയിക്കപ്പെട്ടതുമാണ്. ഈ ഭീകര സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സംഘ്ഭീകരരെ ശിക്ഷിക്കുന്നത് പൊതുബോധത്തെ അതൃപ്തിപ്പെടുത്തുകയും അഫ്‌സലിനെ തൂക്കിലേറ്റുന്നത് പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍ ന്യായമായും ഉയരുന്നത് ആരുടേതാണ് പൊതുബോധമെന്ന ചോദ്യമാണ്. ഈ പൊതുബോധത്തെയാണ് ആറുപതിറ്റാണ്ടായി ഇന്ത്യന്‍ ഭരണകൂടം മാറിമാറി തൃപ്തിപ്പെടുത്തികൊണ്ടിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിന്റെ വീട്ടില്‍ അറിയിക്കാതെയും മൃതദേഹം വിട്ടുകൊടുക്കാതെയും ഭരണകൂടം ചെയ്ത നടപടികളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഒരുപാട് വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ഒറ്റമൂലിയായി അഫ്‌സല്‍ ഗുരുവിനെ ഉപയോഗിച്ചെങ്കിലും അതു പകര്‍ച്ചവ്യാധിയായി പടര്‍ന്നുപിടിച്ച് സര്‍ക്കാറിനെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അഫ്‌സലിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി ഫേസ്ബുക്കുകളിലൂടെയും മറ്റു സോഷ്യന്‍ മീഡിയകളിലൂടെയും വലിയൊരു വിഭാഗം പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു. കാശ്മീരിന് പുതിയ രക്തസാക്ഷിയെ കിട്ടിയ പരിവേഷത്തിലാണ് കാശ്മീരികള്‍ ഇതിനെ എതിരേറ്റത്. മലയാളത്തില്‍ പ്രബോധനം, ചന്ദ്രിക ദിനപത്രം, ആഴ്ചപ്പതിപ്പ്, മാധ്യമം ദിനപത്രം, ആഴ്ചപ്പതിപ്പ്, രിസാല, ശബാബ്, ദ ഹിന്ദു ദിനപത്രം തുടങ്ങിയവയില്‍ അനുന്ധതിയടക്കമുള്ളവരുടെ മറുചോദ്യങ്ങളും മറുവശങ്ങളും എടുത്ത് മീഡിയാവണ്‍ ഉദ്ധരിച്ചു. സാധാരണ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആലസ്യത്തില്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന മുസ്‌ലിം ലീഗിനു പോലും ഗൗരവമായി പ്രതികരിക്കേണ്ടിവന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ വീട്ടില്‍ അറിയിക്കണമെന്നത് മാത്രമല്ല മര്‍മ്മപ്രധാനമായ വിഷയം. ഒരുപാട് ചോദ്യങ്ങളുടെ പെരുമഴകള്‍ ആഞ്ഞു വര്‍ഷിക്കുമ്പോഴും ഒരാളെ നിര്‍ദാക്ഷിണ്യം കുരുതി കൊടുത്തത് നീതി ബോധമുള്ളവരില്‍ നിരാശയുണ്ടാക്കി. ഇന്ത്യന്‍ ഭരണകൂടം ഉയര്‍ത്തിയ പൊതുബോധത്തിന്റെ തൃപ്തിയെ പ്രശ്‌നവല്‍കരിക്കാനെങ്കിലും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഒരു നിമിത്തമാകണം. അല്ലെങ്കില്‍ അതീവ നിഗൂഢമായി പലരും ഇല്ലായ്മ ചെയ്യപ്പെടും.

ഫ്ലാഷ്ബാക്ക് :
അഫ്‌സല്‍ ഗുരുവിന്റെ വിഷയത്തില്‍ സി.പി.എം നിലപാട് മാറ്റിയെന്ന് പത്രവാര്‍ത്ത. ആദ്യം ബി.ജെ.പി പിന്നെ കോണ്‍ഗ്രസ് സാവധാനമാണെങ്കിലും സി.പി.എമ്മും പിന്നാലെ! ഇതല്ലാതെ എന്തു നിലപാടാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. ബാബരിയും ശരീഅത്തുവിവാദവും മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും തുടങ്ങീ എത്ര എത്ര സംഭവങ്ങള്‍!

Related Articles