Current Date

Search
Close this search box.
Search
Close this search box.

തൊഴിലാളികളേ സംഘടിക്കുവിന്‍ ! നിങ്ങള്‍ക്ക് നേടാനുള്ളത് കഠാരയും ബോംബും മാത്രം!

‘സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടുനുള്ളത് കൈവിലങ്ങുകള്‍ മാത്രം’ എന്നത് ലോക കമ്മ്യൂണിസ്റ്റ് ആചാര്യനായ കാറല്‍ മാര്‍ക്‌സിന്റെ പ്രസിദ്ധമായ ആഹ്വാനമാണ്. ഇതിനു കേരളത്തിലെ സി.പി.ഐ(എം) പാര്‍ട്ടി സെക്രട്ടറി കൊടുത്തിട്ടുള്ള വ്യാഖ്യാനം, സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നേടാനുള്ളത് കഠാരയും ബോംബുകളും മാത്രം എന്നാണ്. സഖാവ് പിണറായി വിജയന്‍ പത്രസമ്മേളനങ്ങളിലും പ്രഭാഷണങ്ങളിലും ഇടക്കിടെ ഉദ്ധരിക്കാറുള്ളത് ലെനിനെയാണ്. പാര്‍ട്ടിയിലെ വിഭാഗീയതയെയും പാര്‍ട്ടി ശത്രുക്കളായ ബൂര്‍ഷ്വാ മൂരാച്ചികളെയും ( അരിപ്പയിലും കാതിക്കൂടത്തും സമരം ചെയ്യുന്ന സാധാരണക്കാര്‍) നേരിടുന്നത് ലെനിനിസ്റ്റ് തത്വശാസ്ത്ര പ്രകാരമായിരിക്കുമെന്നത് അദ്ദേഹം എപ്പോഴും പറയുന്ന പാര്‍ട്ടി വേദവാക്യമാണ്. ലെനിനിസ്റ്റ് സംഘടനാ രീതി എന്നു കേള്‍ക്കുമ്പോള്‍ ജനാധിപത്യ ബോധം കൊണ്ട് ഉള്‍പുളകം കൊള്ളുന്നവരും ധാരാളമാണ്. എതിര്‍ ചേരിയിലിരിക്കുന്നവരെ ബോംബെറിഞ്ഞും കത്തി കൊണ്ട് കുത്തിയും ഇല്ലാതാക്കുന്ന രീതിയാണ് ലെനിനിസ്റ്റ് സംഘടനാ രീതി. അതൊരു തത്വശാസ്ത്രമല്ല, കൈക്കരുത്തിന്റെ ധാര്‍ഷ്ഠ്യമാണ്. അത് കേരളത്തിലുടനീളം പയറ്റി തെളിയിക്കുന്നതില്‍ അസാമാന്യ മേധാവിത്വം നേടിയവരാണ് സിപിഎമ്മുകാര്‍. നരേന്ദ്ര മോഡി കേരളത്തില്‍ ഇടക്കിടെ വിരുന്ന് വന്ന് സുഭിക്ഷമായി സദ്യയും കഴിച്ച് ഏമ്പക്കവും വിട്ട് പോകുമ്പോള്‍ അതിനെ  മൃദുഹിന്ദുത്വ രീതികളിലൂടെയാണ് ഇടതു പക്ഷം നേരിടുന്നത്. ശരീഅത്ത് വിവാദം, ബാബരി മസ്ജിദ്, മണ്ഡല്‍ കമ്മീഷന്‍, ലൗജിഹാദ്, അഞ്ചാം മന്ത്രി വിവാദം തുടങ്ങിയവയിലെല്ലാം ഇ.എം.എസ് മുതല്‍ അച്ചുതാനന്ദന്‍ വരെ ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. എ.കെ.ജി സെന്ററിന്റെ മുമ്പില്‍ മതനിരപേക്ഷ സ്വപ്‌നം കാത്തുകെട്ടിക്കിടക്കുന്നത് വെറുതെയാണ്. ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക മേധാവിത്വമുള്ള കേരളത്തിലെ ലിബറല്‍ ഫോഴ്‌സ് ഗുജറാത്തിനേക്കാള്‍ ദുര്‍ബലമാണ്. നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ നാലിലൊന്ന് പ്രതികരണം പോലും മുസ്‌ലിം പിന്നാക്ക വിരുദ്ധ നീക്കങ്ങളില്‍ ഉണ്ടാകാറില്ല. അപ്പോള്‍ പിന്നെ ഇത്രയും കാലം ഇടതു പക്ഷം കേരളത്തില്‍ നേടിയെടുത്ത പൊതു നിര്‍മ്മിതി ആരെയാണ് കൂടുതല്‍ സഹായിച്ചു കൊണ്ടിരിക്കുന്നതെന്ന് പുനപരിശോധിക്കുന്നത് നല്ലതാണ്.

കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറി നടത്തിയ പ്രസംഗത്തില്‍ മുസ്‌ലിംകളിലേക്കിറങ്ങിച്ചെല്ലാനുള്ള ആഹ്വാനമാത്തില്‍ ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയെ ഒറ്റപ്പെടുത്താനും ആജ്ഞാപിച്ചു. മുസ്‌ലിം സമുദായത്തില്‍ നടന്ന പോരാട്ടങ്ങളുടെയും സമരങ്ങളുടെയും നേര്‍തുടര്‍ച്ചയവകാശപ്പെടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമാണവകാശമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിമരക്കാരും ആലിമുസ്‌ലിയാരും വാരിയന്‍കുന്നത്തും നടത്തിയ ഐതിഹാസികമായ അധിനിവേശ വിരുദ്ധ പോരാട്ടത്തെ കേവലം കാര്‍ഷികലഹളയാക്കി ഒതുക്കിയവരാണ് ഇടതുപക്ഷ ബുദ്ധിജീവികള്‍. കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന് വിപ്ലവകരമായ തുടക്കമിട്ട ടിപ്പുവിനെ വര്‍ഗീയവാദിയാക്കാനും അവര്‍ മറന്നില്ല. സ്വന്തം വിശ്വാസത്തെയും ആദര്‍ശത്തെയും മുന്‍നിര്‍ത്തിയാണ് മലബാറിലെ മാപ്പിളമാര്‍ ബ്രിട്ടീഷുകാരോടും ജന്മിമാരോടും പോരാടിയത്. പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് പോലും പള്ളിയിലും ഹജ്ജിനും പോകാന്‍ അടുത്തകാലം വരെ വിലക്കേര്‍പ്പെടുത്തിയവര്‍ക്ക് എങ്ങനെയാണ് ഈ വിശ്വാസത്തിന്റെ തുടര്‍ച്ച പിന്‍പറ്റാന്‍ സാധിക്കുക. പള്ളിമാത്രം കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാരെ വിറപ്പിച്ചയാളാണ് ആലി മുസ്‌ലിയാര്‍. ആറുമാസം ഏറനാട്ടില്‍ വാരിയന്‍കുന്നത്ത് സ്ഥാപിച്ച രാഷ്ട്രത്തിന് ഖിലാഫത്ത് എന്നാണദ്ദേഹം പേരുനല്‍കിയത്. ഹിന്ദു-മുസ്‌ലിം സൗഹാര്‍ദ്ദത്തിന് വേണ്ടി നിയമപരിരക്ഷ  ഉറപ്പുവരുത്തിയ അദ്ദേഹം ഖുര്‍ആന്‍ വാക്യങ്ങളാണ് നിയമസ്രോതസ്സായി സ്വീകരിച്ചത്. ഇസ്‌ലാമിക ശരീഅത്ത് തന്നെ അപരിഷ്‌കൃതവും കാടത്തവുമായി മനസ്സിലാക്കുന്ന പാര്‍ട്ടിക്കെങ്ങനെയാണ് ഇതിനെ സ്വീകരിക്കാന്‍ സാധിക്കുന്നത്. സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി രക്തം നല്‍കിയ മാപ്പിളമാരും അവരുടെ നേതാക്കന്മാരും വിശ്വാസത്തെയാണ് ഈ ചെറുത്തുനില്‍പ്പുകള്‍ക്ക് മാനദണ്ഡമാക്കിയത്. വിശ്വാസത്തെ മാനദണ്ഡമാക്കി തെരുവുകളിലും കാമ്പസുകളിലും വിമോചനസ്വപ്‌നങ്ങള്‍ക്ക് നിറം പകരുതന്ന സോളിഡാരിറ്റിയെയും എസ് ഐ ഒയെയും പോലുള്ള സംഘടനകളെ പെട്രോള്‍ ബോംബുകൊണ്ടും സൈക്കിള്‍ ചെയിന്‍ കൊണ്ടുമാണ് ഇടതുപാര്‍ട്ടികള്‍ നേരിടുന്നത്.

സി പി എം ഒറ്റപ്പെടുത്തണമെന്ന് പറഞ്ഞ പാര്‍ട്ടികളാണ് യഥാര്‍ഥത്തില്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പിന്തുടര്‍ച്ചയെ ഇന്നും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രോജ്വലിപ്പിച്ച് കൊണ്ടിരിക്കുന്നത്. അപ്പോള്‍ സി പി എമ്മിന്റേത് കേവലമായൊരു വോട്ട് രാഷ്ട്രീയം മാത്രമാണ്. ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ കുലംകുത്തികളാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും സെക്രട്ടറി പറഞ്ഞപ്പോള്‍ നമ്മള്‍ ഇത്രയും പ്രതീക്ഷിച്ചില്ല! ജമാഅത്തെ ഇസ്‌ലാമിയെ ഒറ്റപ്പെടുത്തണമെന്ന് പ്രസംഗിച്ചപ്പോള്‍ തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ ജമാഅത്തെ ഇസ്‌ലാമി ഓഫീസായ ഇസ്‌ലാമിക് സെന്ററിനെതിരെ ബോംബെറിയുകയും ചെയ്തു. എസ് ഐ ഒവിന്റെ സ്ഥാനാര്‍ഥി യൂണിവേഴ്‌സിറ്റി കോളേജില്‍ മല്‍സരിച്ചതിന്റെ പേരില്‍ മുസ്‌ലിം നാമമുള്ള മുഴുവന്‍ പേരെയും തെരഞ്ഞുപിടിച്ചു ഭീഷണിപ്പെടുത്തി. ഇതാണ് മാന്യ മഹാ ജനങ്ങളെ നമ്മുടെ ലെനിനിസ്റ്റ് സംഘടനരീതി.

ഫ്‌ലാഷ് ബാക്ക് : ഈജിപ്തിലെ ഫതഹ് സീസിയെ പിന്തുണച്ച പാരമ്പര്യം മേന്മയായി പോസ്റ്ററൊട്ടിച്ച് നടക്കുന്നവരില്‍ നിന്ന് ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍! ജനാധിപത്യവാദികളൊന്നടങ്കം എ കെ ജി സെന്ററിനു മുന്നില്‍ രാപ്പകല്‍ ഉപരോധം നടത്തുന്ന കാലം വിദൂരമായിരിക്കില്ല.

Related Articles