Counter Punch

യാഗയോഗങ്ങളിലൂടെ തൊഗാഡിയ മോഡിമാര്‍

തൊഗാഡിയയും മോഡിയും കേരളത്തില്‍ പലതവണ വന്ന് പോയിട്ടുണ്ട്. ഒരോ വരവിലും വിഷബോംബുകള്‍ പൊട്ടിച്ചാണ് അവര്‍ തിരിച്ചു പോകാറുളളത്. ഓരോ പുസ്തകങ്ങളുടെയും അടിയാധാരം പരിശോധിച്ച് വരികളില്‍ ആര്‍.ഡി.എക്‌സ് തെരഞ്ഞു പിടിക്കുന്ന സൂക്ഷ്മതയൊന്നും ഈ സമയത്ത് നമ്മുടെ ആഭ്യന്തര വകുപ്പ് പുലര്‍ത്താറില്ല. ശശികല ടീച്ചറും പ്രവീണ്‍ തൊഗാഡിയയും പ്രകോപനത്തിന്റെയോ മതവിദ്വേഷത്തിന്റെയോ കാറ്റഗറിയില്‍ ഉള്‍പ്പെടാത്തതും നാടകം കളിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച മലപ്പുറത്തെ കുട്ടികള്‍ പ്രകോപനത്തിന്റെയും തീവ്രവാദത്തിന്റെയും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമാണ് ‘ജനാധിപത്യ ഭാരതം’. കേരളത്തിലെ ചുമരുകളില്‍ വര്‍ഗീയതയുടെ അശ്ലീല അതിര്‍വരമ്പുകള്‍ പോലും ഭേദിക്കുന്ന ‘ഹനുമാന്‍ സേന’യുടെയും ശ്രീരാമ സേനയുടെയും പോസ്റ്ററുകള്‍ നിര്‍ലോഭം ഒട്ടും. മലപ്പുറത്തെ കുട്ടികളെ തീവ്രവാദികളാക്കിയവര്‍ക്ക് പ്രമോഷന്‍ നല്‍കും. ഇതാണ് നമ്മള്‍ പറഞ്ഞ താക്കോല്‍ സ്ഥാനം. പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ ആഭ്യന്തര വകുപ്പിനെ കുറിച്ച് ഒരു ചുക്കും അറിയില്ല.

കേരളത്തില്‍ മലബാര്‍ കേന്ദ്രീകരിച്ച് മുസ്‌ലിം സംസ്ഥാനം വേണമെന്ന് ‘പറഞ്ഞവരെ’ ഭീഷണിപ്പെടുത്തിയും മുസഫര്‍ നഗറും ഗുജറാത്തും ഓര്‍ക്കുന്നത് നല്ലതാണെന്ന് മുന്നറിയിപ്പ് നല്‍കാനും തൊഗാഡിയ തയ്യാറായിരിക്കുന്നു. ആരാണിവിടെ മുസ്‌ലിം സംസ്ഥാനത്തിനു വേണ്ടി വാദിച്ചത്? അല്ലെങ്കിലും ഈ ഗീബല്‍സിയന്‍ പ്രചരണത്തില്‍ ചോദ്യങ്ങള്‍ക്ക് അര്‍ഥമില്ല. ഈ രാജ്യത്തെ സുപ്രീം കോടതിയും കോണ്‍ഗ്രസിലെ പുതുമണവാളനും സി.ബി.ഐയും മഷിയിട്ട് തെരെഞ്ഞിട്ടും കാണാത്ത കലാപ പ്രതികള്‍ തങ്ങളാണെന്ന് ഈ ഡോക്ടര്‍ സാബ് പ്രഖ്യാപിച്ചിരിക്കുന്നു. ഈ രാജ്യത്ത് പൊട്ടിച്ച ബോംബുകളെല്ലാം എണ്ണിയെണ്ണി അസിമാനന്ദ പറഞ്ഞിട്ടും നാഗ്പൂരിലേക്ക് അന്വേഷിച്ചെത്താന്‍ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ തയ്യാറായിട്ടില്ല. ആയതിനാല്‍ പൂര്‍വ്വാധികം ശക്തിയോടെ തൊഗാഡിയക്ക് ഇനിയും പ്രഖ്യാപനങ്ങള്‍ നടത്താം. പക്ഷേ ദേശീയപാതയെ കുറിച്ചും എന്‍ഡോസള്‍ഫാനെ കുറിച്ചും ഇനിയൊരക്ഷരം മിണ്ടരുത്.

ഹോമയാഗങ്ങളും സോമയാഗങ്ങളും ആര്‍ട്ട് ഓഫ് ലിവിംഗ്‌സുമെല്ലാം മോഡിയുടെ പ്രചരണ കാമ്പയിനുകള്‍ ഭംഗിയായി നടത്തുന്നുണ്ട്. കഥയറിയാതെ ആട്ടം കാണുന്ന സമുദായ നേതാക്കളും ആലിംഗ ബദ്ധരായി ഈ പ്രചരണത്തിന് കൊഴുപ്പ് കൂട്ടുന്നു. നമോവിചാറുകളെ രക്തഹാരമണിയിച്ച് സ്വീകരിക്കുന്നതിലൂടെ സി.പി.എമ്മും ഈ പ്രചരണ പ്രീതി അര്‍ച്ചനകളില്‍ നിവേദ്യം ചെയ്യുന്നവര്‍ തന്നെയാണ്. വലത് കയ്യില്‍ മുടിയും ഇടത് കയ്യില്‍ പാനപാത്രവുമായി വീര്‍പ്പുമുട്ടുന്ന കാന്തപുരവും തന്നാലാവുന്ന രീതിയില്‍ മോഡിയെ പിന്തുണച്ചിട്ടുണ്ട്. നിലമ്പൂരിലെ രാധയുടെ കൊലപാതക തിരക്കില്‍ ആര്യാടന്‍ മെഗാഷോക്കടിച്ച് തരിച്ചിരുന്നില്ലെങ്കില്‍ അദ്ദേഹവും ഒരു കൈ നോക്കുമായിരുന്നു. ദേശീയ മുസ്‌ലിം സ്ഥാനത്തിന്ഞറെ കേരള അംബാസിഡറാവാന്‍ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയിട്ടില്ല. കെ.എം. മാണിയും ഇടയ ലേഖനങ്ങളും സുവിശേഷ പ്രസംഗങ്ങളും മോഡിയുടെ മോടി കൂട്ടി തുടങ്ങിയിട്ടുണ്ട്. വെള്ളാപള്ളി സുകുമാരന്‍ നായര്‍ പ്രഭൃതികള്‍ നേരത്തെ തന്നെ വിശാല ഹിന്ദു മുന്നണിയുടെ കല്‍ക്കിയവതാരമായി മോഡിയെ വാഴിച്ചിട്ടുണ്ട്. തമ്മില്‍ തല്ലി പിരിഞ്ഞാലും മോഡിയുടെയും സംഘപരിവാറിന്റെയും കാര്യത്തില്‍ ഇപ്പോഴും അസാമാന്യ ഐക്യമാണ്. കേരളത്തില്‍ നിലനില്‍ നിലനില്‍ക്കുന്ന ഒരു പൊതുബോധത്തെ കൂടുതല്‍ ആവേശഭരിതരാക്കുക മാത്രമാണ് തൊഗാഡിയയും ശശികല ടീച്ചറും മോഡിയും ചെയ്യുന്നത്. മറ്റൊരു പൊതുബോധത്തെ നിര്‍മിച്ചെടുക്കുന്ന ഭാരിച്ച പണിയൊന്നും ഇവര്‍ക്കിവിടെ ആവശ്യമല്ല. അത് കൊണ്ടാണ് സംഘപരിവാറിന്റെ സ്വന്തം കാവി ഫാക്ടറിയില്‍ പൊട്ടിയ ലൗ ജിഹാദ് ബോംബ് തങ്ങളുടേതായി ഓരോരുത്തരും ഏറ്റെടുത്തത്. കേരളത്തിന്റെ ഇടതുപക്ഷ മതേതര പുരോഗമന ബോധത്തില്‍ ആവേശം കൊള്ളുന്നവര്‍ ഈ വേഷപ്പകര്‍ച്ച കാണാന്‍ ഇനിയും സമയമെടുക്കും.

സമുദായത്തിന്റെ നാലു കെട്ടും മൊഴിചൊല്ലലും വര്‍ഗീയവാദവും മാത്രം തെരെഞ്ഞുനടന്നവര്‍ പലകെട്ടും ചാക്കില്‍ കെട്ടും കുഴിച്ചു മൂടലും നടത്തിയ കാഴ്ച്ചകളാണ് ഈ സമയത്തെ ഫഌഷ് ബാക്ക്.

Facebook Comments
Show More

ശിഹാബ് പൂക്കോട്ടൂര്‍

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ ജനനം. മദ്രാസ് യൂണിവേഴ്‌സിറ്റി, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ ശാന്തപുരം, ഇ.എഫ്.എല്‍ യൂണിവേഴ്‌സിറ്റി ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ പഠനം. എസ്.ഐ.ഒ കേരളയുടെ മുന്സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍

Related Articles

Close
Close